ADVERTISEMENT

ഡിസി ബുക്‌സിന്റെ റൊമാൻസ് ഫിക്ഷൻ മത്സരത്തിൽ പുരസ്‌കാരം നേടിയ കൃതിയാണ് ആൽവിൻ ജോർജ്ജ് എഴുതിയ 'ദുഷാന'. റൊമാൻസിന്റെ ലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ എന്ന മുൻവിധിയോടെയാണ് പുസ്തകവായന ആരംഭിച്ചതു തന്നെ. എന്നാൽ, 'ദുഷാന' വായനക്കാരനെ കൈപിടിച്ചുകൊണ്ട് പോകുന്നത് കേവലം പ്രണയം എന്നൊരു ഭൂമികയിലേക്ക് മാത്രമല്ല. യുദ്ധവും വംശവെറി പാകുന്ന നിത്യശത്രുതയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വത്തിന്റെ പ്രയോഗവും അവിടെ കാണാം. ഒപ്പം ദുഷാനയുടെ പ്രണയത്തിൽ ആഴ്ന്നിറങ്ങി അവരുടെ കാമുകൻ ഡാനിയെ തേടി ഇറങ്ങുന്ന മൈക്കലിലൂടെ നമ്മുടെ നാടും സാംസ്‌കാരികച്യുതിയും പെണ്ണുടലിന്റെ വേദനകളും എല്ലാം ഒപ്പിയെടുത്ത് വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുവാനുള്ള ആൽവിൻ ജോർജ്ജിന്റെ ശ്രമമാണ് ഈ നോവൽ. 

 

കൊസോവയുടെ ഭൂപടത്തിൽ കണ്ണുപായിച്ചാണ് വായന തുടങ്ങുന്നത്.  അൽബേനിയ-കൊസോവോ നാടുകളിൽ അരങ്ങേറിയ വംശീയ പോരാട്ടങ്ങൾ ഒരു കാലത്ത് പത്രത്താളുകളിൽ നിത്യവാർത്ത ആയിരുന്നല്ലോ. അതിനാൽത്തന്നെ പ്രണയത്തിനിടയിൽ യുദ്ധവും സംഘട്ടനവും എന്തിന് എന്നൊരു ചോദ്യം ഉള്ളിൽ ഉണ്ടായിരുന്നു.  ബിഷ്റ്റാഹ്സിൻ താഴ്വരയിലെ വൈനറിയിൽ ഒന്നാം സ്വപ്നത്തോടെയുള്ള തുടക്കം തന്നെ ഗംഭീരം. പ്രശസ്‌തമായ പ്രസിദ്ധീകരണത്തിൽ എഴുതുവാനുള്ള സ്റ്റോറിക്കായിട്ടാണ് മൈക്കൽ അവിടെ എത്തിച്ചേരുന്നത്.  എന്നാൽ അമാൻഡ എന്ന പെൺകുട്ടിയുമായുള്ള പരിചയം മൈക്കലിന്റെ ഉദ്യമത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുകയാണ്. തന്റെ മുത്തശ്ശി ദുഷാനയുടെ കുറിപ്പുകൾ അടങ്ങിയ ഡയറി അവൾ മൈക്കലിന് കൈമാറുകയും അതിലേക്ക് കണ്ണുകൾ പായിക്കുന്ന അവൻ കാണുന്ന പ്രണയച്ചൂടിൽ, കഥ മുന്നോട്ട് പോവുകയുമാണ്.  ദുഷാനയെ ചെന്ന് കാണുകയും ഡാനിയുമായുള്ള അവരുടെ കൗമാരകാലത്തെ പ്രണയത്തെ മൈക്കൽ അടുത്തറിയുകയും ചെയ്യുന്നു.  മൈക്കലിനെപ്പോലെ വായനക്കാരനെയും അത്ഭുതപ്പെടുത്തുന്നത് അൽബേനിയൻ വംശജനായ തൻറെ കാമുകനുവേണ്ടി പതിറ്റാണ്ടുകൾ കാത്തിരുന്ന് വൃദ്ധയായി മാറിയ ദുഷാനയുടെ പ്രണയുമാണ്.  ഡാനിക്കുവേണ്ടി മേൽത്തരം  വൈനുകൾ ഉണ്ടാക്കി ദുഷാന കാത്തിരിക്കുന്നു. ഒരിക്കൽ ഞാൻ തിരികെ വരും എന്ന് പറഞ്ഞ് നദിയുടെ ഓളങ്ങൾക്ക് അപ്പുറത്തേക്ക് മറഞ്ഞുപോയ ഡാനിയെ അവർ ഇപ്പോളും കാത്തിരിക്കുന്നത് വായനയിൽ നൽകുന്ന അനുഭവത്തിന്റെ ചൂടാണ്.

 

വൈനറിയെപ്പറ്റി മാസികയിൽ എഴുതുവാൻ വന്ന മൈക്കൽ, തൻറെ ഉദ്യമം മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുന്നു.  ദുഷാനയുടെ പ്രണയവും ഡാനിക്കുവേണ്ടി അവരുടെ കാത്തിരിപ്പും അമാൻഡയുമായും ഐറിൻ ടെസ്‌നിയോവായുമായുള്ള ഇടപെടലും കഥയെ ആകെ തിരിയ്ക്കുകയാണ്. ഡാനി എന്ന കാമുകനെ കണ്ടെത്തുവാനായി മൈക്കൽ ഇറങ്ങുന്നു.  ഒന്നുമില്ലായ്കയിൽ നിന്നും വലിയൊരു അന്വേഷണം.  ഡാനിയെ മൈക്കലിനും  ഐറിൻ ടെസ്‌നിയോവയ്ക്കും അമാൻഡയ്‌ക്കും കണ്ടെത്താനാകുമോ?  ഈയൊരു ആകാംഷയും കൗതുകവും ചോദ്യവുമാണ് വായനക്കാരനെ പിന്നീട് മുന്നോട്ട് നയിക്കുന്നത്.

 

ദുഷാനയുടെ പ്രണയവും വിരഹവും പറയുമ്പോൾതന്നെ കഥാകാരൻ മൈക്കലിന്റെ ജീവിതവും എസ്തേറുമായുള്ള ‌അവന്റെ പ്രണയവും വർഷങ്ങൾക്ക് മുമ്പ് തന്റെ പ്രിയ കാമുകിയെ നഷ്ടപ്പെട്ടതും അവതരിപ്പിക്കുന്നു.  അവൾ മറ്റൊരുവന്റെ ഭാര്യയായി പോകുന്നത് കണ്ട് നെഞ്ചുരുകി കഴിഞ്ഞ നാളുകൾ. അരാജകത്വത്തിലേക്ക് വീണുപോയ കാലം, അവിടെനിന്നും ലോകോത്തര മാസികയിലെ രുചിക്കൂട്ടുകളുടെ എഴുത്തുകാരനായി മാറി.  ഒക്കെ കഥയ്ക്കുള്ളിൽ കഥയായി വരുന്നുണ്ട്.  ചിലപ്പോൾ ദുഷാനയുടെ കഥയേക്കാൾ മൈക്കലിന്റെ കഥ മുന്നോട്ട് പോവുകയും ചെയ്യുന്നു. ദുഷാനയെപ്പോലെ വായനക്കാരനെ പിടിച്ചുലയ്ക്കുന്ന കഥാപാത്രമായി എസ്തേർ മാറുന്നുണ്ട്. ബാല്യത്തിൽ പിതാവിൽ നിന്നേറ്റ മുറിവുകൾ, പാപിയെന്ന മുദ്രപേറി നടക്കൽ, മഠത്തിലേക്ക് പാപമോചനത്തിനായി ചേക്കേറൽ പിന്നെ മൈക്കലിനെ പിരിഞ്ഞ് ഭർത്താവിനൊപ്പം പീഡകൾ.  

 

കളങ്കമേറ്റവൾ എന്ന ലേബലോടെ  ജീവിതം എസ്തേറിനെ വല്ലാതെ വരിഞ്ഞു മുറുക്കുന്നു.  നഷ്ടപ്രണയം അവളെ ശ്വാസം മുട്ടിക്കുന്നു. പെണ്ണുടലിന്റെ വേദനയും രോദനവും അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എസ്തേറിൽ നമുക്ക് കാണുവാൻ കഴിയും.  മതവും, ജാതിയും, സാമൂഹിക വ്യവസ്ഥിതികളും ഒക്കെ നോവലിസ്റ്റ് ഇവിടെ ഇഴകീറി പരിശോധിക്കുന്നുണ്ട്.  ചിലയിടത്തൊക്കെ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെയൊക്കെ മനസ്സിലെ കളങ്കവും കപടതയും വെളിവാക്കുന്നുമുണ്ട്. ഞാൻ പാപിയാണ്, പാപിയാണ് എന്ന് വിശ്വാസികളെ വിശ്വസിപ്പിച്ച് ഉപജീവനം കഴിക്കുന്ന ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നുണ്ട്.  ദൈവദൂതൻമാരുടെ വരവും മഠത്തിലെ കുശുകുശുപ്പം ഒക്കെ വെളിവാക്കുന്ന ഒരുപാട് കാര്യങ്ങൾ എസ്തേറിലൂടെ വായിച്ചെടുക്കാം.

