ADVERTISEMENT

പ്രവാസവും പ്രവാസ ചരിത്രവും ഒട്ടേറെ മലയാള നോവലുകൾക്കും ചലച്ചിത്രങ്ങൾക്കും വിഷയീഭവിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യപരവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങൾക്കു പ്രധാനമായും നിദാനമായിട്ടുള്ളത് ഗൾഫ് പ്രവാസമാണ്. ആ ഗൾഫ് പ്രവാസത്തിലേക്കു മലയാളികൾ നടന്നടുത്തതിന്റെ ചരിത്രമാണ് , ദീർഘകാലം യുഎഇയിൽ മാധ്യമപ്രവർത്തകനും സാഹിത്യ -സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യവുമായിട്ടുള്ള കെ.ജി.ശേഖരൻ അദ്ദേഹത്തിന്റെ ഉൾക്കടൽ എന്ന നോവലിലൂടെ ആവിഷ്കരിച്ചിട്ടുള്ളത്. 1960 കളുടെ അവസാനത്തിൽ ബ്രിട്ടീഷുകാരിൽ നിന്നു സ്വാതന്ത്ര്യം നേടുന്നതിനു മുൻപു തന്നെ , മലയാളികൾ ഈ ഭൂമിക തേടിയെത്തിയിരുന്നു. Trucial States എന്നു ബ്രിട്ടീഷുകാർ നാമകരണം ചെയ്ത ഈ ഭൂമികയിലേക്കുള്ള മലയാളികളുടെ വരവിനെയാണു കെ.ജി.ശേഖരൻ ഈ നോവലിലൂടെ പുതിയ തലമുറക്കു പരിചയപ്പെടുത്തുന്നത്.

 

അപ്പുക്കുട്ടൻ, അരവിന്ദൻ, ബക്കർ, കാസിം തുടങ്ങിയ കഥാപാത്രങ്ങൾ അറുപതുകളുടെ ആദ്യപാദത്തിൽ ബോംബെയിൽ നിന്നും ചരക്ക് കയറ്റിപ്പോകുന്ന ലോഞ്ചിൽ യാതൊരു യാത്രാ രേഖകളുമില്ലാതെ , പേർഷ്യൻ ഭൂമികയിലേക്ക് ജീവിതത്തിന്റെ ഭാവി തേടിപ്പോകുന്ന യാത്രയാണ് ഈ നോവൽ. ഏഴു ദിവസത്തേക്കു മാത്രമുള്ള ഭക്ഷണവും കരുതി ദുബായിലേക്ക് പുറപ്പെട്ട ലോഞ്ചും അതിലെ യാത്രികരും ഉൾക്കടലിൽ വെച്ച് അനുഭവിക്കുന്ന പ്രതിസന്ധികളെ ഉദ്വേഗഭരിതമായാണ്  ഈ നോവലിൽ അവതരിപ്പിച്ചിട്ടുള്ളത്. ലോഞ്ചിന്റെ യന്ത്രം തകരാറിലായി ദിവസങ്ങളോളം ഉൾകടലിൽ നിശ്ചലമായിപ്പോയ ലോഞ്ച്, ഇതിനിടയിൽ വസൂരി പോലുള്ള പകർച്ച വ്യാധികൾ പിടിപെട്ട യാത്രക്കാർ, കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങൾ, തികച്ചും പ്രതികൂലമായ കാലാവസ്ഥ ,ഇതിനെയൊക്കെയും അതിജീവിക്കുന്ന അക്കാലത്തെ മനുഷ്യരുടെ ഇച്ഛാശക്തിയുടെ അടയാളപ്പെടുത്തലാണ് ഈ നോവൽ. ഒടുക്കം ഖോർഫക്കാൻ മല കയറിപ്പോകുമ്പോൾ, വലിവ് രോഗിയായ കാസിംക്കയെ സഹയാത്രികർ വഴിയിൽ ഉപേക്ഷിക്കുമ്പോൾ , കേന്ദ്രകഥാപാത്രമായ അപ്പുക്കുട്ടൻ, സ്വന്തം പുറത്ത് ഏറ്റി കാസിംക്കയെ രക്ഷപ്പെടുത്തുന്നു. ഖോർഫക്കാൻ അടിവാരത്ത് , നിസ്സഹായരും നിരാലംബരുമായ യാത്രികരെ , കരുണയോടെയും സ്നേഹത്തോടെയും സ്വീകരിക്കുന്ന അറബി, മുഴുവൻ ഗൾഫ് രാജ്യങ്ങളുടേയും പ്രതിനിധിയാണ്. തങ്ങൾക്ക് ലഭിച്ച സമ്പത്ത് ലോകത്തെ എല്ലാ ദരിദ്രർക്കുമായി വീതിക്കാൻ തയ്യാറാകുന്ന അറബി മനസ്സിന്റെ നേർച്ചിത്രമാണ്.

 

ഖോർഫക്കാനിൽ നിന്നും അജ്മാനിലേക്കും അവിടെ നിന്ന് ഷാർജയിലേക്ക് കാൽനടയായും സഞ്ചരിച്ചെത്തുന്ന അപ്പുക്കുട്ടൻ അറുപതുകളിലെ പ്രവാസികളുടെ ചിത്രമാണ് വായനക്കാർക്ക് നൽകുന്നത്. കൈയിൽ പണമോ ജോലിയോ ഒന്നുമില്ലാതെ , അശരണരായി വരുന്ന പുതുക്കക്കാർക്ക് അത്താണിയാകുന്ന , പ്രവാസിയുടെ ഭൂതദയയും ഈ നോവൽ വരച്ചിടുന്നുണ്ട്. ചേർത്തു പിടിക്കലിന്റെ ഓർമ്മച്ചിത്രം. അപ്പുക്കുട്ടന്റെ ബാല്യവും കൌമാരവും തൃശൂരും പാലക്കാടുമായി യൗവ്വനം സാഹസികതയുടേത് കൂടിയാണെന്ന് പറഞ്ഞു വെക്കുന്നു. ഏകാന്തതയുടെ മധുരം നുകരുന്ന ഈ കഥാപാത്രം വായനക്കാരുടെ മനസ്സിൽ നന്മയുടെ പ്രതീകമായി അവശേഷിക്കുന്നു. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിൽ നിന്നും പ്രവാസത്തിന്റെ പ്രതീക്ഷയിലേക്കും ഏകാന്തതയിലേക്കും സ്വപ്നത്തിലേക്കുമുള്ള, കാറ്റിലുലയുന്ന ഒരു സഞ്ചാരമാണ് കെ.ജി.ശേഖരന്റെ ഉൾക്കടൽ എന്ന ഈ നോവൽ .ഓഗസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ വില 180 രൂപ.പേജ് 132

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com