ADVERTISEMENT

 

ഭൂതഗണത്തിൽ ഉന്നതനാണ് ഞങ്ങളുടെ മാടൻ. കുഞ്ഞൻ അനുഗ്രഹംമുതൽ

പെരിയ കൃപകൾവരെയും, ചെറിയ വികൃതിത്തുടങ്ങി വലിയ മാരകമായ

പാതകങ്ങൾവരെ മാടൻ ചൈയ്യും. എങ്കിലും തൻ്റെ വടിയുമെടുത്തു

കാട്ടൂരിൽകൂടി ചുറ്റി പറക്കുക എന്നതാണ് പ്രധാന വിനോദം. സാദാരണ

യൂറോപ്യൻ വിച്ചസിനെപോലെ ചൂലിന്റെ പുറത്തു കയറി യാത്രചെയ്‌യേണ്ട

ഗതികേടൊന്നും ഞങ്ങളുടെ മാടനില്ല. പറക്കാനുള്ള സ്വയംപര്യാപ്തത ഞങ്ങളുടെ

മാടനുണ്ട്. പിന്നീട് വടി എന്തിനാണെന്ന് സംശയം ഉണ്ടാകാം. താൻ

പറക്കുന്നവഴിയിലുള്ള തടസ്സങ്ങൾ അടിച്ചുമാറ്റാൻവേണ്ടിയാണ്.

മാടൻമാരുടെ പരമോന്നത നേതാവ് കാലമാടനാണ്. കാലത്തെമാത്രമല്ല

ജീവിതരേഖതന്നെ മാറ്റിമറിക്കുവാനുള്ള എല്ലാ പരമാധികാരവും കാലമാടനിൽ

നിഷിപ്തമായിരിക്കുന്നു. സൂര്യനും ചന്ദ്രനും കാലമാടന്റെ

ആജ്ഞാവർത്തികളായി അവരുടെ ഭ്രമണപഥത്തിൽ നിലകൊള്ളുന്നു.

ആകാശത്തിലും ഭൂമിയിലുമുള്ള സർവ്വവും, മറ്റു മാടന്മാരുൾപ്പടെ എല്ലാം

കാലമാടനെ അനുസരിക്കുന്നു.

 

കാലമാടന്റെ ആകാശത്തിലെ എല്ലാ മഹനീയ കാര്യങ്ങളും നിർവഹിക്കുന്നത്

പുള്ളിമാടൻ ആണ്. ഇരുമ്പുദണ്ഡ് ഇടതുകൈയ്യിൽ പിടിച്ചുകൊണ്ട് പുള്ളിമാടൻ

കാർമേഘങ്ങളെ ആടിൻകൂട്ടത്തെപ്പോലെ തളിച്ച് കൊണ്ടുപോകുന്നു, ഇടിയും

മിന്നലും ഉണ്ടാകുന്നു, ഒരു ആജ്ഞയാൽ മഴ പൈയ്യിക്കുന്നു. മഴപെയ്യുമ്പോൽ

പുള്ളിമാടൻ ആകാശത്തൂടെ മഴകൊണ്ട് നൃത്തമാടും, തന്റെ വഴിയിൽ

വിഘ്‌നമായി നിൽക്കുന്ന എല്ലാത്തിനേയും അടിച്ചുവീഴ്ത്തും. മണ്ടന്മാർ

ഇടിവെട്ടിയെന്നു പറയുന്നു. പാമരന്മാർ എന്തറിയുന്നു വിഭോ.

ഇനി ഭൂമിയിലെ കാര്യങ്ങൾ നോക്കുന്നത് സർവ്വ ശ്രേഷ്ഠനായ വടിമാടന്മാർ ആണ്.