 

ഡാനി എന്ന ദുഷാനയുടെ കാമുകനെ മൈക്കൽ കണ്ടെത്തുമോ? ദുഷാന അയാൾക്കായി കാലങ്ങളായി കാത്തുവച്ചിരിക്കുന്ന മുന്തിരിച്ചാർ ഡാനിക്ക് നുകരുവാനാകുമോ?  മൈക്കലിന് തന്റെ കാമുകി എസ്തേറിനെ കാണുവാനും കണ്ടാൽത്തന്നെ ഒരിക്കൽ വിവാഹം കഴിയുകയും അമ്മയാവുകയും ചെയ്‌ത അവളെ ഇനി സ്വന്തമാക്കുവാൻ പറ്റുമോ? ചോദ്യങ്ങൾ അനവധി. ആ സസ്പെൻസുകൾ, അതിനുള്ളിലെ തുടിക്കുന്ന ജീവിതങ്ങൾ, ഫ്ലാഷ്ബാക്കുകൾ  എല്ലാം വായിച്ചുതന്നെ അറിയുക.

 

ഒരേസമയും ദുഷാനയുടെ കാമുകൾ ഡാനിയെ തേടുകയും തൻറെ കാമുകി എസ്തയെ തേടുകയും ചെയ്യുന്ന മൈക്കൽ നോവലിൽ ആകെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രം. അതുപോലെ ജീവനുള്ള കുറെയേറെ കഥാപാത്രങ്ങളെ ആൽവിൻ ജോർജ്ജ് ഈ നോവലിൽ അണിയിച്ചൊരുക്കിയിരിക്കുന്നു. കേവലം പ്രണയം മാത്രമല്ല എഴുത്തുകാരൻ ഇവിടെ പറയുവന്നത്. അതിന്റെ വേദനയും വിധിയും കാലം തച്ചുടച്ച പ്രണയത്തിന്റെ  തിക്തഫലങ്ങൾ അനുഭവിക്കുന്ന മനുഷ്യരും ഒക്കെ ഒന്നൊന്നായി ദുഷാനയിൽ വായിച്ചെടുക്കാം.  അതുകൊണ്ട് തന്നെ ഒരു പ്രണയനോവൽ എന്നതിനുമപ്പുറത്താണ് ദുഷാനയുടെ സ്ഥാനം.

 

വലിയ ന്യുനതകൾ ഒന്നും പറയാനില്ലാത്ത പുസ്തകത്തിൽ കണ്ട ചില പോരായ്‌മകളിൽ ഒന്ന്, ചരിത്ര സംഭവങ്ങളുടെ വിവരണമാണ്. മറ്റൊന്ന് ചില അവസരങ്ങളിൽ എഴുത്ത് യാത്രാക്കുറിപ്പിന്റെ ഭാവത്തിലേക്ക് പോകുന്നുണ്ട് എന്നതും. എങ്കിലും ഈ പോരായ്‌മകൾ ഒക്കെ ആൽവിൻ തന്റെ നാടകീയമായ എഴുത്തുശൈലികൊണ്ടും പാത്രസൃഷ്ടികൊണ്ടും അതിജീവിച്ചിരിക്കുന്നു.

 

അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ നല്ല നോവലുകളിൽ ഒന്ന്. ടൈറ്റാനിക്ക് സിനിമയുടെ തുടക്കത്തിൽ കാണുന്ന റോസ് മുത്തശ്ശിയെപ്പോലെ ദുഷാന. ലളിതമായ ഭാഷയിൽ, കാവ്യഭംഗിയോടെ എഴുതപ്പെട്ട, തുടക്കക്കാരൻറെ കുറവുകൾ ഒന്നും ഇല്ലാത്ത പുസ്തകം. ഇതിനപ്പുറം 'ദുഷാന'യെപ്പറ്റി ഒന്നും പറയാനില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com