വ്യക്തികളുടെ ജീവിതം പൂർണമാവുന്നത് തങ്ങളേക്കാൾ മെച്ചപ്പെട്ട പുതുതലമുറയെ സൃഷ്ടിക്കുന്നതിലൂടെ

generation
SHARE

വ്യക്തികളുടെ ജീവിതം പൂർണമാവുന്നത് തങ്ങളേക്കാൾ മെച്ചപ്പെട്ട പുതുതലമുറയെ സൃഷ്ടിക്കുന്നതിലൂടെയാണ്. മനുഷ്യരിലെ മാറ്റങ്ങളും ജീവിത രീതികളുമാണ് ലോകത്തിനെ അനുദിനം നയിക്കുന്നത്. അതിലൂടെ ലോകത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതായി മനുഷ്യർ വിലയിരുത്തുന്നു. എന്നാൽ ലോകത്തിന്റെ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ കാണപ്പെടുന്നത് സാധാരണ മനുഷ്യരിലൂടെയാണ് അവരുടെ പ്രവർത്തനങ്ങളിലും  ജീവിതശൈലിയിലൂടെയാണ്. മനുഷ്യരുടെ സഹകരണത്തിലൂടെയുള്ള കൂട്ടായ പ്രവർത്തനങ്ങൾ ലോകത്തിൽ നിരന്തരമായ മാറ്റങ്ങൾ വരുത്തി വളർച്ചയുടെ പാതയിലൂടെ ലോകത്തെ അനുദിനം നയിക്കുകയാണ്. 

മനുഷ്യർ ഇതുപോലാണെങ്കിലും ലോകത്തിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും എല്ലാ മനുഷ്യരിലും പ്രതിഫലിക്കുന്നില്ലാ എന്നതും വസ്തുതയാണ്, കാരണം മനുഷ്യരധികവും  അടിസ്ഥാനപരമായി സ്വാർത്ഥതാല്പര്യങ്ങൾ മാത്രം സംരക്ഷിക്കുവാൻ ശ്രമിക്കുന്നവരാണ്. ലോകത്തിലുണ്ടാവുന്ന അനുദിന മാറ്റങ്ങളെ ഉൾക്കൊള്ളുന്നുണ്ട് എന്നാൽ തങ്ങളുടെ ജീവിതരീതികളിൽ മാറ്റങ്ങൾ വരുത്തി ലോകത്തോടൊപ്പം ജീവിക്കുവാൻ വിമുഖത കാട്ടുകയാണ്. ചില അവസരങ്ങളിൽ മാറ്റങ്ങളെ തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കുവാനായി തള്ളിക്കളയുന്നു മറ്റവസരങ്ങളിൽ സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും സമ്മർദ്ദത്താൽ ഒഴിവാക്കുവാൻ നിർബന്ധിതരാവുന്നു. ബാഹ്യസമ്മർദ്ദങ്ങൾക്ക് വിധേയരായി മാറ്റങ്ങളിലൂടെ ജീവിതം ആസ്വദിക്കുവാൻ കഴിയാതെ മനുഷ്യർ അന്നത്തേടം കഴിഞ്ഞുപോവുകയാണ്.  

ലോകജനത കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്കു ചേക്കേറിയിട്ട് അധികം നാളുകളായിട്ടില്ല. പരിണാമ പ്രക്രിയയുടെ മറ്റൊരു തലമായി സാമൂഹിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നതും മനുഷ്യരുടെ സ്വതസിദ്ധമായ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ഉതകുന്നതുമായ ഇടങ്ങളാണ് അണുകുടുംബങ്ങൾ. അതായത് മാതാവും പിതാവും ഒന്നോ അതിലകവുമുള്ള കുട്ടികളടങ്ങുന്നതാണ് അണുകുടുംബം. ആവശ്യത്തിനു മാത്രം സൗകര്യങ്ങളുള്ള (അധികവും രണ്ടോ മൂന്നോ കിടപ്പുമുറികളുള്ള) വീടുകളിൽ ഒതുങ്ങിക്കൂടുന്ന മനുഷ്യരാണ് അണുകുടുംബങ്ങളിൽ ജീവിക്കുന്നത്. മാതാപിതാക്കൾക്ക് തങ്ങളുടെ സ്വന്തം കുട്ടികളെ അധികം പരിലാളിക്കുവാൻ ഉതകുന്ന ജീവിതാന്തരീക്ഷമാണ് അണുകുടുംബങ്ങളിലൂടെ ലക്ഷ്യമിടുന്നതും. എന്നാൽ സാമ്പത്തിക പരാതീനതകൾ മാതാപിതാക്കളെ കുട്ടികളിൽ നിന്നും അകറ്റി നിറുത്തുകയാണെന്നതും വസ്തുതയാണ്.  മാതാവും പിതാവും അധികസമയങ്ങളിൽ ജോലി ചെയ്യുന്നവരായതിനാൽ കുട്ടികൾ അധികനേരവും തങ്ങളുടെ മുറികളിൽ ഒതുങ്ങികൂടുവാൻ നിർബന്ധിതരായവരാണ്. അണുകുടുംബങ്ങളിലെ കുട്ടികൾക്ക് തങ്ങളുടെ ബന്ധുമിത്രാതികളെക്കാൾ തങ്ങളുടെ തന്നെ സ്‌കൂളിലെ മറ്റു കുട്ടികളുമായാണു ചങ്ങാത്തം, അതിനാൽ തന്നെ ആധുനിക യുഗത്തിലെ സാമൂഹിക മാധ്യമങ്ങളിലൂടെ സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും അവരോടൊപ്പം ചേർന്ന് നേരിൽ കണ്ടുള്ള ആശയവിനിമയം ആവശ്യമില്ലാത്ത വീഡിയോ ഗെയിംസ് കളിക്കുവാനുമാണ് താൽപര്യപ്പെടുന്നത്. 

അണുകുടുംബങ്ങളിലെ  മറ്റൊരു പ്രത്യേകത സഹോദരീ സഹോദരന്മാരുണ്ടെങ്കിലും അവർ തമ്മിലുള്ള ആശയവിനിമയം വളരെ ഹൃസ്വമാണ്, കുട്ടികളധികവും കഴിവതും അവരുടെ ലോകത്തിൽ മാത്രം ജീവിക്കുവാൻ ആഗ്രഹിക്കുന്നവരായി പരിണമിച്ചു. ആധുനിക ലോകത്തിലെ സാങ്കേതിക വിദ്യകളുടെ അതിപ്രസരണത്തിൽ  വളരുന്ന തലമുറയ്ക്ക് അവയെല്ലാം ഉപയോഗിച്ചു പഠിക്കുവാൻ മാത്രമാണ് സാധിക്കുന്നത്.  അന്യോന്യം സംവദിച്ചു പഠിക്കുന്നതിനേക്കാളും തങ്ങളുടെ മുൻപിലുള്ള ആധുനിക ഉപകാരങ്ങളിലൂടെ പഠിക്കുവാൻ മാത്രം ശീലിക്കുന്നു. അന്യോന്യം ആശയവിനിമയം നടത്തി നേടേണ്ട എല്ലാ അറിവും പാഠങ്ങളും നിലവിൽ ആധുനിക സാങ്കേതിക വിദ്യകളിലൂടെ നേടുവാനാണ് അണുകുടുംബങ്ങളിലെ കുട്ടികൾ ശ്രമിക്കുന്നത്. തിരക്കേറിയ ജീവിതശൈലി പുലർത്തുന്ന മാതാപിതാക്കൾക്കും മുതിർന്നവർക്കും തങ്ങളുടെ കുട്ടികളെ  ശരിയായ ദിശയിലേക്ക് നയിക്കുവാനും സാധിക്കുന്നില്ല. ചുരുക്കത്തിൽ കുട്ടികളുമായി ആശയ വിനിമയം കുറവുള്ള മാതാപിതാക്കൾക്ക് തങ്ങളുടെ ജീവിതത്തിലൂടെ നേടിയ അറിവുകൾ പകർന്നു കൊടുക്കുവാൻ സാധിക്കുന്നില്ല. 

ലോകത്തിൽ എല്ലാ മേഖലകളിലും വിജയം നേടിയ വ്യക്തികൾ വളരെ വിരളമാണ്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഒരുപോലെ വിജയം നേടുവാൻ പ്രതിസന്ധികൾ നിറഞ്ഞ ലോകത്തിൽ എളുപ്പത്തിൽ സാധ്യമല്ലാത്തതിനാലാണ്. സാമ്പത്തികമായി ഉയർന്ന നിലവാരം  പുലർത്തുവാനായി കഠിനാധ്വാനം ചെയ്യുന്ന വ്യക്തികൾക്ക് സാമൂഹിക ജീവിതത്തിന് സമയം കണ്ടെത്താനാവില്ല. കുടുംബ ജീവിതം വിജയകരമാവണമെങ്കിൽ   കുടുംബാംഗങ്ങൾക്കായി അധിക സമയം ചിലവഴിക്കണം, അപ്പോൾ സാമൂഹിക പ്രവർത്തനത്തിനുള്ള സമയം കണ്ടെത്തുവാൻ സാധിക്കാതെ വരും. ഔദ്യോഗിക ജീവിതത്തിൽ വളർച്ചയാഗ്രഹിക്കുന്നവർക്കും സാമൂഹിക ജീവിതത്തിലെ പൊരുത്തക്കേടുകൾ എളുപ്പത്തിൽ തരണം ചെയ്യുവാനും സാധിക്കില്ല. അതിനാൽ എല്ലാ വ്യക്തികളും അവരുടേതായ മേഖലകളിൽ പ്രാവീണ്യം നേടി അവിടങ്ങളിൽ മാത്രം സജീവമായി പ്രവർത്തിക്കുവാൻ ശ്രമിക്കുന്നത്. വ്യാപാര വ്യവസായ മേഖലകളിൽ മുഴുകിയിരിക്കുന്നവർക്കും ചില അവസരങ്ങളിൽ കുടുംബാംഗങ്ങൾക്കായി സമയം കണ്ടെത്തുവാൻ സാധിക്കാതെ വരുന്നു. എന്നാൽ സമൂഹത്തിൽ ജീവിക്കുന്നതിനാൽ എല്ലാവരുമായി ഇടപെഴുകാനും സഹകരിക്കുവാനും താല്പര്യമുണ്ട്.   അതോടൊപ്പം മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിക്കുവാനും അംഗീകരിക്കുവാനും അവരോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുവാനും തയ്യാറാവുന്നുണ്ട്.

ലോകത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുവാൻ കുടുംബജീവിതം മനുഷ്യർക്ക് അനിവാര്യമാണ്. സ്ത്രീയും പുരുഷനും ചേരുന്ന കുടുംബജീവിതമാണ് പ്രകൃതി നിശ്ചയിച്ചിരിക്കുന്നതെങ്കിലും പ്രകൃതിയുടെ വികൃതിയെക്കാളും സവിശേഷതകളുള്ള സ്വവർഗ അനുരാഗികളെയും അംഗീകരിക്കേണ്ടി വരുന്നുണ്ട്. അവരെല്ലാവരും മനുഷ്യരാണെന്ന പരിഗണനയിലൂടെയും അവരുടെ ആവശ്യങ്ങളെ അംഗീകരിക്കുന്നതിനാലും. എന്നാൽ  സ്ത്രീയും പുരുഷനും അതാത് രാജ്യങ്ങളിൽ നിലവിലുള്ള നിയമസംവിതകൾക്ക് വിധേയരായി വിവാഹം കഴിച്ചു കുട്ടികളെ വളർത്തുന്നതാണ് ഉത്തമ മാതൃകയുമെന്ന് ഭൂരിഭാഗം മനുഷ്യരും വിശ്വസിക്കുന്നു. കുട്ടികളുടെ സുഗമമായ വളർച്ചയ്ക്ക് സ്ത്രീയും പുരുഷനും ചേരുന്ന മാതാപിതാക്കളുടെ സാമീപ്യവും നിരന്തരമായ പരിപാലനയും അനിവാര്യമാണെന്ന വസ്തുതയും ഓർമ്മിക്കേണ്ടതുണ്ട്. കുടുംബത്തിലുള്ള മാതാപിതാക്കളുടെയും സഹോദരീ സഹോദരന്മാരുടെയും ജീവിത രീതികളും പ്രവർത്തനശൈലിയും കണ്ടുകൊണ്ട് മാത്രമാണ് ഓരോ കുട്ടിയും വളരുന്നതും ലോകത്തെ കാണുന്നതും. സാമ്പത്തിക പരാതീനത്തേക്കാളും കുടുംബങ്ങളിലൂടെ ഓരോ കുട്ടികൾക്കും ലഭിക്കുന്നത് മാർഗനിർദ്ദേശങ്ങളാണ്, ജീവിത  മാതൃകകളാണ്. എന്നാൽ ആധുനിക ലോകത്തിൽ മാതൃകാ കുടുംബങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാവുമ്പോൾ പ്രതീക്ഷകൾ പലതും അസ്തമിക്കുവാൻ തുടങ്ങും.

2020-ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ബ്രിട്ടണിൽ വിവാഹിതരായി കുടുംബജീവിതം നയിക്കുന്നവരാണ് അധികമെങ്കിലും താൽക്കാലിക സഹവർത്തിത്വത്തിൽ ജീവിക്കുന്നവരുടെ സംഘ്യയും  കൂടുകയാണ്. ഏകദേശം 13 മില്യൺ സ്ത്രീയും പുരുഷനും ചേരുന്ന മാതൃകാ കുടുംബങ്ങളുള്ളപ്പോൾ മൂന്നര മില്യൺ സഹവർത്തിത്വത്തിൽ ജീവിക്കുന്നവരാണ്, അതായത് താൽക്കാലികമായ നേട്ടങ്ങൾക്കായി ഒരുമിച്ച് ജീവിക്കുന്നവർ. അതെ കണക്കുകളിൽ ഏക മാതാപിതാക്കളായി ജീവിക്കുന്നവർ മൂന്നു മില്യണിൽ താഴെയാണ്. 1996-ലെ കണക്കുകളിൽ സഹവർത്തിച്ചു ജീവിക്കുന്നവർ ഒന്നര മില്യൺ മാത്രമായിരുന്നു എന്നറിയുമ്പോൾ മാത്രമാണ് ആധുനിക ലോകത്തിൽ മാതൃകാ കുടുംബങ്ങൾ കുറയുന്നു എന്ന വസ്തുത  മനസിലാക്കുവാൻ സാധിക്കുന്നത്.  ആധുനിക ലോകത്തിൽ വ്യക്തികൾ സഹവർത്തിത്വത്തിൽ ജീവിക്കുന്നതിന് പല കാരണങ്ങളുണ്ടെങ്കിലും അവർക്കുണ്ടാവുന്ന കുട്ടികൾ സാധാരണ മനുഷ്യരാണ്, മാതൃകാ കുടുംബങ്ങളിൽ ജനിക്കുന്നവരെപ്പോലെ ജീവിക്കുവാൻ അർഹതയുള്ളവർ. എന്നാൽ അവർ വളരുന്ന ജീവിതാന്തരീക്ഷങ്ങളിലുള്ള അന്തരം പിന്നീടുള്ള ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. സ്ത്രീയും പുരുഷനും അന്യോന്യം സഹകരിച്ചു ജീവിക്കുന്ന കുടുംബ ജീവിതത്തെക്കാളും താൽക്കാലിക നീക്കുപോക്ക് ലക്ഷ്യമായുള്ള സഹവർത്തിത്വം കുട്ടികൾക്ക് വളരുവാനുള്ള അന്തരീക്ഷം നൽകുന്നില്ല.

ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം നിർവചിക്കുവാൻ സാധിക്കുന്നില്ലെങ്കിലും ആഗോള തലങ്ങളിലുള്ള അനുമാനം ഒന്ന് മാത്രമാണ് "അടുത്ത തലമുറയെ സൃഷ്ടിക്കുക". ഭൂമിയിലുള്ള മറ്റെല്ലാ ജീവജാലങ്ങളും ചെയ്യുന്നതുപോലെ മനുഷ്യരും അവരുടെ പിൻഗാമികൾക്ക് ജന്മം നൽകണം. എന്നാൽ സൃഷ്ടികളിലെ മേന്മ സൃഷ്ടിയായ മനുഷ്യർക്ക്  കേവലം മറ്റൊരു മനുഷ്യന് ജന്മം നൽകുന്നതിനുപരിയായി മറ്റൊരു ഉത്തമ മനുഷ്യനെ വളർത്തിയെടുക്കേണ്ട കടമകൂടിയുണ്ട്. മാതാപിതാക്കളാവുന്നവർ അവരുടെ കുട്ടികൾക്കായി സമയം കണ്ടെത്തണം, മാതൃകാ വ്യക്തികളായി വളർത്തിയെടുക്കുവാൻ അറിവ് പകർന്നുകൊടുക്കണം, അറിയാവുന്നതെല്ലാം ചെയ്യണം. ആധുനിക ലോകത്തിലെ അണുകുടുംബങ്ങളിലുള്ള പോരായ്മയും ഒന്നുമാത്രമാണ്, കുട്ടികൾക്കായി സമയം കിട്ടുന്നില്ല. ജോലിത്തിരക്കധികമുള്ള ജീവിത പ്രാരാബ്ധത്തിൽ സ്വന്തം കുട്ടികളോടൊപ്പം സമയം ചിലവിടുവാൻ പലർക്കും സാധിക്കുന്നില്ല.  അതിനാൽ തന്നെ മാതാപിതാക്കളുടെ അറിവും ജീവിതശൈലിയും തങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നില്ല. സ്വന്തം കുടുംബങ്ങളിൽ നിന്നും കുട്ടികൾ ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും ജ്ഞാനവും ലഭിക്കാതാവുമ്പോൾ സ്വാഭാവികമായും കുട്ടികൾ മറ്റിടങ്ങൾ തേടും. അവിടങ്ങളിൽ നിന്നും ലഭിക്കുന്നതെല്ലാം അവർക്ക് യോജിച്ചവയാണെന്ന് തിരിച്ചറിയുകയുമില്ല. സ്വന്തം കുട്ടികൾ അബദ്ധ പാതയിൽ സഞ്ചരിക്കുന്നുയെന്ന് വിലപിക്കുവാൻ മാത്രമാണ് ചില മാതാപിതാക്കൾക്ക് പിന്നീടാവുന്നത്.  

കുട്ടികളുടെ പരിരക്ഷണങ്ങളിലും മാതൃകാ മാതാപിതാക്കളുടെ ജീവിത ശൈലികളിലും ദീര്ഘകാല പഠനങ്ങൾ നടത്തിയ എല്ലാവരും ഒന്നുപോലെ സമർത്ഥിക്കുന്നത് "കുട്ടികൾ താനെ വളരില്ല, അവരെ അനുയോജ്യമായി വളർത്തണം" എന്ന് മാത്രമാണ്. ആധുനിക വൽകരണത്തിന്റെ  ഭാഗമായും മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ ഭാഗമായും അണുകുടുംബങ്ങൾ രൂപാന്തരപ്പെട്ടെങ്കിലും ഭൂമിയിൽ ജനിക്കുന്ന ഓരോ കുട്ടിയ്ക്കും അനുയോജ്യമായ ജീവിതാന്തരീക്ഷം ലെഭിക്കുവാനുള്ള അവകാശമുണ്ട്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് അവരുടെ മാതാപിതാക്കളുടെ സാമീപ്യവും നേർക്കുനേരുള്ള ആശയവിനിമയത്തിനുള്ള സമയവുമാണ്. ആധുനിക വത്കരണത്തിന്റെ ഭാഗമായി കുട്ടികൾ എപ്പോൾ വേണമെന്ന തീരുമാനിക്കുവാൻ ഭൂരിഭാഗം മാതാപിതാക്കൾക്കും സാധിക്കുന്നുണ്ട്. ഇതേ മാർഗ്ഗങ്ങൾ അവലംബിച്ച് വികസിത രാജ്യങ്ങളിലുള്ള പല വ്യക്തികളും തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിക്കുന്നതും താമസിപ്പിച്ചു, എന്നാൽ അവരിൽ ചിലരെങ്കിലും തങ്ങളുടെ തീരുമാനങ്ങൾ തെറ്റായിരുന്നുയെന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്, തിരുത്തലുകൾ നടത്തുന്നുണ്ട്.

ഭൂമിയെയും അതിനെ ഉൾക്കൊള്ളുന്ന ഈ പ്രപഞ്ചത്തെയും കണക്കിലെടുക്കുമ്പോൾ ഓരോ മനുഷ്യജീവിതവും  ഹൃസ്വമാണ്.  എല്ലാ മനുഷ്യർക്കും വളരുവാനും ജീവിതലക്ഷ്യങ്ങൾ സഫലമാകുവാനുമായി ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഓരോ മനുഷരുടെയും ജീവിതം പൂർണ്ണമാവുന്നതും ലഭിച്ചതെല്ലാം പതിന്മടങ്ങായി മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോൾ മാത്രമാണ്. മാതൃകാപരമായി ജീവിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ആഗ്രഹവും അവരുടെ അടുത്ത തലമുറ അവരെക്കാളും ഉയരത്തിലെത്തണമെന്നും മാത്രമാണ്. ആധുനിക ലോകത്തോടൊപ്പം കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേയ്ക്ക് ചേക്കേറിയെങ്കിലും അവസരങ്ങളിൽ കുറവുകൾ സംഭവിച്ചിട്ടില്ല.  എല്ലാ കുട്ടികളും അർഹിക്കുന്ന സമയവും കരുതലും മാതാപിതാക്കൾ നൽകുവാൻ ബാധ്യസ്ഥരുമാണ്. ഉത്തരവാദിത്വമുള്ള മാതാപിതാക്കളിലൂടെയാണ് കുട്ടികൾ ലോകത്തെ കാണുന്നതും പഠിക്കുന്നതും വീണ്ടും  ഉത്തരവാദിത്വമുള്ളവരായി രൂപാന്തരപ്പെടുകയും ചെയ്യുന്നത്. കാലക്രമേണ അവരും മാതാപിതാക്കളാവുമ്പോൾ തങ്ങളുടെ അടുത്ത തലമുറയെ വളരെ ഉത്തരവാദിത്വബോധ്യത്തോടെ വളർത്തുകയും ചെയ്യും. ജീവിതത്തിൽ വീഴാതെ ജീവിക്കുവാൻ പഠിപ്പിക്കുന്ന മാതാപിതാക്കളുള്ള കുട്ടികൾ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ വളർന്ന് അവരുടെ കുട്ടികളെയും സമൂഹത്തിലുള്ള മറ്റുള്ളവരെയും വീഴുന്നതിൽ നിന്നും സംരക്ഷിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS