മനുഷ്യർ അനുയോജ്യമായ അവസരങ്ങളിൽ സ്വാർഥനാകാനും മറ്റുള്ളവരുടെമേൽ ആധിപത്യം നേടാനും ശ്രമിക്കും

SHARE

ലോകത്തിൽ ചിലർക്കെങ്കിലും അധികാരം ഒരു ലഹരിയാണ് അഥവാ ഒരു സുഖമുള്ള അനുഭൂതിയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിനിധാനം ചെയ്യുന്ന സംഘടനോയോടോ, സമൂഹത്തോടോ, അതിലുള്ള അംഗങ്ങളോടോ യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങളും പ്രതിബദ്ധതയും ഇല്ലെങ്കിൽ കൂടിയും അധികാരം ലഭിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ലോകത്തിൽ 30 ശതമാനത്തോളം വ്യക്തികൾ.

സീധാരണക്കാരിൽ നിന്നും ഉയർത്തപ്പെട്ട് ഉന്നതങ്ങളിൽ എത്തിയിട്ടും തൃപ്തിയാവാതെ വരുന്ന അവസ്ഥയാണ് അത്യാഗ്രഹം അതിമോഹം എന്നെല്ലാം വിശേഷിപ്പിക്കുന്ന അധികാരം ലഭിക്കുവാനുള്ള അമിതാവേശം. ഇങ്ങനെയുള്ളവർക്ക് അധികാരം പ്രവർത്തിക്കുവാനുള്ള അവസരങ്ങളല്ല അലങ്കാരം മാത്രമാണ്, ലോകം അവരുടെ കാൽക്കീഴിലാണെന്ന് സ്ഥാപിക്കുവാനുള്ള കുറുക്കുവഴി. അധികാരത്തോടുള്ള ഭ്രാന്തമായ അഭിനിവേശം ഒരു പ്രത്യേകതരം മാനസിക വിഭ്രാന്തിയാണെന്ന് മനശ്ശാസ്ത്രജ്ഞന്മാരും സാമൂഹികപ്രവർത്തകരും പലയാവർത്തി വിവരിച്ചിട്ടിണ്ട്‌ 

ഗ്രീക്ക് തത്വചിന്തകനും എഴുത്തുകാരനുമായ അരിസ്റ്റോട്ടിൽ തന്റെ രാഷ്ട്രതന്ത്രത്തെകുറിച്ചുള്ള പുസ്തകത്തിൽ അന്ധമായ അധികാരത്തെകുറിച്ച പ്രതിപാദിച്ചിരിക്കുന്നത് ഇപ്രകാരമാണ് "ഒരധികാരിയെപ്പോലും തന്നിഷ്ടത്തോടെ പ്രവർത്തിക്കുവാൻ അനുവദിക്കരുത്, പൂര്ണസ്വാതന്ത്രം ലഭിക്കുമ്പോൾ അവരിൽ സ്വാഭാവികമായി കുടികൊള്ളുന്ന ദുഷ്ട ചിന്തകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പിന്നീടവർ പ്രവർത്തിക്കുന്നത്, മറ്റൊരാൾക്കും അവരെ തടയുവാനും സാധിക്കില്ല". ചരിത്രം പരിശോധിക്കുമ്പോൾ ഇവയെല്ലാം എത്രത്തോളം ശരിയുമാണെന്ന് മനസിലാക്കുവാൻ സാധിക്കും. ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന  ആനുകാലിക സംഭവ വികാസങ്ങളും മറ്റൊന്നിലേക്കല്ല നയിക്കുന്നത്. ചിലവ്യക്തികൾക്ക് അർഹതയില്ലാത്ത പരമാധികാരം ലഭിച്ചതിന്റെ പരിണിതഫലങ്ങളാണ് ലോകത്തിൽ നിലവിലുള്ള അരക്ഷിതാവസ്ഥകൾ. 

അധികാരം ചിലർക്ക് പ്രവർത്തിക്കുവാനുള്ള അവസരവും മറ്റ് ചിലർക്ക് അലങ്കാരവുമാണെന്ന് പൊതുജനങ്ങൾ തിരിച്ചറിഞ്ഞതുമാണ്. എന്നാൽ ചുരുക്കം ചിലർക്ക് അധികാരം ലഹരിയുമാണ്, അധികാരം നൽകുന്ന സ്ഥാനമാനങ്ങളും സൗകര്യങ്ങളും ആസ്വദിക്കുവാനുള്ള അവസരങ്ങൾ. രാജ്യത്തെ നയിക്കുന്ന രാഷ്ട്രീയ സംഘടനകളിൽ അധികാര കേന്ദ്രങ്ങൾക്കായുള്ള വടംവലി പൊതു സവിശേഷതയാണെങ്കിൽ സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ  താരതമ്യേന കുറവാണ്. എങ്കിലും മറ്റിടങ്ങളിൽ സ്ഥാനമാനങ്ങൾ ലഭിക്കാതാവുമ്പോൾ സാമൂഹിക സംഘടനകളിൽ സ്ഥിരസാന്നിധ്യം ഉറപ്പിക്കുവാൻ ശ്രമിക്കുന്നതും കാണുവാൻ സാധിക്കും. അധികാരങ്ങൾ പ്രവർത്തിക്കുവാനുള്ള അവസരവും അധിക ബാധ്യതകളും ആയതിനാലാണ് അധികാരങ്ങളോടൊപ്പം ധാരാളം ആനുകൂല്യങ്ങൾ നൽകുന്നതും അധികാരികളെയെല്ലാം പൊതുസമൂഹം ബഹുമാനിക്കുന്നതും. അധികാരത്തിലെത്തിയാൽ പ്രവർത്തിക്കുവാൻ വിസമ്മതിക്കുന്നവരാണ് അധികമെങ്കിലും അധികാരിക്ക് ധാരാളം അധികാരം ഉള്ളതിനാൽ മാത്രമാണ് പൊതുസമൂഹം ബഹുമാനിക്കുന്നതെന്ന് പലരും തിരിച്ചറിയുന്നുമില്ല. 

അധികാരികൾക്ക് ലഭിച്ചിരിക്കുന്ന അധികാരങ്ങൾ അവരുടെ സ്ഥാനത്തിന് യോഗ്യമായ ജോലികൾ ചെയ്യുവാനും നിയമം പ്രാവർത്തികമാക്കുവാൻ മാത്രമാണ്. എന്നാൽ ചുരുക്കം ചിലരെങ്കിലും നിരന്തരം അധികാര ദുർവിനിയോഗം ചെയ്യുന്നത് പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതാണ്. ഔദ്യോഗിക രംഗങ്ങളിലെ അധികാര ദുർവിനിയോഗം അധികവും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തുടക്കം കുറിക്കുന്നതെങ്കിലും പിന്നീടതൊരു ശീലമായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.  രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ സംഘങ്ങൾ സത്യസന്ധമായി ജോലി ചെയ്യുവാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെപ്പോലും കാർക്കശ്യക്കാരും അഴിമതിക്കാരുമായി മാറ്റുന്നതും സർവസാധാരണമായി മാറിയിരിക്കുന്നു. അർഹതയോടെ അധികാരത്തിലേറുന്നവർ അധികവും അഴിമതിക്കാരല്ലെങ്കിലും, അനർഹമായ അധികാരങ്ങൾ നേടിയവർ അധികവും അഴിമതിക്കായി മാത്രം ലക്ഷ്യമിടുന്നവരുമാണ്. എല്ലാ മേഖലകളിലും രാഷ്ട്രീയസ്വാധീനം അധികമുള്ള രാജ്യങ്ങളിൽ, പ്രത്യേകിച്ചും കേരളം പോലുള്ള രാഷ്ട്രീയ മേലാളന്മാർ ഭരിക്കുന്ന ഇടങ്ങളിൽ അനർഹരാണ് അധികാരം നേടുന്നത്. അങ്ങനെ അധികാരത്തിലെത്തുന്നവർ സ്വാഭാവികമായും അവരുടെ രാഷ്ട്രീയ ഗുരുക്കന്മാരെയും സംരക്ഷകരെയും പ്രീണിപ്പിക്കുവാൻ നിരന്തരം അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യും.  മനഃശാസ്ത്രന്മാരുടെ അനുമാനത്തിൽ മനുഷ്യർ തികച്ചും പൂർണതയില്ലാത്ത ജന്തുവിഭാഗത്തിൽ പെടുന്നതാണ്, അവസരം ലഭിക്കുമ്പോളെല്ലാം അവരിൽ നിറഞ്ഞിരിക്കുന്ന സ്വാഭാവിക സ്വാർഥത പ്രതിഫലിക്കുകയും മറ്റുള്ളവരുടെമേൽ ആധിപത്യം നേടുവാൻ ശ്രമിക്കുകയും ചെയ്യും. സാമൂഹികവും സാമ്പത്തികവും മാനസീകവും ഔദ്യോഗികവുമായ ആധിപത്യത്തിനുള്ള കുറുക്ക്  വഴിയാണ് അധികാര ദുർവിനിയോഗം  

ജനാധിപത്യത്തിന് മുൻപ് രാജഭരണകാലങ്ങളിൽ പൊതുജനങ്ങൾക്ക് നീതിയും ന്യായവും സംരക്ഷണവും നൽകുവാൻ മാത്രമാണ് അധികാരികളെ നിയമിച്ചിരുന്നത്. അറിവും കാര്യപ്രാപ്തിയും പൊതുജനങ്ങളിലെ സ്വീകാര്യതയും ആയിരിന്നു അന്നത്തെ കാലങ്ങളിലെയും മാനദണ്ഡങ്ങൾ.  അധികാര ദുർവിനിയോഗത്തിനുള്ള മൂലകാരണങ്ങൾ ചിന്തകനും എഴുത്തുകാരനുമായ ജോർജ് സ്മിത്ത് വിവരിക്കുന്നത് ഇപ്രകാരമാണ് "മാനവരാശിയുടെ ഉദയം പോലും ഒരുമയിൽ ജീവിക്കുവാനാണ്, എന്നാൽ അവരെ വിഭജിക്കുന്നത് അവരുടെ അത്യാർത്തിയും, അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശവും, മറ്റുള്ളവരാൽ തഴയപ്പെടുമെന്ന മിഥ്യാധാരണയുമാണ്". 

അധികാരത്തിന് അവസരോചിതവും സ്ഥാനത്തിന്റേതായ മൂല്യവും ഉണ്ടെങ്കിലും പ്രാഥമികമായും പ്രവർത്തന ക്ഷമതയുള്ളവരാവുക എന്നതാണ് ലക്ഷ്യം. ഔദ്യോഗിക സ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്നവർ കേവലം ഉചിതവും അനുയോജ്യവുമായ തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ എല്ലാവർക്കും തുല്ല്യ അവസരങ്ങൾക്കൊപ്പം നീതിയും ന്യായവും നടത്തികൊടുക്കുക എന്നതും കൂടിയാണ്.  എന്നാൽ സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ അധികവും ക്രിയാത്‌മകമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാനുള്ള അവസരങ്ങളാണ് അധികാരത്തിലിരിക്കുന്നവർക്കുള്ളത്.  അധികാരങ്ങളും സ്ഥാനമാനങ്ങളും കേവലം അലങ്കാരത്തിന് പകരം എല്ലാ അംഗങ്ങളെയും ചേർത്തു നിറുത്തുവാനും മാനവരാശിയുടെ പ്രാഥമിക ലക്ഷ്യങ്ങളായ ഒരുമയിൽ സമൂഹത്തെ മുന്നോട്ട് നയിക്കുവാൻ ത്രാണിയുള്ളവരുമായിരിക്കണം. എല്ലാ മനുഷ്യരെയും നയിക്കുന്നത് അവരുടെ ജീവിതാനുഭവങ്ങളായതിനാൽ ചെറുപ്പകാലങ്ങളിലുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ മുറിവായി രൂപാന്തരപ്പെടുന്നത് സാധാരണമാണ്. പ്രത്യേകിച്ചും ഒറ്റപ്പെടലുകളും അവഗണനകളും നേരിട്ടിട്ടുള്ള വ്യക്തികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ മറ്റുള്ളവരോടുള്ള വിരോധം വർധിക്കുവാൻ ഇടയാക്കും. എന്നാൽ അധികാരം ലഭിക്കുമ്പോൾ  പ്രതികാരം ചെയ്യുവാനുള്ള അവസരങ്ങളായല്ല ഉപയോഗിക്കേണ്ടത് പകരം അങ്ങനെയുള്ളവർക്ക് സംരക്ഷണ കവചമൊരുക്കണം.

അനാദികാലം മുതൽ സമൂഹത്തിൽ പൊതുവെയുള്ള അറിവാണ് "സുലഭമാണെങ്കിലും ഈ ഭൂമിയിൽ വ്യക്തികൾക്ക് ആവശ്യമുള്ളവയും അർഹതയുള്ളതും മാത്രമാണ് ലഭിക്കുന്നതെന്ന്". അതായത് വ്യക്തികൾക്ക് അനുയോജ്യമല്ലാത്തതും അവരുടെ ദൈനംദിന ആവശ്യത്തിന് ഉപകാരമില്ലാത്തതൊന്നും അവർക്ക് സ്വാഭാവികമായി  ലഭിക്കാറില്ല.  അതോടൊപ്പം അത്യാഗ്രഹത്തിലൂടെയും കുറുക്ക് വഴികളിലൂടെയും നേടിയതൊന്നും ശാശ്വതമായി നിലനിൽക്കാറുമില്ല. ചില ജീവിതസാഹചര്യങ്ങളിൽ നഷ്ടപ്പെട്ടതെല്ലാം പിന്നീട് കുറുക്ക് വഴികളിലൂടെ നേടുവാൻ ശ്രമിച്ചാലും പലർക്കും ശാശ്വതമായി ഉപകാരപ്പെടുന്നുമില്ല.  അനർഹമായും കുറുക്കുവഴികളിലൂടെയും നേടിയ അധികാരവും സ്ഥാനമാനങ്ങളും പലർക്കും കാര്യക്ഷമമായി ഉപയോഗിക്കുവാൻ സാധിക്കാത്തതിന്റെയും പ്രധാനകാരണവുമിതാണ്. അതിലെല്ലാമുപരിയാണ് അർഹതയുള്ള വ്യക്തികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത്, മാനവരാശിക്ക് അവരിലൂടെ ലഭിക്കാവുന്ന നിരവധി നന്മകളും പുണ്യങ്ങളും എന്നന്നേയ്ക്കുമായി നഷ്ടമാക്കുവാൻ ഇടയാവുന്നു. 

ഓരോ വ്യക്തികളും വിചിന്തനങ്ങൾ നടത്തുക മാത്രമാണ് അനുയോജ്യമായ പരിഹാരം, അധികാരകേന്ദ്രങ്ങൾ തിരയുന്നതിനും തേടുന്നതിനും തട്ടിയെടുക്കുന്നതിനും  മുൻപ് ചിന്തിക്കണം തങ്ങൾക്ക് യോജിച്ചവയാണോ എന്ന്. അധികാര സ്ഥാനങ്ങൾക്ക് അനുയോജ്യമായ പ്രവർത്തനം കാഴ്ചവയ്ക്കുവാനുള്ള അറിവും പാണ്ഡിത്യവും പ്രവർത്തന പരിചയവും തനിക്കുണ്ടോ എന്ന്. തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിനും സംഘടനയ്ക്കും ഗുണമുണ്ടാവുന്നുണ്ടോ. മാനവരാശിയുടെ നിലനില്പിനാവശ്യമായ അടിസ്ഥാനം ലക്ഷ്യം തങ്ങൾക്ക് സാധ്യമാവുമോ. എല്ലാറ്റിനുമുപരിയായി തങ്ങൾക്ക് അനർഹമായി ലഭിച്ച അധികാരം മറ്റൊരാളുടെ അവകാശമായിരിന്നോ. മറ്റൊരാളുടെ വിവേകമേറിയ പ്രവർത്തനങ്ങൾ സമൂഹത്തിന് അധികനന്മയും ഉണർവും നല്കുന്നതായിരിന്നോ.  അധികാരം കാംഷിക്കുന്നതിൽ തെറ്റില്ല എന്നാൽ അനുയോജ്യമായത്  മാത്രമായിരിക്കണം.

എല്ലാ അധികാരവും സ്ഥാനമാനങ്ങളും കേവലം അലങ്കാരമല്ല കാര്യക്ഷമമായി പ്രവർത്തിക്കുവാൻ അപൂർവമായി ലഭിക്കുന്ന അവസരങ്ങളാണ്. വ്യക്തികളുടെ ഉന്നമനത്തിനും സമൂഹങ്ങളുടെയും സംഘടനകളുടെയും രാജ്യങ്ങളുടെയും അഭിവൃദ്ധിക്കും സാമൂഹികോദ്ധാരണത്തിനും ഉപകരിക്കേണ്ട അവസരങ്ങൾ. അനിശ്ചിതങ്ങളേറെയുള്ള ലോകത്തിൽ ഓരോ മനുഷ്യജീവനും ലക്ഷ്യങ്ങളുണ്ട്. അവയെ കണ്ടെത്തി ഫലപ്രദമായി വിനിയോഗിക്കുമ്പോൾ മാത്രമാണ് വിജയം ലഭിക്കുന്നതും സമൂഹങ്ങൾക്കും ലോകത്തിനും ഉപകാരപ്പെടുന്നതും. അനർഹമായ അധികാരങ്ങളെക്കാൾ അർഹതയുള്ള അധികാരങ്ങളിലൂടെ ആയിരിക്കും ഭൂരിപക്ഷം വ്യക്തികളുടെയും ജീവിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതും ജീവിതവിജയം നേടുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}