ADVERTISEMENT

ലാസ്‌വെഗാസിനടുത്തുള്ള ഹൂവർ ഡാം, മനോഹരമായ വാസ്തുവിദ്യയ്ക്കും  ചെറിയ ആർച്ചുഡാം  എന്നതിന്റെ നിർമ്മാണരീതിക്കും ആഗോളതലത്തിൽ അറിയപ്പെടുന്നു. കൊളറാഡോ നദിയുടെ ഇടുങ്ങിയ സ്ഥലത്ത് അണക്കെട്ട് നിർമ്മിച്ചപ്പോൾ, സംജാതമായ റിസർവയർ ആണ്‌ "ലേക്ക്  മീഡ്"  എന്ന  പ്രസിദ്ധമായ തടാകം, മരുഭൂമിയുടെയും വെള്ളത്തിന്റെയും ഈ അത്ഭുതകരമായ വൈരുദ്ധ്യത്തിന്റെ സംഗമം  ആയിരക്കണക്കിനു സന്ദർശകരെ ആകർഷിച്ചു കൊണ്ടിരിക്കുന്നു. ലാസ് വെഗാസിൽ നിന്ന് 30 മൈൽ കിഴക്ക് അരിസോണയുടെയും നെവാഡയുടെയും അതിർത്തിയിലാണ് ഹൂവർ ഡാമും ലേയ്ക്ക്  മീഡ്  എന്ന  ടൂറിസ്റ്റു കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലസംഭരണിയാണിത് എന്ന പ്രത്യേകതയും ഈ മരൂഭൂപ്രദേശത്തിനുണ്ട്.

 

hoover-dam-2

മീഡ് തടാകം കൊളറാഡോ നദിയിൽ നിന്ന് ഏകദേശം 25 ദശലക്ഷം ആളുകൾക്ക് വെള്ളം വിതരണം ചെയ്യുന്നു. അരിസോണ, നെവാഡ, കലിഫോർണിയ, മെക്സിക്കോയുടെ ചില ഭാഗങ്ങൾ, രാജ്യത്തെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള കാർഷിക മേഖലകൾ എന്നിവിടങ്ങളിലെ താമസക്കാർക്കും ഗോത്രവർഗക്കാർക്കും ഇത് ഒരു പ്രധാന ജലസ്രോതസ്സാണ്. 75 % വെള്ളവും കൃഷിക്കായി ജലസേചനത്തിനാണു പോകുന്നത്. ഇതു യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഭക്ഷണത്തിന്റെ 60% ഉത്പാദിപ്പിക്കാൻ സഹായകമായിരുന്നു.

 

എന്നാൽ ഇപ്പോൾ അമേരിക്കയുടെ തെക്കുപടിഞ്ഞാറിന്റെ ജീവരേഖയായ കൊളറാഡോ നദീതടം ചുരു ങ്ങിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ രണ്ട് ജലസംഭരണികളും വറ്റിവരണ്ടു കൊണ്ടിരിക്കുന്നതിന്റെ വാർത്തകൾ പൊതുവേ ആശങ്കകൾ സൃഷ്ടിക്കുന്നുമുണ്ട്. 

 

1961-നും 1962-നും ഇടയിൽ, മീഡ് തടാകം ഒരു വർഷത്തിനുള്ളിൽ 46 അടി ജലനിരപ്പ്  ഉയർന്ന് സമുദ്രനിരപ്പിൽ നിന്ന് 1,200 അടി ഉയരത്തിലെത്തിയിരുന്നു. ഇന്നത്തെ നിലയേക്കാൾ 158 അടി കൂടുതലാണിത്. എന്നാൽ ഒരു വർഷത്തിനു ശേഷം തടാകത്തിന്റെ ജലനിരപ്പ് വീണ്ടും വൻതോതിൽ കുറയുവാൻ തുടങ്ങി. 1963 മുതൽ 1964 വരെ മീഡ് തടാകം 57 അടി താഴ്ന്ന് പോയിരുന്നു. 1966-ൽ വടക്കുള്ള  ഗ്ലെൻ കാന്യോൺ ഡാം തുറന്നതോടെ  തടാകത്തിലെ ഈ വലിയ മാറ്റങ്ങൾ നിയന്ത്രണ വിധേയമായിരുന്നു. ലേയ്ക്ക് പവൽ എന്ന തടാകം രൂപസം കൊണ്ടത് ഈ ഡാം നിർമ്മിച്ചപ്പോഴാണ്..

