ADVERTISEMENT

പരലോകത്തും ഇഹലോകത്തും പോകാതെ ഞാനെന്തിനോ വേണ്ടി കാത്തുകിടക്കുകയാണ്. വിലകൂടിയ  മരന്നുകൾ എന്റെ ശരീരത്തിൽ ഇടയ്ക്കിടെ കുത്തിവച്ച് ശ്രദ്ധയോടെ ശുശ്രൂഷിക്കുന്ന മാലാഖമാരുടെ നിഴലുകൾ കാണാം. നേരിയ ചലനവും പ്രതീക്ഷിച്ച് എനിക്കുചുറ്റും പലരൂപത്തിലും ഭാവത്തിലും കാവൽ ഭടന്മാരെ പോലെ യന്ത്രങ്ങൾ ക്ഷമയോടെ നിരീക്ഷിക്കുന്നുണ്ട്.  എന്നെ പ്രാണനായി കരുതിയവരെ ഞാനിപ്പോഴാണ് തിരിച്ചറിയുന്നത്.

അവരെന്റെ അരികിലെത്തി എന്നെ ഇറുകെപ്പിടിച്ചുകൊണ്ട് ഉറക്കെയും പതിയെയും കരഞ്ഞുകരഞ്ഞു   തളർന്ന സ്വരത്തിൽ യാചിക്കുന്നുണ്ട് അടഞ്ഞുപോയ എന്റെ കണ്ണുകൾ തുറക്കാനും, കൈകാലുകൾ അനക്കുവാനും. പാതിയിൽ സ്തംഭിച്ചുപോയ എന്റെ ഹൃദയത്തെ വളരെ പ്രയാസപ്പെട്ടാണ് ദൈവത്തെ പോലെയുള്ള ഡോക്ടർമാർ തിരികെ കൊണ്ടുവന്നത് . വെന്റിലേറ്ററിന്റെ ഔദാര്യത്തിൽ ശ്വസിക്കുന്ന എന്നെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉറ്റവർ ;ഇവരിൽ നിന്നെല്ലാം അകലം പാലിച്ചു. സുഹൃത്തുക്കളാണ് എല്ലാമെന്ന് കരുതി ഞാനവരെ വിശ്വസിച്ചു.

story-2

സത്യത്തിൽ എനിക്കെന്താണ് സംഭവിച്ചത്. എല്ലാം മായാജാലംപോലെ മുന്നിൽ മിന്നിമറയുന്നു. ഓടി നടന്നു ചെയ്യാൻ ശ്രമിച്ച കാര്യങ്ങൾ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കൈവിട്ടുപോയികൊണ്ടിരുന്നു. ആരും അറിയാതെ ചെയ്തിരുന്ന ഇടപാടുകളിൽ പാളിച്ചകൾ സംഭവിച്ചു. പലതും അഭിമുഖീകരിക്കനാവാതെ എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറി. അമ്മ പിന്നാലെ നടന്നു  സങ്കടങ്ങൾ അറിയാൻ ശ്രമിക്കുമായിരുന്നു. ഉപഗ്രഹങ്ങളെ പോലെ എനിക്കു ചുറ്റും കൂടെപിറന്നവരുണ്ടായിരുന്നു.  ഞാനറിയാതെ എല്ലാം എനിക്കു വേണ്ടി ചെയ്തിട്ടും ഞാനെന്ന "അഹം" കണ്ടില്ലെന്ന് നടിച്ചു. ചെറിയവൾക്കാണ് കൂടുതൽ സങ്കടം . അന്നെന്നെ ദേഷ്യ ഭാവത്തിൽ ആദ്യമായി ഉപദേശിക്കാൻ വന്നപ്പോൾ ഒച്ചവെച്ച്, അവളെ ഞാനോടിച്ചു വിട്ടു. അവളെന്നെ പിൻതുടർന്ന് എല്ലാം കണ്ടുപിടിക്കുമെന്നും പറഞ്ഞാണ് പോയത്. അന്നാണ് അവസാനമായി മുഴുവൻ ജീവനോടെ കാണുന്നത്. ഇന്നെനിക്ക് നേരിയ ജീവനേയുള്ളൂ.  കൈകാലുകൾ അനക്കിയാൽ തന്നെ പാതിമരിച്ചവനെ പോലെമാത്രമേ എനിക്ക് ഈ ഭൂമിയുടെ അവകാശിയാകാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ ഒന്നടങ്കം പറഞ്ഞത്. അല്ലെങ്കിൽ എന്തെങ്കിലും മിറാക്കിൾ സംഭിക്കണമെത്ര; എന്റെ ജീവിതത്തിൽ ഇനിയെന്ത് അത്ഭുതം സംഭവിക്കാൻ  ? ഇങ്ങനെ  കിടക്കേണ്ടി വരുന്നതുതന്നെ മറ്റൊരത്ഭുതം.  എല്ലാം ഒരു പുകമറയ്ക്കുള്ളിലെ കാഴ്ചകളായിരുന്നു. കാഴ്ചകാണാൻ ഇറങ്ങുന്നവർക്ക് ഏതർത്ഥത്തിലും വ്യാഖ്യാനിക്കാം. നന്മതിന്മകൾ വേർതിരിയുന്നത്‌ കെട്ടു കാഴ്ചകളുടെ അന്തരാളത്തിൽ നിന്നുമാണ്.  ജീവച്ഛ‍വമായി വരുന്ന എന്നെ വേണ്ടന്നാണ് താലികെട്ടിയവളുടെ കുടുംബം പറയുന്നത്.  രണ്ട് പതിറ്റാണ്ടുകൾ എല്ലാംപകുത്തു കൂടെ ജീവിച്ചവൾക്ക് അവരുടെ വാക്കുകളാണ് മുഖ്യം. അവർ പതിവു വിലപേശൽ തുടങ്ങിയിരിക്കുന്നു. 

