ADVERTISEMENT

നൈല, ജയിക്കാനായി ജനിച്ചവൾ! എന്തായാലും ലയാനയുടെ സെലക്ഷൻ നന്നായിട്ടുണ്ട്. തന്റെ കൊച്ചുമകളെ രണ്ടു കൈകൊണ്ടും വളരെ കരുതലോടെ എടുത്ത് അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി കോയക്ക പറഞ്ഞു. കോയക്കയുടെ മൂത്ത മകൾ നൂറയുടെ ഇളയമകളാണ് നൈല, ജനിച്ചിട്ട് നാലു ദിവസമേ ആയിട്ടുളളൂ. ഭാര്യ നസീമയുമൊത്ത് പേരകുട്ടിയെ കാണാൻ

അബുദാബിയിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലിൽ വന്നതാണ്. 

 

നൂറയുടെ മൂത്തമകൾ ലയാനയാണ് നൈല എന്ന പേര് തിരഞ്ഞെടുത്തത്. നൈലയെ നൂറയുടെ അരികിൽ കിടത്തിയശേഷം കോയക്ക ലയാനയെ അടുത്ത് വിളിച്ച് അവൾക്ക് വേണ്ടി കൊണ്ട് വന്ന ചോക്ലേറ്റ് കൊടുത്ത് അവളോട് കുശലാന്വേഷണം ആരംഭിച്ചു.  കോയക്കയുടെ ഭാര്യ നസീമ, നൈലയുടെ അടുത്തിരുന്ന് തന്റെ പേരക്കുട്ടിയെ ടർക്കികൊണ്ട് നന്നായി ഒന്ന് പുതപ്പിച്ചു. 

 

ഈ സമയമൊക്കെയും ഇതൊന്നും ശ്രദ്ധിക്കാതെ ടിവിയിൽ തന്നെ കണ്ണ് നട്ടിരിക്കുകയയിരുന്നു നൂറ. നൂറയുടെ മുഖത്ത് വല്ലാത്തൊരു

വിഷാദം തളം കെട്ടി നിൽക്കുന്നു. എന്താ മോളേ നിനക്കൊരു സന്തോഷമില്ലാത്തത്? കോയക്ക നൂറയോട് ചോദിച്ചു. നൂറ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ ‘നോക്കൂ ഉപ്പാ, നൈലയെപ്പോലെ ഒരു കൈകുഞ്ഞിനേയും കൊണ്ട് മറ്റെല്ലാമുപേക്ഷിച്ച് ഒരു ഉമ്മ പാലായനം ചെയ്യുന്നത് കണ്ടാ ? അവരുടെ പിറകിൽ ലയാനയുടെ പ്രായം ഉള്ള ഒരു കുട്ടിയും നടന്ന് പോകുന്നുണ്ട്. എന്തൊരു കഷ്ടാല്ലേ ആ നാട്ടിലെ ആൾക്കാരുടെ കാര്യം!’. നൂറ പറഞ്ഞത് കേട്ട് കോയക്കയും അദ്ദേഹത്തിന്റെ ഭാര്യ നസീമയും കൊച്ചുമകൾ ലയാനയും ടിവിയിലേക്ക് ശ്രദ്ധിച്ചു. 

 

യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ വീടും പ്രിയപ്പെട്ടവരുമെല്ലാം നഷ്ടപ്പെട്ട യുക്രെയ്നിയൻ ഗ്രാമീണർ ബാക്കിയുള്ളതെല്ലാം പെറുക്കിയെടുത്ത് കൂട്ടതോടെ പാലായനം ചെയ്യുന്ന ദൃശ്യങ്ങളാണ് ടിവിയിൽ.  ‘വല്ലാത്ത കഷ്ടം തന്നെ! അല്ലെങ്കിലും യുദ്ധം എല്ലാകാലത്തും ദുരിതങ്ങൾ മാത്രമേ എല്ലാവർക്കും നൽകിയിട്ടുള്ളൂ’. ഇത് കണ്ടപ്പോളാ ഉപ്പ പഴയ ഒരു കാര്യം ഓർത്തത്. ഞാനും എന്റെ സുഹൃത്ത് സാലിഹും അബുദാബിയിൽ സ്ക്രീൻ പ്രിംന്റിങ്ങ് ബിസിനസ് ചെയ്യുന്ന കാലം, അതായത് 1991 ഗൾഫ്

യുദ്ധം തുടങ്ങിയ സമയം. 

