റിനൂസിന്റെ പാനൂസ്

x-default
x-default
SHARE

മുഹമ്മദ്‌ റിനൂസ്. അതായിരുന്നു അവന്റെ പേര്. ശ്രീലങ്കൻ സ്വദേശി. കറുത്തുനീണ്ട മെലിഞ്ഞ ദേഹം പോലെതന്നെയായിരുന്നു  അവന്റെ മുഖവും. നീണ്ടമുടി പുറകിലോട്ട് ചീന്തിവച്ച്, മുഖത്തെ ഉന്തിയ പല്ലുകൾ മുഴുവനും പുറത്തുകാട്ടി പരിചിതരോടും അപരിചിതരോടും വെറുതെ ചിരിച്ചുകൊണ്ട് അവൻ നടന്നു.

അവനെ ഒരിക്കൽ നേരിൽ കണ്ടപ്പോൾ ഞാൻ പറഞ്ഞു: 'റിനൂസേ, നീ റിനൂസല്ല പാനൂസാണ്. നിന്റെ ചിരി പാനൂസിന്റെ വെളിച്ചം പോലെയാണ്...'

'പാനൂസോ, അതെന്താ...?'ഞാൻ മലയാളം കലർന്ന തമിഴിൽ വിശദീകരിച്ചു:'ഞങ്ങളുടെ പൊന്നാനിയിൽ കാണുന്ന ഒരുതരം സ്നേഹവിളക്കാണത്. ഞങ്ങൾ പൊന്നാനിക്കാരുടെ സ്വകാര്യ അഹങ്കാരം'.'അപ്പടിയാ...' ചിരി വീണ്ടും ഉച്ചത്തിലായി...

ഞങ്ങളുടെ ഹനുമാൻ സ്വാമിയുടെ വാലിൽ പന്തം കൊളുത്തിയവരാണ് നിങ്ങളുടെ നാട്ടുകാർ എന്നു  പറഞ്ഞ് സതീഷും കബീറും ഞാനും ചേർന്നവനെ വെറുതെയാണെങ്കിലും പലപ്പോഴും പീഢിപ്പിക്കുമായിരുന്നു. അപ്പോഴെല്ലാം രാമായണകഥ മുഴുവനും അവനെന്നെകൊണ്ട് പറയിപ്പിക്കും. തിളങ്ങുന്ന കണ്ണുകളുമായി അവനിലെ ശ്രോതാവ്  ചെവിക്കൂർപ്പിച്ചിരിക്കുന്നത് കഥപറച്ചിലിൽ എന്നെ ഉന്മത്തനാക്കിയിരുന്നു. കഥ തീരുമ്പോൾ, അശോകവനത്തിലകപ്പെട്ട സീതയെപ്പോലെ കണ്ണുകളിൽ എരിയുന്ന ലങ്കയുമായി അവൻ ഇരിക്കും.

രണ്ടായിരത്തിപത്തിലെ ഒരു നോമ്പുകാലത്തായിരുന്നു അത്. സമയം വെട്ടിക്കുറച്ചിട്ടും അതികജോലി ഉള്ളതിനാൽ ഞങ്ങൾ ക്ലോക്ക് നോക്കാതെ ജോലിചെയ്യാൻ നിർബന്ധിതമായ സമയം.  മരുഭൂമിയിലെ മണൽത്തരികളിലും പ്രവാസത്തിന്റെ പ്രയാസങ്ങളിലും അതിജീവനത്തിന്റെ പുത്തനദ്ധ്യയങ്ങൾ എഴുതിച്ചേർക്കുന്ന  സമയം.

ബാങ്ക് വിളിക്കുന്നതിന്‌ കുറച്ചു സമയം മുൻപ് ജോലി അവസാനിപ്പിച്ച് ആറുനിലക്കെട്ടിടത്തിൽ നിന്നും താഴെയിറങ്ങിയപ്പോൾ, കയ്യിൽ ഒരു കുപ്പി വെള്ളവുമായി പോക്കുവെയിൽ പോയ വീഥികളിലേക്ക് നോക്കി ലോബിയുടെ മൂലയിൽ ചാരിയിരിക്കുന്ന റിനൂസിനെയാണ് കണ്ടത്.

അടുത്ത് ചെന്ന് കാര്യമന്യാഷിച്ചപ്പോൾ  ഓഫീസിൽ നിന്നും എന്നേക്കാൾ മുന്നേ ഇറങ്ങിയെന്നും, ലേബർക്യാംപിൽ പോകാനുള്ള ബ്ലോക്കിൽപ്പെട്ട  വണ്ടിയെ കാത്തിരിക്കുകയാണെന്നും അറിഞ്ഞു.'വണ്ടി ഇനി ഇവിടെ എത്തുമ്പോഴേക്കും നോമ്പിറക്കാനുള്ള  ബാങ്ക് വിളിക്കുമല്ലോ, നിന്റെ കയ്യിൽ എന്തേലുമുണ്ടോ നോമ്പിറക്കാൻ?'

കയ്യിലിരിക്കുന്ന കുപ്പി കാണിച്ചവൻ പറഞ്ഞു : ' എന്റെ കയ്യിൽ ഓഫിസിൽ നിന്നുമെടുത്ത വെള്ളമുണ്ട്. ഗ്രോസറിയിൽ പോയി എന്തേലും വാങ്ങുന്നന്നേരം വണ്ടി പോയാൽ പിന്നെ ഞാൻ ടാക്സി വിളിച്ചു പോകേണ്ടിവരും. അതുകൊണ്ട് ഇനി ക്യാംപിൽ പോയി നോമ്പിറക്കാം എന്ന് കരുതി.'

എന്റെ ചോദിക്കാനുള്ള ചോദ്യങ്ങളുടെ ഉത്തരവും കയ്യിൽ പൈസ ഇല്ലാത്തതിന്റെ നിശ്ശബ്ദ സങ്കടം പറയാതെ പറഞ്ഞതും എനിക്കവനിൽ ബഹുമാനമുളവാക്കി.

കാര്യങ്ങളെ വളരെ നിസ്സാരവൽക്കരിച്ചായിരുന്നു അവനിത്രയും പറഞ്ഞത്. പക്ഷേ, അവന്റെ ചിരിയിലെ ചന്ദ്രക്കലയുടെ ഒളി പതുക്കെ മങ്ങിതുടങ്ങിയിരുന്നു. എന്നെ നോക്കാതെ, അടുത്ത ഫ്ലാറ്റിലെ ബാൽക്കണിയിൽ കലപില കൂട്ടുന്ന പ്രാവിൻ കൂട്ടങ്ങളിലേക്ക് അവൻ നോട്ടമെറിഞ്ഞു.

റിനൂസിനെ അങ്ങനെ ഒറ്റയ്ക്കവിടെ വിട്ട് വരാൻ മനസ്സുവന്നില്ല. അടുത്ത ഗ്രോസറിയിലേക്കോടി. അത് അടച്ചിട്ടിരിക്കുന്നു. തിരിച്ചു വന്ന് ഓഫിസിലേക്ക് തിരിച്ചു കയറി. എല്ലായിടവും പരതിനോക്കിയപ്പോൾ മാക് വിറ്റീന്റെ ഡൈജസ്റ്റീവ്  ബിസ്കറ്റിന്റെ പൊട്ടിക്കാത്ത പാക്കറ്റ് കിട്ടി. നോമ്പിറക്കാൻ സമയത്ത് കഴിക്കാൻ പറ്റുമോ എന്നറിയില്ലെങ്കിലും അതെടുത്തവനു കൊടുത്തു.

ഈന്തപ്പഴമില്ലാതെ എങ്ങിനെ നോമ്പുമുറിക്കും. ഓഫിസിനടുത്തുള്ള അൽ മിനാ റോഡിലേക്ക് വച്ചുപിടിച്ചു. ഈന്തപ്പനയിലേക്ക് കയ്യെത്താനുള്ള ഉയരമില്ല. ചില നേരങ്ങളിൽ ഉയരമില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. അടുത്ത് കണ്ട പാക്കിസ്ഥാനിക്ക് പത്തു ദിർഹം നൽകി ഈന്തപ്പഴം പറിപ്പിച്ചു. കിട്ടിയതിൽ പാതി അയാൾക്കും ബാക്കി റിനൂസിനും കൊടുത്തു.

എനിക്കുവേണ്ടി കാത്തു നിന്നപോലെ, നാലുഭാഗങ്ങളിൽ നിന്നും ബാങ്കിന്റെ അലയൊലികൾ ഞങ്ങളെ പൊതിഞ്ഞു. അവന്റെ ചിരിയിലെ വെളിച്ചം അവനു തന്നെ തിരിച്ചു നൽകി.

തലകുനിക്കാത്ത കാരണത്താലായിരിക്കാം  റിനൂസിന് ജോലി പെട്ടെന്ന് നഷ്ടമായത്. പിരിഞ്ഞു പോകാനുള്ള അറിയിപ്പ് കത്തുമായി ഒരു ദിവസം അവൻ എന്റടുത്തു വന്നു പറഞ്ഞു: ' നിങ്ങൾ എപ്പോഴും പറയാറുള്ള പാനൂസ് എനിക്കൊരെണ്ണം ഒപ്പിച്ചു തരാമോ? നാട്ടിൽ കൊണ്ടുപോകാനാണ്.'

പാനൂസെന്നാൽ വെറും ഒരു റാന്തലല്ലെന്ന്‌ പറഞ്ഞ് അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാമായിരുന്നു എനിക്ക്. അവന്റെ മുഖത്തെ ചിരിയുടെ മഹാസമ്മേളനത്തിലേക്ക് കദനത്തിന്റെ കരിന്തിരിയെറിയാൻ  താല്പര്യമില്ലാത്തതിനാൽ പാനൂസൊപ്പിച്ചു തരാമെന്നു ഞാൻ വാക്ക് കൊടുത്തു.

അടുത്തയാഴ്ച്ച നാട്ടിൽ നിന്നും വരുന്ന പൊന്നാനിക്കാരൻ സുഹൃത്തുവഴി പാനൂസിനെപ്പോലെ തോന്നിക്കുന്നൊരു റാന്തൽ വിളക്ക് ഞാനവന് വേണ്ടി എത്തിച്ചു.

അടുത്തയാഴ്ച യാത്ര പറയാൻ വന്ന റിനൂസിനെ ചേർത്തു പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു: 'ഭൂമി ഉരുണ്ടതാണെന്നല്ലേ റിനൂസ് പറയുന്നത്. നമ്മൾ എവിടെയെങ്കിലും വച്ച് വീണ്ടും കണ്ടുമുട്ടും. അപ്പോൾ ഒരുപക്ഷേ നീ നേരിനെ മുഖാമുഖം സന്ധിചെയ്യുകയാവാം. അപ്പോഴും നിന്റെ മുഖത്ത് ഈ ചിരിയുണ്ടാവണം. നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെ ഹൃദയം തുറന്ന് ചിരിക്കാൻ കഴിയുകയുള്ളു..'

ഇന്ന് ടിവിയിൽ കണ്ട ശ്രീലങ്കൻ തെരുവിലെ പ്രക്ഷോഭങ്ങൾക്കിടയിൽ റിനൂസെന്ന് തോന്നിപ്പിക്കുന്നൊരു മുഖം കണ്ടു. അത് റിനൂസ് തന്നെയാവണം. കാരണം, തണുത്തുറയാത്ത രക്തവും ആസ്വസ്ഥമായി ചിന്തിക്കുന്ന മസ്‌തിഷ്കവും സ്വന്തമായുള്ളയാളായിരുന്നു അയാൾ.

ഞാൻ കൊടുത്ത പാനൂസ് വിളക്ക് കഴിഞ്ഞ റമദാൻ കാലത്ത് റിനൂസ് തീർച്ചയായും തെളിയിച്ചു കാണണം. അപ്പോഴും അയാൾ എനിക്ക് വേണ്ടി ഒരു ചിരി മുഖത്തു മാറ്റിവച്ചു കാണും. ഒരു അമ്പിളിവെട്ടം ശ്രീലങ്കയിലെ അയാളെയും, ഇങ്ങ് ദുബായിലെ എന്നേയും പാളിനോക്കുന്നുണ്ടാവണം.

പക്ഷേ റിനൂസ്, നിന്റെ ചിരിയേക്കാൾ വെളിച്ചമുള്ളൊരു  വിളക്ക് ഞാനിന്നും അന്വേഷിച്ചു പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്..!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}