എലിസബത്ത് രാജ്ഞി, ജനഹൃദയങ്ങളിൽ നിറഞ്ഞ അസാമാന്യ നയതന്ത്രജ്ഞ

queen-elizabeth-2
SHARE

ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോർപറേഷന്റെ ചരിത്രത്തിൽ ഏറ്റവും ആദ്യം തത്സമയ സംപ്രേക്ഷണം നടത്തിയ പരിപാടി ഈ ലോകം ആദരിച്ചിരുന്നു . ബ്രിട്ടീഷ്  രാജ്ഞി എലിസബത്ത് രണ്ടിന്റെ കിരീടധാരണം ആയിരുന്നു അത്. 1953 ജൂൺ മാസത്തിൽ തത്സമയ സംപ്രേക്ഷണം ചെയ്തതിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ വിയോചിച്ചിരുന്നെങ്കിലും ദശലക്ഷത്തിലധികം പൗരന്മാർ ആരാധനയോടും ബഹുമാനത്തോടും വീക്ഷിച്ചിരുന്നു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. യുദ്ധക്കെടുതികളിൽ നിന്നും ബ്രിട്ടൻ മാത്രമല്ല എല്ലാ ലോകരാജ്യങ്ങളും കരകേറുന്ന വേളയിൽ ആയതിനാലാവും ചിലരുടെ വിയോജിപ്പുകൾ. എന്നാൽ ബ്രിട്ടനിലെ പൊതുജനത എത്രത്തോളം തങ്ങളുടെ രാജകീയ കുടുംബത്തിനെ നെഞ്ചോട് ചേർത്തിരുന്നു എന്നതിന്റെ നേർചിത്രമായിരിന്നു അന്നത്തെ അവരുടെ ആവേശം. 

ദൃശ്യമാധ്യമം അധികം പ്രചാരത്തിലില്ലായിരുന്നു എങ്കിലും ബ്രിട്ടീഷ് പൗരന്മാർ ചിലരെങ്കിലും ആദ്യമായിട്ടാണ് ടെലിവിഷൻ കാണുന്നതും, പ്രത്യേകിച്ചും  തങ്ങളുടെ രാജ്ഞിയുടെ  കിരീടധാരണം നേരിൽ കണ്ട് ആനന്ദിച്ചിരുന്നത്. ബ്രിട്ടനെ നാസിപ്പടയിൽ നിന്നും സംരക്ഷിച്ചിരുന്ന വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് രാജകീയതയെ  അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്ന് എല്ലാ ചരിത്രകാരന്മാരും സാക്ഷ്യപ്പെത്തുന്നുണ്ട്.  എങ്കിലും രാജവംശത്തിലെ ചിലരോടുള്ള അഭിപ്രായ ഭിന്നതകൾ പരസ്യവുമായിരിന്നു.

നോബൽ സമ്മാനം ലഭിച്ച ഏക ബ്രിട്ടീഷ്   പ്രധാനമന്ത്രിയും കൂടിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ വിദഗ്ധനായ നയതന്ത്രജ്ഞനുമായിരുന്നതും എലിസബത്ത് രാജ്ഞിയെ ലോകത്തിന് സ്വീകാര്യമാക്കിയ ഘടകമായിരുന്നു എന്ന് മറ്റുചിലരും സൂചിപ്പിക്കുന്നുണ്ട്. കിരീടധാരണത്തിന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം രാജ്ഞിയുടെ  സാന്നിധ്യത്തിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്തത് ഇപ്രകാരമായിരുന്നു "ഇന്നേ ദിവസത്തിൽ കൂടിയിരിക്കുന്ന അറുപതോളം കോമൺവെൽത്ത് രാജ്യങ്ങൾക്ക് ഏകരാജകീയത മാത്രമാണുള്ളത്, പ്രഭയാർന്ന രാജകീയതയുടെ സമക്ഷം എല്ലാ ജനപ്രതിനിധികൾക്കും എല്ലാ വിഷയങ്ങളും ഉന്നയിക്കാം ചർച്ച ചെയ്യാം " രാജകീയ വാഴ്ചയോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ആദരവും പരസ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം തുടർന്നു "പൊതുജന ക്ഷേമവും സംരക്ഷണവും രാജകീയ വംശത്തിന്മേൽ ഭരമേൽപ്പിച്ചിരിക്കുന്ന ദൈവീകവും പവിത്രവുമായ ചുമതലകളാണ്, ലോകം മാറ്റത്തിന്റെ പാതയിലാണെങ്കിലും മാറുന്ന ലോകത്തെ ഏകീകരിക്കുന്നു ഘടകമാണ് രാജകീയത, അതിനാൽ തന്നെ ഓരോരുത്തർക്കും രാജകീയതയോടുള്ള കൂറും മറ്റെല്ലാത്തിനേക്കാളും ഉപരിയുമാണ്".   

പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ  എലിസബത്ത് രാജ്ഞിയുടെ രാഷ്ട്രീയ ഗുരുവായും  ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും കൂടിക്കാഴ്ചകൾ സുഖപ്രദവും ആനന്ദദായകവുമായിരുന്നു എന്നാണ് ചർച്ചിലിനെക്കുറിച്ചെഴുതിയ ചരിത്രകാരൻ വിശേഷിപ്പിക്കുന്നത് "ഭരണസംവിധാനത്തിൽ രാജകീയ സ്ഥാനങ്ങളുള്ള എലിസബത്ത് രാജ്ഞിക്ക്  വിൻസ്റ്റൺ ചർച്ചിൽ ഏറ്റവും അധികം സ്‌നേഹാദരങ്ങൾ നൽകിയിരുന്നു" പ്രായത്തിലും ജീവിതാനുഭവങ്ങളിലും വളരെ മുൻപിലായിരുന്ന വിൻസ്റ്റൺ ചർച്ചിലിൽ നിന്നും രാജതന്ത്രങ്ങൾ പഠിക്കുവാൻ  രാജ്ഞി വിമുഖത കാണിച്ചില്ല എന്നത് തന്നെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. ലോകത്തിൽ വളരെയധികം അരക്ഷിതാവസ്ഥകൾ നിറഞ്ഞ സമയത്താണ് രാജ്ഞിയുടെ ജനനം. എങ്കിൽ കൂടിയും ഭരണാധികാരികൾക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും പൊതുജനങ്ങൾക്കൊപ്പവും ഒരേ സമയം പ്രവർത്തിക്കുവാൻ കാണിച്ച ശുഷ്‌കാന്തി ആയിരിക്കണം രാജ്ഞിയെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത്. ദീർഘകാലം എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സെക്രട്ടറി ആയിരുന്ന സാർ ലാസെല്ലാസും വിശേഷിപ്പിച്ചിരുന്നത് മറ്റൊന്നായിരുന്നില്ല "രാജ്ഞിയും  പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും തമ്മിലുള്ള സംഭാഷണം ഒരിക്കലും ഞാൻ കേട്ടിട്ടില്ല, എന്നാൽ അധികവും നർമ്മങ്ങളിൽ ചാലിച്ച ആശയവിനിമയം ആയിരിന്നു, കാരണം എത്രഗൗരവമുള്ള വിഷയങ്ങളായിരുന്നുവെങ്കിലും ഇരുവരുടെയും കാഴ്ചപ്പാടുകളിൽ സമാനതകളുണ്ടായിരിക്കണം, നേരിട്ടുള്ള സംഭാഷണങ്ങൾ ആരോഗ്യപരമായിരുന്നു. കൂടിക്കാഴ്ചകളിൽ നിന്നും മടങ്ങുന്ന ചർച്ചിലിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറയാറുണ്ടായിരുന്നു"

രാജകീയ ഭരണത്തിൽ നിന്നും ബ്രിട്ടൺ മാത്രമല്ല ലോകം മുഴുവനും ജനകീയ ഭരണത്തിലേയ്ക്ക് തിരിഞ്ഞപ്പോൾ ബ്രിട്ടന്റെ രാജവംശം നിലനിൽക്കുന്നതിൽ എലിസബത്ത് രാജ്ഞിയുടെ പങ്ക് വർണ്ണനാതീതമാണ്. രാജവാഴ്ചയിൽ നിന്നും ജനകീയ വാഴ്ചയിലേയ്ക്ക് രൂപാന്തരപ്പെടുമ്പോൾ സ്വാഭാവികമായും അന്യം നിന്നുപോകേണ്ട സംസ്ക്കാരം ബ്രിട്ടനിൽ നിലനിർത്തിയത് എലിസബത്ത് രാജ്ഞിയുടെ അഗാധമായ ജനതന്ത്രവും രാഷ്ട്രീയ ജ്ഞാനവും അവസരോചിതമായ നിലപാടുകളുമാണെന്ന്  കരുതപ്പെടുന്നു.  രാജകുടുംബാംഗങ്ങളിലെ അഭിപ്രായ ഭിന്നതകളും അവരുടെ മേലുള്ള നിരവധിയായ ആരോപണങ്ങളെയും അതിജീവിച്ച് ജനക്ഷേമ നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വമായാണ് ചരിത്രം കാണുന്നത്.  ചെറുതാണെങ്കിലും വലുതാണെങ്കിലും അധികാരങ്ങൾ നഷ്ടപ്പെടുവാൻ സാധാരണക്കാർ പോലും ആഗ്രഹിക്കാത്ത ലോകമാണിന്നുള്ളത്. എന്നാൽ  രാജവംശത്തിന്റെ പ്രാധിനിത്യം ഉറപ്പാക്കുവാനും നിലനിർത്തുവാനുമുള്ള ലക്ഷ്യം മുൻനിർത്തി ജനകീയഭരണത്തോട് സഹകരിക്കുവാൻ  തയ്യാറായതിനാൽ മാത്രമാണ് ബ്രിട്ടീഷ് രാജവംശം ഇന്നും ലോകത്തിൽ ബഹുമാനിക്കപ്പെടുന്നത്. അവസരോചിതമായി നിർണ്ണായക തീരുമാനങ്ങൾ എടുക്കുവാനും ചോദ്യങ്ങളെ ഫലപ്രദമായി ചെറുക്കുവാനും സാധിച്ചതിനാൽ രാജ്ഞിക്കും  രാജകുടുംബാംഗങ്ങൾക്കും സ്ഥാനത്യാഗം ചെയ്യേണ്ടി വന്നില്ല. 1960-കളുടെ അവസാനത്തിൽ  രാജ്ഞിയുടെ തീരുമാനമായിരുന്നു രാജകുടുംബാംഗങ്ങളെ സാധാരണ ജനങ്ങളായി ചിത്രീകരിച്ച് ബ്രിട്ടണിലെ പൊതുസമൂഹത്തിന് മുൻപിൽ അവതരിപ്പിച്ചത്. ഭൃത്യന്മാർക്ക് ഉപരിയായി രാജകുടുംബം സാധാരണക്കാരെപ്പോലെ ജീവിക്കുന്ന ചിത്രം, ഫിലിപ്പ് രാജാവ്  കുടുംബാംഗങ്ങൾക്കായി ഭക്ഷണം പാകം ചെയ്യുന്ന ചിത്രം, കുടുംബാംഗങ്ങൾ അന്യോന്യം സംവദിക്കുന്ന ചിത്രം. തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് അനുഗമിക്കുന്ന രാജകുടുംബാംഗങ്ങൾ, ക്രിസ്മസ്സിന്റെ അലങ്കാരങ്ങൾ നടത്തുന്ന കുടുംബാംഗങ്ങൾ. ഇവയെല്ലാം ബിബിസി-യിൽ പ്രക്ഷേപണം ചെയ്തപ്പോൾ  നിരവധിപ്പേർ അടക്കം പറഞ്ഞു, ചിലരെല്ലാം പരസ്യമായും രഹസ്യമായും കുറ്റപ്പെടുത്തി. എങ്കിലും അവരും സാധാരണക്കാരാണ് എന്ന് വിശേഷിപ്പിച്ചതിലൂടെ രാജകുടുംബത്തിനെ രാജവാഴ്ചയിൽ നിന്നും ബ്രിട്ടൻറെ രാജകുടുംബം എന്നൊരു സവിശേഷതയാണ് എലിസബത്ത് രാജ്ഞി നൽകിയത്.  

ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത് അലക്‌സാൻഡ്ര മേരി വിൻഡ്സർ എന്ന ബ്രിട്ടീഷ് രാജ്ഞി 96 വയസ്സിൽ കാലം ചെയ്യുമ്പോൾ അടുത്ത പത്തു നാളുകൾ ബ്രിട്ടനിലെ നിവാസികളും രാജ്ഞിയെ ആദരിച്ചിരുന്ന എല്ലാ ലോകജനതയും ദുഖമാചരിക്കുകയാണ്. ദൈവം കനിഞ്ഞു നൽകിയ രാജകീയ അധികാരങ്ങൾ ഏറ്റവും തീഷ്ണതയോടും കൃത്യതയോടും നിർവഹിച്ച വ്യക്തിത്വം. സ്വകാര്യവും പൊതുവുമായ കൂടിക്കാഴ്ചകളിലും പൊതുസമൂഹത്തിന് മുൻപിലും ഏറ്റവും മേന്മയേറിയ വികാരപ്രകടനങ്ങൾ മാത്രം നടത്തിയിരുന്ന രാജകുമാരി.  ധാർഷ്ട്യമേറിയ വാക്കുകൾ ഉപയോഗിക്കുവാൻ ആഗ്രഹിക്കാത്തതിനാൽ ചില ആംഗ്യവിക്ഷേപങ്ങളിലൂടെ ആശയവിനിമയം നടത്തി തന്റെ വിമർശകരെപ്പോലും ആരാധകരായി മാറ്റിയ ലോകനേതാവ്. ആംഗ്യചേഷ്ടകളെല്ലാം അടുത്ത വൃന്ദങ്ങൾക്ക് മാത്രമാണ് അറിവുള്ളതെങ്കിലും കൃത്യമായ സൂചനകൾ  നൽകുവാൻ തന്റെ കൈവശമുള്ള ബാഗ് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. ബാഗ് മേശപ്പുറത്ത് വച്ചാൽ അഞ്ചു മിനിറ്റുനുള്ളിൽ അവിടുന്ന് പോകണമെന്നും, തറയിൽ വെച്ചാൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള സൂചന. എല്ലാ വേളകളിലും കൃത്യനിഷ്ഠയും അതോടൊപ്പം അതിഥികളെയും ശ്രോതാക്കളെയും അറിഞ്ഞുള്ള സംഭാഷണ ശൈലിയും നിലനിർത്തിയിരുന്ന രാജ്ഞിയിൽ നിന്നും പൊതുജനങ്ങൾക്ക് ധാരാളം പഠിക്കുവാനുമുണ്ട്.

1. നേതൃത്വം പ്രത്യക്ഷത്തിലുള്ളവരായിരിക്കണം

പൊതുസമൂഹത്തിൽ നിന്നും വേറിട്ട ജീവിതശൈലിയും പ്രവർത്തനവും കാഴ്ച്ച വയ്ക്കുന്നവരായിരിക്കണം നേതാക്കന്മാർ. അവരുടെ വേഷഭൂഷാദികളും ആടയാഭരണങ്ങളും പൊതുജനങ്ങളിൽ നിന്നും അവരെ എളുപ്പത്തിൽ  തിരിച്ചറിയുവാൻ സാധിക്കുന്നതായിരിക്കണം. രാജവംശത്തിൽ പിറന്നതിനാൽ എല്ലായ്പ്പോഴും ആകർഷണീയവും അസാധാരണമായ വേഷവിധാനങ്ങളോടൊപ്പം അമൂല്യമായ രക്നങ്ങളും പതിച്ച ആടയാഭരണങ്ങൾ ധരിച്ചെത്തുന്ന രാജ്ഞിയിൽ നിന്നും മുഖം തിരിക്കുവാൻ സാധാരണക്കാർക്കാവില്ല. രാജ്യത്തിൻറെ തലപ്പത്തിരിക്കുമ്പോൾ മാതൃകാപരമായ പ്രവർത്തനവും അവസരോചിതമായി കാഴ്ചവയ്ക്കണമെന്ന് രാജ്ഞിയുടെ ജീവിതത്തിൽ നിന്നും മനസിലാക്കുവാൻ സാധിക്കും. ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ നേതൃത്വഗുണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും കാണുവാൻ സാധിക്കും.  1940-ൽ, 14 വയസ്സുള്ള എലിസബത്ത് ബിബിസിയുടെ കുട്ടികൾക്കായുള്ള സംപ്രേഷണത്തിൽ  നഗരങ്ങളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട മറ്റ് കുട്ടികളെ  അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയിരുന്നു. അവൾ അന്ന് പ്രസ്താവിച്ചിരിന്നു: "ഞങ്ങളുടെ ധീരരായ നാവികരെയും സൈനികരെയും വ്യോമസേനക്കാരെയും സഹായിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുന്നു, കൂടാതെ യുദ്ധത്തിന്റെ അപകടത്തിന്റെയും സങ്കടത്തിന്റെയും സ്വന്തം പങ്ക് വഹിക്കാൻ ഞങ്ങളും ശ്രമിക്കുന്നു. നമുക്കെല്ലാവർക്കും അറിയാം, അവസാനം എല്ലാം ശരിയാകും." അനർഥങ്ങളിൽ ആശങ്കപ്പെടാതെ പ്രത്യാശ നൽകുന്നവരാണ് നേതാക്കന്മാരെന്ന് വാക്കുകളിലൂടെയും  പ്രവർത്തനത്തിലൂടെയും കാഴ്ചവച്ച വ്യക്തിയായിരുന്നു കാലം ചെയ്ത രാജ്ഞി.

2. ചെളിപുരണ്ടാലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കണം

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയാണെങ്കിലും രാജ്ഞി അറിയപ്പെട്ടിരുന്നത് ലോറി ഡ്രൈവറായും കേവലം മെക്കാനിക്കുമായാണ്. മടി കൂടാതെ എന്ത് ജോലിയും ചെയ്യുവാൻ കഴിവുള്ള വ്യക്തി, കൈകളിൽ അഴുക്ക് പുരളുന്ന യന്ത്രപ്പണികളിൽ നൈപുണ്യമുള്ള വ്യക്തിയുമായിരുന്നു ലോകം ആദരിച്ചിരുന്നു രാജകുമാരി. നേതാക്കന്മാർ കേവലം വാക്കുകളിലൂടെ നയിക്കേണ്ടവരല്ല മറിച്ച് പ്രവർത്തനങ്ങളിലൂടെ നയിക്കേണ്ടവരാണ്. മറ്റുള്ളവർക്ക് മാതൃകയാവണമെങ്കിൽ കൈകളിലും ദേഹമാസകലവും കരിയും ചെളിയും പുരളുവാനുള്ള പ്രവർത്തനങ്ങളിൽ ഏർപെടേണ്ടി വരും. പൊതുസമൂഹത്തിന് ഉപകാരമുള്ള പ്രവർത്തനങ്ങൾ ചെയ്ത് ശീലിച്ചിരുന്നതിനാൽ രാജകീയ പദവിയിലെത്തിയപ്പോൾ അധികാരം പൊതുക്ഷേമത്തിനായി മാത്രം ഉപയോഗിക്കുവാൻ ലോകത്തിന്റെ സ്വന്തം രാജ്ഞിക്ക് സാധിച്ചിരിക്കണം.

3. പ്രവർത്തനം ഉത്തമമാണ്,  നന്മ ചെയ്യുന്നതാണ് പരമപ്രധാനം

എലിസബത്ത് രാജ്ഞി അറുനൂറിൽ പരം സന്നദ്ധ സംഘടനകളുടെ രക്ഷാധികാരി ആയിരിന്നു, ബ്രിട്ടനിലും ലോകത്തെമ്പാടുമുള്ള കോമൺവെൽത്ത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതും എല്ലാ ജനങ്ങൾക്കും  ഉപകാരപ്പെടുന്നതുമായ സംഘടനകൾ. എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സംഘടനകൾ ഉണ്ടെന്നുള്ളതാണ് ശ്രേദ്ധേയമായ വസ്തുത. കൂട്ടികളുടെ സംരക്ഷണത്തിനും വളർച്ചയ്‌ക്കും, കാർഷികമേഖലകളുടെ സംരക്ഷണത്തിനും ഉല്പാദനക്ഷമത വർധിപ്പിക്കുന്നതും, ആരോഗ്യമേഖലകളിലും, കായികവും വിനോദങ്ങളിലും പ്രവർത്തിക്കുന്ന സംഘടനകളുടെയും രക്ഷാധികാരി ആയിരുന്നു എന്ന അറിയുമ്പോൾ നേതാക്കന്മാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും പ്രചോദനമേകും.

4. ക്രിയാത്‌മകമായ പ്രവർത്തനത്തിനൊപ്പം ആനന്ദത്തിനായും സമയം വിനിയോഗിക്കണം

മനുഷ്യജീവിതം ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനൊപ്പം ആനന്ദപ്രദവുമാക്കണം എന്നാണ് രാജ്ഞിയുടെ ജീവിതം നൽകുന്ന സന്ദേശം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലപ്പത്തിരിക്കുമ്പോൾ സാധാരക്കാർക്ക് ചിന്തിക്കുവാൻ കഴിയുന്നതിലുപരി ജോലിഭാരമുള്ളപ്പോഴും കുടുംബാംഗങ്ങളുമൊത്ത് സല്ലപിക്കുവാനും അവധിക്കാലം ചെലവഴിക്കുവാനും സമയം കണ്ടെത്തിയിരുന്നു. ബന്ധങ്ങൾ സുദൃഢമായി സംരക്ഷിക്കുവാനും നിലനിറുത്തുവാനും മുൻകൈയെടുത്തിരുന്നതായി രാജ്ഞിയുമായി അടുത്തിടപഴകിയവർ സൂചിപ്പിക്കുന്നത്. വളർത്തുമൃഗങ്ങളെ പരിപാലിക്കുവാനും അവയോടൊപ്പം സമയം ചിലവഴിക്കുന്നതിനൊപ്പം ബ്രിട്ടനിലും ലോകത്തെമ്പാടുമുള്ള ഗ്രാമങ്ങളുടെ സൗന്ദര്യവും ആസ്വദിച്ചിരുന്നു. സാഹസികതയേറിയ ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിക്കുന്നതിനൊപ്പം അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ  സന്ദർശിക്കുവാനും രാജ്ഞിക്ക് പ്രത്യേക താല്പര്യമുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുവാനും മടി കാണിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായ വസ്തുതകളാണ്.

5. അപരിചിതർ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നവരാണ്

അറിവുകൾ മനുഷ്യരിലൂടെയാണ് ലഭിക്കുന്നതെന്നും അപരിചതരിലൂടെ ലഭിക്കുന്നതെല്ലാം പുത്തൻ  അനുഭവങ്ങളാണെന്നും മടികൂടാതെ പങ്ക് വയ്ക്കുന്ന വ്യക്തിയുമായിരിന്നു നമ്മളിൽ നിന്നും വേർപിരിഞ്ഞ എലിസബത്ത് രാജ്ഞി. ലോകമെന്പാടും സഞ്ചരിച്ച മറ്റൊരു ലോകനേതാവുണ്ടാവുമെന്ന് കരുതുന്നില്ല, രാജ്ഞി 110 രാജ്യങ്ങളോളം സന്ദർശിക്കുക മാത്രമല്ല ചെയ്തിരുന്ന അവിടങ്ങളിലുള്ള മനുഷ്യരുമായി ഇടപഴുകാനും അവരുടെ ജീവിതരീതികൾ അറിയുവാനും ശ്രമിച്ചിരുന്നു. ലണ്ടനിൽ മാത്രം 270 രാജ്യങ്ങളിൽ നിന്നുമുള്ള മനുഷ്യർ ജീവിക്കുന്നുണ്ടെന്നും ഏകദേശം 300 റിൽ പരം ഭാഷകൾ സംസാരിക്കുന്നവർ ഉണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  സൂര്യനസ്തമിക്കാത്ത നാടിൻറെ പ്രഭ മങ്ങിയെങ്കിലും ബ്രിട്ടണിൽ എത്തിച്ചേരുകയെന്നത്  ലോകമെന്പടുമുള്ളവരുടെ ജീവിതലക്ഷ്യമാണ്. ആലംബഹീനർക്ക് അഭയം നൽകുവാനുള്ള സന്മനസ്സ് ബ്രിട്ടീഷുകാർ അവരുടെ സ്വന്തം രാജ്ഞിയിൽ നിന്നും പഠിച്ചതാവാം.

ബ്രിട്ടീഷുകാരുൾപ്പെടുന്ന ലോകമെമ്പാടുമുള്ള സന്മനസ്സുള്ള മനുഷ്യർക്ക്  എലിസബത്ത് (രണ്ടാം) രാജ്ഞി വെറുമൊരു ഭരണസിരാ കേന്ദ്രം  മാത്രമായിരുന്നില്ല, എല്ലാം തികഞ്ഞ നയതന്ത്രജ്ഞയും, ആധുനികതയെ മടികൂടാതെ പുൽകിയ മനുഷ്യസ്നേഹിയും, ബ്രിട്ടീഷധീനതയിലുണ്ടായിരുന്ന രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നും ദാരിദ്രം നിർമ്മാർജ്ജനം ചെയ്യുവാൻ ആഗ്രഹിച്ച വ്യക്തിയുമായിരിന്നു. ലോകസമാധാനത്തിനായി മുൻകൈയെടുക്കുവാൻ ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വത്തിനെ നയിക്കുവാനും ഏറെ ശ്രമിച്ചിരുന്നു എന്നതും ശ്രദ്ധേയമായ വസ്തുതയുമാണ്. രാജകീയ അധികാരത്തോട് ചേർന്നുള്ള ഉത്തരവാദിത്വങ്ങൾ പൂർണമായി നിർവഹിക്കുന്നതിനൊപ്പം എലിസബത്ത് രാജ്ഞി ഒരു ഭാര്യയും, അമ്മയും, വല്ല്യമ്മയും ആയിരിന്നു എന്ന വസ്തുതയും വിസ്മരിക്കുന്നില്ല.  രാജ്ഞിയുടെ സുദീർഘമായ പൊതുപ്രവർത്തനങ്ങളും മഹത്വമേറിയ ഔദ്യോഗിക ജീവിതവും അധികവും അറിയപ്പെടാത്തതും എന്നാൽ സങ്കീർണതകൾ നിറഞ്ഞ കുടുംബജീവിതവും ലോകജനതയ്ക്കും നേതൃത്വത്തിനും ഉത്തമമായ മാതൃകയാണ്. എലിസബത്ത് രാജ്ഞിയുടെ വിയോഗം ലോകജനതയ്ക്ക് നികത്തുവാനാവാത്ത നഷ്ടമാണ്.  എലിസബത്ത് രാജ്ഞിയുടെ ബന്ധുമിത്രാദികളുടെയും, രാജ്ഞിയുടെ വിയോഗത്തിൽ വ്യസനിക്കുന്ന ലോകജനതയുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

ബ്രിട്ടനിലെ സാമൂഹിക പ്രവർത്തനത്തിന് എഴുത്തുകാരന് എലിസബത്ത് രാജ്ഞിയിൽ നിന്നും ബ്രിട്ടീഷ് എംപയർ മെഡൽ (പുരസ്‌കാരം) ലഭിച്ചിട്ടുണ്ട്    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}