നാട്ടിലെ കാവ്, നദി, കുളം, മരങ്ങൾ, നെൽവയലുകൾ, കാടുകൾ പക്ഷികൾ എല്ലാം

വടിമാടന്റെ സംരക്ഷണയിലാണ്. രാത്രിയിലും നട്ടുച്ചയ്ക്കും വടിമാടന്മാർ

കാട്ടൂരിൽക്കൂടി പറക്കും. തന്റെ ഭ്രമണപഥത്തിൽ വിഘ്നമായിരിക്കുന്ന

എല്ലാറ്റിനെയും അടിച്ചുവീഴ്ത്തും - അതു മനുഷ്യനായാലും മൃഗമായാലും. മാടൻ

മിക്കപ്പോഴും പുറത്താണ് അടിക്കുക, ജീവിതകാലം മുഴവൻ വടിയുടെ പാടും,

തഴമ്പും ഉണ്ടാകും. മർമ്മതടിച്ചാൽ ജീവൻതന്നെ പൊയ്‌പോയെകാം, തൻറെ

വഴിയിൽ വയ്ക്കുന്ന വീടിനെതിരെ കല്ലെറിയും, ചിലപ്പോൾ നല്ല ശുദ്ധമായ

അമേധ്യം എടുത്തെറിയും,. വാഴവെട്ടും, തേങ്ങയും കരിക്കും പറിച്ചിടും, കള്ള്

എടുത്തുമോന്തും, കുടവും പൊട്ടിക്കും.

എന്നാൽ തെല്ലും ഭയക്കേണ്ട, എല്ലാറ്റിനും പരിഹാരവുമായി മാടന്റെ

ആംഗ്‌ഗീകരിച്ച പുരോഹിതന്മാർ ഉണ്ട്. ഈ അവകാശം ചാക്കമാരിൽ

നിഷിപ്തമായിരിക്കുന്നു. കുലത്തൊഴിലായി തെങ്ങിൽകയറി

തേങ്ങപറിക്കുകയും കള്ളു ചെത്തുകയും ചെയ്യുന്ന ചാക്കമാർക്കു

ഉന്നതങ്ങളിലുള്ള പിടിപാടു കാരണമാണ് ഈ മഹനീയമായ സ്ഥാനം ലഭിച്ചത്.

അല്ലാതെ വെറുതെ സ്വപ്നം കണ്ടു വലിയ പുസ്തകം എഴുതിയതിനാലോ,

ഒത്തിരി മന്ത്രങ്ങളും തന്ത്രങ്ങളും പഠിച്ചിട്ടോ ഒന്നുമല്ല. നാട്ടിൽ കിട്ടുന്ന കുറച്ചു

പൂക്കൾ, ഒന്നോ രണ്ടോ കോഴി, കുടം നിറയെ കള്ള് പിന്നെ കുറച്ചു

പണം....ഇത്രയും മതി. അല്ലാതെ നീണ്ട തീർത്ഥാടനത്തിനു പോകണ്ട, സമയാസമയം

കുമ്പിട്ടു കിടക്കണ്ട, വലിയ പരിഹാരക്രിയകൾ ഒന്നുമില്ല. ചില അത്യാവശ്യ്

ഘട്ടത്തിൽ മാത്രം, ലോകത്തിന്റെ ഒത്ത നടുക്കായി കാട്ടൂരിനടുത്തു കടമ്മനിട്ടയിൽ

കാലമാടൻ ക്ഷേത്രത്തിൽ മേടത്തിൽ പടയണിക്കു പോയി വെറുതെ ഒരു ഹാജർ

വെച്ചാൽ മാത്രം മതിയാകും.

എല്ലാം ശുഭം.

 

*****

 

രണ്ടാം ഭാഗം : മാടനെ അടുത്തറിഞ്ഞവരുടെ അനുഭവസാക്ഷ്യം ( പൂർണ്ണ

ഭയഭക്തിയോടെ മാത്രം വായിക്കുക)

 

മാടനെ അനുഭവിച്ചറിഞ്ഞ അനേകർ ഉണ്ടങ്കിലും, നേരിട്ട് കണ്ടതിനുശേഷം

ജീവിച്ചിരിക്കുന്നവർ വളരെ കുറവാണ്. നിഴലിനു അടികൊണ്ടവർ ആരും

ജീവിച്ചിരുന്നിട്ടില്ലാ. അതിനാൽത്തന്നെ ഒരു പൂർണവിവരം കിട്ടുക അത്ര

എളുപ്പമുള്ള കാര്യമല്ല. പകൽസമയം തുളച്ചുകയറുന്ന ഒരു ശബ്ദമായോ,

രാത്രിയിൽ പറക്കുന്ന തീഗോളമായി കണ്ടിട്ടുള്ള ചിലർ മാത്രമേ ജീവനോടെ

രക്ഷപെട്ടിട്ടുള്ളു എന്നതിനാൽ വിശദമായ ഒരു കുറിപ്പ് സാധ്യമല്ല. മനുഷ്യന്

ഗ്രഹിക്കാവുന്നതിനും അപ്പുറത്താണ് മാടന്റെ പ്രവർത്തനങ്ങൾ.

വീട്ടിൽ സഹായത്തിനു നിന്നിരുന്ന കുഞ്ഞൂട്ടിയുടെ അനുഭവസാക്ഷ്യം: ഒരിക്കൽ

രാത്രിയിൽ അന്തിയാളൻകാവിലേക്കു പോകുമ്പോളാണ് കുഞ്ഞൂട്ടിക്ക്

മാടധ്വംസനം ഉണ്ടായത്. കറുത്തവാവ് സമയം, ഒന്നും പോരാഞ്ഞു ചൊവാഴ്ച.

വെള്ളി, ശനി, ഞായർ തുടങ്ങിയ നല്ലദിവസങ്ങളൊക്കെ പല ദൈവങ്ങളും

പങ്കിട്ടെടുത്തതിനാലാണ്, സമാധാന പ്രിയരായ മാടന്മാർ ഒരു വഴക്കിനും

പോകാതെ ചൗവാഴ്ചകൊണ്ട് തൃപ്തിപ്പെട്ടത്. ചൂട്ട് കത്തിച്ചുള്ള ചെറിയ

വെളിച്ചo മാത്രമേ കുഞ്ഞൂട്ടിയുടെ കൈയിലുള്ളു. പിന്നീട് ഒരു ധൈര്യത്തിന്

ഇടക്കിടക്ക് നീട്ടി കൂവും. എതിരേ വരുന്നവർ തിരിച്ചു കൂവും. അത് ഒരു വലിയ

ധൈര്യമാണ്. മാടൻ മനുഷ്യശബ്ദങ്ങൾ ഉണ്ടാകാറില്ല, ഒരിക്കലും കൂവാറില്ല.

ഇങ്ങനെ എതിരെ വരുന്ന മാടനെ നമ്മൾക്ക് തിരിച്ചറിയാം. ശവപ്പറമ്പിനടുത്തൂടെ

വരുമ്പോൾ, വടിമാടൻറെ തീഗോളം പറന്നു വരുന്നത് കുഞ്ഞൂട്ടി കണ്ടു. ഒന്ന്

കൂവിനോക്കിയെങ്കിലും, മറുപടിയായുള്ള നിശ്ശബ്ദത കുഞ്ഞൂട്ടിയുടെ ചെവി

പൊട്ടുന്നതു പോലെയായിരുന്നു. ഉറപ്പായി, അത് മാടൻതന്നെ. കുഞ്ഞൂട്ടി

നെഞ്ചടിച്ചു നിലത്തു വീണുകിടന്നു. പിറ്റേ ദിവസം രാവിലെ കിടുകിടാവിറക്കുന്ന

പനി പിടിച്ചുകിടക്കുന്ന കുഞ്ഞൂട്ടിയേ ചികിത്സിച്ചത് മൂത്തചാക്ക ആയിരുന്നു.

മഹത്തായ അതിജീവനം എന്നെ പറയേണ്ടു.

അടുത്ത കഥാനായകൻ കിട്ടൻപണിക്കരാണ്. രാജഭരണകാലത്തു വാളെടുത്തു

കളരിപയറ്റു ചെയ്തിരുന്നപണിക്കർ, ജീവിക്കുവാൻ വേണ്ടിയായിരുന്നു

തെങ്ങുകയറ്റം തുടങ്ങിയത്. ഒരു നട്ടുച്ചയ്ക്ക് തെങ്ങിൽനിന്നും ഇറങ്ങുബോൾ

ആയിരുന്നു ആ ദർശനം…. പട്ടാപകൽ കുറ്റാകൂരിരുട്ടിലൂടെ പറന്നു വന്ന

തീഗോളം.......അത്രമാത്രമേ ഓർമയുള്ളു. ഒന്നാന്തരം അടി പുറത്താണ് കൊണ്ടത്.

അതിൻറെപാട് വർഷങ്ങൾക്കു ശേഷവും അവിടെയുണ്ടായിരുന്നു. ഭാഗ്യത്തിന്

മാടന്റെ പറക്കുന്ന പാതയുടെ താഴെ പണിക്കർ എത്തിയിരുന്നതിനാലാണ്

രക്ഷപെട്ടത്. പണിക്കരെ ചികിത്സിച്ച ചാക്ക, അവരുടെ കുലത്തൊഴിലിൽ

പണിക്കർ കൈവച്ചതു മാടന് ഇഷ്ടമായില്ല എന്ന കാര്യം പറഞ്ഞപ്പോഴാണ്,

സംഗതിയുടെ കിടപ്പു മനസിലായത്. കിട്ടേണ്ടത് കിട്ടിയാലേ കിട്ടനു കിടപ്പുറക്കൂ.

