ADVERTISEMENT

ക്രൈസ്തവ മാംഗല്യജീവിതത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിന്‍റെ പ്രഥമ പടവില്‍ ചവിട്ടുന്ന കിരീടം വാഴ്വിലെ പരമ പ്രധാനമായ ഗീതാലാപനം

‘വാനിന്‍ ഉടയോന്‍ കൈയ്യാല്‍ 

മകുടം ഘോഷമിറങ്ങുന്നു.

മണവാളനെ യാചാര്യന്‍

അണിയിക്കും മകുടം രമ്യം’

വൈദീകന്‍റെ കയ്യിലെ മിന്ന് വരന്‍റെ തലയ്ക്കുമീതെ ആശീര്‍വാദത്തിന്‍റെ അലകള്‍ ഉയര്‍ത്തി നിൽക്കവേ, പെട്ടെന്നൊരു ഏങ്ങലടി. പതുങ്ങിയ ശബ്ദത്തിലായിരുന്നുവെങ്കിലും അത് വേറിട്ട് കേള്‍ക്കാമായിരുന്നു. അമ്മയുടെ മാറിലെ നിശ്വാസമായി അതെന്നെ ചൂഴ്ന്ന് നിന്നു. എന്‍റെ വിവാഹം അമ്മയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. അതിന് സ്വപ്നത്തിന്‍റെ ചിറകുകളും കാറ്റിന്‍റെ വേഗതയുമുണ്ടായിരുന്നു. അതൊരനുഭവമായി തന്നില്‍ പരതിപരന്നിരുന്നു. എന്‍റെ ചെറുപ്രായത്തില്‍ത്തന്നെ അമ്മ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. വ്യക്തമായ ഒരു രൂപരേഖ തയാറാക്കിയിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുന്നു. 

മിന്നിന്‍റെ ഇഴ അവകാശത്തിന്‍റെ അധികാരത്തോടെ ബലപ്പെട്ടു കഴുത്തില്‍ ചേര്‍ന്നു കിടന്നപ്പോഴേക്കും അമ്മയുടെ തേങ്ങല്‍ പതറിയിരുന്നുവോ. പ്രാർഥനയില്‍ മുഴുകി നില്‍ക്കുകയാണ്. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. സങ്കടത്തിന്‍റെ കണ്ണീരായിരുന്നില്ല അതെന്നറിയാമായിരുന്നു. അനുഗ്രഹത്തിന്‍റെ പ്രത്യുപകാരമായി എന്തുപകരം നൽകുമെന്ന സങ്കീര്‍ത്തനക്കാരന്‍റെ സ്തുതിയായിരുന്നു ഓരോ തുള്ളി കണ്ണുനീരിലും കാണാന്‍ കഴിഞ്ഞത്.

വിവാഹ കൂദാശ കഴിഞ്ഞതായുള്ള പുരോഹിതന്‍റെ അറിയിപ്പിലൂടെയാണ് ഞാന്‍ എന്‍റെ ബോധ്യത്തെ വീണ്ടെടുത്തത്. അമ്മ പുറത്തേക്ക് പോകുന്നു. ഓരോ ചുവടിലും സൂക്ഷ്മതയുണ്ട്. ഒപ്പം വേഗതയും. ലാവെന്‍ഡര്‍ സാരിയില്‍ മയിലിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ലാവെന്‍ഡര്‍ അമ്മയുടെ പ്രിയപ്പെട്ട നിറമാണ്. ഫോട്ടോഷൂട്ട് അതിന്‍റെ എല്ലാവിധ ഉല്ലാസത്തോടുകൂടി കഴിഞ്ഞു.

മന്ത്രകോടി ഉടുത്തുകൊണ്ട് റിസപ്ഷന്‍ ഹാളിലേക്ക് പ്രവേശിച്ചു. ലാവെന്‍ഡര്‍, നീല, ഇളം മഞ്ഞ നിറങ്ങള്‍... ഹാളിന്‍റെ ഉള്ളിലെ അലങ്കാരങ്ങള്‍ ഹൃദയഹാരിയായിരുന്നു. നിഴലും വെളിച്ചവും പുതുമോടിയണിഞ്ഞിരുന്നു. വ്യക്തമായ തെരഞ്ഞെടുപ്പുപോലെ കണ്ണുകളെ വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. വെഡിങ് പ്ലാനര്‍ രണ്ടു രീതികളായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്: പൂക്കളും മയിലും! മയിലിനെ കണ്ടപ്പോള്‍ ഇത് ഇന്ത്യന്‍ മാതൃകയാണെന്നു പറയാതെതന്നെ എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞു. വെഡിങ് പ്ലാനറിന്‍റെ ഓര്‍മ്മപ്പെടുത്തലില്‍ അമ്മ ഇക്കാര്യം സൂചിപ്പിച്ചുണ്ടാകും. മയില്‍ എന്നും അമ്മയ്ക്കു പ്രിയപ്പെട്ടതായിരുന്നു. ഓരോ മേശയ്ക്കരുകിലും അമ്മയുടെ നോട്ടമെത്തി. എല്ലാം വേണ്ട രീതിയില്‍ തന്നെയാണോ ക്രമീകരിച്ചിരിക്കുന്നതെന്നു ഉറപ്പുവരുത്തുന്നു.

