ADVERTISEMENT

1987 ജനുവരി 3 നാണ് അമേരിക്കൻ കമ്പനി ആയ പി ആൻജ് ജിയുടെ വിതരണക്കാരായ അബൂദാവൂദ് കമ്പനിയിൽ ജോലിക്ക് ചേരുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സെയിൽസ് ഡിപ്പാർട്മെന്റ്ൽ ആയിരുന്നു എന്റെ നിയമനം. 20 വർഷത്തോളം അവിടെ ജോലി ചെയ്തു. ഒട്ടനവധി രസകരങ്ങളായ അനുഭവങ്ങൾ ആ കാലത്തു ഉണ്ടായി. അതിലെ ഒരനുഭവം ആണിവിടെ കുറിക്കുന്നത്.

 

 

രണ്ടു സുഡാനികളുടെ കൂടെയായിരുന്നു എനിക്ക് കിട്ടിയ ഓഫീസ് മുറി. പരമസാധുവായ, സൗമ്യനായ അബ്ദുൽറഹ്മാൻ ഫഖീരി, അല്പം കുശുമ്പും ദേഷ്യവുമുള്ള അബ്ദുൽ അസീം. രണ്ടുപേരിലും പൊതുവായ ഒരു ഘടകം ഉണ്ടായിരുന്നു - അലസത. 10 മിനിറ്റ്കൊണ്ടു ചെയ്തു തീർക്കേണ്ട പണി അവർ ചെയ്തു വരുമ്പോൾ മണിക്കൂറിൽ അധികം എടുക്കും. 1986 ൽ സെയിൽസ് മാനേജർ എന്നും P&G യിൽനിന്നും വരുന്ന അമേരിക്കക്കാരൻ ആയിരിക്കണം എന്ന നിയമം P&G കൊണ്ടുവന്നു. സുഡാനികൾ ജോലി തീരാൻ എടുക്കുന്ന സമയം അമേരിക്കക്കാരന് ഇഷ്ടപ്പെട്ടില്ല. അങ്ങിനെ ആണ് ഇന്റർവ്യൂവിലൂടെ എന്റെ നിയമനം നടക്കുന്നത്.

 

 

സംഭവത്തിലേക്ക് വരാം.

 

 

നാലാം നിലയിൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ്ൽ മറ്റൊരു സുഡാനി ഉണ്ടായിരുന്നു - അബ്ദുൽ റഹീം ആദം. ആളും മടിയൻ തന്നെ. പക്ഷേ ഉറുപ്പികക്ക് ഒരു നാല് അണയുടെ കുറവുള്ള ആളായിരുന്നു.എന്നുമാത്രമല്ല ക്ഷിപ്രകോപി കൂടെ ആയിരുന്നു. ഒരു ആജാനബാഹു.

 

 

ഞാൻ ജോയിൻ ചെയ്ത മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ച ആയിരുന്നു അത് സംഭവിച്ചത്. രാവിലെ 7.30 നു ഓഫീസ് തുറക്കുന്ന സമയത്തു തന്നെ ചുവന്ന കണ്ണുകളും ദേഷ്യത്താൽ വിയർത്ത മൂക്കും നെറ്റിത്തടവും കൊണ്ടു അബ്ദുൽറഹീം ഞങ്ങളുടെ ഓഫീസ്മുറിയിൽ കയറി വന്നു. നേരെ ഫഖീരി യുടെ അടുത്തേക്കാണ് അവൻ ധ്രുതിയിൽ നടന്നത്. അവന്റെ കാലുകൾ വിറക്കുന്നത് കാണാമായിരുന്നു.

 

അഭിവാദനങ്ങൾ ഒന്നും കൂടാതെ റഹീം അട്ടഹസിച്ചു, "ഫീശുനു, ഇന്ത മജ്നൂൻ" (ഡാ, നിനക്കു എന്താ ഭ്രാന്ത് ആണോ).ഫഖീരി സ്വതസിദ്ധമായ ശൈലിയിൽ താഴ്മയിൽ തിരിച്ചു ചോദിക്കുന്നു: "ഖൈർ യാഖീ, ഫീശുനു? അന ഫീ സവൈത്ത്‌ ശുനു ?" (സഹോദരാ, എന്താ പ്രശ്നം? ഞാൻ നിന്നോട് എന്തു ചെയ്തുന്നാ).

"നീ എന്തിനാ ഇന്നലെ രാത്രി എന്റെ വീട്ടിൽ വന്നു എന്റെ ഭാര്യയെ പറ്റി സംസാരിച്ചത്" റഹീം വീണ്ടും അലറുകയാണ്. "ഞാനോ, നിന്റെ ഭാര്യയെ പറ്റിയോ?? നീ താമസിക്കുന്നത് എവിടെയാണെന്ന് എനിക്കു അറിയുക പോലുമില്ലല്ലോ". ഫഖീരി വീണ്ടും താഴ്മയോടെ പറഞ്ഞു.

 

 

"കദ്ധാബ്, കദ്ധാബ്, ഇന്ത അക്ബർ ഹറാമി, യാ ഹിമാർ.. ". (കള്ളം പറയുന്നോടാ തെണ്ടി, കഴുതേ". റഹീം കയ്യോങ്ങി ഫഗീറിയുടെ നേർക്ക് ചീറ്റപുലികണക്കെ കുതിച്ചു.

ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അസീമിനും എനിക്കും മനസ്സിലായി. ഞങ്ങൾ അവരുടെ ഇടയിൽ കയറി നിന്നു. അസീം ഫഖീരിയുടെ അടുത്ത സുഹൃത്ത്, സ്വാഭാവികമായും അവൻ റഹീമിനെ പിടിച്ചു പുറകോട്ട് തള്ളാൻ തുനിഞ്ഞു. ഞാൻ അവനെ അതിൽനിന്നും പെട്ടന്ന് പിന്തിരിപ്പിച്ചു അവന്റെ മുഖത്ത് നോക്കി കണ്ണിറുക്കി. എന്നിട്ട് റഹീമിന്നോട് പറഞ്ഞു: "സ്വല്ലി അല ന്നബി യാ അഖ് അബ്ദുൽറഹീം" (നീ നബിയുടെ പേരിൽ ഒരു സ്വലാത്ത് ചെല്ലൂ റഹീം. ദേഷ്യം അടക്കാൻ അറബികൾ പറയുന്ന ഒരു പ്രയോഗമാണിത്). "പ്രശനം ഏതുമാകട്ടെ, നമുക്ക് പരിഹരിക്കാം. ലി കുല്ലു മുശ്കില ഫീ ഹല്ല്" (ഏതു പ്രശ്നത്തിനാ പരിഹാരം ഇല്ലാത്തത്).ഞാൻ പുതിയ ആളായത് കൊണ്ടാണെന്ന് തോന്നുന്നു റഹീം അല്പം ഒന്നടങ്ങി.

 

"തആൽ തആൽ" (വാ വാ) ഞാനവന്റെ കൈ പിടിച്ചു എന്റെ ടേബിളിന്നടുത്തേക്ക് നീങ്ങി. "യാ രിജ്ജാൽ, ഇസ്തരീഹ്, ഇശ്റബ് മോയ ബാരിദ് (സ്നേഹിതാ, ഇരിക്കൂ. കുറച്ചു തണുത്ത വെള്ളം കുടിക്ക്). മനസ്സ് ഒന്നു തണുക്കട്ടെ. കോപം പിടിച്ചുവെക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിമാൻ എന്ന് നബി പറഞ്ഞിട്ടില്ലേ"... അവനെ അനുനയിപ്പിക്കാൻ ഞാൻ ഒരു ചീട്ട് ഇറക്കി. അത് ഏറ്റു, അവൻ ഏറെക്കുറെ തണുത്തു.

 

ഞാൻ തുടർന്നു "പറ, എന്താണ് പ്രശ്നം? നമ്മളൊക്കെ സഹോദരങ്ങൾ അല്ലേ"?"ഇസ്സു, ഈ ഹിമാർ കാണിച്ചത് എന്താണ് എന്ന് നിനക്കറിയുമോ? അവൻ ഇന്നലെ എന്റെ വീട്ടിൽ വന്നു പറയുകയാണ്..." ഒന്നു നിർത്തി വീണ്ടും തിളച്ചു വരുന്ന കോപത്തോടെ അവൻ ഫഖീരി യെ നോക്കി.

 

"അബ്ദുൽറഹീം, അബ്ദുൽറഹീം, ശാന്തനാകൂ, ഞാൻ പറഞ്ഞില്ലേ പ്രശ്നം ഞാൻ പരിഹരിച്ചു തരാമെന്ന്". റഹീം വീണ്ടും കൺട്രോളിൽ വന്നു. ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കൂടി കുടിച്ചു. അവനു ഏലക്കയും പൊതീനയും ഇട്ട ഒരു സുലൈമാനി (കട്ടൻ ചായ) കൊണ്ടുവരാൻ ഞാൻ ഓഫിസ് ബോയിയോട് പറഞ്ഞു.

 

"ഈ കൽബ് (നായ) ഇന്നലെ എന്റെ വീട്ടിൽ വന്നു, എന്നിട്ട് എന്നോട് പറയുകയാണ് എന്റെ ഭാര്യക്കും മക്കൾക്കും ഞാൻ ചിലവിന് കൊടുക്കരുത്, അവരെ സംരക്ഷിക്കരുത് എന്നൊക്കെ, കൽബ് കൽബ് (നായ). റഹീമിന്റെ മുഖത്ത് വീണ്ടും കോപം ഉരുണ്ടുകൂടുന്നത് ഞാൻ കണ്ടു."അള്ള..അള്ള, അനാ???!!!" (പടച്ചതമ്പുരാനേ ഞാനോ) ഫഖീരി ഇടക്ക് കയറി പറഞ്ഞു.

"മിണ്ടാതിരിക്ക് ഫഖീരി, അവൻ പറയട്ടെ". ഞാൻ ഫഖീരിയെ തടഞ്ഞു, റഹീമിന്നോട് സംസാരം തുടർന്നു "റഹീം, എപ്പോഴാണ് അവൻ നിന്റെ വീട്ടിൽ വന്നത്?"."ഇന്നലെ രാത്രി രണ്ടു മണിക്ക്".

 

"രണ്ടു മണിക്കോ, ഞാനോ... നിനക്കു തലക്ക് വെളിവില്ലെ?" ഫഖീരി അല്പം ഉച്ചത്തിൽ പറഞ്ഞു. അവന്റെ സൗമ്യതക്ക് മാറ്റം വരുന്നുണ്ടായിരുന്നു. അളമുട്ടിയാൽ നീർക്കൊലിയും കടിക്കും എന്നല്ലേ

 

ഞാൻ റഹീം കാണാതെ ഫഖീരിയുടെ മുഖത്തു നോക്കി കണ്ണിറുക്കി, പിന്നെ അല്പം ഉച്ചത്തിൽ പറഞ്ഞു "യാ ഫഖീരി, യാ ഫഖീരി, അന അഖുല്ലക് ഇസ്കുത്" (നിന്നോട് മിണ്ടാതിരിക്കാനല്ലേ ഞാൻ പറഞ്ഞത് ഫഖീരി)

 

 

 ഞാൻ റഹീമിന്റെ പക്ഷത്തു ആണെന്ന് റഹീമിന് തോന്നിതുടങ്ങി. ഓഫീസ് ബോയ് കൊണ്ടുവന്ന ഏലക്കയും നാന (പൊതീന ഇല) യും ഇട്ട സുലൈമാനി അതിലിടക്ക് അവൻ മൊത്തിമൊത്തി കുടിക്കാൻ തുടങ്ങിയിരുന്നു.

 

"എന്നിട്ട് എന്തുണ്ടായി റഹീം, നീ പറ"

 

"എന്റെ ഭാര്യക്കും മക്കൾക്കും ഞാനല്ലേ ഉള്ളൂ ഇസ്സൂ. അന്യനാട്ടിൽ അവരെ പെരുവഴിയിൽ ഉപേക്ഷിക്കാൻ പറ്റുമോ... നീ പറ". റഹീമിന്റെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു, അവന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു.

 

"വള്ളാഹ് സഹ്ഹ് യാ റഹീം". (ഉറപ്പായും റഹീം, നീ പറയുന്നതാണ് ശരി). എന്നാലും പറ, എന്തിനാ രാത്രി രണ്ടുമണിക്ക് നിന്റെ വീടിന്റെ വാതിൽ ഇവന് തുറന്നു കൊടുത്തത്?"

 

"യാ ഇസ്സു, ഞാൻ വാതിലൊന്നും തുറന്നില്ല, ഞാൻ എന്താ വിഡ്ഢിയാണോ?".

 

"പിന്നെ?"

 

"ഹിമാർ, ജാഅ ലീ ഫിൽ നൗമ്" (ഇക്കഴുത സ്വപ്നത്തിൽ വന്നു പറഞ്ഞതാണ്).

 

എനിക്ക് വന്ന ചിരി ഞാൻ ഏറെ പണിപ്പെട്ടു അടക്കി. അസീമിനോടും ഫഖീരിയോടും ചിരിക്കരുത് എന്ന് റഹീം കാണാതെ ആംഗ്യം കാണിച്ചു.

 

"ത്വയ്യിബ് യാ അഖീ, വള്ളാഹ്, ഫഖീരി ഗൽതാൻ, മഫ്റൂദ് മാ സവീ കിദാ" (അങ്ങിനെയോ, ഫഖീരി ചെയ്തത് വലിയ തെറ്റാണ്, അവൻ അങ്ങിനെ ചെയ്യരുതായിരുന്നു). "നമുക്ക് പരിഹാരം ഉണ്ടാക്കാം"... ഞാൻ റഹീമിനെഞങ്ങളുടെ ഓഫിസ് മുറിയുടെ പുറത്തേക്ക് കൊണ്ടുപോയി നാലാം നിലയിയെ അവന്റെ ടേബിളിന്നരികിൽ എത്തിച്ചു.

 

"നീ സമാധാനമായി ഇരിക്ക്, ഫഖീരിയോട് ഞാൻ പറഞ്ഞു മനസ്സിലാക്കാം. ഇന്ന് രാത്രി സ്വപ്നത്തിൽ വന്നു മാപ്പ് പറയാനും, ഇന്നലെ പറഞ്ഞത് തിരുത്താനും അവനോട് പറഞ്ഞോളാം. സദ്ദിഖ്നീ (എന്നെ വിശ്വസിക്കാം)".

 

"വള്ളാഹ് യാ ഇസ്സു, ഇന്ത അഖു യ"... (ഇസ്സു, നീയാണ് യഥാർത്ഥ സഹോദരൻ) റഹീം വിതുമ്പി. എന്നെ അവൻ കെട്ടിപ്പിടിച്ചു. അവന്റെ കണ്ണിൽനിന്നും രണ്ടിറ്റ് സന്തോഷത്തിന്റെ കണ്ണുനീർ എന്റെ കഴുത്തിൽ വീണത് ഞാനറിഞ്ഞു.

 

തിരികെ ഓഫിസ് മുറിയിൽ എത്തി നടന്നത് ഞാൻ വിവരിച്ചു. ഞങ്ങൾ മൂന്നുപേരും അന്ന് മുഴുവൻ ദിവസവും ചിരിയോട് ചിരിയായിരുന്നു

 

പിറ്റേന്ന് റഹീം മൂന്നാം നിലയിലേക്കൊന്നും വന്നില്ല. ഞാൻ പറഞ്ഞത് ഫഖീരി അനുസരിച്ചു എന്നു തോന്നുന്നു. അതോ റഹീം ടോപിക് മറന്നത് കൊണ്ടോ? ദൈവത്തിനു അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com