ഇളനീർ കഥകൾ

book-review
SHARE

'ഒരിടത്തൊരിടത്ത്... '.  കഥകൾ വായിച്ചും കേട്ടും വളർന്ന ബാല്യങ്ങൾ ഈ വാക്ക് മറന്നുപോകില്ല.  വായനക്കാരെ വട്ടംചുറ്റിക്കുന്ന കഥകളുടെ കാലത്ത് ലളിതവും സുന്ദരവും ആഖ്യാനകൗശലവും നിറയുന്ന കഥകൾ ഇടക്കെങ്കിലും കേട്ടിരുന്നെങ്കിൽ, വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ചിലപ്പോളെങ്കിലും ആഗ്രഹിച്ചുപോകും.  ഇളവൂർ ശശിയുടെ 'വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും' എന്ന കഥാസമാഹാരം വായിച്ചുകഴിഞ്ഞപ്പോൾ  ആഗ്രഹം സഫലീകരിച്ച തൃപ്‌തി മനസ്സിൽ നിറഞ്ഞു.

പുസ്‌തകത്തിന്റെ പേര് കേട്ടപ്പോൾ വെജിറ്റേറിയൻ ഫാനായ എനിക്ക് ആദ്യം നെറ്റിചുളിഞ്ഞു. എങ്കിലും കഥ രുചിക്കണം എന്ന അടങ്ങാത്ത ആഗ്രഹം പുസ്തകത്താളുകളിൽ എത്തിച്ചു. ആ ആഗ്രഹം വെറുതെയായില്ല എന്നു തെളിയിക്കുന്നു ഇതിലെ 11 കഥകളും.  ജീവിതാനുഭവങ്ങളുടെ തീച്ചൂളയിലൂടെ സഞ്ചരിച്ച കഥാകാരൻ അതിന്റെ നേരവതരണമാണു പുസ്തകത്തിലെ ഓരോ കഥയിലും വരച്ചിടുന്നത്. അന്നന്നത്തെ ജോലി ചെയ്ത് അപ്പം ഭുജിക്കുന്ന നിർമ്മാണത്തൊഴിലാളിയായ ശശി ഇളവൂർ ജീവിതഗന്ധിയായ കഥകളല്ലങ്കിൽ പിന്നെയെന്താണ് എഴുതുക?.

ആദ്യ കഥയായ 'ശവപെട്ടിക്കാരന്റെ മനസ്സ്' അപ്രതീക്ഷിത കഥാഘടനയാൽ സമ്പന്നം. ശവപ്പെട്ടി വാങ്ങാൻ വരുന്ന ആളും അത് വിറ്റിട്ട് വീട്ടിൽ അരിയും സാധനങ്ങളും വാങ്ങാൻ വെമ്പൽ കൊള്ളുന്ന ശവപ്പെട്ടി കച്ചവടക്കാരനുമായി  അതിജീവനത്തിന്റെ രണ്ട് വശങ്ങൾ കഥയിൽ ഇതൾവിരിയുമ്പോൾ വായനക്കാരന് അതിയായ കൗതുകം ഓരോ വരിയിലും വാരിനിറയ്ക്കുന്നു കഥാകാരൻ.  'പെരുന്തച്ചന്റെ മകൻ' വായിക്കുമ്പോൾ ഒരുകാലത്ത് നമ്മുടെ കവലകളെ സമ്പന്നമാക്കിയിരുന്ന പാട്ടുകളും, നാടൻ രൂപങ്ങളും, സർക്കസും, മാജിക്കും ഒക്കെ മനസ്സിൽ വന്ന് ചേക്കേറുന്നു. ചർവിതചർവണമായ നമ്പരുകൾ പിതാവ് കാണിക്കുമ്പോൾ കൂകിവിളിക്കുന്ന ആൾക്കാർക്ക് മുന്നിലേക്ക് അതുവരെ ആരും കാണിക്കാത്ത മാജിക് കാണിക്കുവാൻ അടങ്ങാത്ത ആഗ്രഹവുമായി മകൻ.  കൺമുന്നിൽ കാണുന്നൊരു ദൃശ്യത്തിന്റെ ചാരുത നിരത്തുവാൻ കഥയ്ക്ക് സാധിച്ചിരിക്കുന്നു

