ADVERTISEMENT

അയർലൻഡിൽ, ഔദ്യോഗികമായി വേനൽക്കാലമാരംഭിക്കുന്നതു മേയ് ഒന്നിനാണ്. നൂറ്റാണ്ടുകളായി ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഐറിഷ് ജനത തങ്ങളുടെ വീട്ടുമുറ്റത്തു, വർണ്ണപകിട്ടുള്ള റിബണുകളും വിവിധ നിറങ്ങളിലുള്ള മുട്ടത്തോടുകളും പൂക്കളും കൊണ്ട് അലങ്കരിച്ച " മേയ് ബുഷ്"എന്ന വൈറ്റ്ത്തോൺ ചെടിയുടെ ശാഖയെ സ്ഥാപിക്കുന്നു.നാട്ടുഭാഷയിൽ "സ്കീയ" എന്നറിയപ്പെടുന്ന ഹാത്തോൺ ചെടി ഐറിഷ് പുരാവൃത്തങ്ങളിലെ നിരന്തര സാന്നിധ്യമാണ്. പാരമ്പര്യ കെൽടിക് നാടോടിപാട്ടുകളിൽ, കൃഷിയിടങ്ങളിലെ ഒറ്റയായി കാണപ്പെടുന്ന ഹോത്തോൺ മരങ്ങൾ പരലോകത്തിലേക്കുള്ള യക്ഷികവാടങ്ങളായി കണക്കാക്കപ്പെടുന്നു.ചില വിശ്വാസങ്ങളിൽ മനുഷ്യരുടെ രക്ഷകരായി പുരാണങ്ങളിൽ പ്രതിപാദിപ്പിക്കപ്പെടുന്ന ഗ്രാമയക്ഷികളുടെ വിശ്രമ സങ്കേതങ്ങൾ കൂടിയാണ് ഈ മരങ്ങൾ എന്നാണു വിശ്വാസം.

may-bush-2

പ്രധാനമായും വെക്സ്ഫോർഡ് കൗണ്ടിയിലാണു മേയ് ബുഷ് വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ലീൻസ്റ്റർ, കിഴക്കൻ മുൻസ്റ്റർ, ഉൾസ്റ്റർ എന്നീ കൗണ്ടികളിലും ചെറിയ വ്യത്യാസങ്ങളോടെ ഇത്തരം ആചാരങ്ങൾ ആഘോഷിക്കപ്പെടുന്നുണ്ട്.

may-bush-3

അലങ്കരിച്ച സ്കീയ ചെടികൾക്കു താഴെ കത്തിച്ചു വയ്ക്കുന്ന മെഴുകുതിരികൾ , മേയ് മാസത്തിന്റെ തിളങ്ങുന്ന വേനൽക്കാലത്തെ പ്രതിനിധീകരിക്കുന്നു. പുരാതന ' ബേൽടേൻ അഗ്നി സംസ്കാര( Bealtaine Fire tradition)ത്തെ ഓർമ്മപ്പെടുത്തുന്ന ഈ അനുഷ്ഠാനം മുടങ്ങാതെ അനുവർത്തിക്കുന്ന നിരവധി കുടുംബങ്ങൾ ഇന്നും ധാരാളമുണ്ട്.

 

may-bush-4

കാർഷിക പ്രാധാന്യമുള്ള ഒരു പാരമ്പര്യ ചടങ്ങായി വേണം മേയ് ബുഷിനെ കണക്കാക്കുവാൻ. വിശാലവും മനോഹരങ്ങളുമായ പച്ച കൃഷിയിടങ്ങൾക്കു നടുവിൽ ഹോത്തോൺ ചെടി ശാഖകളിലെ അലങ്കാരങ്ങൾ ക്ഷുദ്ര യക്ഷികളെ അകറ്റുവാനാണെന്നാണു ഭൂരിപക്ഷ വിശ്വാസം.തങ്ങളുടെ നിറയെയുള്ള കാർഷികവിള ലഭ്യതകൾക്കും പശുക്കളടക്കമുള്ള വീട്ടുമൃഗങ്ങൾക്കും സംരക്ഷണവും ആരോഗ്യവും ലഭിക്കുന്നതിനായി മേയ് ബുഷിലെ ആദ്യപകലിൽ കറന്നെടുക്കുന്ന പാൽ വീടിന്റെയകത്തളങ്ങളിലും ഉമ്മറകോലായിലും തളിക്കുന്നു. 

may-bush-5

 

അപശകുനങ്ങളെയും ദുരിതാത്മാക്കളെയും അകറ്റാനാണെന്നാണു പേഗൻ വിശ്വാസം. 'പിശ്യോഗ്' എന്ന പുരാതന ഐറിഷ് അന്ധവിശ്വാസങ്ങൾ ഗ്രാമീണർക്കിടയിൽ ഇന്നും സജീവമാണ്. കറുപ്പും വെളുപ്പും ഇടകലർന്ന നിറമുള്ള മാഗ്പീ പക്ഷിയെ കയ്യിലെടുത്തു വീശിക്കാണിക്കുക, പരസ്പരം കൈകൾ കോർത്തു പിടിച്ചു മന്ത്രങ്ങളുരുവിടുക തുടങ്ങിയ 'പിശ്യോഗ്' രീതികൾ ഇന്നും നിലവിലുണ്ട്.

 

"മേയ് ബുഷ്" ക്രിസ്ത്യൻ യുഗത്തിനു മുമ്പുള്ള ബേൽടേൻ ഉത്സവമായാണ് കരുതപ്പെടുന്നത്. വർഷപ്പകുതിയോളമുള്ള ഇരുണ്ട മഞ്ഞുകാലത്തിനു ശേഷം, വെളിച്ചത്തെ പുൽകുന്ന തിളക്കമുള്ള വേനലിന്റെ ഈ ആഘോഷം അയർലൻഡിലെങ്ങും ആഹ്ലാദത്തോടെ ആചരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com