 

ഇനി എൻ്റെ അനുഭവസാക്ഷ്യം. എന്തും സ്വയമേ അറിഞ്ഞു എങ്കിൽ മാത്രമേ

അത് ഉത്തമമാകുകയുള്ളു. പമ്പ നദിയുടെ തീരത്തായി ഒരു ചെറിയ

 

മുളംതുരുത്തിൽ മാടൻ സ്ഥിരമായി വന്നിരിക്കാറുണ്ടായിരുന്നു.

മാടൻമുളയിൽനിന്നും ഈ സമയത്ത് ഒരു പ്രത്യേകതരം കുറുകിയ ശബ്ദം

കേൾക്കാം. ബസുമതിയോടൊപ്പം കുളിക്കാൻ പോകുമ്പഴൊക്കെ ആ ശബ്ദം ഞാനും

കേൾക്കാറുണ്ട്. ഇരുട്ടുന്നതിനുമുമ്പ് കുളിച്ചുകയറിയില്ലയെങ്കിൽ മാടന് അരിശം

വരും. പക്ഷെ ബസുമതിക്കു ചെറിയ വട്ടുണ്ട്. ഇരുട്ടിയെ തിരിച്ചുവരൂ,

ഇടയ്ക്കിടക്ക് മാടൻമുളയിൽ ബസുമതി കല്ലെറിയും എന്നിട്ടു പൊട്ടിചിരിക്കും.

മാടന് ഇഷ്ടക്കേടുണ്ടാക്കുന്ന ഒന്നും ചെയ്യാൻ പാടില്ല. ബസുമതിക്ക് മാടന്റെ ശാപം

അടിച്ചു. രാത്രിയിൽ ഗന്ധർവനായി വേങ്ങയിൽസുകുമാരൻ വിളിച്ചിറക്കി

കൊണ്ടുപോയി. മാടൻമുളയോട് കളിക്കരുതെന്നു പറഞ്ഞാൽ കേൾക്കില്ലലോ.

പിന്നീടൊരിക്കൽ കൊച്ചുപുറത്തെ കുഞ്ചാക്കോ മാടൻമുളയിലേക്ക്

കയറിപ്പോകുന്നത് ഞാൻ കണ്ടു. കുഞ്ചാക്കോ വീട്ടിൽ തേങ്ങാ പിരിക്കാൻ

വരുമ്പോൾ നല്ല കരിക്ക് വെട്ടിത്തരാറുണ്ട്. കുഞ്ചാക്കോ പാവമാണ്,

മാടൻമുളയെകുറിച്ച് ഒന്നും അറിയില്ല. ഞാൻ ഓടിച്ചെന്ന് കയറല്ലേയെന്നു പറഞ്ഞു.

കുഞ്ചാക്കോ അപ്പോൾ മോനെ ഞാനൊരു കാര്യം കാണിക്കാംഎന്നു പറഞ്ഞു

മാടൻമുളയുടെ അകത്തു കൊണ്ടുപോയി, ആറ്റിൽ പെണ്ണുങ്ങൾ കുളിക്കുന്നത്

കാട്ടിതന്നു. ഇതിൽ കാണാൻ എന്തിരിക്കുന്നു. ഞാൻ ദിവസവും ആ

പെണ്ണുങ്ങളുടെ ഒപ്പമാണ് കുളിക്കുന്നത്. ചുമ്മാതല്ല നാട്ടുകാർ അവനെ പൊട്ടൻ

കുഞ്ചാക്കോയെന്നു വിളിച്ചിരുന്നത്.

ഇനി ഗീവറുമാപ്പിളയെ രണ്ടു പ്രാവശ്യം മാടൻ അടിച്ചിട്ടുണ്ട് . ആദ്യം

കൊച്ചുകുട്ടൻനായർ കണ്ടം പൂട്ടുമ്പോൾ പാടത്തു മേൽനോട്ടവുമായി മാപ്പിള

നിൽക്കുമ്പോഴായിരുന്നു. ഉച്ചയൂണിനു കുട്ടൻനായർ കയറിയപ്പോൾ,

വെയിലത്തുനിന്ന കാളയെ മുളയുടെ തണലുള്ള മൂലകണ്ടത്തിലോട്ട് മാറ്റാനായി

ഇറങ്ങിയതേ മാപ്പിളക്ക് ഓർമയുള്ളു. ഓടിയെത്തിയ കുട്ടൻനായർ കാളയുടെ

കയർ കത്തിച്ചു ദേഹത്ത് തിരുമ്മിപ്പിടിപ്പിച്ചു. മാടൻഅടിക്കുള്ള പ്രാഥമീക

ചികിത്സയാണത്. പിന്നീട് തൊണ്ണൂറ്റൊന്നു ദിവസം, ചാക്കയുടെ കുറിപ്പടി പ്രകാരം

മരുന്നും പഥ്യവും. പിന്നെ പ്രാർത്ഥനയും പള്ളിയിൽ കുർബാനയും. എല്ലാം

ശരിയായി. രണ്ടാമതായി കുറച്ചേറെ വര്ഷങ്ങള്ക്കു ശേഷം വീണ്ടും മാടൻ

അടിച്ചു. അപ്പോൾ ഗീവരുമാപ്പിളയുടെ ഡോക്ടറായ മകൻ നാക്കിനടിയിൽ

മരുന്നുംവെപ്പിച്ചു, തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിൽ കൊണ്ടുപോയി

ബെഞ്ചമിൻ ഡോക്ടറെകൊണ്ട് മുപ്പതു ദിവസം കിടത്തി ചികിത്സിച്ചു. വെറുതെ

ആയിരം രൂപാ കൊണ്ടുകളഞ്ഞു.

 

*****

 

ഇനി കഥയുടെ മൂന്നാം ഭാഗം: വളരെ രഹസ്യസ്വഭാവമുള്ള കാര്യങ്ങളാണ് ഇനി

ഇവിടെ പറയുവാൻ പോകുന്നത്. അതിനാൽ ഇത് ആരോടും പറയുവാൻ പാടില്ല,

സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടുവാൻ പാടില്ല. അതുകൊണ്ടുണ്ടാവുന്ന ഒരു

അനർഥങ്ങൾക്കും ഉത്തരവാദിത്വം എടുക്കുകയില്ല.

 

കാട്ടൂരിലെ ജനങ്ങൾ ഇപ്പോൾ മാടനോടും, മഹത്തായ പ്രവർത്തികളോടും തെല്ലും

വിശ്വാസം ഇല്ലാത്ത താന്തോന്നികളായി മാറി. ഇനി മാടൻ ബുദ്ധിമുട്ടി അടിച്ചാലും അവർ

പറയും ഹാർട്ട്അറ്റാക്ക് ആണെന്ന്. എത്രകാലം മാടന്മാർ ഇതു സഹിച്ചിരി്കും. ഇതിനുള്ള

യഥാർത്ഥ കാരണം അറിയുവാൻ അവർ രണ്ടു ചാക്കമാരെ നോക്കിയിട്ട്,

കുലത്തൊഴിലായ തെങ്ങിൽകയറാൻ അറിയാവുന്ന ഒരുത്തനേം കിട്ടിയില്ല.

നോക്കിനിൽപ്പും പിന്നെ രാഷ്ട്രീയകളിയും മാത്രമേ അറിയൂ, വൈകുംനേരമായാൽ

സുബോധവുമില്ല. അപ്പോഴാണ് ഇക്കാലത്തു ഏറ്റവും എളുപ്പം കിട്ടുന്ന ഒരു റിട്ടയേർഡ്

ജഡ്‌ജിയെകൊണ്ടൊരു ഏകാംഗ അന്വേഷണ കമ്മീഷനെ വെച്ചത്. വളരെ രഹസ്യമായി

സമർപ്പിച്ച റിപ്പോർട്ട് ഞാൻ ചോർത്തിയത് ഒരു കുപ്പി കോണിയാക്കിൻറെ ബലത്തിലാണ്

(കോടതി അലക്ഷ്യമായി ഇതിനെ കാണരുത്).

 

മൂന്ന് കാര്യങ്ങളാണ് ജഡ്‌ജിയദ്ദേഹം കണ്ടുപിടിച്ചത്......

൧. ഒന്നാമതായി മാടൻ ഏകഭൂതവും മഹനീയനും കരുണാമയനുമാണെങ്കിലും,

ഒരു ചാക്കയും മാടന്റെ മഹിമകളെക്കുറിച്ചു ഒരു പുസ്‌തകം ഇതുവരെ

എഴുതിയില്ല. വള്ളിപുള്ളി മാറ്റം വരുത്താത്ത ഒരു കിതാബ്.

ഭൂമിയുള്ളിടത്തോളം കാലം നിലനില്കേണ്ടുന്ന ഒരു പുസ്തകം. തെങ്ങിന്റെ

 

മുകളിൽവെച്ചുള്ള മാടന്റെ വെളിപ്പെടുത്തലുകൾ എഴുതിവെയ്ക്കാൻ ഒരു

ചാക്കയും തയാറായില്ല എന്ന വലിയ പാതകം. ഇനി പറഞ്ഞിട്ടു കാര്യവുമില്ല.

൨. രണ്ടാമതായി മാടന്റെ പേരിൽ ഒരു വലിയ യുദ്ധമോ, സുനാമിപോലുള്ള

വലിയ ദുരന്തമോ, എന്തിനുപറയുന്നു നല്ല കൊള്ളയും കൊലപാതകവും കുറെ

ബലാത്സംഗവും ഒന്നുമില്ല. ഇവയൊന്നുമില്ലാതെ ആധുനീക ലോകത്തിൽ

ദൈവത്തിനുപോലും പിടിച്ചുനിൽകാൻ സാധിക്കുകയില്ല.

൩. മൂന്നാമതായി സ്വന്തമായി ഒരു സ്വർഗ്ഗം രൂപകൽപന ചെയ്തില്ല.

നളപാചകവും ദേവസ്ത്രീകളുടെ നൃത്തവും, യക്ഷിയും മറുതയും

സ്പര്ശിച്ചിട്ടില്ലത്ത സുന്ദരികളോടൊപ്പമുള്ള കേളികൾ, സ്കോച്ച് വിസ്‌ക്കി നിറച്ച

ചഷകങ്ങളുമായി സുന്ദരിമാർ…..... ബുദ്ധിജീവികളെ കരുതി ഒരു വായനശാല

(മോഡേൺ ലൈബ്രറി), ഒരു സിനിമക്കോട്ട ഇവയെല്ലാം പരിഗണിക്കാം. ഇനി ഒരു

സ്വർഗ്ഗവും സ്ത്രീകളുടെ ആത്മാവിന് ആവശ്യമുള്ള ഒന്നും വാഗ്ദ്ധാനം

ചെയ്തിട്ടില്ല. വനിതാ കമ്മീഷൻ്റെ അഭിപ്രായം തേടി, മഹത്തായ സ്വർഗ്ഗം

രൂപകൽപ്പന ചെയ്താൽ പെണ്ണുങ്ങൾ അവരുടെ കുടുംബത്തോടെ ഈ

സ്വർഗ്ഗത്തിൽ വന്നുകയറും. ഇതൊന്നുമില്ലാതെ ഒരു കാട്ടൂർകാരനും ഇനി നിങ്ങളെ

തിരിഞ്ഞു നോക്കുകയില്ല. ഒരു പുതിയ സ്വർഗ്ഗം കാലത്തിൻറെ ആവശ്യമാണ്.

ഇത്രയുമായാൽ ധാരാളം അനുയായികൾ മാടൻറെ സ്വർഗ്ഗരാജ്യത്തിൽ

കയറുവാനായി അരയും തലയും മുറുക്കി നിൽക്കും. അവർ പടപൊരുത്തും,

ബലാൽക്കാരം ചൈയ്യും, വെട്ടിപിടിക്കും, എല്ലാ ദൈവങ്ങളെയും വലിച്ചുകീറാൻ

മാടസംവാദം നടത്തും.......

ഇതു വായിച്ച മാടന്മാർ അത്യധികം കോപിച്ചു. കാട്ടൂർകാരെ നശിപ്പിക്കാനായി

പുള്ളിമാടനും വടിമാടനും പുറപ്പെടുവാൻ കാലമാടന്റെ അനുവാദം ചോദിച്ചു.

ഒരു ചെറുചിരിയോടെ കാലമാടൻ അവരെ തടഞ്ഞു.

അനന്തരം തൻ്റെ അംശവടിയെടുത് കൊറോണമാടനെ ഏൽപിച്ചു.

ഇതു തുടക്കം മാത്രം……………

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com