പുസ്‌തകത്തിന്റെ തലക്കെട്ടിന് ആധാരമായ 'വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും' എന്ന കഥയിൽ അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റിക്കൊടുക്കുവാൻ പരസ്ത്രീയിൽ നിന്നും പാഞ്ഞോടുന്ന വെളിച്ചപ്പാട് അസാധാരണമായ  വ്യക്തിത്വമായി വായനക്കാരന് അനുഭവപ്പെടുന്നു. കഥാപ്രമേയം മറ്റുകഥകളെ അപേക്ഷിച്ച് അഭിനന്ദനം അർഹിക്കുന്നില്ലെങ്കിലും അവതരണമികവ് എടുത്തുപറയാം.  മോറൽ പോലീസ് എന്ന സമൂഹത്തിലെ അഴിച്ചുവിട്ട കാളയുടെ കഥയാണ് 'ജനിതക രഹസ്യം'.  ഇരുൾപാതയിലൂടെ സ്വന്തം മകളുമായി അച്ഛനോ, പെങ്ങളുമായി സഹോദരനോ, ഭാര്യയുമായി ഭർത്താവിനോ നടക്കാൻ പറ്റാത്ത അവസ്ഥയുടെ നേരവതരണം.  ഗാന്ധിഭവൻ സ്നേഹാലയത്തിൽ കഴിയുന്ന സേമിയ വില്പനക്കാരനെ കാണുവാൻ വരുന്ന ആളെ 'വൃദ്ധസദനം' കഥയിൽ വായിക്കുമ്പോൾ മനസ്സ് വല്ലാതെ ആർദ്രമാകുന്നുണ്ട്. ഗതകാല സ്‌മരണ കഥയിലെ സേമിയപായസം പോലെ മധുരവും വാർദ്ധക്യത്തിന്റെ നെടുവീർപ്പ് കണ്ണീരുപ്പായും ഇവിടെ നിറയുന്നു. 

'തിമിരം എന്ന കഥ അതുവരെ വായിച്ചുവന്ന കഥയിൽ നിന്നും വ്യത്യസ്തം. തെല്ല് ചിരിയും ചിന്തയും നൽകുന്നതും തുടക്കത്തിൽ ഭാഷാഭംഗിയാലും അനുയോജ്യമായ ഉപമകളാലും നിറയുന്ന കഥ.  'ചിമ്പാൻസി' എന്ന കഥയാകട്ടെ കൗതുകം നിറഞ്ഞതാണ്. സ്വന്തം കുഞ്ഞിന്റെ അച്ഛനെ തേടി നടക്കുന്ന അമ്മ പെട്ടെന്നൊരു ദിനം കാണുന്ന കാഴ്ച്ച വായനക്കാരെ ഒന്നുലച്ചുകളയുന്നുണ്ട്. നേർജീവിതത്തിന്റെ നേർപാതി പോലെ വായിക്കാവുന്ന അവസാന കഥയാണ് 'അർദ്ധനാരീശ്വരൻ'.

നെടുനീളൻ കഥകൾ എഴുതി വായനയിൽ ഏണിയും പാമ്പും കളി ശീലിപ്പിക്കുന്ന ഒന്നും ഇളവൂർ ശശിയുടെ ഈ പുസ്തകത്തിൽ കാണാൻ കഴിയില്ല.  ചെറിയ ചില പോരായ്മകൾ ഉണ്ടെങ്കിലും, നാം കാണുന്ന ഭൂമിക, അവിടെ നടക്കുന്ന പച്ചയായ അനുഭവങ്ങൾ വായനക്കരനോട് നേരിട്ട് സംവദിക്കുന്ന തരത്തിൽ കഥാകാരന്റെ മൂശയിൽ രൂപം പ്രാപിക്കുന്നു.  ശുദ്ധജലത്തിൽ ഭംഗിയും ഒഴുക്കും നിറഞ്ഞ, ഏച്ചുകെട്ടും വളച്ചുകെട്ടും ഇല്ലാതെ ചിന്തകളെ വിഭ്രമലോകത്ത് എത്തിക്കാതെ കഥാകൃത്ത് കഥ പറയുമ്പോൾ, തുടക്കത്തിൽ പറഞ്ഞ 'ഒരിടത്തൊരിടത്ത്...' എന്നു ഗതകാലത്തിൽ കണ്ടുകേട്ട കഥാനുഭവം മുമ്പിൽ പീലി വിടർത്തുകയാണ്. 

ഒറ്റവാക്യത്തിൽ പറഞ്ഞാണ് ഇളവൂർ ശശിയുടെ കഥകൾ ഇളനീർ കഥകളാണ്.

പുസ്തകം സുജിലി പുബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നു. വില-110 രൂപ, പേജ് - 89.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA