ADVERTISEMENT

ജേക്കബ് ഏബ്രഹാം എഴുതിയ വാൻഗോഗിന്റെ കാമുകി എന്ന നോവലിന്റെ വായനാസ്വാദനം.

പ്രണയോന്മാദത്തിന്റെ പരകോടിയിൽ പെരുവിരലിൽ ഉയർന്നുപൊങ്ങി, പ്രിയതമന്റെ ചുണ്ടിൽനിന്നും പകർന്നുകിട്ടുന്ന മധുരത്തേക്കാൾ മഹത്തരമായ മറ്റൊരു നിമിഷം പറഞ്ഞുതരാമോ? പ്രണയം അന്ധമെന്നു പറഞ്ഞത് ആരുമാകട്ടെ, പ്രണയത്തിൽ ശരീരമേ ഇല്ലെന്നു പറയേണ്ടിവരും. വാൻഗോഗിൻ്റെ കാമുകി വായനക്കാരിൽ അവശേഷിപ്പിക്കുന്നത് ഉദാത്തമായ നിർമ്മലസ്നേഹത്തിൻ്റെ അപാരമായ ഉണർത്തുപാട്ടാണ്.

ഇതൊരു നോവലാണ്. കഥയിലെ നായികയും നായകനും ലോകർക്ക് അത്രക്ക് അപരിചിതർ അല്ലാത്തവരും. സൂര്യകാന്തിയെന്ന ചിന്ത ഉണർന്നാൽ വിൻസെന്റ് വാൻഗോഗ് എന്ന നാമം തൊട്ടുപിന്നാലെ ഉള്ളിൽനിറയും. ആ ചിത്രകാരന്റെ വഴികളിൽ ഒരു സ്ത്രീ ഉണ്ടായിരിക്കണം. അവൾ അവന് അഗ്നിയും ജലവുമാകണം. അവൾ ആനന്ദമാകണം. അങ്ങനെയൊരു പെണ്ണ്, അതായിരുന്നു സിയാൻ. സിയാൻ എന്ന ക്ലാസിന മരിയ ഹൂർണിക്, വാൻഗോഗിന്റെ ''സോറോ" എന്ന ചിത്രപരമ്പരയുടെ മോഡൽ ആയിരുന്നവൾ .അതിനപ്പുറം ഒരു പ്രാധാന്യം അവൾക്കു കൽപ്പിച്ചു നൽകേണ്ടതില്ല. അത് ചരിത്രപരമായ അറിവുകളാണ്. എന്നാൽ എഴുത്തുകാരൻ ഒരു ശില്പം വാർത്തെടുക്കുന്നതുപോലെ കഥ മെനെഞ്ഞെടുക്കുമ്പോൾ, ചരിത്രം അല്പനേരത്തേക്കു കണ്ണടയ്ക്കുന്നു. അങ്ങനെ മിഴിയൊന്നടഞ്ഞുതുറന്ന നിമിഷത്തിൽ ഒരു സുന്ദരാഖ്യാനം ജനനം കൊള്ളുന്നു. അതാണ് വാൻഗോഗിന്റെ കാമുകി എന്ന പ്രണയനീർമുത്ത്. 

