ADVERTISEMENT

" ഓണം എന്ന് പറഞ്ഞാൽ ഞങ്ങളുടെ കാലത്തെ  ഓണം, ഇന്നൊക്കെ എന്ത്  ഓണം  ?" അമ്മുമ്മ പതിവ് പോലെ ഓണം ഓൾഡ് വേർഷൻ റീലോഡ്  ചെയ്തു   .

 "എന്നാ പിന്നെ നിങ്ങൾ ഇരുന്നു സംസാരിക്ക്  ഞാൻ ഒന്ന് നടുവ് നിവർത്തട്ടെ "  എന്ന് പറഞ്ഞു 'അമ്മ പതുക്കെ അകത്തേക്ക് വലിഞ്ഞു .

" ആ പിള്ളേർ അപ്പുറത്തു ഒച്ചയുണ്ടാക്കുന്നുണ്ടല്ലോ , ഞാൻ ഒന്ന് പോയിനോക്കട്ടെ " എന്ന് പറഞ്ഞു ചേട്ടനും പോയി .

അച്ഛൻ എന്റെയും നാത്തൂന്റെയും മുഖത്തേക്ക് നോക്കി  . അമ്മുമ്മ കഥ തുടങ്ങിയാൽ നിർത്തില്ല  ; നമ്മൾ ചുമ്മാതെ  കേട്ടോണ്ടിരുന്നാൽ മാത്രം പോരാ , ഇടയ്ക്കു നമ്മൾ ചോദ്യങ്ങൾ ചോദിക്കണം . നമ്മൾ ചോദിച്ചില്ലെങ്കിൽ   അമ്മുമ്മ ചോദിക്കും , അതിനു കൃത്യമായ മറുപടികൾ കൊടുത്തിരിക്കണം . അച്ഛൻ പതിയെ രക്ഷപ്പെടാൻ  ഉള്ള പഴുതുകൾ പരതുകയാണെന്ന്  ആ മുഖം  വിളിച്ചു പറഞ്ഞു .

" നീ വർഷങ്ങൾ കൂടുമ്പോൾ അല്ലെ അമ്മുമ്മേടെ ഓണക്കഥകൾ കേൾക്കാറുള്ളത് ?   ഞാനിതു  എല്ലാ വർഷവും കേൾക്കുന്നതാണ് , അമ്മുമ്മയും നിങ്ങളും കൂടെ കഥ പറ.  മോനെ,  നീ കൊണ്ട് വന്ന ആ സാധനം ഇങ്ങെടുത്തേ "  എന്ന് പറഞ്ഞു  അച്ഛൻ എന്റെ കേട്യോനേം കൂട്ടി സ്കൂട്ടായി .

ഞാനും ശാലിനി ചേച്ചിയും അമ്മുമ്മയും മാത്രമായി അരങ്ങത്ത് .  ചേച്ചി എന്ന് വിളിക്കുന്നെകിലും ശാലിനി എന്റെ പ്രായമാണ് . ചേട്ടന്റെ ഭാര്യയെ ബഹുമാനിക്കണം എന്ന്  പറഞ്ഞു 'അമ്മ നിർബന്ധിച്ചു അടിച്ചേപ്പിച്ച ബഹുമാനമാണ് ഈ ' ചേച്ചി' വിളി. . പക്ഷെ  ആ പാവത്തിന് അങ്ങനെ അങ്ങനെ വല്യ ബഹുമാന ദാഹം ഒന്നും ഉള്ള കൂട്ടത്തിൽ അല്ല . എന്റെയും ചേട്ടന്റെയും കല്യാണം ഒരാഴ്ചയുടെ വ്യത്യാസത്തിൽ ഇത് പോലെ ഒരു ഓണക്കാലത്തതായിരുന്നു  . ചേട്ടത്തിയായി എന്റെ വീട്ടിൽ വന്നു കയറിയ മുതൽ ഞങ്ങൾ നല്ല കൂട്ടുകാർ കൂടി ആണ് . വിവാഹം കഴിഞ്ഞു  രണ്ടു മാസത്തിനുള്ളിൽ ഞാൻ ദുബൈക്ക് കെട്യോന്റെ ഒപ്പം പോയപ്പോൾ അച്ഛനും അമ്മയും അമ്മുമ്മയും ചേട്ടനും  എന്നെ മിസ്സ് ചെയ്തതിൽ കൂടുതൽ  ചേട്ടത്തിക്കായിരുന്നു വിഷമം . ആ വിഷമം  'അമ്മ പറഞ്ഞറിഞ്ഞ വല്യമ്മായി അതൊരു  ഒരു നാത്തൂന്റെ " ആരംഭ ശൂരത്തമായി " കണ്ടാൽ മതി എന്ന്  പറഞ്ഞെങ്കിലും അതങ്ങനെ അല്ല എന്നാണ് ഈ കഴിഞ്ഞ പതിനാറു വർഷങ്ങൾ പറഞ്ഞു തന്നത് .

വീട്ടിൽ എല്ലാവരും പൊതുവെ ഒരുപാടു സംസാരിക്കുന്നവരും ,പരസ്പരം കളിയാക്കുന്നവരും     ആണ് . അച്ഛന്റെ പട്ടാള ചിട്ടയിൽ വളർന്ന ചേട്ടത്തിക്ക്  ഞങ്ങളുടെ വീട്ടിലേക്കു വന്ന കാലത്തു സംസാരം വളരെ കുറവായിരുന്നു . കൊച്ചു കൊച്ചു തമാശകൾക്ക് വരെ ചേട്ടത്തിക്ക്  ചിരി വരും , പക്ഷെ  ആ ചിരികളെ ഒക്കെ ഷാളിന്റെയോ  സാരിയുടെയോ തുമ്പു വെച്ച്  അമർത്തിപ്പിടിച്ചു ഒതുക്കുo . " നീഎന്തിനാ ഈ തുണി എല്ലാം കൂടി വായിൽ തിരുകി വെയ്ക്കുന്നത്  ?  ചിരി വന്നാൽ അങ്ങ് ചിരിച്ചാൽ പോരെ  ? " എന്നു പറഞ്ഞു ചേട്ടൻ ചേട്ടത്തിയുടെ കൈ പിടിച്ചു മറ്റുമായിരുന്നു .  " ഇന്നത്തെ കാലത്തു ഇത്രേം പഠിപ്പും ജോലിയും ഒക്കെ ഉണ്ടായിട്ടും  എന്തൊരു അടക്കവും ഒതുക്കവുമാ ശാലിനിക്ക് ? ഇവളെ കിട്ടിയ നീ ഭാഗ്യമുള്ളവനാ വിനീതേ "  എന്ന് വല്യമ്മായി  ഷാളും വായിൽ തിരുകി പതിവ് പോലെ ഒരു ചിരി കടിച്ചമർത്താൻ ശ്രമിച്ചു കൊണ്ട് നിന്ന ചേട്ടത്തിയുടെയും അവരുടെ വീട്ടുകാരുടെയും മുന്നിൽ വെച്ച്  ചേട്ടനോട് പറഞ്ഞപ്പോൾ ചേട്ടൻ ചേട്ടത്തിയെ ഒന്ന് നോക്കി  .  ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായത്  നിന്റെ  " തുണി തീറ്റി " എത്രയും  വേഗം  ഞാൻ നിർത്തിക്കൊള്ളാം  എന്നാണ്  . 

ചേട്ടന് അടക്കോം ഒതുക്കോം ഒന്നും നിര്ബദ്ധമുള്ള കൂട്ടത്തിൽ അല്ല എന്ന് എനിക്ക് മനസിലായതു  ഞങ്ങൾക്ക് രണ്ടാള്ക്കും കല്യാണ ആലോചന തുടങ്ങിയ സമയത്തു " നിനക്ക്  എങ്ങനെ ഉള്ള പെണ്ണിനെയാ വേണ്ടതെന്നൊക്കെ  സദാനന്ദൻ ചേട്ടനോട് വിശദമായി പറഞ്ഞോ "   എന്ന് അച്ഛൻ പറഞ്ഞപ്പോൾ  ,  "  എനിക്ക് നമ്മുടെ പാച്ചൂന്റെ പോലുള്ള  ഒരു പെണ്ണ് മതി " എന്ന്  ചേട്ടൻ പറഞ്ഞപ്പോൾ ആണ് . രാവിലെ പത്തു മണിക്ക്  ഒരു മുറിനിക്കറും അച്ഛന്റെ ഷർട്ടും  ഇട്ടു ഉറക്കപ്പിച്ചിൽ ടൂത് ബ്രുഷും പിടിച്ചു  ആ  രംഗത്തേക്കു വന്ന എന്നെ  ബ്രോക്കർ സദാനന്ദൻ ചേട്ടൻ ഒന്ന് നോക്കി , പിന്നെ അച്ഛനെയും " ഇത് തന്നെ അല്ലെ   ഈ പറഞ്ഞ പാച്ചൂ ; ആള് മാറിപോയിട്ടൊന്നും ഇല്ലല്ലോ " എന്ന മട്ടിൽ. 

മറ്റുള്ളവർ പറയുന്ന കഥകൾ കേൾക്കാൻ ചേട്ടത്തിക്ക് പണ്ടേ ഇഷ്ടമാണ് .ഞാൻ ദുബൈക് പോകുന്ന സമയം വരെ ഞാൻ വീട്ടിൽ ഉണ്ടേൽ  " പാച്ചു  നീ എന്തെങ്കിലും പറ "  എന്ന് പറഞ്ഞു  എന്നെ വിളിച്ചിരുത്തും ; അടുക്കളയിൽ ആയാൽ  അമ്മയോട്  "അമ്മ അന്ന് പറഞ്ഞ  ആ സംഭവം എന്തായിരുന്നു ? എന്നിട്ടെന്തായി ? "   എന്നൊക്കെ എന്തേലും ചോദിച്ചു കൊണ്ടേ ഇരിക്കും . ചേട്ടത്തിയുടെ ഈ സ്വഭാവം ഏറ്റവും കൂടുതൽ മുതലെടുത്തത്തു അമ്മുമ്മയാണ്  .അമ്മുമ്മയുടെ ഓൾഡ് സ്റ്റോറീസിനു  പഴയപോലെ ഓഡിയൻസ് ഇല്ലാതായി വരുന്ന സമയത്താണ് ഇങ്ങനെ ഒരു ഇര വന്നു ചാടുന്നത് . ചേട്ടത്തി വന്ന ശേഷം അമ്മുമ്മ വല്യച്ചന്റെയും  അപ്പച്ചിയുടെയും വീട്ടിൽ ഇടയ്ക്കു പോയി നിൽക്കുന്ന  പരിപാടി നിർത്തി . അവിടൊക്കെ ശ്രോതാക്കളെ തേടിപ്പിടിക്കണ്ട അവസ്ഥ ആയിരിക്കുന്നു ; ഇവിടെ കയ്യെത്തും ദൂരത്തു കണ്ണും മിഴിച്ചു പറയുന്നതൊക്കെ കേട്ടിരിക്കാൻ ഒരാളുണ്ടല്ലോ .വെറുതെ കേട്ടിരിക്കുക മാത്രമല്ല " അമ്മുമ്മ എന്തൊരു തമാശയാണ് ; ചിരിച്ചു ചിരിച്ചു ഞാൻ ഒരു പരുവമായി എന്നൊക്കെ പറഞ്ഞു " പരസ്യമായും രഹസ്യമായും അമ്മുമ്മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതൊക്കെ കേട്ട് ഈ പ്രായത്തിലും തന്റെ തമാശ പറയാനുള്ള കഴിവിനെ ഓർത്തു  “ധ്രുതങ്ക പുളകിതയായി “ അമ്മുമ്മ അടുത്ത കഥയിലേക്ക് കടക്കും . എല്ലാവര്ക്കും കഥകൾ പറയാൻ ഒരുപാടുള്ള ഞങ്ങളുടെ  വീട്ടിലേക്ക് കഥകൾ കേൾക്കാൻ മാത്രം താല്പര്യമുള്ള ഒരു മരുമകൾ വന്നത് കുടുംബത്തിന്റെ സുകൃതം കൊണ്ട് മാത്രം .

അമ്മുമ്മ ഓണക്കഥ  സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു ; ഫസ്റ്റ് ഗിയര് ഇടുന്നതിനു മുന്നേ ഞാൻ ചാടി വീണു." അത് ശരിയാ ഇവിടൊക്കെ എന്ത് ഓണം ? അതൊക്കെ അങ്ങ് ദുബായില് . ഓണം ഒക്കെ  ഇപ്പോൾ അവിടെയല്ലേ  ? "  ഞാൻ പറഞ്ഞു  . ഇപ്പോൾ വിട്ടു കൊടുത്താൽ ഇന്നിനി ഒന്നും എനിക്ക് പറയാൻ ചാൻസ് കിട്ടില്ല എന്നറിയാവുന്ന ഞാൻ എന്റെ " ദുഫായ് " ഓണക്കിറ്റ് ഓപ്പൺ ചെയ്തു.

മിക്കപ്പോളും ഓണം കഴിഞ്ഞു രണ്ടാഴ്ച കഴിയുമ്പോൾ ആണ് അവിടെ ഓണാഘോഷം തുടങ്ങുന്നത് . അവധിക്കു നാട്ടിൽ പോയവർ ഒക്കെ തിരിച്ചെത്തിയ ശേഷം . ആഘോഷം തുടങ്ങിയാൽ പിന്നെ പല സംഘടനകളുടെയും പരിപാടികളും ഫാമിലി ഗെറ്റ് ടുഗെതറും ഒക്കെയായി അത് ക്രിസ്മസ് വരെ നീളും. 

ചേട്ടത്തി അമ്മുമ്മയുടെ അടുത്ത് നിന്ന് കസേര നീക്കി എന്റെ അടുത്തേക്ക് ഇട്ടിരുന്നു. ഞാൻ അമ്മുമ്മയെ ഒന്ന് പാളിനോക്കി.  ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തം . പുള്ളിക്കാരി അതീവ ശ്രദ്ധയോടെ ഒരു പഴം എടുത്തു പൊളിക്കാൻ തുടങ്ങി ; ചുറ്റും നടക്കുന്നതൊന്നും താൻ  അറിയുന്നില്ല എന്ന മട്ടിൽ . "പിന്നേ ... ഒരു  പൂവൻ പഴം തന്നല്ലോ പൊളിക്കുന്നത് അല്ലാതെ റോക്കറ്റ് വിക്ഷേപിക്കുവൊന്നുമല്ലോ; ഇത്രയ്ക്കു കോൺസെൻട്രേഷൻ കൊടുക്കാൻ ".  ഞാൻ മനസ്സിൽ പറഞ്ഞു.  “ നാട്ടിൽ ഒരു ഓണം കൂടിയിട്ടും ഇങ്ങനെ ഇരുന്നു "ഓണ തള്ള് " പറഞ്ഞിട്ടും കുറെ ആയി. എനിക്കും ഇല്ലേ ആഗ്രഹങ്ങൾ ?“ .

ഞാൻ ആദ്യമായി ദുബായിൽ എത്തിയ ശേഷമുള്ള ഒരു ഓണാഘോഷ പരിപാടി .  നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും  സകലമാന ക്ലബ്ബ്കളിലും  ഓണാഘോഷ പരിപാടികൾക്ക് പോയി  ചെറിയ പ്രായത്തിൽ   ഗ്ലാസ് ,സോപ്പ് പെട്ടി  തുടങ്ങിയ ചെറിയ ചെറിയ സമ്മാനങ്ങളിൽ തുടങ്ങി   കല്യാണത്തിന് തൊട്ടു മുൻപുള്ള വര്ഷം എത്തിയപ്പോൾ ട്രോഫി വരെ വാങ്ങിയ എനിക്ക്  ഭർത്താവിന്റെ മുന്നിൽ  എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിൽ  ഉള്ള  പ്രാവീണ്യം തെളിയിക്കാൻ ഉള്ള ഒരു അവസരമായാണ് എനിക്കത് തോന്നിയത് . നാട്ടിൽ മുട്ടായി പെറുക്കൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ , കസേര കളി , റൊട്ടി കടി  എന്നി ഇനങ്ങൾക്ക് എന്നെ വെല്ലാൻ ആരുമില്ല എന്ന ആത്മവിശ്വാസുമായാണ് ഞാൻ വന്നിരിക്കുന്നത് .കണ്ണിൽ കണ്ട എല്ലാ  മത്സരങ്ങൾക്കും പേര് കൊടുത്തു . " ഇവൾ ഇതെന്തു ഭാവിച്ചാ " എന്നമട്ടിൽ കെട്ടിയോൻ എന്നെ നോക്കുന്നുണ്ട് .  " ഏട്ടൻ  ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു ? ഇന്ന് ഞാൻ ഏട്ടനെ ഞെട്ടിക്കും " എന്ന  മട്ടിൽ ഞാനും ഒന്ന് നോക്കി . ഏട്ടനോട് കാറിന്റെ ബാക് സീറ്റിൽ കിടക്കുന്ന  സേഫ്റ്റി വെസ്റ്റും,  ഹെൽമെറ്റും  ഒക്കെ എടുത്തു ഡിക്കിയിൽ വച്ചിട്ടു  വരാൻ പറഞ്ഞു ." അതൊക്കെ എന്തിനു;  നമ്മൾ രണ്ടു പേരല്ലേ ഉള്ളു?" എന്നായി  പുള്ളി . ഈ കണ്ട   മത്സരങ്ങളുടെയെല്ലാം കൂടി  ട്രോഫികൾ ഒക്കെ എവിടെ വെയ്ക്കും  ? പുള്ളിക്ക് എന്നെ പറ്റി  വല്യ ധാരണ ആയിട്ടില്ലല്ലോ?  അതാണ് .  പറഞ്ഞിട്ട് കാര്യമില്ല.

നാട്ടിലൊക്കെ വന്നുവന്നിപ്പോൾ ഓണപ്പരിപാടികൾക്കു ടൈറ്റ്  കോംപെറ്റീഷൻ ആണ് .പിടിച്ചു നില്ക്കാൻ നേരെത്തെ പ്രാക്ടീസ് ഒക്കെ നടത്തേണ്ട അവസ്ഥ വരെ എത്തി. ഇവിടെ കണ്ടിട്ട് തനിക്കു പറ്റിയ ഇരകൾ ഒന്നുമില്ല എന്ന് തോന്നുന്നു . എല്ലാവരും മേക്കപ്പിലും സാരിയിലും ആണ് കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നത് .   ചുറ്റും മലയാളിത്തം തുളുമ്പി നിൽക്കുന്നപോലെ തോന്നി. നാട്ടിൽ പോലും ഇങ്ങനെ ഒരോണം  കാണാൻ കിട്ടുമോ. നാട്ടിലാണേൽ നൈറ്റി ഇട്ടു അമ്മച്ചിമാരും ചുരിദാർ ഇട്ടു തരുണികളും  ടീ -ഷർട്ടും  കള്ളിമുണ്ടും ഉടുത്തു ആണുങ്ങളും ഓണം കളിയ്ക്കാൻ ഇറങ്ങുo . ഇന്നലെ വൈകിട്ട്  കുറച്ചു ബിയർ  വാങ്ങാൻ കെട്യോനും കുറച്ചു കൂട്ടുകാരും അവരുടെ ഫാമിലിയും  ഒക്കെയായി ഉം അൽ ക്വയ്‌നിൽ ഉള്ള ബരാക്കുടയിൽ  ചെന്നപ്പോളാണ്  ഓണത്തിന്റെ ശരിക്കുള്ള ഒരു വൈബ് കിട്ടിയത് . സെറ്റ് സാരി ഉടുത്തു   തലയിൽ മുല്ലപ്പൂവും ചൂടി മലയാളി മങ്കമാർ ട്രോളി നിറയെ കുപ്പികളുമായി  ബില്ലടയ്‌ക്കാൻ നിൽക്കുന്ന കാഴ്ച . കണ്ണും മനസ്സും നിറഞ്ഞു . നാട്ടിലെ ബീവറേജിൽ  എന്നെങ്കിലും എങ്ങനെ ഒരു കാഴ്ച കാണാൻ പറ്റുമോ ? എവിടെ ?.....  പൊരി വെയിലത്തു തലേൽ കൂടെ തോർത്തിട്ട വാർദ്ധക്ക്യങ്ങളും ,  "സേഫ്റ്റി മുഖ്യം ബിഗിലെ " എന്ന മട്ടിൽ ഹെൽമെറ്റ് വച്ച  (പക്ഷെ വണ്ടി ഓടിക്കുമ്പോൾ  ഹെൽമെറ്റ്  വെച്ചാൽ മുടി കോഴിയും ; പിന്നെ പറഞ്ഞില്ലാന്ന് വേണ്ട) കുറെ ക്ഷുഭിത യൗവ്വനങ്ങളും മാത്രം.

ആദ്യത്തെ ഇനം  വനിതകളുടെ മിഠായി  പെറുക്കൽ ആയിരുന്നു . വിസിൽ  അടിച്ചതും അത് വരെ അടക്കോം ഒതുക്കോം വിനയവും എളിമയും ഒക്കെ മുഖത്ത് വാരി വിതറിനിന്ന പെണ്ണുങ്ങളുടെ മട്ട് മാറി . നാട്ടിലെ കല്യാണ സദ്യക്ക്  ഇടിച്ചു കേറുമ്പോൾ കാണിക്കുന്ന അത്ര പോലും മയമില്ലാത്ത നല്ല ഓന്താന്തരം നാടൻ  ഉന്തും തള്ളും .   അസോസിയേഷൻ സെക്രട്ടറിയുടെ ഭാര്യ വനജ ചേച്ചിടെ ആദ്യത്തെ തള്ളിൽ തന്നെ ഞാൻ  തെറിച്ചു ബൗണ്ടറി കടന്നു . വീണിടത്തു നിന്നും എഴുന്നേറ്റു  അങ്കത്തട്ടിലേക്കു  വീണ്ടും കുതിക്കാൻ   തുടങ്ങിയ എന്റെ കയ്യിൽ ആരോ പിടിച്ചു നിർത്തി .   നോക്കിയപ്പോൾ എന്റെ കെട്ടിയോൻ .  " പെണ്ണായി പിറന്ന എനിക്ക് ഭയമില്ല   ; പിന്നെ ആണായി പിറന്ന നിങ്ങൾ എന്തിനു ഭയക്കണം  ?"   എന്നിലെ ആർച്ച  നിന്നു കിതച്ചു . ആ  പത്മവ്യൂഹത്തിലേക്ക് ഇനി പോയാൽ ചതച്ചു ഇഞ്ച പരുവം ആക്കുമെന്നും  അടുത്ത മത്സരത്തിനു നമ്മൾക്കു  പിടിക്കാമെന്നും പറഞ്ഞു എന്നെ  തടുത്തു നിർത്തി .സത്യത്തിൽ  പുറത്തു നിന്ന്  മത്സരം കണ്ടപ്പോഴാണ്  ഈ ഇനത്തിന്റെ ശരിക്കുള്ള രസം എനിക്ക് മനസ്സിലായത് . വനജേച്ചിയും  ടീമും കടുത്ത മത്സരത്തിലാണ് .മത്സരത്തിന് മുന്നേ കാണിച്ച യാതൊരു സൗഹൃദ ഭാവവും ഇപ്പോൾ ഇല്ല . വനജേച്ചിയുടെ പുതിയ  മാല നന്നായിന്നു പറഞ്ഞു സുഖിപ്പിച്ച സന്ധ്യ ശേഖറിനെ കെട്ടിപ്പിടിച്ചു " you looks so young now " എന്ന് പറഞ്ഞു  തിരിച്ചു  നന്ദി  പ്രകടിപ്പിച്ചത് ഞാൻ ഒരു പത്തു മിനിട്ടു മുന്നേ കണ്ടതാണ് . ആ സന്ധ്യയെയും    വനജേച്ചി  ഇടിച്ചു  ബൗണ്ടറി കടത്തിയിരിക്കുന്നു. സന്ധ്യ പൂർവാധികം ശക്തിയോടെ തിരിച്ചു കയറാൻ നോക്കിയെങ്കിലും "  മാനിനിമാർ  പൃഷ്ഠ ഭാഗേന  തീർത്ത കനത്ത കോട്ടയാൽ  തടുത്താർ " എന്ന് പറഞ്ഞു പിന്തിരിയുന്നതുo കണ്ടു . അങ്കം അവസാനിച്ചു.  

കിട്ടിയ മിട്ടായികൾ എണ്ണി  നോക്കാൻ തുടങ്ങി .വനജേച്ചിക്ക് അകെ അഞ്ചു മിഠായി  മാത്രമാണ് കിട്ടിയിരിയ്ക്കുന്നത് . " ഈശ്വരാ ഈ അഞ്ചു മിഠായി പെറുക്കാൻ  ആണോ അവരീ പഞ്ചഗുസ്‌തി  ഒക്കെ നടത്തിയത് ?  ബാക്കി ഉള്ളോരേ പെറുക്കാനും വിടില്ല , അവരൊട്ടു പെറുക്കുകേം ഇല്ല . അതോ ഇനി വല്ല തള്ളു മത്സരം എന്ന്  കരുതിയാണോ ഇവർ മത്സരിച്ചത്  ? കൂട്ടത്തിൽ താഴെ കിടന്നു കണ്ട നാലഞ്ചു മിട്ടായിയും പെറുക്കി കാണും ." ഞാൻ മനസ്സിൽ ഓർത്തു .പൊരുതി   കിട്ടിയ ആകെയുള്ള ഒരു   മിട്ടായി പൊളിച്ചു  കെട്യോന്റെ വായിലേക്ക് വെച്ച് കൊടുത്തപ്പോൾ കണ്ടു  അത് കൂടി കൈക്കലാക്കാൻ വനജേച്ചി നടത്തിയ നഖ പ്രയോഗത്തിൽ ചോര പൊടിച്ചു തുടങ്ങിയിരിക്കുന്നു.

നാട്ടിലെ ക്ലബ്ബിൽ ഒരു തവണ നടന്ന മിട്ടായി പെറുക്കൽ മത്സരം എന്റെ മനസ്സിലേക്ക് അപ്പോൾ ഓടി വന്നു . കടുത്ത മത്സരത്തിനൊടുവിൽ ഓരോരുത്തർക്കും കിട്ടിയ മിഠായികൾ  എണ്ണി തിട്ടപ്പെടുത്തുന്ന സമയത്താണ് ക്ലബ്ബിന്റെ മുൻ സെക്രട്ടറിക്ക്  പെട്ടന്നൊരു  മിഠായി വിതരണ ത്വര വന്നത് . അവിടെ ഇരുന്ന പൊട്ടിയ്ക്കാത്ത  ഒരു പാക്കറ്റ്  മിഠായിയെടുത്തു പുള്ളി എല്ലാവര്ക്കും വിതരണം നടത്തി. മിടുക്കന്മ്മാർ  പിന്നെയും പിന്നെയും ചോദിച്ചു വാങ്ങി , പുള്ളി കൊടുത്ത മിഠായികൾ കൂടി ചേർത്ത് മത്സരത്തിന് എണ്ണിത്തിട്ടപ്പെടുത്താൻ കൊടുത്തു . പിന്നെ നടന്ന പുകിൽ പറയേണ്ടതില്ലല്ലോ ; മത്സരാർത്ഥികൾ തമ്മിൽ തുടങ്ങിയ  വാഗ്‌വാദം  പെട്ടന്ന് തന്നെ ക്ലബ്ബിന്റെ  ഭാരവാഗികൾ തമ്മിലായി . “ അട്ടിമറി “എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് അന്നാണ് .മുൻ ഭരണ സമിതിക്കാർ ഓണപ്പരിപ്പാടി അട്ടിമറിക്കാൻ മനഃപൂർവം നടത്തിയ പൊറാട്ട് നാടകം ആയിരുന്നു ആ മിഠായി വിതരണo  എന്ന് പറഞ്ഞു  ഗ്രൂപ്പ് തിരിഞ്ഞു   ആ നാട്ടിൽ ഒരു  പുതിയ  ഐറ്റമായ ഓണത്തല്ല്  നടത്തികാണിച്ചു തന്നു . ഇപ്പോഴത്തെ സെക്രട്ടറി കുഞ്ഞുമോനെ ചുരുട്ടി സ്വന്തം കക്ഷത്തിൽ  വെച്ച  പഴയ ഖജാൻജി  സുരേഷിന്റെ നോക്കി ഇതൊക്കെ കണ്ടു കൊണ്ട് നിന്ന അപ്പുപ്പൻ  അമ്മുമ്മയോടു പറഞ്ഞു  "പണ്ട് ഞാൻ കാവശ്ശേരി ഗോപാലൻ നായരുമായി തൃശ്ശൂരിൽ വെച്ച് നടത്തിയ ഓണത്തല്ലാണ് എനിക്കിപ്പോൾ ഓര്മ വരുന്നത് ; ഇതൊക്കെ കാണുമ്പൊൾ ഇപ്പോളും എന്റെ കൈ അറിയാതെ തരിക്കുന്നു  " . വളഞ്ഞുകൂനിയ നട്ടെല്ല് നോക്കി അമ്മുമ്മ  പ്രതിവചിച്ചു  " ഈ നാക്കില്ലാരുന്നേൽ നിങ്ങളെ കാടൻ കൊണ്ടു പോയേനെ ".  

അമ്മുമ്മയുടെ  അന്നത്തെ ഡയലോഗ് കേട്ട ചേട്ടത്തി കമഴ്ന്നു  കിടന്നു ചിരിയാണ് ; ഞാൻ അമ്മുമ്മയെ നോക്കി . കൊന്നാലും ചിരിക്കില്ല എന്നുറപ്പിച്ചു പുച്ഛ ഭാവം വാരി വിതറി ഇരിക്കുകയാണ് . "വല്ലവരുടെയും  കൌണ്ടർ കടമെടുത്തു കയ്യടി വാങ്ങാൻ  ഇവൾക്ക്  നാണമില്ലേ" എന്നാണ് ഇപ്പോൾ ചിന്തിക്കുന്നതെന്ന് ഉറപ്പല്ലേ ?  അത് പാടില്ല. ഞാൻ വേഗം ദുബായ്ക്കു തന്നെ വണ്ടി തിരിച്ചു.

അടുത്തത്  കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരം ആണെന്ന്  അനൗൺസ് ചെയ്തു. അംഗനമാർ നിരന്നു തയ്യാറായി നിന്നു . സ്റ്റാർട്ട് പറഞ്ഞതും വനജേച്ചി നൂറേ  നൂറിൽ ഒറ്റ ഓട്ടം.എന്റെ അറിവിൽ കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരത്തിന്  കൈകുമ്പിളിൽ വെള്ളം എടുത്തു വേണം ഓടാൻ ;വനജേച്ചി   വെള്ളം എടുക്കാൻ ഒന്നും സമയം കളയാതെ നേരെ കുപ്പി ലക്ഷ്യമാക്കി കുതിക്കുകയാണ് .   " ഇവർ ഇതെങ്ങോട്ടാ ഓടുന്നത് ? "ഞാൻ അന്തം വിട്ടു നിന്നു .  ഇനിയിപ്പോൾ ദുബായിലൊക്കെ ആദ്യം ഓടി തീർത്തിട്ട്  പിന്നീട് കുപ്പിഎടുത്ത്  ബക്കറ്റിനടുത്ത് കൊണ്ട് വന്നു നിറയ്ക്കാനുള്ള ഓപ്ഷൻ വല്ലോം ഉണ്ടാകുമോ ?  . ശ്ശെ  ; റൂൾസ് ആൻഡ് റെഗുലേഷൻസ് ആദ്യമേ ചോദിച്ചതറിയാഞ്ഞതു എന്റെ തെറ്റ് “ . ഞാൻ സ്വയം  പഴിച്ചു . ഞാൻ അപ്പോളും മിഴിച്ചു  സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ നിൽക്കുകയാണ്  .നോക്കിയപ്പോൾ കുപ്പിടെ  അടുത്തെത്തിയ  വനജേച്ചിയും  മിഴിച്ചു നിൽക്കുകയാണ്  ; ഇനി എന്ത് ചെയ്യണം എന്നറിയാതെ .

“ഓഹോ അപ്പോൾ അതാണ് കാര്യം  പുള്ളിക്കാരി ആവേശത്തിൽ വെള്ളം എടുക്കാൻ മറന്നു പോയതാണ്. ഇവരെന്നെ കൂടി കൺഫ്യൂഷൻ ആക്കിയല്ലോ ഈശ്വരാ.. അപ്പോൾ  ഇതിവരുടെ സ്ഥിരം പരിപാടിയാണ് . കണ്ണിൽ കാണുന്ന പരിപാടിക്കൊക്കെ കേറി പേര് കൊടുക്കും എന്നിട്ട് ; എന്തേലും ഒക്കെ കാണിച്ചു അലമ്പുണ്ടാക്കും . ഇവർ ശരിക്കും ഇപ്പോഴത്തെ  അസോസിയേഷൻ സെക്രട്ടറിയുടെ ഭാര്യ ആണോ അതോ തോറ്റ സെക്രട്ടറിയുടെ ഭാര്യ ആണോ  ?". വനജേച്ചിയുടെ പെർഫോമൻസിൽ ഒരു “അട്ടിമറി”  ശ്രമം എനിക്ക് ഫീൽ ചെയ്തു .  “എന്തായാലും ഇനി സമയം കളയാൻ ഇല്ല' സന്ധ്യ ശേഖറും , മിനി കുറുപ്പും കുപ്പി നിറയ്ക്കാൻ തുടങ്ങിരിക്കുന്നു . ഞാൻ കയ്യിൽ  വെള്ളം കോരി എടുത്ത്  കുപ്പി ലക്ഷ്യമാക്കി  പാഞ്ഞു. എതിരെ  മിനി കെസ്ആർടിസി പോലെ ചീറി വരുന്നുണ്ട് സൈഡ് കൊടുത്തില്ലേൽ കേറി ഇറങ്ങി പോകുമെന്നുറപ്പാണ്;  ഞാൻ സൈഡ് കൊടുത്തു  ;  ലെഫ്റ് ഒഴിഞ്ഞു വീണ്ടും ട്രാക്കിലേക്ക് കയറിയതും മുന്നിൽ വനജേച്ചി  . ഇവെരെന്താ സർഫിങ് വല്ലോം നടത്തുവന്നോ ? നോക്കുമ്പോൾ നിലത്തു കിടന്ന വെള്ളത്തിൽ ചവിട്ടി  സർഫിങ് ബോർഡിൽ  സർഫേറുമ്മാരു  നിൽക്കുന്ന പൊസിഷനിൽ നിന്ന് തെന്നി വരികയാണ്.ഇനി ഒന്നും നോക്കാനില്ല ; ഇവർ എന്നെകൊണ്ട് ഒന്നിനും സമ്മതിക്കൂല്ല  .കയ്യിലെ വെള്ളോം കളഞ്ഞു ഞാൻ തിരിഞ്ഞോടി . "എന്തായലും വനജേച്ചിക്കു  പിടി കൊടുക്കില്ല "എന്നുറപ്പിച്ചു നിരത്തി വച്ച ബക്കറ്റുകൾക്കു മുകളിലൂടെ ഹർഡിൽസ് ചാടി  അപ്പുറം കടന്നു. വനജേച്ചി പക്ഷെ ബക്കറ്റുകൾ കാണാഞ്ഞിട്ടാണോ,  അതോ ഇനി സർഫിങ് മൂഡിൽ നിന്നും പുറത്തു വരാൻ കഴിയാഞ്ഞിട്ടാണോ  എന്തോ  ? ബക്കറ്റും തെറിപ്പിച്ചു കുറച്ചു ദൂരം കൂടി അതെ വഴിക്കു മുന്നോട്ടു പോയി  ; പിന്നെ പെട്ടന്ന് “അപ്പ്” ടേൺ എടുത്ത്  "ഇത്തിരി ഉറക്കെ" നിലത്തിരുന്നു. "  .  

വനജേച്ചി പിന്തുടരുന്നില്ല എന്നുറപ്പാക്കി ഒരിടത്തു സ്വസ്ഥമായി നിന്നു കിതച്ച  എന്റെ അടുത്തെത്തി   കെട്ടിയോൻ  പറഞ്ഞു " അതൊരു ബുദ്ധിപരമായ നീക്കം ആയിരുന്നു ". " ഓഹോ,  പുച്ഛം. അടുത്ത മത്സരത്തിനു കാണിച്ചു തരാം  ; കസേരകളി ബാക്കി നിൽക്കുന്നുണ്ട് .  ഞാൻ മനസ്സിൽ കരുതി .

അമ്മുമ്മ അറിയാതെ വന്ന ചെറിയ ചിരി "ചുമച്ചു ചുമച്ചു"  തീർത്തു . " ഞാൻ ശ്വാസം മുട്ടിചത്താലും നിന്റെ ഈ ഊള കഥയ്ക്ക്  ചിരിക്കില്ലടി "  എന്നുറപ്പിച്ചു  പുള്ളിക്കാരി മുഖം ഒന്നുകൂടെ കടുപ്പിച്ചിരിന്നു . ചേട്ടത്തി ചിരിച്ചു ചിരിച്ചു കസേരയിൽ നിന്നും ഇറങ്ങി  താഴെ ഇരുന്നു ചിരി തുടങ്ങി. പക്ഷെ എനിക്കതു പോരാ . ടോം ആൻഡ് ജെറിയും ഡോറ ബുജിയും കണ്ടാലും ഒരേ പോലെ ഇരുന്നു ചിരിക്കുന്ന  പുള്ളിക്കാരീടെ ചിരിയിൽ ഒരു റേറ്റിംഗ് ബുദ്ധിമുട്ടാണ് .

അടുത്ത ഇനം കസേര കളിയാണ് . എല്ലാവരും കസേരയ്ക്കു ചുറ്റും നിന്നു . മിനിയും സന്ധ്യയും എല്ലാം ഉണ്ട് . ഒരാൾ കുറവുണ്ടല്ലോ . ഉടനെ മൈക്കിൽ അനൗൺസ്‌മെന്റ്  കേട്ടു . "  വനജ വിജയൻ . ... വനജ വിജയൻ എത്രയും വേഗം കസേര കളിയുടെ സ്ഥലത്തേക്ക് എത്തിച്ചെരേണ്ടതാണ് " .  

വനജ വിജയൻ അല്ല " വഞ്ചന " വിജയൻ എന്നാ വിളിക്കേണ്ടത് . എനിക്ക് കിട്ടേണ്ട ട്രോഫികൾ ഒക്കെ അവർ ഒറ്റ  ഒരുത്തി കാരണം ആണ് മിസ്സ് ആയതു . ഇതിൽ ഞാൻ വിട്ടുകൊടുക്കില്ല.  ഞാൻ മനസ്സിൽ ഉറപ്പിച്ചു

 "  വനജ വിജയൻ . ... വനജ വിജയൻ എത്രയും വേഗം റിപ്പോർട് ചെയ്യേണ്ടതാണ്  " . വീണ്ടും അനൗൺസ്‌മെന്റ് .

“ അവരിത് എവിടെ പോയികിടക്കുന്നു ? “. നോക്കിയപ്പോൾ വനജേച്ചി  ഹാളിന്റെ ഒരു മൂലയ്ക്ക് മാറി കഴിഞ്ഞ രണ്ടു വർഷമായി അസോസിയേഷൻ  സെക്രട്ടറിയായിരിക്കുന്ന വിജയേട്ടന്റെ അടുത്തുനിന്ന് കസേര കളിയുടെ രാജതന്ത്രങ്ങൾ  ചോദിച്ചു മനസ്സിലാക്കുകയാണ് . 

 വനജേച്ചി തിരക്കിലാണെകിൽ  , ഒരു കസേര മാറ്റി കളി സ്റ്റാർട്ട് ചെയ്യൂ " . മിഠായി  പെറുക്കലിനിടയിൽ   വനജേച്ചി തോണ്ടി പുറത്തെറിഞ്ഞ ദേഷ്യം  ഒട്ടും പുറത്തു കാട്ടാതെ സന്ധ്യപറഞ്ഞു .

“ I am coming  “ . വനജേച്ചി വിളിച്ചു പറഞ്ഞു . അസോസിയേഷൻ സെക്ട്ടറിയുടെ ഭാര്യയില്ലാത്ത കസേര കളിയോ ? impossible  !!

" അവരെ ഒറ്റയ്ക്ക് വെച്ച് നിങ്ങൾക്ക് ഒരു കസേര കളി നടത്തിക്കൂടേ ? ചവിട്ടു കൊണ്ട് ചവാൻ പേടിയായതു കൊണ്ടാ  ". മനസ്സിൽ വന്നത് അങ്ങനെ തന്നെ വിഴുങ്ങി .

എന്റെ കണ്ണിലെ ഭയം മനസ്സിലാക്കിയതു കൊണ്ടാവാം , കെട്യോൻ  എന്റെ അടുത്ത് വന്നു ഓർമ്മിപ്പിച്ചു   " take  care , safety first " .

"നിങ്ങൾ സൈറ്റ് എഞ്ചിനീയർ ആണോ ? അതോ  സേഫ്റ്റി ഓഫീസർ ആണോ ? ". 

വനജേച്ചിയോടുള്ള ദേഷ്യം അങ്ങേരുടെ ചെവിയിൽ ചൂടോടെ  കുറച്ചു പകർന്നു കൊടുത്തു .

മ്യൂസിക് പ്ലേ ചെയ്തു , കസേര കളി തുടങ്ങി . വനജേച്ചിയിൽ  നിന്നും സേഫ്  ഡിസ്റ്റൻസിൽ ആണ് ഞാൻ ;  ഞങ്ങൾക്കിടയിൽ രണ്ടു പേരുണ്ട്. ഓരോരുത്തർ ആയി ഔട്ട് ആയി.  വനജേച്ചിയുടെ തൊട്ടു മുന്നിൽ നിന്ന മിനി ഔട്ട് ആയി പുറത്തു പോയപ്പോൾ ഞൊണ്ടി ഞൊണ്ടി പോകുന്നത് ഞാൻ ആ കളിയുടെ ഇടയിൽ കണ്ടതാണ്  . കാലു ചവിട്ടി ചമ്മന്തി ആക്കിക്കാണും; പാവം  . അവസാനം സന്ധ്യയും ഞാനും വനജേച്ചിയും രണ്ടു കസേരകളും മാത്രമായി . " മ്യൂസിക് ....". ഞങ്ങൾ കസേരയ്ക്കു ചുറ്റും ഓടിത്തുടങ്ങി .  സന്ധ്യയുടെ പിന്നിൽ വനജേച്ചി അതിനു പിന്നിൽ ഞാൻ . വനജേച്ചി നൂറേ നൂറിൽ ഓടുകയാണ് . " എന്റെ ചേച്ചി  ഇത് ഓട്ട മത്സരം അല്ല ഇങ്ങനെ കിടന്നു ഓടാൻ  " എന്ന് പറയണം എന്നുണ്ട് . പക്ഷെ എന്ത് ചെയ്യാൻ  ? . സന്ധ്യയും  ജീവൻ പണയം വെച്ച് ഓടുന്നുണ്ട്;   ഒന്ന്  സ്ലോ ആയാൽ പിന്നിൽ വരുന്ന ഇടിവണ്ടി തട്ടി ഇട്ടിട്ടു പോകും എന്ന് സന്ധ്യക്കുറപ്പാണ് . അത് പേടിച്ചു സന്ധ്യ എന്നെ തള്ളി  തള്ളി ഓടിക്കുന്നുണ്ട് . മ്യൂസിക് നിന്നു .

ഞാൻ മുന്നിൽ കണ്ട കസേരയിൽ ഇരുന്നു. നോക്കുമ്പോൾ സന്ധ്യ കസേരയും കടന്നു ഓടുകയാണ് .

പുള്ളിക്കാരി ഇപ്പോൾ കസേര ഒന്നും കാണുന്നില്ല  , “പിന്നിൽ ആന കുത്താൻ വരുമ്പോൾ ആരെങ്കിലും മുന്നിൽ കസേര ഇട്ടു കൊടുത്തിട്ടു ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുമോ ?”....നോക്കുമ്പോൾ വനജേച്ചിയും ഇരിക്കുന്നില്ല ..ഓട്ടത്തിലാണ് . ഇവരിതെന്തു ഭാവിച്ചാ ? ഞാൻ  ആൾക്കൂട്ടത്തിനിടയിൽ  നിൽക്കുന്ന എന്റെ കെട്യോനെ നോക്കി.  പുള്ളി ആരുടെയോ തോളിൽ തൂങ്ങി കിടന്നു ചിരിക്കുകയാണ് .

ആരൊക്കെയോ  വിളിച്ചു പറയുന്നുണ്ട്  " ഇരിക്ക്  വനജേ.. ,  സന്ധ്യേ ഇരിക്കൂ "എന്നൊക്കെ. 

വനജേച്ചി ഓടി തളർന്നു ;  അവസാനം  എന്റെ മടിയിൽ ഇരിക്കാൻ ആഞ്ഞതും ഞാൻ  സ്വമനസ്സാലെ ആ കസേര വനജേച്ചിക്ക് ഒഴിഞ്ഞു കൊടുത്ത്  ഓടിമാറി അടുത്ത കസേരയിൽ ഇരുന്നു. എന്നിട്ടും സന്ധ്യ ഓട്ടത്തിലാണ് .

 

ഫൈനൽ റൌണ്ട് ;  ഞാനും വനജേച്ചിയും പിന്നെ ഒരു കസേരയും . ഞാൻ ചുറ്റും നോക്കി. " എവിടെ എന്റെ കെട്ടിയോൻ ?". അവിടെങ്ങും കാണാനില്ല  . എന്റെ ചോര മണ്ണിൽ വീഴുന്നത് കാണാനാകാതെ മാറി നിന്ന് കരയുകയാണോ  ? അതോ മത്സരം കഴിഞ്ഞാൽ ഉടൻ  എന്നെ എടുത്തു ഹോസ്പിറ്റലിലേക്ക് പായാൻ കാർ നീക്കി അസോസിയേഷന്റെ മുന്നിലേക്കിടാൻ പോയതാണോ ?

 

" മ്യൂസിക് ...." ....എന്ന്  പറഞ്ഞതും   അത് പ്ലേ ചെയ്യാനൊന്നും കാത്തു നിൽക്കാതെ ഞാൻ എഴുന്നേറ്റു ഓടി. പിന്നാലെ വനജേച്ചിയും .സന്ധ്യയുടെ മാനസികാവസ്ഥ ഇപ്പോൾ എനിക്കേറെ കുറെ മനസ്സിലാകുന്നുണ്ട് . 

ഫൈനൽ റൌണ്ട് ആയതിനാൽ കുറെ നേരം ഇട്ടു ഓടിക്കാൻ ആണ് പ്ലാൻ എന്ന് തോന്നുന്നു .ചെറുതായി തല കറങ്ങുന്ന പോലെ . പെട്ടന്നു മ്യൂസിക് നിന്നു . ഞാൻ വേഗം കസേരയിലേക്ക് ഇരിക്കാൻ തുടങ്ങിയതും ; നോക്കുമ്പോൾ വനജേച്ചി വീണ്ടും എന്റെ മടിയിൽ ഇരിക്കാനുള്ള വരവാണ് ; സഹിക്കുന്നതിനു ഒരു പരിധിയുണ്ട് , ഈ കസേര എന്തായാലും  ഞാൻ വിട്ടു കൊടുക്കില്ല  . കസേരയും എടുത്തു ഞാൻ ഓടി മാറി . " ധും "  നോക്കുമ്പോൾ വനജേച്ചി  അതാ താഴെ കിടക്കുന്നു. എല്ലാവരും ചുറ്റും കൂടി . 

അപ്പോളും കസേര താഴെ വെയ്ക്കാതെ  എന്ത് ചെയ്യണം എന്നറിയാതെ നിന്ന എന്നെ കാതിൽ ആരോ മന്ത്രിച്ചു  " കസേര താഴെ വെച്ചിട്ട്  വേഗം പാർക്കിങ്ങിലേക്ക് വാ ".

 

കാറിൽ ഇരുന്നപ്പോൾ ഞാൻ പറഞ്ഞു “റൊട്ടി കടി മത്സരം ഇവിടെ ഇല്ലെന്നു പോലും. അതെന്താണാവോ ? ഇനി റൊട്ടിയിൽ താല്പര്യം ഇല്ലാഞ്ഞിട്ടാണെങ്കിൽ കുബ്ബൂസ് വെച്ച് അഡ്ജസ്റ്റ് ചെയ്‌തെങ്കിലും നടത്തേണ്ട ഒരു ഐറ്റം ആയിരിന്നു അത്.  വനജേച്ചിടെ “ഇടപെടൽ” ഇല്ലാതെ  എന്റെ സ്‌കിൽ വെച്ച് ഒരു  ട്രോഫി കിട്ടേണ്ട  ഐറ്റം ;  പറഞ്ഞിട്ടു കാര്യമില്ല . റൊട്ടി കടി ഇല്ലാതെ ഒരു ഓണാഘോഷം ! ഓർത്തിട്ടു തന്നെ എന്തോ പോലെ.  ഓർഗനൈസേർസ് അത്ര പോരാ അതാണ് .”

വിവാഹത്തിനു ശേഷം അന്നാദ്യമായി എന്റെ കെട്ടിയോൻ  എന്നെ രൂക്ഷമായൊന്നു  നോക്കി.

എന്തിനു ?  ആ ...ആർക്കറിയാം ?

ഞാൻ  പുറത്തേക്കു നോക്കി ഇരുന്നു .

നാട്ടിലെ റൊട്ടികടി മത്സരത്തിന് ഒരിക്കൽ സമ്മാനം ഒരു  ലക്സിന്റെ സോപ്പ്  ആയിരുന്നു . എല്ലാതവണത്തേയും പോലെ  അത്തവണയും ഒന്നാം സമ്മാനം എനിക്ക്. പക്ഷെ റൊട്ടിയിൽ   നോക്കി മുകളിലോട്ടു ചാടിചാടി  കഴുത്തുളുക്കി ഒരാഴ്

ച  ഉഴിച്ചിൽ  നടത്തേണ്ടി വന്നു. മര്യാദക്കൊന്നു  ഓണ സദ്യ കഴിക്കാൻ പോലും വയ്യാത്ത അവസ്ഥ , വെള്ളവും ജ്യൂസും ഒക്കെ കുടിച്ചു  ഫുൾ ടൈം ആകാശം നോക്കി ഒറ്റ ഇരിപ്പായിരുന്നു ആ ഒരാഴ്ച .  അന്ന് ചേട്ടൻ  " മാവേലിയുടെ സ്വന്തം വേഴാമ്പൽ " എന്ന് പറഞ്ഞു  എടുത്തു വച്ച ഫോട്ടോ ഇപ്പോളും ആൽബത്തിൽ ഇരിപ്പുണ്ട് .  പിറ്റേ വർഷം ഓണപ്പരിപാടിക്ക്‌ പിരിവിനു വന്ന ക്ലബ്ബ്കാരോട്  അമ്മ പറഞ്ഞു  " പിള്ളേരെ പിരിവൊക്കെ തരാം , പക്ഷെ റൊട്ടി കടി മത്സരം ഉണ്ടേൽ ഒരു കുപ്പി ധന്വന്തരം തൈലം മതി സമ്മാനം " . അമ്മയുടെ അത്ര  നോർമൽ അല്ലാത്ത ആവശ്യം കേട്ട്   അന്തം വിട്ടു നിന്ന  അവർക്ക്  ഇനി എന്തേലും സംശയo  ഉണ്ടേൽ മാറിക്കോട്ടെ എന്ന് വെച്ചാവും വാതിൽ പടിയിൽ നിന്ന എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടു അമ്മയുടെ അടുത്ത ഡയലോഗ്    " വീട്ടിൽ നല്ല ഓന്താന്തരം ദോശ ഉണ്ടാക്കിയാൽ  വേണ്ടാത്തവൾ ഒക്കെ പൊരിവെയിലത്തു നിന്ന് റോട്ടിക്ക് വേണ്ടി ചാടുന്ന ചാട്ടം കാണുമ്പോഴാ എനിക്ക് ....".  

ക്ലബ്ബ്കാരെല്ലാം എന്നെ  നോക്കി ഒന്ന് ചിരിച്ചു ,  ഇപ്പോൾ അവര്ക് എല്ലാം ക്ലിയർ ആയി അല്ലേൽ ഡൌട്ട് അടിച്ചു പണ്ടാരമടങ്ങി പോയേനെ .പക്ഷെ അത്തവണ അമ്മ മുൻകൂട്ടി കണ്ടു വാങ്ങി വെച്ച ധന്വന്തരം തൈലം ഉപയോഗപ്പെട്ടതു ചേട്ടന് ആയിരുന്നു എന്ന് മാത്രം. 

ഐറ്റം - കഴയിൽ കയറ്റം . ഓണത്തിന് വാങ്ങിയ ഡെനിമിന്റെ ജീൻസും ആക്ഷന്റെ ഷൂസും ഇട്ട് ജിൽ ജിൽ  എന്ന് ഓണം കളിയ്ക്കാൻ പോയ ചേട്ടനെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടുക്കാർ കാറിൽ കയറ്റി കൊണ്ട് വന്നു വീട്ടിൽ “വെച്ചിട്ടു” പോയി . തന്റെ പുതിയ ഡെനിമിന്റെ ജീൻസും ആക്ഷന്റെ ഷൂസും നാട്ടിലെ പെൺപിള്ളേരെയെല്ലാം   ഏരിയൽ വ്യൂവിൽ നിന്നോണ്ട് കാണിച്ചു കൊടുക്കണം എന്നത് ചേട്ടന്റെ ഓണം റെസൊല്യൂഷൻ ആയിരുന്നു എന്ന് വടക്കേലെ അനു ചേട്ടൻ പറഞ്ഞു പിന്നീടാണ് ഞങ്ങളോക്കെ അറിഞ്ഞത് .എണ്ണയും മുട്ടയും പുരട്ടി നല്ല മെഴു മിഴാന്ന്  നിൽക്കുന്ന കമുകാണ്  ഷൂ ഇട്ടു കൊണ്ട് കേറല്ലേന്നു അവിടെനിന്ന  നാട്ടുകാർ മുഴുവൻ പറഞ്ഞുവത്രേ ." ആക്ഷൻ ന്റെ ഷൂ ആണ് ചേട്ടാ ; അടിപൊളി ഗ്രിപ്പാണ്  " എന്ന് പറഞ്ഞു വലിഞ്ഞു കേറി . ഏകദേശം പകുതി കേറിയപ്പോൾ  പുള്ളിക്കൊരു സംശയം പെൺപിള്ളേരുടെ  കൂട്ടത്തിൽ അന്ന് ചേട്ടന്റെ ജൂനിയറും ഇപ്പോൾ  ചേട്ടത്തിയുടെ കൂടെ  സ്കൂളിൽ പഠിപ്പിക്കുന്നതുമായ  അശ്വതി വിലാസത്തിലെ അശ്വതിയും ആ ജംഗ്ഷൻന്റെ തെക്കേ വീട്ടിലെ രേവതിയും ഇല്ലേ എന്ന്.  അല്ലെങ്കിൽ പിന്നെ ഈ ഐറ്റം അവർക്കു വേണ്ടി മാത്രം ഇനി വേറെ നടത്താനൊന്നും പറ്റുല്ലല്ലോ .  ഒരു കോൺഫർമേഷനുവേണ്ടി ഒന്ന് താഴേക്ക് നോക്കിയത് മാത്രം ഓർമയുണ്ട് . അങ്ങനെ ആ ഓണത്തിന് അശ്വതിയും രേവതിയും കൂടെ ചേട്ടന്റെ മൂലം പൂരാടമാക്കി.

ഇത്ര നേരം ഞാൻ അവസരം കൊടുക്കാഞ്ഞതിൽ പിണങ്ങി എനിക്ക് യാതൊരു പ്രോത്സാഹനവും നൽകില്ല എന്ന വാശിയിൽ കടിച്ചു പിടിച്ചിരുന്ന അമ്മുമ്മ  ഇത് കേട്ട് പൊട്ടിച്ചിരിച്ചു .

പക്ഷെ ചേട്ടത്തിയുടെ മുഖത്ത് ഒരു കാർമേഘം ഇരുണ്ടു കൂടുന്നുണ്ടോ? .... ഞാൻ പതുക്കെ എഴുന്നേറ്റു .

"  ഹാപ്പി ഓണം ചേട്ടാ !!" 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com