ADVERTISEMENT

അങ്ങനെ പ്യൂമ (Perth United Malayalee Association) യുടെ ഈ കൊല്ലത്തെ വള്ളംകളി കഴിഞ്ഞു. ഇതോടെ പെർത്തിലെ ഓണാഘോഷങ്ങൾ അവസാനിച്ചു. ഇനി ക്രിസ്മസ് പുതുവൽസര ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ്. ദൈവങ്ങളോട് സ്നേഹപൂർവ്വം ഉള്ള മാന്യമായ സാമൂഹിക അകലം പാലിക്കുന്ന ഓസ്ട്രേലിയയിൽ ദൈവത്തിന്റ സ്വന്തം നാട്ടിൽ നിന്നു വന്നു സ്വർഗ്ഗം തീർക്കുന്ന മലയാളി പ്രവാസികൾ .

സദ്യയും തിരുവാതിരകളിയും പൂക്കളവും വടംവലിയും കൂടെ കാർ പാർക്കിലെ "വള്ളംകളിയും" അതു കഴിഞ്ഞുള്ള ഓണത്തല്ലും കൂടിയായാലേ നമ്മുടെ ഓണം അടിപൊളിയാകൂ.

പ്രധാനകാര്യം വിട്ടുപോയി മാവേലിയുടെ കാര്യം. മാവേലിയില്ലാതെ എന്തോണം.

ഞങ്ങളുടെ ക്ലബ്‌ മലയാളത്തിന്റെ (Club Malayalam Inc.) ഇക്കൊല്ലത്തെ ഓണത്തിന് മാവേലിയാകാൻ ആരെയും കിട്ടിയില്ല. കഴിഞ്ഞ കൊല്ലം നമ്മുടെ ജിയോ ചേട്ടൻ ആയി. ഈ കൊല്ലം ജിയോചേട്ടൻ പ്രസിഡന്റ് ആയതിനാൽ മാവേലിയാകുന്നത് ശരിയാവില്ല എന്ന് ആരോ ജിയോടു പറഞ്ഞത്രേ.

ഞങ്ങൾ കമ്മിറ്റിക്കാർ പലരെയും നിർബന്ധിച്ചു നോക്കി, പൊക്കി പറഞ്ഞുനോക്കി ആരും തയാർ അല്ല. ഇടയ്ക്കിടെ ജിയോ എന്നെ നോക്കുന്നുണ്ട്. ആരും മാവേലി ആകാതായപ്പോൾ ജിയോ എന്റെ പേരു പറയുമെന്നു സ്വപ്‌നത്തിൽ പോലും കരുതിയില്ല. "ജിയോ യൂ റ്റൂ" എന്നു പറയേണ്ടിവന്നു.

ഇനിയിപ്പോ ഇതെങ്ങനെ വീട്ടിൽ പറയും? ആരെങ്കിലും അൽപം ഒന്നു പൊക്കിപറഞ്ഞാൽ വീടും കൂടും ഒക്കെ മറന്ന് എല്ലാ കോമാളിതരത്തിനും നിന്ന് ഞങ്ങളെ കൂടി നാണം കെടുത്തരുത് എന്ന് ഇടയ്ക്കിടെ എന്റെ ഭാര്യ സീമ പറയാറുള്ളതാണ്. ഇതിപ്പോ നമ്മുടെ സ്വന്തം ക്ലബിനു ഒരു പ്രശ്നം വരുമ്പോൾ നമ്മൾ മുന്നിൽ നിൽക്കേണ്ടതല്ലേ. പക്ഷെ ഇതെങ്ങനെ വീട്ടിൽ അവതരിപ്പിക്കും?

കമ്മിറ്റി മീറ്റിങ് എല്ലാം കഴിഞ്ഞു വീട്ടിൽ എത്തി. എനിക്ക് എന്തോ പറയാനുണ്ടെന്ന് എന്റെ മുഖം നോക്കി അവൾ ഊഹിച്ചെടുത്തു. പതിവില്ലാത്ത പോലെ അടുക്കളയിലെ സഹായവും പാത്രം കഴുകലും ഒക്കെ ആയി ഞാൻ ഇത്തിരി ഓവറായോ ആവോ. ഇടയ്ക്കിടെ കള്ളന്മാരെ നോക്കണ പോലീസിനെ പോലെ എന്നെ നോക്കുന്നുണ്ട്. സീമയോടെ ഞാൻ ആണ് ഈ പ്രാവശ്യത്തെ മാവേലി എന്ന് പറയാൻ ചെറിയ ഒരു പേടി.

അല്ല സീമേ, നിന്റെ അമ്മയോടൊക്കെ ഒക്കെ വിളിച്ചിട്ട് സംസാരിച്ചിട്ട് ഇപ്പൊ കൊറച്ചു ദിവസം ആയില്ലേ. നമുക്ക് ഇന്ന് എന്തായാലും ഫോൺ ചെയ്യണം കേട്ടോ.

"അതേയ് എന്റെ അമ്മക്ക്‌ ഇന്നലെയല്ലേ നമ്മൾ വിളിച്ചത്, മരുമോന് ക്ഷീണം ആണല്ലോ എന്ന് പറഞ്ഞതും സംസാരിച്ചതും ഒക്കെ മറന്നുപോയോ. അതിരിക്കട്ടെ ഇന്ന് ഇപ്പൊ എന്ത് പണിയാണ് ബാക്കിയൊള്ളോരേ നാണം കെടുത്താൻ ഏറ്റോണ്ട് വന്നേക്കണേ". ഏയ്‌ ഒന്നൂല്ല. ഞാൻ ഈ പ്രാവിശ്യം ഒരു കാര്യോം ഏറ്റെടുത്തിട്ടില്ല. എല്ലാവരും ചെയ്യട്ടെ. പിന്നെ മാവേലിയാകാൻ ഇതുവരെ ആരേം കിട്ടീട്ടില്ല. ജിയോയും ജയ്‌നും ഒക്കെ നോക്കണണ്ട്. ആരെങ്കിലും കിട്ട്വോയിരിക്കും.

ഇവളിതെന്തിനാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കണേ. എന്തെങ്കിലും കുഴപ്പം ഒപ്പിക്കാതിരിക്കില്ല എന്ന് ഉറപ്പുള്ള കാരണം മുൻകൂറായി നോക്കി പേടിപ്പിക്കാണോ.

"അല്ല സീമേ, ഞാനാലോക്കാണെ, മാവേലിയില്ലാതെ എന്തോണം അല്ലെ."

അതു പറ. അപ്പൊ അത് അങ്ങട് ഏറ്റെടുത്തു അല്ലെ.

"ഏയ്‌ ഞാൻ സമ്മതിച്ചിട്ടൊന്നും ഇല്ല, ചിലപ്പോൾ, ചിലപ്പോൾ മാത്രം മാവേലി ആവേണ്ടിവന്നേക്കാം"

ഞാനൊന്ന് വെള്ളം ചേർത്തു പറഞ്ഞു വച്ചു.

 

ഓണാഘോഷ ദിവസം വന്നു. തിരുവാതിരയും പൂക്കളവും ഒക്കെ ഒരുങ്ങി കൊണ്ടിരിക്കുന്നു. എന്റെ ഉള്ളിൽ പെരുമ്പറയും!!.

 

ജിയോ പറഞ്ഞു: മാവേലി കോസ്റ്റും Chery Jose ന്റെ കയ്യിലാണ്. അതും കൊണ്ട് ആൾ വന്നുകൊണ്ടിരിക്കുയാണ്. ആറുമണിക്ക് തൊടങ്ങേണ്ട പരിപാടി ആറര ആയിട്ടും തൊടങ്ങീട്ടില്ല. മാവേലി കോസ്റ്റും കൊണ്ട് Chery എത്തിയിട്ടില്ല. ജിയോക്ക് അല്പം ടെൻഷൻ ആയിതുടങ്ങി എനിക്ക് അല്പം ആശ്വാസവും.രക്ഷയില്ല.  ദേയ് വരുന്ന Chery. കോസ്റ്റ്യൂമും കൊണ്ടു നേരെ ആണുങ്ങളുടെ ബാത്‌റൂമിൽ കയറി. മാവേലി കോസ്റ്റുമിനുള്ളിൽ കയറി കണ്ണാടിയിൽ നോക്കി. ഞാൻ മാവേലി. കാലിലെ മെതിയടി ഇട്ട് നടക്കാൻ അൽപം പ്രയാസം തോന്നി.

Chery പറഞ്ഞു: ജിയോ സ്റ്റേജിൽ അനൗൺസ് ചെയ്യും, എല്ലാവരും മാവേലിയെ എതിരേൽക്കാൻ തയ്യാറാവാൻ. അപ്പൊ ഷാബുചേട്ടൻ ഈ ബാത്‌റൂമിൽ നിന്നും ഇറങ്ങി ഹാളിന്റ മുന്നിലൂടെ നടന്നു സ്റ്റേജിൽ കയറണം.

മാവേലിയായ ഞാൻ ഇതൊന്നും ശരിക്ക് കേട്ടില്ല.

ഞാൻ നോക്കുമ്പോൾ നമ്മുടെ വാമനൻ എന്നെ നോക്കുന്നു. പുള്ളിക്കാരന് അന്ന് എന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതിൽ നല്ല മനോവിഷമം ഉണ്ട്. അത് എനിക്ക് വാമനന്റെ മുഖത്ത് നിന്ന് മനസിലായി. പാവം വല്ലാത്ത കുറ്റബോധം ഉണ്ട്. അപ്പൊ എന്റെ ഇടതു വശത്തു നിന്ന് ശുക്രാചാര്യൻ ചെവിയിൽ പറഞ്ഞു. നോക്കണ്ട, അങ്ങട് നോക്കണ്ട, ചവിട്ടി താഴ്ത്തിയതല്ലേ.

"ഞാൻ മാവേലി". ഞാൻ പറഞ്ഞു: എന്നാലും അതൊക്ക പണ്ടല്ലേ. വിടന്നേ. പാവം.

ഞാൻ അപ്പോൾ കൊയ്ത്ത് പാട്ടും, ആർപ്പുവിളിയും കേട്ടു. സുന്ദരിമാർ സെറ്റ് മുണ്ടെടുത്തു എന്റെ ചുറ്റും തിരുവാതിര കളിക്കുന്നു. ആകെ സന്തോഷം. ശുക്രാചാര്യരാണ് എന്നെ പിന്നിൽ നിന്നും തോണ്ടി മുകളിലേക്ക് ചൂണ്ടി കാണിച്ചത്. അവിടെ സ്വർഗത്തിൽ ദേവൻമാർ അപ്പോഴും അസൂയയോടെ എന്നെ നോക്കുന്നു.

അവിടെ എന്തോ തർക്കം നടക്കുകയാണെന്ന് തോന്നുന്നു. ഭൂമിയിലെ മനുഷ്യൻമാരുമായി ഒരു അകലം വേണമെന്നും കർട്ടൻ ഇടണമെന്നും ഒരു കൂട്ടർ. അതല്ല അവരുമായി മുഖാമുഖം ചേർന്ന് ഒന്നാകണമെന്നും വേറൊരു കൂട്ടർ. ദൈവങ്ങളുടെ കാര്യത്തിൽ മാവേലിക്കെന്തു കാര്യം.

"ഞാൻ മാവേലി". പാതാളത്തിൽ തർക്കങ്ങളില്ല. അവിടെയെല്ലാവരും ഒന്നുപോലെ. കള്ളപറയും ചെറുനാഴിയും അവിടെയില്ല. എള്ളോളമില്ല പിരിവുകളും.

 

പിന്നേം ശുക്രാചാര്യൻ പിന്നിൽ നിന്നും തോണ്ടി. അപ്പോൾ ഞാൻ കണ്ടു: അവിടെ ചിലർ സ്വർഗം വിൽക്കുന്നു. മദ്യപുഴകൾ ഒഴുകുന്ന എല്ലാ സുഖങ്ങളും ഉള്ള സ്വർഗ്ഗം ചിലർ വിൽക്കുമ്പോൾ നിറയെ മാലാഖമാരുള്ള സ്വർഗ്ഗം വിൽക്കുന്നു വേറെ ചിലർ. പിന്നെ കുറേ പേർ ദേവൻമാരുള്ള അവരോടൊപ്പം ചേരാനുള്ള സ്വർഗം വിൽക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്വർഗ്ഗം വിൽക്കാനിറങ്ങിയവർ!!!!

"ഞാൻ മാവേലി". എനിക്ക് വിൽക്കാൻ സ്വർഗ്ഗമില്ല. പാതാളലോകത്ത് ഞാൻ ഇതൊന്നും കണ്ടിട്ടില്ല. അവിടെയെല്ലാവരും ഒന്നുപോലെ. കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം.

വാമനഭഗവനെയും 30 മുക്കോടി ദേവഗണത്തെയും തൊഴുതു കൊണ്ട് നടക്കാൻ അല്പം പ്രയാസമുള്ള  മെതിയടിയും ഇട്ടുകൊണ്ട് ഞാൻ മാവേലി എന്റെ പ്രജകളെ കാണാൻ ബാത്‌റൂമിൽ നിന്നും പുറത്തു കടന്നു.

ജിയോ സ്റ്റേജിൽ നിന്നും എന്തൊക്കെയോ പറയുന്നുണ്ട്. Chery അരികത്തുകൂടെ നടന്ന് ചെവിയലും.

എനിക്ക് സ്ഥലകാലബോധം വന്നു. നേരെ സ്റ്റേജിലേക്ക് നടന്നു. സ്പീഡ് കാരണം ഒരു കാലിലെ മെതിയടി ഊരിപോയി. സീമക്ക് നാണകേടാവുന്നുണ്ടോ ആവോ. ആ വശത്തേക്ക് നോക്കാൻ പോയില്ല.

സ്റ്റേജിൽ സെക്രട്ടറി Jain Rijo യും, മറ്റു കമ്മിറ്റി അംഗങ്ങളും ഒക്കെ എന്തൊക്കെയോ മൈക്കിൽ കൂടി പറയുന്നുണ്ടായിരുന്നു.

ഞാൻ യാന്ത്രികമായി അപ്പോഴും പറഞ്ഞു " ഞാൻ മാവേലി". പിന്നെ എന്തൊക്കയൊ പറയാൻ നോക്കീട്ടുണ്ട് സ്പീഡ് കാരണം എനിക്ക് പോലും ഒന്നും മനസിലായില്ല. ഈയിടെയായി വാട്ട്സ്അപ്പിലെ വോയിസ്‌ മെസ്സേജുകൾ ഇരട്ടി സ്പീഡിൽ കേട്ട് ശീലിച്ച കാരണം സാധാരണ സ്പീഡിലുള്ള സംസാരം എനിക്ക് മനസിലാകാതായി തുടങ്ങി.

മാവേലിയോടുള്ള സ്‌നേഹം കൊണ്ടായിരിക്കണം എല്ലാവരും കയ്യടിച്ചു. ഒരുവിധം രക്ഷപെട്ടു സ്റ്റേജിൽ നിന്നും ഇറങ്ങി ബാത്‌റൂമിലേക്ക് വേഗത്തിൽ പോകുന്നതിനിടക്ക് സീമ പിടിച്ചു നിർത്തി. പാതാളത്തിലേക്ക് ദൂരം കൂടിയ പോലെ തോന്നി. ഇവിടം പിളർന്നു പാതാളത്തിലേക്ക് ഒരു ഷോർട്ട്കട്ട്‌ വഴി ഉണ്ടായിരുന്നെങ്കിൽ. കഴിഞ്ഞു. എല്ലാം കഴിഞ്ഞു. ഇനിയിപ്പോ ഈ തല മാത്രേ ബാക്കിയുള്ളൂ ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറായി നിന്നു.

അപ്പോൾ അവൾ പറഞ്ഞു: എന്നേം കൂടെ കൊണ്ടുപോകാമോ പാതാളത്തിലേക്ക്.

ഞാൻ ചോദിച്ചു: "അപ്പൊ സ്വർഗ്ഗം?"

അതു ദൈവങ്ങൾ എടുത്തോട്ടെ. എനിക്ക് ഈ മാവേലിയുടെ കൂടെ എന്നുമിങ്ങനെ ഒന്നായി ഇരുന്നാൽ മതി.

"ഞാൻ മാവേലി" തല ഉയർത്തി നിന്നു. ഒത്തിരി അഹങ്കാരത്തോടെ. ദൈവങ്ങൾ അപ്പോഴും സ്വർഗ്ഗത്തിൽ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു. ഭൂമിയിൽ അപ്പോഴും സ്വർഗം വിൽക്കാനുണ്ടായിരുന്നു.

അടിക്കുറിപ്പ്: 18 കൊല്ലം മുൻപു ഖത്തറിലേക്ക് 8 മാസം മാത്രം പ്രായമുള്ള മോളെയും കൊണ്ട് തന്നെ വന്നപ്പോൾ ഞാൻ ചെവിയിൽ ചോദിച്ചു: ഇരിങ്ങാലക്കുടയും ചാലക്കുടിയും വിട്ടു ഇതുവരെ പോകാത്ത നിനക്ക് ഒറ്റക്ക് ഖത്തറിലേക്ക് വരാൻ ഉള്ള  ധയ്ര്യം എവിടന്ന് കിട്ടി? നീ വരുമ്പോൾ ഞാൻ എയർപോർട്ടിൽ ഇല്ലാ എങ്കിൽ എന്താവും എന്ന് ആലോചിച്ചിരുന്നോ?

 

ഷാബു മൂത്തേടൻ

ഫോൺ : +61 448689523

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com