ഓർമ്മകളിലേക്കെന്നെ ആരോ വലിച്ചുകൊണ്ടുപോകുന്നു. അമ്മയുടെ അരുമയായ  മകനായിരുന്നു. വലിയ തറവാട്ടുമുറ്റത്ത് ഒരു പാട് കുട്ടികൾക്കൊപ്പം ചിത്രശലഭത്തെ പോലെ പാറിപറന്നു. കൂട്ടത്തിൽ നിഷ്കളങ്കനായ എന്നെ കളികളിൽ കൂട്ടുകാർ തോല്പിച്ചു. ഒരു തോൽവിക്കും വിട്ടുകൊടുക്കാതെ സംരംക്ഷിച്ച അമ്മയെ പുച്ഛിച്ചു കൊണ്ട് കുടുംബജീവിതത്തിൽ സഖിയെന്നെ തോൽപിച്ചു. കുറ്റങ്ങളുടെയും കുറവുകളുടെയും പട്ടിക നിരത്തുമ്പോൾ കുറ്റവാളിയെ പോലെ  നിന്നുകൊടുക്കേണ്ടി വന്നു. ചോദ്യങ്ങൾകൊണ്ടെന്നെ വീർപ്പുമുട്ടിക്കാൻ പലരും ഉത്സാഹഭരിതരായി. എല്ലാം ഉണ്ടായിരുന്നിട്ടും ആരെയൊക്കെയോ പേടിച്ചാണ് ജീവിച്ചിരുന്നത്. ആർക്കുമെന്നെ എന്തും പറഞ്ഞും വിശ്വസിപ്പിക്കാം. കൂടപിറന്നവർ കൂടെ തന്നെയുണ്ടായിരുന്നുവെന്ന് അറിയാൻ വൈകി. അമ്മയും അവരും നേർത്ത ശ്വാസോച്ഛ്വാസത്തോടെ എന്നെ സ്വീകരിക്കാൻ തയ്യാറാണ്; ക്ഷമയോടെ പരിചരിച്ച് തിരിച്ച്കൊണ്ടു വരാനാകുമെന്ന പ്രതീക്ഷയിലാണ്. എല്ലാവർക്കും മുന്നിലും എനിക്കുവേണ്ടിയാണ് ചെറിയവൾ വഴക്കാളിപെണ്ണാവുന്നത്. . അമ്മയുടെ ഹൃദയമിടിപ്പാണ് അവളുടെ ഓരോ ചലനങ്ങളും. ബാധ്യതയാകുമെന്നു കരുതി മൗനമായിരിക്കുന്നവരെ കാണാം.  എന്നാലവൾ എല്ലാവരോടും കേണപേക്ഷിക്കുന്നുണ്ട്: എന്റെ ജീവന്റെ തുടിപ്പ് നിലക്കാതിരിക്കാൻ ; വേണ്ട കുഞ്ഞേ, ഒന്നും വേണ്ടയിനി....നിന്നിലെ വറ്റാത്ത സ്നേഹമാണെന്റെ നിറവ്...

ദയാവധത്തിനായി എന്നെ വിട്ടു കൊടുക്കുന്നതിന് മുൻപേ ഞാന്‍ യാത്രപറയുന്നു.  കാത്തുനിൽക്കുന്നവരോട് വിട .. എന്റെ പാതിജീവനെ ...എന്റെ സ്വപ്നങ്ങളെ ഇവിടെയേല്പിച്ച് പോകുന്നു.. ബന്ധങ്ങളുടെ കെട്ടുപാടിൽ കെട്ടുപോയ സാക്ഷിപത്രമാണ് എന്റെ ജീവിതം.  ജീവിതദൗത്യം സമഗ്രമാക്കാതെ നിലച്ചുപോയികൊണ്ടിരിക്കുന്ന ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ ആരാണ് ജേതാവെന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കുന്നു.