കഥ പറയുന്നത് അവളാണ്, സിയാൻ എന്ന മോഡൽ, അല്ല, തെരുവു വേശ്യ, അല്ല, അച്ഛനാരെന്നു അവൾക്കുപോലും നിശ്ചയമില്ലാത്ത കുഞ്ഞുങ്ങളെ പെറ്റുകൂട്ടുന്നവൾ. അവൾ എഴുതുന്ന, അവളുടെ പ്രണയചിത്രമാണീ രചന. മഞ്ഞ്, വെളുത്തമഞ്ഞ്, അതു പ്രണയത്തിന്റെ ചിഹ്നമാണ്. തൂവൽപോലെ ആകാശത്തുനിന്നും പൊഴിഞ്ഞുവീഴുന്ന മഞ്ഞുകണങ്ങൾ ഏറ്റുവാങ്ങി, പ്രിയതമന്റെ ചൂടുപറ്റി, ഒരു ക്രിസ്മസ് രാവ് താണ്ടാൻ കൊതിക്കാത്ത പെണ്ണുങ്ങളുണ്ടോ? പക്ഷേ, മഞ്ഞിന്റെ പറഞ്ഞുകേട്ട കാൽപനികതയ്ക്ക് യഥാർത്ഥ്യവുമായി പുലബന്ധമില്ലെന്നു സിയാൻ പറയും. അവൾ ഗർഭം ധരിച്ചിരിക്കുന്നു, അതിന്റെ ഉടമ ആരാകും? വസ്ത്രവ്യാപാരിയായ ബർണാഡ്? ജിപ്സിയായ ലൂക്കോ? അതോ ബോട്ട്ഡ്രൈവർ ജാസ്പെറോ? ആരുമാകാം ആ ഗർഭത്തിന്റെ ഉത്തരവാദി. പക്ഷേ, അന്ന് ഡിസംബറിന്റെ  തണുപ്പിൽ അവൾക്കാവശ്യം രക്തം ചൂടുപിടിപ്പിക്കാൻ വേണ്ടത്ര മദ്യമാണ്. ഒപ്പം വിശക്കുന്ന വയറിന്റെ കത്തൽ അവസാനിപ്പിക്കുകയാണ്. പക്ഷേ, ക്രിസ്മസ് രാവിൽപ്പോലും സിയാനു ചുറ്റും അത്ര പെട്ടെന്നൊന്നും മൂന്നു നക്ഷത്രങ്ങൾ വഴികാട്ടികളായി ഉദിച്ചില്ല. ബർണാഡ്, അവളെ നിഷ്ക്കരുണം തള്ളിക്കളഞ്ഞു. ധനികരുടെ വീടുകളിൽനിന്നുള്ള മലിനജലം വന്നുനിറയുന്ന കനാൽവഴിയുടെ കരയിൽ പൊഴിഞ്ഞുവീഴുന്ന മഞ്ഞിന്, കവിഹൃദയത്തിൽ കവിത ജനിപ്പിക്കാനാകില്ല. ആ മഞ്ഞിന് മനുഷ്യരുടെ മനസ്സിലെ ദുഷിപ്പിന്റെ കറുത്ത നിറമാണ്. സിയാൻ തണുത്തുവിറച്ചു നിൽപ്പുണ്ട് ആ മദ്യശാലക്കു മുന്നിൽ. ഒരിക്കൽ അവളുടെ ശരീരത്തിന്റെ ചൂടുപറ്റാൻ തിക്കുംതിരക്കും കൂട്ടിയവർ, ഇന്നവളെ കണ്ട ഭാവം കാണിയ്ക്കാതെ മുന്നോട്ടു പോകുന്നു. ആ സിയാൻ്റെ മുന്നിലേക്കാണ് അയാൾ വന്നിറങ്ങുന്നത്. 

ജേക്കബ് എബ്രഹാം എന്ന എഴുത്തുകാരൻ കണ്ട ഒരു കാഴ്ചയുണ്ട്, അത് ഒരു മനുഷ്യനെ സൂക്ഷ്മമായി വീക്ഷിച്ചതിന്റെ ബാക്കിപത്രമാണ്...

"കറുത്ത റൗണ്ട്ഹാറ്റ്, കൈയിൽ നിറഞ്ഞു വീർത്തിരിക്കുന്ന തുകൽസഞ്ചി, തോളിൽ ചണസഞ്ചി, പുറത്ത് രചനാക്കോപ്പുകൾ നിറച്ച വലിയ സഞ്ചി, നരച്ച കാലുറയും, കീറിത്തുടങ്ങിയ ഷൂസും... അയാളുടെ കുപ്പായത്തിൽ അവിടെയും ഇവിടെയും നിറങ്ങളുടെ പൊട്ടും പൊടിയും കാണാം. ചാർക്കോൾ ഉപയോഗിച്ചു വരയ്ക്കുന്നതിൻ്റെ പാട് നഖങ്ങളിലുണ്ട്." 

ഒരു ചിത്രമെഴുത്തുകാരൻ, അയാളുടെ മുന്നിലെ ദൃശ്യത്തെ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലുകൾകൊണ്ട് അടയാളപ്പെടുത്തുന്ന ഒരു വിധമുണ്ട്. അത്രയേറെ ശ്രദ്ധയോടെയാണ് ഇവിടെ എഴുത്തുകാരൻ, ആ വിശ്വവിഖ്യാത ചിത്രകാരന്റെ രൂപം അക്ഷരങ്ങൾ കൊണ്ടു വരച്ചിടുന്നത്.

രാത്രിയിൽ വാൻഗോഗ് നൽകിയ പണം അപ്പാടെ പോക്കറ്റിലിട്ട്, മദ്യം തലക്കു പിടിച്ചവളായി നടന്നുനീങ്ങുന്ന സിയാൻ ഉയർത്തുന്ന ചോദ്യങ്ങൾ നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇന്നും അർഥതലത്തിലൊരൽപവും മാറ്റമില്ലാതെ നമുക്കു മുന്നിൽ നിലകൊള്ളുന്നു. ഒരു തെരുവു വേശ്യയുടെ ചിന്തകൾക്ക്, ജല്പനങ്ങൾക്ക്, അന്നും ഇന്നും ആരും ചെവികൊടുക്കില്ല. അവൾ ജീവിതം അവസാനിപ്പിച്ചാലും ഇല്ലെങ്കിലും ഷെൽഡെ നദി അതേ താളത്തിൽ ഒഴുകും.

നോവൽ ആരംഭിക്കുന്നത് ഗർഭിണിയായ സിയാന്റെ കാഴ്ചകളിലൂടെയാണെങ്കിൽ അവസാനിക്കുന്നത്, ഒരു കുഞ്ഞു ജീവനെ നെഞ്ചിൽ ചേർത്തുകിടത്തി, പ്രണയം തുളുമ്പുന്ന നോട്ടത്താൽ വാൻഗോഗിനെ സ്വീകരിക്കുന്ന സിയാൻ്റെ ചിത്രത്തിലാണ്. ഒരു മഹാനദി ഒഴുകുന്നത് ഓർത്തുനോക്കൂ, അത്, ചെറുകല്ലുകൾക്കിടയിലൂടെ പതഞ്ഞൊഴുകും, കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ സ്വതന്ത്രയാകും, സമതലത്തിന്റഎ വിശാലതയിൽ പരന്നൊഴുകും. ഇവിടെ, വാൻഗോഗിനെ കണ്ടതിനുശേഷം സിയാൻ, സമതലത്തിലൂടൊയൊഴുകുന്ന നദിയായിമാറുന്നു. ഏതൊരു കഥയിലാണ് നായകനും നായികയും മാത്രമുള്ളത്? ഇവിടെയും ചിലരുണ്ട്, സിയാൻ എന്ന നദിയെ ഒഴുകാൻ പ്രേരിപ്പിക്കുന്ന ചിലർ. അവർ മരിയ എന്ന പേരിൽ, ആഗ്നസ് എന്ന പേരിൽ, പെട്രോ എന്ന പേരിൽ നമ്മുടെ മുന്നിലെത്തും. അപ്പക്കാരിത്തള്ളയും, മൗത്ത് ഓർഗണിനേയും പാട്ടിനേയും ഇഷ്ടപ്പെടുന്ന കാതറിന എന്ന കൊച്ചു പെൺകുട്ടിയും അപ്രസക്തമല്ല ഈ രചനയിൽ.