പ്രസംഗത്തിനായി ഡിജെ വിളിച്ചപ്പോള്‍ എങ്ങനെ തുടങ്ങണമെന്നതായിരുന്നു ആശങ്ക. ഓര്‍ത്തെടുക്കലിന്‍റെ തിരകളിലൂടെ കുറച്ചുനേരം അറിയാതെതന്നെ കടന്നുപോയി. എല്ലാവര്‍ക്കും നന്ദി പറഞ്ഞതിനുശേഷം അമ്മയെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. ഒരു ജീവിതത്തിന്‍റെ വസന്തത്തെ കൈക്കുള്ളിലാക്കിയതുപോലെ ഞാന്‍ അക്കാര്യം സൂക്ഷ്മമായി അവതരിപ്പിച്ചു. എന്‍റെ ചുണ്ടിലെ ദൈവത്തിന്‍റെ മറുപേരാണ് അമ്മ. സ്വന്തം കഴിവ് അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തിയും ഇഷ്ടങ്ങളെ വേണ്ടെന്നുവച്ചും ഞങ്ങള്‍ക്കുവേണ്ടി ജീവിക്കുകയായിരുന്നു അമ്മ. ഒരാഗ്രഹവും ഒരിക്കല്‍പ്പോലും കേട്ടതായി ഓര്‍ക്കുന്നില്ല. ഒരു മെഴുകുതിരിപോലെ അങ്ങനെ ആ ജീവിതം. 

ചിലപ്പോഴൊക്കെ ആ മനസ്സ് പതറിയിരുന്നു. എങ്കിലും ദയയും കരുണയും ഓരോ ചുവടിലും പ്രകടമായിരുന്നു. നിനക്ക് ആരെപ്പോലെയാകണം എന്ന് ആരെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ മറ്റൊരുത്തരം എനിക്കു പറയേണ്ടി വരില്ലായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. അമ്മയെ വേണ്ട രീതിയില്‍ മനസ്സിലാക്കിയിരുന്നുവോ? ആവുന്നത്ര അറിഞ്ഞു എന്നാണ് അതിനുള്ള ഉത്തരം. എന്നാല്‍ ആ അറിവുതന്നെ വേണ്ടത്രയായിരുന്നില്ലതാനും. എന്‍റെ വിവാഹം. അതെന്നും അമ്മയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. സ്വപ്നത്തില്‍പോലും അത് അമ്മയെ പിന്‍തുടര്‍ന്നിരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. ഇപ്പോള്‍ ആ സ്വപ്നവും ആഗ്രഹവും ഒന്നു ചേര്‍ന്നിരിക്കുന്നു.

നൃത്തച്ചുവടിനുവേണ്ടിയൊരുക്കിയ ഘനമാല ചുരുളുകള്‍ നിവര്‍ന്ന ബാല്‍ക്കണിയില്‍ മേഘപാളികള്‍പോലെ അതെന്നെ തോന്നിപ്പിക്കുന്നു. പുതുമണവാളന്‍റെ കൈപിടിച്ചു ഹാളുവിട്ട് പടിയിറങ്ങുമ്പോഴും അമ്മ അവിടെനിന്നു കൈവീശുന്നുവോയെന്ന് പിന്‍തിരിഞ്ഞു നോക്കി. സങ്കടത്തെ കണ്ണുനിറഞ്ഞിരുന്നതിനാല്‍ വ്യക്തമായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഈ നിമിഷത്തിനു സാക്ഷിയായി അമ്മ അവിടെ ഉണ്ടാവും. അതൊരു മേഘാവൃതമായ അവ്യക്തതയുടെ തോന്നലാണ്. 

ഞാന്‍ യാഥാർഥ്യത്തിലേക്ക് മടങ്ങിവരുകയായിരുന്നു. ‘സൈക്കോളജിസ്റ്റിനും സ്കീസോഫ്രീനിയ ഉണ്ടായിക്കൂടെന്നില്ല’ എന്ന കമന്‍റാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ അദ്ദേഹം എന്‍റെ കൈകളില്‍ കുറച്ചുകൂടി ബലത്തില്‍ മുറുകെ പിടിച്ചു. "അമ്മ എങ്ങും പോയിട്ടില്ല. സ്നേഹം ചൂഴ്ന്ന് നിൽക്കുന്നിടം അമ്മ തന്നെയാവും". ഇഷ്ടപ്പെട്ട ഭക്ഷണത്തിന്‍റെ രുചിയായും പുഷ്പത്തിന്‍റെ സുഗന്ധമായും അനുഭവത്തിന്‍റെ ഓരത്തുതന്നെയുണ്ടാവും തീര്‍ച്ച.  ആ വാക്കുകള്‍ കാലം തനിക്കായി കരുതിയ അമ്മയുടെ വാത്സല്യമായിട്ടാണ് അപ്പോള്‍ എനിക്കനുഭവപ്പെട്ടത്. 

നീ വയ്ക്കുന്ന ഓരോ ചുവടും അമ്മയുടെ ചുവടുകള്‍ക്കു മീതെയാണെന്നു കരുതുക. തുടര്‍ന്നുള്ള യാത്ര സുരക്ഷിതമാകും...' ആലസ്യത്തിന്‍റെ ഏതോ ഘട്ടത്തില്‍ ഞാന്‍ തിരിച്ചറിവിന്‍റെ വെള്ളിവെളിച്ചം കാണുകയായിരുന്നു. മേഘങ്ങള്‍ ചിതറിയ ആകാശച്ചെരിവിലെവിടെയെങ്കിലും എന്‍റെ സ്വന്തം വെഡിംങ് പ്ലാനറിനെ ഒരുനോക്കു കാണാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com