ADVERTISEMENT

 

പനമ്പായിൽ ചുരുട്ടിക്കുഴിച്ചിട്ട മിത്തുകൾ ഇന്നലെകളിലെ നേരും ഇന്നിന്റെ തമാശയും ആവുന്ന കാലത്ത് നിശാചരനായ രാക്ഷസനെ അൽപം ഭയത്തോടെ നേരിൽ കണ്ട അനുഭവമായി  'പുക്രൻ' എന്ന നോവൽ വായന.  തുടക്കത്തിൽ അവതരിപ്പിക്കുന്ന രാക്ഷസനിൽ നിന്നും പുക്രനിലേക്കുള്ള കൂടുമാറ്റം ജോയ് ഡാനിയേൽ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. 

 

 

ഏകാന്തതയിൽ പൂക്രന്റെ മകന്റെ കൂട്ടുകാരനാണ് മലമുകളിലെ കുടിലിലെ റേഡിയോ.  വിരസമായ ഒറ്റപ്പെടലുകളിൽ മൃഗങ്ങളെയും പാവകളെയും ആൾരൂപങ്ങളേയും ഒക്കെ കൂട്ടുകാരാക്കുന്നത്  മുമ്പും നമ്മൾ വായിച്ചിട്ടുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം വീട് വീട്ടിറങ്ങി നാടുകാണാൻ വിധിക്കപ്പെട്ട ആ ബാലൻറെ വേദന വായനക്കാരന്റെ ഹൃദയത്തെ നന്നായി ഉലയ്ക്കുന്നുമുണ്ട്.  മനോഹരമായ മനസ്സിന്റെ ഉടമയായ ആ പാത്രസൃഷ്ടി അഭിനന്ദനം അർഹിക്കുന്നു.  പിന്നീടുള്ള നോവലിന്റെ പ്രയാണം ഇഴയടുപ്പമുള്ള പട്ടിന്റെ സൗന്ദര്യവും താഴമ്പൂമണം പേറുന്നതുമാണ്.  

 

പല സ്ഥലങ്ങളിലായി നടക്കുന്ന കഥകൾ അക്ഷരങ്ങളുടെ അടുക്കിന് ഭംഗം വരുത്താതെ കൃത്യമായി കോർത്തിണക്കിയിരിക്കുന്നു എഴുത്തുകാരൻ. ഉദ്വേഗം നിറഞ്ഞ കഥാതന്തു, ഇണചേരുന്ന ഉരഗങ്ങളെപ്പോലെ വളഞ്ഞുപുളഞ്ഞു വരിഞ്ഞുചുറ്റി വായനക്കാരനെ ദിശ തെറ്റിക്കുന്നെങ്കിലും വ്യക്തമായ തിരക്കഥയുടെ അടിയുറച്ച ആത്മബീജം മുന്നേ ലക്ഷ്യം ഭേദിച്ചതിനാൽ ഊനമില്ലാത്ത കഥയുടെ പിറവിക്കു പിതാവാകാൻ ജോയ് ഡാനിയേലിന് കഴിഞ്ഞു.  

 

 

മതമില്ലാത്ത ദൈവം മദം പൊട്ടിയിരിക്കുന്ന അവസ്ഥ പലയിടത്തും കഥാകാരൻ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്.  അതേപോലെ പുക്രന്റെ ക്രിസ്മസ് സമ്മാനം മോഷ്ടിച്ചുകൊണ്ടുപോകുന്ന ചോരൻ അപകടത്തിൽപ്പെടുമ്പോൾ പശ്ചാതപിക്കുന്നതും കാണുന്നുണ്ട്. തനിക്കു ദോഷം വരുമ്പോൾ മാത്രം കരുണയുടെ കണികകൾ വാരിവിതറുന്ന   ചില കപടവിശ്വാസികളെയും ഈ നോവൽ പൊളിച്ചെഴുതുന്നുണ്ട്.  ഏദനിലെ ആദ്യപാപത്തിന്റെ ശിക്ഷ മാനുഷികുലമെല്ലാം പേറുന്നു എന്ന ബൈബിൾ വിശ്വാസം മുൻനിർത്തി നോവലിലെ വിഷമിറ്റിച്ച കേക്ക് താൻ ചെയ്യുന്ന പാപത്തിന്റെ ഫലം തന്നിലേക്ക് തന്നെ ഒരിക്കൽ തിരിച്ചു വരുമെന്ന് ശക്തമായ ഭാഷയിൽ ഓർമിപ്പിക്കുന്നു.

 

 

ആദ്യ നോവൽ തന്നെ ജോയി ഡാനിയേൽ എന്ന എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു. എഴുതി തഴക്കംവന്ന പാടുകൾ അദ്ദേഹത്തിന്റെ തൂലികയ്ക്ക് ഉണ്ടാകുമായിരിക്കാം. എന്തായാലും എഴുത്തിന് ഇതൊരു ഗംഭീര തുടക്കം. നോവലിൽ സൂചിപ്പിക്കുന്ന 'പുക്രന്റെ വരവുപോലെ'  കൃത്യമായി ഇനിയും കഥകളുമായി വരുമെന്നതിന്റെ സൂചനയായി 'പുക്രൻ' കണക്കാക്കാം.  

വായനക്കാർക്ക് മുടക്കുമുതലിന് നഷ്‌ടം വരാത്ത ഈ നോവൽ  ഡോൺ ബുക്‌സ് കോട്ടയമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 158 പേജ്, വില 200 രൂപ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com