 

ഇറാഖ് കുവൈറ്റിനെ ആക്രമിച്ചതോടെ അമേരിക്കയും സഖ്യകക്ഷികളും ഇറാഖിനോട് യുദ്ധം പ്രഖ്യാപിച്ചു. യുക്രെയ്ൻ - റഷ്യ യുദ്ധത്തിലെന്ന പോലെ തന്നെ ഒരുപാട് നിരപരാധികൾ അന്നെത്തെ ഗൾഫ് യുദ്ധത്തിലും മരിച്ചിരുന്നു. ഒരുപാട് പിഞ്ചുകുഞ്ഞുങ്ങൾ

അനാഥരായി, ഉമ്മമാർക്കും ഉപ്പമാർക്കും സ്വന്തം മക്കളെ നഷ്ടമായി ,ഒരുപാട് സ്ത്രീകൾ വിധവകളായി. ചുരുക്കിപ്പറഞ്ഞാൽ

മഹാദുരിതമായിരുന്നു ഇറാഖിൽ. യുദ്ധം ബാധിച്ചത് ഇറാഖിനെ മാത്രമായിരുന്നില്ല. യുദ്ധഭീതി ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളേയും ബാധിച്ചിരുന്നു. 

 

ഗൾഫ് മൊത്തത്തിൽ സാമ്പത്തികമായി സ്തംഭിച്ചു . ഒരുപാട് പ്രവാസികൾ അന്ന് തൊഴിൽ നഷ്ട്ടപെട്ടത് കൊണ്ട് നാട്ടിലേക്ക് തിരിച്ചു

പോയി. അമേരിക്കയുടെ ഒരു മിലിട്ടറിബേസ് അന്ന് യുഎഇയിൽ ആയിരുന്നു. അതു കൊണ്ട് ഇറാഖ് യുഎഇയെ ആക്രമിക്കും എന്നൊരു ഭയം ഞങ്ങൾക്കും ഉണ്ടായിരുന്നു. യുഎഇയിൽ അന്നുണ്ടായിരുന്ന പ്രവാസികളും നാട്ടിലേക്ക് തിരിച്ചുപോവാൻ തുടങ്ങി. ‘നിനക്കന്ന് 1 ½ വയസാണ് നൂറാ! മാജിദ ഒരുനകൈക്കുഞ്ഞും! ടിവിയിൽ യുക്രെയ്നിലെ കൊച്ചുകുഞ്ഞുങ്ങളേയുംകൊണ്ട് ആ

ഉമ്മ പാലായനം ചെയ്യുന്നത് കണ്ടപ്പോൾ, 1991 ൽ നിങ്ങളുടെ ഉമ്മ നിങ്ങളെ രണ്ടാളേയും കൊണ്ട് നാട്ടിലേക്ക് പോവാൻ ഒരുങ്ങിനില്ക്കുന്ന ഓർമ്മയാണ് എന്റെ മനസ്സിലേക്ക് വരുന്നത്‌’– ലയാനയും നൂറയും കോയക്ക പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്.

 

‘എന്നിട്ട് ഉപ്പയും ഉമ്മക്കൊപ്പം നാട്ടിലേക്ക് പോയോ?’– നൂറ ചോദിച്ചു. കോയക്ക നസീമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. നസീമ എല്ലാം അറിയുന്ന ഭാവത്തിൽ കോയക്കയെ നോക്കി തിരിച്ചു പുഞ്ചിരിച്ചു. കോയക്ക നൂറയോടും ലയാനയോടുമായി തുടർന്നു, ‘ഞാനും സാലിഹും ഭാര്യയേയും കുട്ടികളേയും നാട്ടിൽ കൊണ്ടു ചെന്നാക്കി തിരിച്ച് അബുദാബിക്ക് തന്നെ വന്നു. പക്ഷേ, ബിസിനസ് വളരെ മോശമായിരുന്നു. ആഴ്ചകളും മാസങ്ങളും അങ്ങനെ കടന്ന് പോയി. ഇനി ഇവിടെയിങ്ങനെ തുടരുന്നതിലും നല്ലത് തിരിച്ചു നാട്ടിലേക്ക് പോകുന്നതാണ് എന്ന് ഞാനും സാലിഹും ഉറപ്പിച്ചു. 

 

അങ്ങിനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ഒരു സായിപ്പ് ആറ് ടീഷർട്ടുകളുമായി വന്നു. സായിപ്പിന് ടീഷർട്ടിൽ അയാൾ

കൊണ്ടുവന്ന ഡിസൈൻ സ്ക്രീൻ പ്രിന്റ് ചെയ്ത് കൊടുക്കണം. ഒരു ടീഷർട്ട് പ്രിന്റ് ചെയ്യാൻ 2 ദിർഹം ആണ് അന്ന് ഈടാക്കുന്നത്. അതായത് 6 ടീഷർട്ടിന് 12 ദിർഹം. എനിക്ക് മനസ്സിൽ തോന്നി ആ ഓർഡർ എടുക്കേണ്ടെന്ന്. ഞാൻ സാലിഹിനോട് പറഞ്ഞു ‘ഈ 6 ടീഷർട്ടിന്റെ ഓർഡർ എടുത്തിട്ട് നമുക്ക് വലിയ ലാഭം ഒന്നുമില്ല. ടീഷർട്ട് ഒന്നിന് 40 ദിർഹം ആണെന്ന് പറഞ്ഞേക്ക്, ഒഴിവായി പോയിക്കാളും’. സാലിഹ് അവന്റെ വക ഒരു 10 ദിർഹം കൂടെക്കൂട്ടി ടീഷർട്ടൊന്നിന് 50 ദിർഹം എന്നു പറഞ്ഞു. 

 

ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സായിപ്പ് 50 ദിർഹത്തിന് ഒക്കെ പറഞ്ഞു. പെട്ടെന്ന് ഞാൻ ചാടി എഴുന്നേറ്റു. സായിപ്പ്

നാളെ വരാം എന്ന് പറഞ്ഞ് പോയി. പിറ്റേന്ന് വൈകുന്നേരം സായിപ്പ് ടീഷർട്ട് പ്രിന്റ് ചെയ്തത് വന്ന് പരിശോധിച്ചു. അയാൾക്ക് ബോധിച്ചു. പിറ്റേന്ന് അയാൾ 50 ടീഷർട്ടുമായിട്ടാണ് വന്നത്. അടുത്ത പ്രാവശ്യം അൻപത് നൂറായി, നൂറ് അഞ്ഞൂറായി, അഞ്ഞൂറ് ആയിരമായി … ഓർഡറുകളിങ്ങനെ കൂടിക്കൊണ്ടിരുന്നു. 

 

സായിപ്പ് ഞങ്ങളേക്കാൾ വലിയ ബിസിനസുകാരനായിരുന്നു. അയാൾ ഈ ടീ ഷർട്ടുകൾ 50 ഡോളറിനാണ് അമേരിക്കൻ മിലിട്ടറി ബേസിൽ വിറ്റിരുന്നത്. എന്തായാലും അതായിരുന്നു എൻ്റെ ബിസിനസ് ജീവിതത്തിലെ പ്രധാന വഴിത്തിരുവുകളിൽ ഒന്ന്.

പിന്നീട് ഓർഡറുകൾ കൂടിയപ്പോൾ ഞാൻ പ്രിന്റ് ചെയ്യാൻ പുറത്ത് സബ് കോൺട്രാക്റ്റ് കൊടുക്കാൻ തുടങ്ങി. അന്ന് ഞങ്ങൾ പ്രിന്റിങ് ചെയ്തിരുന്ന ബിൽഡിംഗിന് മാജിദ ബിൽഡിംഗ് എന്ന് പേരുമിട്ടു. ടിവിയിലെ ആ കുരുന്ന് കുട്ടികളുമായി ആ സ്ത്രീ പാലായനം ചെയ്യുന്നത് കണ്ടപ്പോൾ ആ പഴയ കാലമൊക്കെ മനസ്സിലേക്ക് വന്നു.

 

‘എന്തായാലും നന്നായുപ്പാ. ഞങ്ങൾക്കാകഥയെല്ലാം കേൾക്കാൻ കഴിഞ്ഞല്ലോ! അപ്പോ യുദ്ധം ഉപ്പക്ക് ദുരിതത്തിന് പകരം ബിസിനസ് നേട്ടമാണ് കൊണ്ട് വന്നത്’ നൂറ പറഞ്ഞു. ‘എല്ലാം അല്ലാഹുവിന്റെ അനുഗ്രഹം’– കോയക്ക ദൈവത്തിനു നന്ദി പറഞ്ഞു.

പെട്ടെന്ന് നൈല ഉറക്കമുണർന്ന് കരയാൻ തുടങ്ങി. സംസാരം നിർത്തി എല്ലാവരുടേയും ശ്രദ്ധ നൈലയിലേക്കായി. 

 

കോയക്ക എന്ന പി.കെ. അബ്ദുള്ള കോയ തന്റെ ബിസിനസ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവുകളിൽ ഒന്ന് തന്റെ മകൾക്കും പേരക്കുട്ടിക്കും വേണ്ടി വിവരിച്ചതാണ് നമ്മൾ മുകളിൽ വായിച്ചത്. ബിസിനസുകാരനാകണം എന്ന് മോഹിച്ച് ബിസിനസിലേക്കെത്തിയതല്ല അബ്ദുള്ള കോയ. നിലനിൽപ്പിന്റെ പ്രശ്നങ്ങളുടെ ഭാഗമായാണ് അദ്ദേഹം

ബിസിനസിലേക്ക് വരുന്നത്. 

 

കോഴിക്കോട് സ്വദേശിയായ അബ്ദുള്ള കോയ 1978ൽ ആണ് തൊഴിൽ തേടി യുഎഇയിലെത്തുന്നത്‌. 1981ൽ

പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ആഡ്പ്രിന്റ് എന്ന സ്ഥാപനം തുടങ്ങിയാണ് സ്വന്തമായി ബിസിനസ് ചെയ്യാൻ ആരംഭിക്കുന്നത്. സ്ക്രീൻ പ്രിന്റിങ് ബിസിനസിലെ വിജയം മറ്റ് ബിസിനസ് സംരംഭങ്ങളിലേക്ക് കാലെടുത്ത് വെക്കാൻ അബ്ദുള്ള കോയക്ക് പ്രചോദനമായി. തുടർന്ന് സ്റ്റാമ്പ് നിർമ്മാണ കമ്പനിയായ സൺസ്റ്റാമ്പർ ആരംഭിച്ചു. ഇന്ന് യുഎഇയിലെ മലയാളി വ്യവസായികളിൽ പ്രമുഖ സ്ഥാനമുള്ള വ്യക്തികളിലൊരാളാണ് പി.കെ.അബ്ദുള്ള കോയ. 

 

മെൽട്രാക്സ്, സൺ സ്റ്റാമ്പർ, ആഡ്പ്രിന്റ്, നാഷനൽ ടൈൽസ്, ബീറ്റാ ഗ്രാനൈറ്റ്സ്, വാളയാർ സ്റ്റീൽസ് തുടങ്ങിയ

കമ്പനികളുടെ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി അബ്ദുള്ള കോയയുടെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു. പ്രവർത്തന മേഖലയിലെ വിജയത്തിന് 2018-ലെ ‘ഗർഷോം’ രാജ്യാന്തര പുരസ്കാരം അബ്ദുള്ള കോയക്ക് ലഭിച്ചിട്ടുണ്ട്‌. ഷെയ്ഖ് സെയ്ദ് ഇന്റർനാഷനൽ എക്സലൻസ് അവാർഡ്, ഏഷ്യാനെറ്റ് ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ്

തുടങ്ങിയ പ്രമുഖ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

നസീമ അബ്ദുള്ളയാണ് കോഴിക്കോട്ടുകാരനായ അബ്ദുള്ള കോയയുടെ ഭാര്യ. മക്കൾ: നൂറ, മാജിദ, സായ്ദ്‌, ഷൈമ. മരുമക്കൾ:

യാഷി.എൻ.പി, സാലിഹ്, സിദ്ധീഖ്, ഫിദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com