കാതറിന, ഈ നോവലിൽ അപൂർവ്വം ചില വരികളിൽ മാത്രം പ്രത്യക്ഷപ്പെടുന്നവളാണ്. പക്ഷേ, എവിടെയെങ്കിലും സംഗീതത്തിൻ്റെ അല ഉയർന്നാൽ ആ പെൺകുട്ടി അതിലേക്ക് ആകർഷിക്കപ്പെടുന്നതു കാണുമ്പോൾ ഒട്ടൊരു കൗതുകം മാത്രമല്ല, നെഞ്ചുരുക്കുന്ന ഒരു വേദനയും ഒപ്പം വരും. കാരണം, അവളും തെരുവിൻ്റെ സന്തതിയാണ്. അവളുടെ നാളെകളും, ഭ്രമകല്പനകളാൽ കളങ്കപ്പെട്ടേക്കുമോ എന്ന ആശങ്ക. അതുപോലെ അപ്പക്കാരിത്തള്ളയുടെ പുളിയില്ലാത്ത അപ്പം മക്കൾക്കുവേണ്ടി സിയാൻ വാങ്ങുമ്പഴോ, അവരുമായി വഴക്കിടുമ്പോഴോ നാം ചിന്തിക്കുന്നില്ല, ഇതേ അപ്പക്കാരിത്തള്ള വീണ്ടും അവളുടെ ജീവിതത്തിലേക്കു പലവട്ടം സ്നേഹദൂതുമായി കടന്നു വരുമെന്നും അന്നു സിയാൻ അവളുടെ ജീവിതത്തിൻ്റെ ഏറ്റവും മോശപ്പെട്ട ഒറ്റപ്പെടലിലൂടെ കടന്നു പോകുകയായിരിക്കുമെന്നും.

ജീവിതം എത്ര വിചിത്രം, അതിലേറെ വിചിത്രരായ മനുഷ്യരും!

സിയാനെക്കുറിച്ച് എഴുതുമ്പോൾ, വാൻഗോഗിനെ കാണാതിരിക്കുന്നില്ല കഥാകാരൻ, ചിത്രകാരൻ, കുഞ്ഞുമരിയയുമൊത്ത് പോസ്റ്റോഫീസിലേക്കു പോകുന്നതും മടങ്ങിവരുന്നതും വായിച്ചുനോക്കൂ. മനുഷ്യന്റെ ചുറ്റുപാടുകൾ നിമിഷനേരം കൊണ്ട് അവനിൽ വരുത്തുന്ന മാറ്റം കണ്ടറിയാം. ആ എഴുത്തിൽ എത്ര മിഴിവോടെയാണ് മരിയയുടെ കുഞ്ഞുകണ്ണിലൂടെ അവൾ കണ്ട ലോകത്തെ ജേക്കബ് അവതരിപ്പിക്കുന്നത്!

പെണ്ണുങ്ങളുടെ ലോകത്തെ ഇത്രമേൽ ഹൃദ്യമാക്കുന്നതെങ്ങനെ?