 

1983 മുതൽ ഏകദേശം നാലു പതിറ്റാണ്ടുകളോളം നാടിന്റെ നാഡീസ്പന്ദനം അറിഞ്ഞിരുന്ന ലേയ്ക്ക് മീഡ് റിസർവോയറിലെ ജലനിരപ്പ്  ഇപ്പോൾ 178 അടി താഴ്ന്ന് ഭയാനകമായ രീതിയിൽ ചുരുങ്ങിക്കൊണ്ടിരിക്കയാണ്. നെവാഡയിലെ ലാസ് വെഗാസിനടുത്തുള്ള ഹൂവർ അണക്കെട്ടിൽ 1930-കളിൽ നിറഞ്ഞ റിസർവോയറിനെ, ഇന്നത്തെ ജലനിരപ്പുമായി  താരതമ്യം ചെയ്യുമ്പോൾ മീഡ് തടാകത്തിന്റെ തീരത്ത് "ബാത്ത് ടബ് റിംഗ്" എന്നറിയപ്പെടുന്ന വ്യക്തമായ ഉയർന്ന ഒരു വളയം  കാണപ്പെടുന്നു. തീരം നൂറുകണക്കിന് മീറ്റർ പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനാൽ, മീഡ് തടാകത്തിൽ ബോട്ടിംഗ് അസാധ്യമായിക്കൊണ്ടിരിക്കുന്നു.

 

2022 ജൂലൈ 13 ലെ കണക്കനുസരിച്ച്, മീഡ് തടാകം സമുദ്രനിരപ്പിൽ നിന്ന് 1,041 അടി ഉയരത്തിലാണ്. തടാകം 895 അടിയിൽ താഴെ വീണാൽ ഹൂവർ ഡാമിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയില്ല.

 

കാലാവസ്ഥാ വ്യതിയാനം മൂലം യുഎസിലെ പടിഞ്ഞാറൻ മേഖലയിലെ വൻ  വരൾച്ച കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. വരൾച്ചയും, കൊളറാഡോ നദി വരണ്ടുണങ്ങിയ ഏഴു സംസ്ഥാനങ്ങളിലെ 40 ദശലക്ഷം ആളുകളുടെ ആവശ്യങ്ങളും കണക്കിലെടുക്കുമ്പോൾ  ഏറ്റവും വലിയ യുഎസ് റിസർവോയർ,  റെക്കോർഡ് താഴ്ന്ന നിലയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കാട്ടുതീയുടെ സീസൺ ദൈർഘ്യമേറിയതും തീജ്വാലകൾ കൂടുതൽ തീവ്രവുമാണ്, കത്തുന്ന താപനില റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുമ്പോൾ, തടാകങ്ങൾ ചുരുങ്ങുന്നു എന്നതാണ് ഈ പ്രതിഭാസത്തിന്റെ മുഖ്യ കാരണങ്ങൾ. 

 

രണ്ട് വർഷം മുമ്പ് 2020 ജൂണിൽ 1,087.1 അടി ആഴം ഉണ്ടായിരുന്നത്  ഇപ്പോൾ 46 അടിയിലധികം കുറവായിരിക്കുന്നു. ഫെഡറൽ ഏജൻസിയുടെ ഏറ്റവും പുതിയ രണ്ട് വർഷത്തെ പ്രൊജക്ഷൻ കാണിക്കുന്നത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ തടാകം 1,020 അടി വരെ താഴ്ന്നേക്കാം എന്നാണ്. കഴിഞ്ഞ ആഴ്‌ച 1,041.03 അടിയായിരുന്നു, 1930-കളിൽ തടാകം നിറഞ്ഞതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന ലെവൽ ആണിത്. വര്ഷങ്ങൾ പിന്നിടുമ്പോൾ റിസർവോയറിലെ ജലനിരപ്പ്  895 അടിയിൽ താഴ്ന്നാൽ  മീഡ് തടാകം ഒരു ശ്മശാനത്തടാകം ആയി മാറാൻ സാധ്യതയുണ്ട്, അരിസോണ, കാലിഫോർണിയ, നെവാഡ, മെക്‌സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും ചെയ്യും.

