പാൽനിലാവ് അഥവാ 'ഓണനിലാവ്'

onanilavu
SHARE

ചെറുചിന്തകൾ, ഗൃഹാതുരത്വത്തിന്റെ പുളിപ്പും ചവർപ്പും മാധുര്യവും കൂടെ നന്മയുടെ ചിന്തുകൾ ഇതൊക്കെ ഒത്തുചേർന്നാൽ രുഗ്മിണി കെ.എൽ. എഴുതിയ 'ഓണനിലാവ്' എന്ന ചെറുകഥാസമാഹാരമായി.

ഭാഷയുടെ സഹ്യപർവ്വതമോ ഹിമാലയമോ കയറാതെ ലളിതവും കഥാകൃത്തും വായനക്കാരും തമ്മിൽ നേർക്കുനേർ സംവേദിക്കുന്നതുമായ പതിനേഴ് കഥകളാണ് ഓണനിലവിന്റെ വെട്ടത്ത് തിളങ്ങുന്നത്.  സാധാരണക്കാരുടെ ജീവിതവും ഉൾത്തുടിപ്പും മിക്ക കഥകളിലും നിറഞ്ഞുനിൽക്കുന്നു. സഹജീവികളുടെ വേദന, ആത്മനൊമ്പരങ്ങൾ, സംഘർഷങ്ങൾ ഒക്കെ ഭാവവും താളവും ഒരുക്കിയ കൊച്ചുകഥകൾ. ജീവിതസായാഹ്നത്തിൽ മനുഷ്യൻ അനുഭവിക്കുന്ന തീയും ചൂടും പുകയും പല കഥകളുടെയും  പ്രത്യേകതയായി കാണാം.

'സരസ്വതി വയസ്സ് 80' എന്ന കഥയോടെയാണ് കഥകൾ ആരംഭിക്കുന്നത്.  മരിച്ചുകഴിഞ്ഞാൽ പത്രത്തിൽ തന്റെ ചിത്രം വരണം എന്നൊരു വലിയ ആഗ്രഹമുമായി ജീവിതം കഴിച്ചുകൂട്ടുന്ന സരസ്വതിയമ്മയുടെ ആഗ്രഹവും അതിനെ പിൻപറ്റി അവരുടെ ജീവിതവും ആലോചനകളും വായനയിൽ തെല്ല് കൗതുകവും എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന ജിജ്ഞാസയും നിറയുന്ന കഥ.  എന്നാൽ ആ ജീവിതം വല്ലത്തൊരു ട്രാജഡിപോലെ അവസാനിക്കുന്നു. അപ്രതീക്ഷിതമായി കടന്നുവരുന്ന മരണം, മനുഷ്യന്റെ ചിന്തകൾക്കും ആലോചനകൾക്കും താൽപര്യങ്ങൾക്കും എത്രയോ കാതം ദൂരെയാണെന്ന് ഇരുത്തിച്ചിന്തിപ്പിക്കുന്നു ഈ കഥ.

'ഒരു ചെറുപുഞ്ചിരി'യിൽ കൊച്ചുകുഞ്ഞിനെ കൈകളിൽ ഏന്തി വരുന്ന  മനുഷ്യന്റെ ദൈന്യതയുടെ മുഖം നിറഞ്ഞുനിൽക്കുന്നു.  'പരിപ്രേക്ഷ്യം' എന്ന കഥയാകട്ടെ, പെണ്ണിനേയും ആണിനേയും ഒന്നിച്ചു കണ്ടാൽ മോറൽ പോലീസ് ചമയുന്ന സമൂഹത്തിനുനേരെ കൊടുക്കുന്ന പുറംകാൽ അടിപോലെ ഒന്നാണ്.  വാലെന്റൈൻസ് ദിനത്തിൽ വീടിനടുത്തുള്ള പാർക്കിൽ വന്നിരിക്കുന്ന ചെറുപ്പക്കാരനിലും ചെറുപ്പകാരിയിലും കുറ്റം കണ്ടെത്തുന്ന സ്ത്രീയും സമൂഹതിന്മയെ എതിർക്കാനെന്നവണ്ണം ഇറങ്ങിത്തിരിക്കുന്ന അവരുടെ ചെയ്‌തികളും നമ്മുടെ അനുദിന ജീവിതക്കാഴ്ചകൾ തന്നെ. കഥാന്ത്യത്തിൽ താൻ കെട്ടിയാടിയ കോമാളിവേഷത്തിൽ ആ സ്ത്രീ ജാള്യതയോടെ  വല്ലാതായിപ്പോകുന്ന രംഗം നൽകുന്ന മെസേജ് ചെറുതല്ല. 