പെണ്ണൊരുത്തി ഗർഭം ധരിക്കുമ്പോൾ ചുറ്റുമുള്ള പെണ്ണുങ്ങളുടെ ഉടലിലും മനസ്സിലും ഒരു നനവ് അനുഭവപ്പെടും എന്നാണ് പറയുക. എന്തിനെന്നറിയാതെ അവരും, അടിവയറിൻ്റെ തുടിപ്പു തൊട്ടുനോക്കും, അതുപോലെയാണ് ആഗ്നസ്സും സിയാനും തുണി കഴുകാനായി പോകുന്ന ദൃശ്യവും, അവർ ഒന്നുചേർന്നു കുളിക്കുന്നതും, ഭക്ഷണം കഴിക്കുന്നതുമൊക്കെ. കേവലമായ രതിനിർവ്വചനങ്ങൾ ഇവരുടെ ഉദാത്ത സ്നേഹത്തിനു മുന്നിൽ വഴിമാറുന്നതു കാണാം. ഇനിയും ഒരാളുണ്ട്, അതു പെട്രോ എന്ന കഥാപാത്രമാണ്. പെട്രോ ഒരു വിറകു വിൽപ്പനക്കാരനാണ്. വിറകു കൊണ്ടുപോകാനായി ഒരു വണ്ടിയുണ്ട്. ആഗ്നസ് ഒരുകാലത്ത് അയാളുടെ പ്രേയസി ആയിരുന്നു. അയാൾ പ്രാപിച്ച പലരിൽ ഒരാൾ. ആഗ്നസിന് അയാളും അവളുടെ ശരീരവടിവുകൾ ഉടയാതിരുന്ന കാലത്ത് പലരിൽ ഒരാൾ മാത്രമായിരുന്നു. ജീവിതത്തിൻ്റെ രസചഷകങ്ങൾ നിറഞ്ഞൊഴിയുമ്പോൾ അവൾ അനാകർഷകയായി മാറുന്നു. ഇനി ആരും തേടി വരില്ല. പെട്രോയും ജീവിതത്തിൻ്റെ രസങ്ങൾ ആവോളം ആസ്വദിച്ചിരിക്കുന്നു. എന്നാൽ അത്തരം രസക്കൾക്കപ്പുറം ജീവിതം, കെട്ടിൽ നിന്നും തെറിച്ചു പുറത്തേക്കു വീഴുന്ന വിറകുകൊള്ളിപോലെ തീർത്തും അർത്ഥശൂന്യമായി മുന്നിലുണ്ട്. ഒരു സ്ത്രീ അയാളുടെ ജീവിതത്തിലേക്കു കടന്നുവരുന്നത് ഇനി പ്രതീക്ഷിക്കാനാകില്ല, അതുപോലെ ഒരു ഉപേക്ഷിക്കപ്പെട്ട തെരുവുപെണ്ണിനും ഒരു പുരുഷൻ്റെ കരവലയത്തിലെ സുരക്ഷിതത്വം ചിന്തിക്കാനാകില്ല. അതുകൊണ്ടാവും വാക്കുകൾകൊണ്ട് ഏറെയൊന്നും ഉരിയാടാതെ അവർ ഒന്നിച്ചുജീവിക്കാൻ തീരുമാനിക്കുന്നത്. പെട്രോ നീതിമാനാണ്, അവൻ ദയാലുവാണ്. അത് അവസാന അധ്യായത്തിൽ അവസാനവരികളിൽ തെളിഞ്ഞു നിൽക്കുന്നു.

'വാൻഗോഗിൻ്റെ കാമുകി' വായിച്ചുതീരുമ്പോൾ അത് വാൻഗോഗിന്റെ മാത്രം കഥയാകുന്നില്ല. നിശ്ചയമായും അതിൽ വാൻഗോഗ് ഉണ്ട്. ചിത്രകലയോടുള്ള അയാളുടെ അഭിനിവേശം വായനക്കാരെ അസ്വസ്ഥരാക്കുംവിധം വരികളിൽ നിറയുന്നു. അതിൽ സിയാൻ എന്ന, ചിത്രകാരന്റെ കാമുകിയുണ്ട്, അതിൽ ഒരു വിറകു കച്ചവടക്കാരനും ഒരു തെരുവുപെണ്ണും തമ്മിലുള്ള അവിശ്വസനീയമായ പ്രണയകഥയുണ്ട്. ഒന്നുകൂടി പറഞ്ഞാൽ ഒരു പ്രണയനദി ഈ കൃതിയിലൂടൊഴുകി അനുവാചകരെ പ്രണയത്തിൻ്റെ ഏറ്റവും തീഷ്ണമായ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു. വായിച്ചു തീർന്നിട്ടും അവർ ഒഴിഞ്ഞു പോകാൻ കൂട്ടാക്കാതെ ഹൃദയത്തെ മഥിക്കുന്നു. മനോഹരമായ രചന, ജേക്കബ് ഏബ്രഹാം എന്ന എഴുത്തുകാരനെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.

പ്രസാധകർ : ഡി. സി. ബുക്സ്

വില: 230 രൂപ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com