ADVERTISEMENT

ശൂന്യത വാരിപ്പുതച്ച്  

ഉറഞ്ഞുകൂടിയ നിശ്ശബ്ദതയെ പുണര്‍ന്ന്, 

നിര്‍വാണമടഞ്ഞവര്‍ 

ശാന്തമായി ഉറങ്ങുമ്പോള്‍.. 

 

അവശേഷിപ്പിച്ചു പോയ ആത്മാക്കള്‍  

രാവിലും ഇമ പൂട്ടാനാവാതെ  

ജീവനോടെ പുകയുന്നതും 

ഒരറ്റം മുതല്‍ കത്തിത്തീരുന്നതും 

നീതീകരിക്കാനാവാത്ത നിയതി സാരം.

 

വിടപറയല്‍ ഹൃദയഭേദകമാണ്‌.

അപ്പോഴും വിമതര്‍ക്ക്

ഉള്ളില്‍ വൈരം രാകുന്നുണ്ടാവും..

ഹൃദയം വിശാലമാക്കുക.

ശുദ്ധവായു കയറിയിറങ്ങട്ടെ!

 

പ്രണാമം വെറും നാട്യമാകരുത്!

തൊഴുകൈകള്‍ ചേര്‍ന്നിരിക്കട്ടെ!

ആദരാഞ്ജലികള്‍ 

ആദരവിന്‍റെ സൂചനയാണ്. 

അതു പ്രകടനമാവാതിരിക്കട്ടെ!

 .  

ബാഷ്പാഞ്ജലികള്‍ അര്‍പ്പിയ്ക്കുമ്പോള്‍ 

സന്തോഷാശ്രുക്കള്‍ പൊഴിക്കരുത്‌! 

യാത്രാമൊഴിയെങ്കിലും നിഷ്കപടമാവട്ടെ!

ദുഃഖ പ്രകടനങ്ങളില്‍ വിഷം കലര്‍ത്തരുത് 

യാത്രയയപ്പ് യുക്തിഭദ്രമായിരിക്കട്ടെ!

 

വിഗതന്‍റെ ആത്മാംശമായവര്‍ 

ആത്മനിയന്ത്രണം കടിഞ്ഞാണിട്ടു പിടിക്കണം. 

മനസ്സ് അഗ്നിയില്‍ സ്ഫുടം ചെയ്ത് 

കടുപ്പം കൂട്ടണം, രിപുക്കളിൽ 

ധര്‍മ്മച്യുതി വരുത്താതിരിക്കാന്‍.. 

 

പോകുന്നവര്‍ക്ക് നിത്യമുക്തിയും 

ഇരിക്കുന്നവര്‍ക്ക് കഠിനവിരക്തിയും 

സമ്മാനിക്കുന്ന തിര്യക്കുകളാണ് 

മരണദൂതന്മാര്‍...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com