 

നിലവിൽ പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിനെ ശ്വാസം മുട്ടിക്കുന്ന വൻവരൾച്ച, 1,000 വർഷത്തിലേറെയായി ഈ മേഖലയിലെ ഏറ്റവും വലിയ വരൾച്ചയാണ്. പല പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ജലസ്രോതസ്സായ ലേക്ക് മീഡ് ഉൾപ്പെടെയുള്ള നിരവധി പ്രധാന ജലസംഭരണികളിലും ഇത് വലിയ സ്വാധീനം ചെലുത്തുന്നു.

ഇങ്ങനെ വരൾച്ച തുടർന്നാൽ, ലെയ്ക്ക് മീഡ് ഒരു ശ്മശാന തടാകം ആയി മാറിയേക്കാം,  അങ്ങനെ വരുമ്പോൾ റിസർവോയറിൽ വെള്ളം അവശേഷിക്കുന്നില്ല എന്നല്ല അർത്ഥമാക്കുന്നത്, എന്നാൽ, ജലനിരപ്പ് വളരെ താഴ്ന്നുപോയാൽ ജലവൈദ്യുത ഉൽപാദനത്തിന് തടസ്സമാകുമെന്ന ആശങ്കയാണ് ഏറ്റവും പ്രധാനം. 

 

ഉപരിതലത്തിൽ നിന്ന് 185 അടി താഴെയായിരുന്ന ഹിഗ്ഗിൻസ് ലാൻഡിംഗ്, ഇപ്പോൾ മനുഷ്യ അസ്ഥികൂടങ്ങൾ, പ്രേത നഗരങ്ങൾ, കോസ്മിക് കിരണങ്ങൾ ട്രാക്ക് ചെയ്യുന്ന തകർന്ന B-29 സൂപ്പർഫോർട്രസ് വിമാനം, ചരിത്രാതീത ഉപ്പ് ഖനികൾ മുതലായവ  മീഡ് തടാകത്തിൽ വെള്ളത്തിൽ നിന്ന് പകുതിയോളം പുറത്തായി കാണുമ്പോൾ, കേൾക്കുന്ന വാർത്തകൾ അമ്പരപ്പിക്കുന്നവയാണ്.

 

നെവാഡയിലും അരിസോണയിലും ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജലസംഭരണിയിൽ നിന്ന് ഉയർന്നുവന്ന ഏറ്റവും പുതിയ വസ്തുവാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ മുങ്ങിയ ബോട്ട്.

 

മീഡ് തടാകത്തിന് താഴെയുള്ള ഹൂവർ ഡാം മൂന്നു സംസ്ഥാനങ്ങളിലായി 1.3 ദശലക്ഷം ആളുകൾക്കു ജലവൈദ്യുത പ്രദാനം ചെയ്യുന്നു. എന്നാൽ അണക്കെട്ട് അതിന്റെ ശേഷിയുടെ 67 ശതമാനത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. റിസർവോയറിന്റെ ഉയരം 950 അടിയിൽ താഴെയാകുമ്പോഴേക്കും  അണക്കെട്ടിലെ ടർബൈനുകൾ കറങ്ങുന്നത് നിൽക്കും.

 

രാജ്യത്തെ രണ്ടാമത്തെ വലിയ ജലസംഭരണിയായ പവൽ തടാകത്തിൽ നിന്നാണ് മീഡ് തടാകത്തിന് വെള്ളം ലഭിക്കുന്നത്. അതിന്റെ ജലവിതരണം മുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്നാണ്.തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ കൊളറാഡോ നദീതടത്തിന്റെ ഉപയോഗത്തിൽ ചിലതു പരിമിതപ്പെടുത്താൻ തുടങ്ങി.

 

തെക്കൻ കാലിഫോർണിയ ഇതിനകം തന്നെ ആറ് ദശലക്ഷം നിവാസികൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുൽത്തകിടി നനയ്ക്കുന്നത് ഉൾപ്പെടെയുള്ള ജല ഉപയോഗം പരിമിതപ്പെടുത്താൻ തുടങ്ങി. നെവാഡയിൽ പുൽത്തകിടികൾ നീക്കം ചെയ്യുന്നതിനും ജലസേചന ജലം സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

ഇപ്പോൾ ഒരു പ്രായോഗിക പരിഹാരം  എന്ന നിലയിൽ ഇനിപ്പറയുന്ന റിപ്പോർട്ട് വളരെ ശ്രദ്ധേയമാണ്. ജൂൺ 26-ലെ മിസിസിപ്പി വാട്ടർ ലെറ്ററുകൾ പ്രകാരം,  തെക്ക് ലൂസിയാനയിലെയും മിസിസിപ്പിയിലെയും പൗരന്മാർക്ക്  പഴയ നദി നിയന്ത്രണ ഘടനയനുസരിച്ചുള്ള ആ വെള്ളമൊന്നും ആവശ്യമില്ല. വെള്ളപ്പൊക്കത്തിനും അണക്കെട്ടുകൾ നന്നാക്കാനും ബലപ്പെടുത്താനുമുള്ള ഭീമമായ നികുതിച്ചെലവ്  വഹിക്കേണ്ടി വരുന്നതും  മാത്രമേ മിച്ചമുള്ളു.

 

യുഎസ്ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാർ ഒത്തൊരുമിച്ചാൽ, മിസിസിപ്പിയിലെ ഓൾഡ് റിവർ കൺട്രോൾ സ്ട്രക്ചറിൽ നിന്ന് പവൽ തടാകത്തിലേക്ക് ഒരു അക്വഡക്റ്റ് നിർമ്മിച്ച്,  അത് നിറച്ച് അവിടെ നിന്നു കൂടുതൽ വെള്ളം കൊളറാഡോയിലേക്ക് അയച്ച് മീഡ് തടാകം നിറയ്ക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം, ന്യൂഓർലിയാൻസിന് എന്തായാലും അത്രയും വെള്ളത്തിന്റെ ആവശ്യവുമില്ല, മിക്കവാറും വെള്ളപ്പൊക്കവും കെടുതികളുമാണ്, അതിനാൽ  250,000 ഗാലൻ/സെക്കൻറ് പവൽ തടാകത്തിലേക്കു തിരിച്ചുവിടാം. 

 

നിലവിൽ  5.5 ട്രില്യൺ ഗാലൻ കുറവായിക്കിടക്കുന്ന ആ തടാകം നിറയാൻ  254 ദിവസമെടുക്കും. ലേക്ക് മീഡിന്, ഏകദേശം 8 ട്രില്യൺ ഗാലൻ വെള്ളം വേണം. 250,000 ഗാലൻ/സെക്കൻഡ് എന്ന നിരക്കിൽ  ഇത് ഏകദേശം 370 ദിവസത്തിനുള്ളിൽ നിറയ്ക്കാനാകും. ഇത് തുടർന്നാൽ ഈ റിസർവോയറുകൾ എന്നും നിറഞ്ഞുകിടക്കും. അതിനാൽ, ഈ മെഗാഡ്രോട്ട്  എന്ന വൻ വരൾച്ച എല്ലാറ്റിന്റെയും വിനാശകരമായ അവസാനമല്ല, ബദൽ പരിഹാരങ്ങൾ മികച്ച നാളുകൾക്ക് വഴിയൊരുക്കുമെന്നു പ്രത്യാശിക്കാം. അപ്പോഴെങ്കിലും നെവാഡായും ലാസ് വേഗസും ഹൂവർ ഡാമും സമ്പൽ സമൃദ്ധമായി ജനനിബിഢമാകട്ടെ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com