'സ്ഥിരസ്മരണ' എന്ന കഥയിൽ, ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ കാണുന്ന പലമുഖങ്ങളിൽ ഒന്നായി മനസ്സിൽ തറഞ്ഞു നിൽക്കുകയും ഒരു വീർപ്പുമുട്ടൽ സൃഷ്ടിക്കുകയും ചെയ്യുന്നു.  അവിചാരിതമായി ചാനലിൽ നിന്ന് വലിയൊരു സംഗീതജ്ഞയുമായി നടത്തുവാനുള്ള അഭിമുഖത്തിന്റെ വിളിയോടെ ആരംഭിക്കുന്ന 'നിമിത്തം പോലെ' എന്ന കഥയിലാകട്ടെ നിരുപമയും അവരുടെ ഗതകാല ജീവിതത്തിലെ മറക്കാനാകാത്ത ഒരേടുമാണ്.  ഷണ്മുഖപ്രിയ എന്ന പേരിൽ പ്രശസ്തയായ പാട്ടുകാരിയുടെ ഒന്നുമില്ലാത്ത കാലം നന്മയിലേക്ക് വിരൽചൂണ്ടുന്നു.  വിശ്രമമില്ലാത്ത എന്നാൽ പരിഗണന ലഭിക്കാത്ത സ്ത്രീ ജീവിതത്തിന്റെ ഉൾത്തുടിപ്പാണ് 'വിശ്രമം' എന്ന കഥയുടെ കാതൽ.  

'മരീചിക' എന്ന കഥയിൽ കൗമാരത്തിലേക്കും യൗവനത്തിലേക്കും മാനസിക വിഭ്രാന്തിൽ പിന്തിരിഞ്ഞു നടക്കുന്ന ശ്രീധരൻ എന്ന കഥാപാത്രം നോവിന്റെ വേവാൽ വായിക്കാൻ കഴിയുന്ന ഒന്നാകുന്നു.  അതിനാൽത്തന്നെ വായനയിലും അതിനുശേഷവും മനസ്സിന്റെ കോണിൽ ആ കഥാപാത്രം പറ്റിപ്പിടിച്ചങ്ങനെ കിടക്കും. 'സൗഹൃദം' എന്ന കഥയിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതത്തിലൂടെ കഥാകൃത്ത് ഊളിയിടുകയാണ്. ഇന്ദുവിന്റെ മുന്നിൽ ബാല്യത്തിലും വലുതാകുമ്പോളും പ്രത്യക്ഷപ്പെടുന്ന പുഷ്‌പ എന്ന പെൺകുട്ടി വായനക്കാരുടെ മുന്നിൽ വന്നു നിൽക്കുന്ന പോലെ ഒരനുഭവം. 'ഓണനിലാവ്' എന്ന കഥയാകട്ടെ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കുവാൻ പ്രയാസപ്പെടുന്ന മനുഷ്യരുടെ പെടാപ്പാടിന്റെ നേർചിത്രമായി വായിക്കാം.

ജീവിതത്തിന്റെ വിവിധ അവസ്ഥകൾ, അനുദിനജീവിതത്തിലെ നന്മതിന്മകൾ ഒക്കെ കഥകളിലേക്ക് പകരുവാനുള്ള കഥാകാരിയുടെ ശ്രമമാണ് 'ഓണനിലാവ്' എന്ന ചെറുകഥാസമാഹാരം. ദൈന്യതയും വേദനയും ആത്മനൊമ്പരവും മിക്ക കഥകളിലും പരന്നുകിടക്കുന്നു. വലിയ സാഹിത്യ പരീക്ഷണങ്ങൾക്കു മുതിരാതെ എഴുത്തിന്റെ നീരൊഴുക്കും തെളിമയും ഈ കഥകളിൽ കാണാം.  ഒരേ പ്രമേയങ്ങൾ ചില കഥകളിൽ ആവർത്തിക്കുന്നു എങ്കിലും കഥാപശ്ചാത്തലവും കഥാപാത്രവിന്യാസവും അതിനെ മറികടക്കുന്നു.  എങ്കിലും പുതിയ പരീക്ഷണങ്ങൾക്ക് കഥാകാരി മുതിരേണ്ടതാണ്. രുഗ്മിണിയുടെ ആദ്യ പുസ്തകം എന്ന നിലയിൽ ഈ കഥാസമാഹാരം കുറെയേറെ പ്രതീക്ഷകൾ നൽകുന്നു. കൂടുതൽ ശക്തമായി പ്രമേയവ്യത്യാസത്തോടെ കഥകൾ എഴുതുവാൻ ഈ പുസ്തകം ഒരു ഊർജ്ജമാകും.  

ഗ്രീൻ ബുക്‌സാണ് പ്രസാധകർ.  പേജ് 88, വില 115 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS