മൂകാംബികയിലേക്കു പോകണം എന്ന് എന്റെ ഉള്ളിൽ അടങ്ങാത്ത ആഗ്രഹം ഉണ്ടാക്കിയത് മോഹൻലാലിന്റെ അനുഭവകുറിപ്പുകളിൽ നിന്നായിരുന്നു. 2011 നവരാതി കാലത്തു ഞാനും എന്റെ സുഹൃത്തു രവിയും കൂടി പെട്ടെന്നുണ്ടായ ഒരു തീരുമാനപ്രകാരം രാത്രി മൂകാംബികയിലേക്കു ട്രെയിൻ കേറി .ഞങ്ങൾ അവിടെ പുലർച്ചെ എത്തി .സൗപർണികയിൽ കുളിച്ചു അമ്മയെ കണ്ടു തൊഴുതു .ഉച്ചയ്ക്ക് അമ്മയുടെ പ്രസാദമായ അന്നദാനം കഴിച്ചു .അങ്ങനെ വൈകുന്നേരമായി. പ്രദക്ഷിണവരികളിൽ എല്ലാം ഭക്തജനപ്രവാഹമാണ് കാത്തിരിക്കുന്നത്. പ്രദക്ഷിണം പോലും വക്കാൻ പറ്റാത്ത രീതിയിൽ ഉള്ള തിരക്കാണ് അന്ന് അവിടെ അനുഭവപ്പെട്ടിരുന്നത്.
ഞാനും രവിയും മുൻവശത്തുള്ള വീരഭദ്ര സ്വാമിയുടെ നടയിൽ സ്ഥാനമുറപ്പിച്ചു. നാമം ചൊല്ലി ഞങ്ങൾ അവിടെ നിൽക്കുന്ന സമയതാണ് വലിയ രഥം കൊണ്ടുവന്നതു. അടുത്തതായി നടക്കാൻ ഉണ്ടായിരുന്നത് രഥം വലിക്കുന്ന ചടങ്ങായിരുന്നു. അതിനോട് അനുബന്ധിച്ചുള്ള തിരക്കായിരുന്നു അപ്പോൾ അവിടെ അനുഭവപെട്ടിരുന്നത്. പൂജകൾക്കും തയാറെടുപ്പുകൾക്കും ശേഷം രഥം വലിക്കാൻ തുടങ്ങി. രഥം വലിച്ചു വലിച്ചു ഒരു പ്രദക്ഷിണം കഴിഞ്ഞു വീരഭദ്രസ്വാമിയുടെ അടുത്ത് എത്തി. അവിടെനിന്നും ദേവിയുടെ പ്രസാദമായിട്ടുള്ള നാണയങ്ങൾ, അവിടെ പൂജിക്കുന്ന അടികകൾ, രഥത്തിനു മുകളിൽനിന്നും പുറത്തേക്ക് എറിയുകയായി. ആ നാണയങ്ങൾ കിട്ടുവാൻ വേണ്ടിയുള്ള ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് ഞങ്ങൾക്കു ശ്വാസം മുട്ടി. എങ്ങിനെയെങ്കിലും പുറത്തു കിടന്നാൽ മതി എന്നുള്ള വിചാരമായിരുന്നു അപ്പോൾ. ആ തിരക്കിനിടയിൽകൂടെ പോകുന്ന സമയത്ത് എന്റെ മേൽ ഒരു നാണയം വന്നു വീഴുകയും ഞാൻ അത് താഴേക്കു കൈ എത്തി പിടിച്ചു എടുക്കുകയും ചെയ്തു. അന്ന് എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുള്ളതിൽ വെച്ചു അടക്കാനാവാത്ത ഒരു സന്തോഷം ആണ് ഉണ്ടായത്. അവിടെനിന്നൊരു നാണയം കിട്ടുന്നത് അത്രെയും നല്ലതും ഭാഗ്യവും ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മയുട അനുഗ്രഹമായിക്കിട്ടിയത് ഒരു ഗൾഫ് നാണയമായിരുന്നു.
അതിനടുത്ത വർഷം തന്നെ എനിക്ക് മുസ്കത്തിൽ ജോലി കിട്ടി. എന്റെ നാടായ തൃക്കങ്ങോട്ടെ ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിനോട് അനുബന്ധിച്ചു ബാലാജി ശ്രീനിവാസൻ എന്ന ഒരു വലിയ ഭക്തന്റെ Towell Engineering Group എന്ന കമ്പനിയിലേക്ക് അവസരം തരുകയായിരുന്നു. ഇവിടെ ഏഴ് വർഷത്തോളമായി ഞാൻ ജോലി ചെയ്യുന്നു. അന്ന് എന്റെ കയ്യിൽ ഗൾഫ് നാണയം കിട്ടിയതിനു ശേഷം മസ്കത്തിൽ ജോലി കിട്ടി. ഇത് മൂകാംബികാദേവിയുടെ കാരുണ്യമായാണ് ഞാൻ വിശ്വസിക്കുന്നത്.