ADVERTISEMENT

കഥകളിലൂടെ  എഴുത്തുകാരി മുന്നിൽ അനാവൃതമാകുന്ന ലോകം വരച്ചിടുന്ന അനുഭവം; അതാണ് 'പെൺഭൂപടങ്ങൾ' എന്ന കഥാസമാഹാരത്തിൽ ശ്രീദേവി മധു ചെയ്തിരിക്കുന്ന കർമം. ലളിതമായ ഭാഷയിൽ ഇരുപത് കഥകൾ.  ഓരോ കഥയിലും പദശുദ്ധിയോടെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന അനുഭവത്തിൻറെ കാഠിന്യം വായനക്കാരന് കൺമുന്നിൽ കാണുകയോ അനുഭവിക്കുകയോ ചെയ്യുന്ന പോലെ. 

 

 

 

 

വലിയ വലിയ ചിന്തകളിലേക്കൊന്നും വായനയെ കൊണ്ടുപോകാതെ കുട്ടികൾക്ക് പോലും മനസിലാകുന്ന ഭാഷയാണ് ഈ പുസ്തകത്തിലേത്. തുടക്കത്തിൽ വി.ആർ സുധീഷ് പറയുന്നു. "അവളുടെ ലോകങ്ങളാണ് ശ്രീദേവിയുടെ തുറസ്സ്"  ഓരോ കഥയിലും പ്രധാന കഥാപാത്രമായി ഒരു പെണ്ണുണ്ട്,  അവളുടെ മനസ്സുണ്ട്. അവൾ അനുഭവിക്കുന്ന സന്തോഷവും സന്താപവും ആത്മസംഘർഷവും നിറയുന്നുണ്ട്.

 

 

 

 

ലളിതമായ വായന നൽകുന്നുവെങ്കിലും ഓരോ കഥയിലും ഓരോ മെസേജുകൾ നൽകുവാൻ എഴുത്തുകാരി ശ്രമിക്കുകയും  ഒപ്പം സമൂഹത്തിലെ നന്മതിന്മകളെ ചൂണ്ടിക്കാണിക്കുവാൻ കർമ്മം നടത്തുകയും ചെയ്യുന്നുണ്ട്.  ജാതിയും മതവും, രാഷ്ട്രീയവും ഒന്നുമല്ല മനുഷ്യനും സ്നേഹവും ഒക്കെയാകുന്നു പരമമായ സത്യം മതം എന്നൊക്കെ ഈ പുസ്തകത്തിലെ ഓരോ കഥകളും വിളിച്ചു പറയുന്നുണ്ട്.  മുന്നിൽ കാണുന്ന തിന്മകളെ ചെറുക്കുവാനുള്ള പെണ്ണിൻറെ ചിന്തകളും, അവളുടെ വേദനകളും ഓരോ കഥയുടെയും കാതലായി ഭവിക്കുന്നു.

 

 

 

 

ഈ കഥകളിൽ കാണുവാൻ കഴിയുന്ന മറ്റൊരു പ്രത്യേകത; നന്മയുടെ തുണ്ട്, അല്ലെങ്കിൽ വാക്യങ്ങൾ വായനകകരനെ സ്പർശിക്കുന്നു എന്നതാണ്.  മരണശേഷം, മരിച്ച പെൺകുട്ടി കാക്കയായി വന്ന് ബലിച്ചോറിനടുത്ത് മരക്കൊമ്പിൽ ഇരുന്ന് കാണുന്ന കാഴ്ച്ചകൾ 'കാക്ക' എന്ന ആദ്യ കഥയിൽ കാണാം. കഥയിലെ ചില ചിന്തകൾ നോക്കൂ; "ഒന്നിനുവേണ്ടിയും സമയം മാറ്റിവച്ചുകൂടാ.  ഹൃദയത്തിൽ തോന്നുമ്പോൾ അത് ചെയ്യണം.  ഇല്ലെങ്കിൽ അത് പറയുവാൻ നമ്മളോ, അത് കേൾക്കുവാൻ അവരോ ഉണ്ടായിരിക്കണമെന്നില്ല"  അതേപോലെ  മറ്റൊന്ന് "എത്ര അഴകുള്ളതാണ് ജീവിതം.  നഷ്ടപ്പെടുമ്പോഴേ  ജീവിതത്തിൻറെ ഇരട്ടി മധുരം അറിയാനാകൂ". 

 

 

 

 

'മരതകം' എന്ന കഥയിൽ സർവ്വമതത്തിലെയും ദൈവങ്ങളെയും വിളിച്ച് പ്രാർഥിക്കുന്ന അമ്മച്ചിയോട് കൊച്ചുമകൾ അനീറ്റ പറയുന്നു  "അമ്മച്ചീ, മനുഷ്യരെ സ്നേഹിക്കാൻ പഠിക്ക്. അവരിലാണ് ദൈവങ്ങൾ കുടികൊള്ളുന്നത്".  മറ്റൊരു കഥയായ 'ഫ്‌ളെക്‌സ്' ചെറുതെങ്കിലും വല്ലാതെ നോവിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. "അവസാനം, എന്നെപ്പോലെ ഇങ്ങനെ ഫ്‌ളക്‌സായി....".   ലോകത്തിൻറെ തിരക്കിനുമേൽ കഥാന്ത്യം പറയുന്ന വാക്കുകൾ മുള്ളാണിപോലെ കൊണ്ടുകയറുന്നുണ്ട്. 

 

 

 

 

'കുഞ്ഞുപെണ്ണിൻറെ സിനിമാ ടാകീസ്' എന്ന കഥയിൽ ആത്മാർഥ സ്നേഹത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന പെൺമനസ്സിനെ കാണാം.  'ഷണ്മുഖന്റെ മഴനനവുകൾ' എന്ന കഥയിലെ "നെൽകതിരുകൾക്കൊപ്പം അയാൾ ഓർമ്മകളെ ചായ്ച്ചുപിടിച്ചു.  ഇനിയെത്ര ചായ്ച്ചാലും തിരികെ വരാത്തത് ഒരു കണികപോലെ ആ ഓർമ്മകൾ മാഞ്ഞുപോയി" എന്ന വാക്കുകൾ വായിക്കുമ്പോൾ വായനക്കാരനിൽ നിറയുന്ന ആർദ്രത ഏറെ. 'വരത്തൻ' എന്ന കഥയിലെ ഏലിയാന്റെ മരണവും ശവം മറവു ചെയ്യുവാൻ നാട്ടുകാർ തർക്കിക്കുന്നതും മതവും ജാതിയും തലയ്ക്ക് പിടിച്ചവർക്ക് നൽകുന്ന ചാട്ടുളി പ്രയോഗമാകും.  കഥയുടെ അവസാനം ഇങ്ങനെ; "ജാതിയറിയാത്ത ഏലിയാന്റെ കുഴിമാടത്തിന് മുകളിൽ പടർന്ന് പന്തലിച്ച് നിറയെ കൈകളുമായി നെല്ലിമരം നിന്നു. ഗ്രാമത്തിലെ കുട്ടികൾ ജാതിഭേദമില്ലതെ അതിലുണ്ടായ നെല്ലിക്കകൾ പറിച്ചു തിന്നു"

 

 

 

 

ശ്രീദേവിയുടെ മിക്ക കഥകളും കഥയിലെ കഥയായി മാറുന്നുണ്ട്. 'വാറ്റ് 1988' എന്ന കഥ വായനക്കാരനെ നേരിട്ട് ഒരു വാറ്റ് കേന്ദ്രത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന പോലെ.  ദൃശ്യങ്ങൾ ആയാലും, ചിന്തകൾ ആയാലും, തത്വങ്ങൾ ആയാലും അത് ആഴത്തിൽ മനസിലേക്ക് സന്നിവേശിപ്പിക്കുവാൻ പാകത്തിൽ കഥാകാരി എഴുതിയിരിക്കുന്നു.  ചിലയിടത്തൊക്കെ കഥ അനുഭവക്കുറിപ്പിലേക്ക് ചാഞ്ചാട്ടം നടത്തുന്നതായി തോന്നാം.  ചില കഥാപാത്രങ്ങളുടെ ചിന്തകൾ ആവർത്തനമായും കാണാം. എങ്കിലും കഥാപരിസരങ്ങൾ നൽകുന്ന പുതുമ ഓരോ കഥയ്ക്കും നൽകുന്ന വ്യത്യസ്തത അത്തരം പോരായ്മകളെ മറികടക്കുന്നുണ്ട്.  അവസാനത്തെ കഥയായ 'പെൺഭൂപടങ്ങൾ' നൽകുന്ന വായന വല്ലാത്ത ഒരനുഭവം തന്നെ. അതിലെ അപ്പച്ചി എന്ന കഥാപാത്രം മനസ്സിൽ പറ്റിപ്പിടിച്ച് കിടക്കും.

 

 

 

 

അധ്യാപികയായണ് ശ്രീദേവി മധു.  അതിനാൽ തന്നെ സമൂഹത്തോട് തനിക്കുള്ള ഉത്തരവാദിത്വം എന്ന കണക്കെ പല കഥകളും അനുഭവപ്പെടും.  മുതിർന്നവർ കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന മാതൃകയിൽ കഥകൾ വായനക്കാരനിൽ എത്തുമ്പോൾ അതൊരു അനുഭവം തന്നെ.  പുസ്തകത്തെപ്പറ്റി ബെന്യാമിൻ കുറിക്കുന്നത് ഇപ്രകാരമാണ്. "ശ്രീദേവിയുടെ കഥാപാത്രങ്ങൾ നന്മ മാത്രം ചെയ്യുന്ന ശ്രീമാന്മാർ അല്ല.  ചതിയന്മാരും വഞ്ചകരും വരത്തന്മാരും ഉണ്ട്.  അവർ നമ്മുടെ പരിസരങ്ങളിൽ നിന്ന് നമ്മോട് തന്നെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു".

 

 

 

 

ലളിതവായന കാംഷിക്കുന്നവർക്ക് നല്ല കണിയും കനിയുമാണ്  ചിത്രകാരി കൂടിയായ എഴുത്തുകാരിയുടെ ചെറു ചിത്രങ്ങൾ ഉൾക്കൊള്ളുന്ന  'പെൺഭൂപടങ്ങൾ'.  ഗീതകം ബുക്‌സ് പ്രസാധകൻ.  പേജ് - 110, വില - 135 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com