അമ്മയോട്-  മാപ്പ്; വീണ്ടും സങ്കടകടലിലേക്ക് ഇറക്കിവിട്ടതിന്.... വാക്കുകൾ പാലിക്കാതെ പോകുന്നതിന്.... ജീവിതത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് പഠിപ്പിച്ചിട്ടും, കാണിച്ചു തന്നിട്ടും അതെല്ലാം പിന്നീടാകാമെന്നു കരുതി മാറ്റിവെച്ചതിന്.... ഓരോ നിമിഷവും എനിക്കു വേണ്ടി നെഞ്ചുപൊട്ടി കരയുന്നതും അതോടൊപ്പം നെഞ്ചുരുകി പ്രാർത്ഥിക്കുന്നതും അറിയുന്നുണ്ട്. ആ സ്നേഹവും സ്വാന്തനവും  കരുതലും അനുഭവിച്ച് കൊതിതീർന്നിട്ടില്ല.  കൊച്ചുകുഞ്ഞിനെ പോലെ കരുതലോടെ പോറ്റിയിട്ടും വിധിയെ തടുക്കാനായില്ല. ദൈവം പരീക്ഷിക്കാനായി നമ്മളെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടു; കൂടുതൽ സ്നേഹിക്കുന്നവർക്കായി കഠിന പരീക്ഷണങ്ങൾ നൽകി കരുത്തേകി മാതൃകയാക്കുകയാണ്.

ashath-muhammed

കൂടെപിറപ്പുകളോട്-  നിങ്ങളെനിക്ക് അഭിമാനമായിരുന്നു. എന്തിനേക്കാളുമേറെ എന്നെ സ്നേഹിക്കുകയും ചേർത്തുപിടിച്ചിരുന്നുവെന്നും അറിയാൻ വൈകി. നിങ്ങൾക്കെതിരെ പുതിയ കഥകൾ മെനയുന്നവരെ വകവെക്കാതെ വീണ്ടും എന്റെ അഭിമാനമാകുമെന്ന് എനിക്കുറപ്പുണ്ട്.  ഏതു കൊടുംകാറ്റിലും തകരാതെ നിലകൊള്ളാന്‍ കെല്പുള്ളവരാണ്....എനിക്കു പറ്റിയ തെറ്റുകൾ തിരുത്തി, പൂർത്തിയാക്കാതെപോയതെല്ലാം തികഞ്ഞ കരുത്തോടെ ചെയ്യാൻ ദേഹിയായി ഞാന്‍ കൂടെയുണ്ട്....

മകളോട്-   നന്ദി ; മകളായി ജനിച്ചതിന്... എനിക്ക്‌ ഇല്ലാതെ പോയതെല്ലാം നിന്നിലൂടെ തന്നതിന്. എന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകാനായി പിറന്നവളാണ് നീ , കാത്തു കാത്തിരുന്നു കിട്ടിയ മകളെ … നിന്നെ സ്നേഹിച്ചും ലാളിച്ചും മതിവരാതെ തിരിച്ചുപോകുന്നു...

ഭാര്യയോട്-  'നീ' യും 'ഞാനും' രണ്ടല്ലെന്നു കരുതി തുടങ്ങിയ ജീവിതത്തിൽ  ഒരുപാട്‌ സ്നേഹവും കരുതലും നിന്നിൽ നിന്നും കൊതിച്ചിരുന്നു ,എന്നാൽ പലതും അറിയാനായി ശ്രമിച്ചില്ല, അറിഞ്ഞിട്ടും നീ നിസ്സംഗതയുടെ മുഖമൂടിയണിഞ്ഞെന്നെ അകറ്റി നിർത്തി.. ലോകം എന്തു തന്നെ പറഞ്ഞാലും നീ തന്നയാണ് എന്നുമെന്നുമെന്റെ ആത്മസഖി.. 

കൂട്ടുകാരോട്-  കൂടെപിറപ്പുകളേക്കാൾ നിങ്ങളെ വിശ്വസിച്ചു. ആ വിശ്വാസത്തിനുമേൽ പങ്കുവെച്ച ആകുലതകൾക്ക് പൊള്ളയായ വ്യാഖ്യാനങ്ങൾ നൽകി എന്റെ സ്വന്തങ്ങളെ നിങ്ങൾ വികൃതമാക്കി ആഘോഷിച്ചു. ഇപ്പോൾ നിങ്ങളാണെന്റെ ദുഃഖം.  ഓർക്കുക!! എല്ലാവരും ഒരിക്കൽ എത്തിചേരുന്ന ഇടമുണ്ട്,  അവിടേക്ക് നിങ്ങളുമെത്തും. ഞാനിത്തിരി നേരത്തെ പോയി വിശ്രമം കൊള്ളുന്നു, അത്രമാത്രം. 

ബന്ധുജനസമൂഹത്തോട്- ബന്ധുവാര് ശത്രുവാര് എന്ന് തിരിച്ചറിയാനുള്ള സമയങ്ങളാണിതെല്ലാം.  മുറിവിന് മേൽ മരുന്നു വെച്ച് ഉണങ്ങാൻ അനുവദിക്കാതെ വീണ്ടും ഉണങ്ങാത്ത മുറിവിൽ കുത്തി കുത്തി മുറിവ് ആഴമുള്ളതാക്കുകയാണ് നിങ്ങൾ. സ്വാന്തനത്തിന്റെ വെളിച്ചമേകേണ്ടവരായവർ സ്വാർത്ഥതാല്പര്യങ്ങൾ മുൻനിർത്തി വിഷംചീറ്റുന്ന കാഴ്ച അതികഠിനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com