ഓർമ്മയുടെ കവാടം; മറവി തട്ടാത്ത പ്രവാഹം

ormayude-kavaadam
SHARE

216 പേജുകൾ. മൂന്നു കവാടങ്ങൾ. ജോബ്‌സൺ ഏബ്രഹാം എഴുതിയ 'ഓർമ്മയുടെ കവാടം' എന്ന പുസ്തകമാണിത്.  മനസ്സിനെ വിവിധ വികാരങ്ങളാൽ തൊട്ടുതലോടുന്ന ഗതകാല സ്‌മരണകൾ ശ്രദ്ധാപൂർവ്വം പെറുക്കിക്കൂട്ടി നിറച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.  ലളിതമായ അവതരണം.  തട്ടും തടവും ഇല്ലാത്ത വായനയിലെ ഒഴുക്ക്, മറക്കാനാകാത്ത മുഖങ്ങൾ, സംഭവങ്ങൾ.... അങ്ങനെ വായയോടൊപ്പവും വായനക്കു ശേഷവും കൂടെ ചേർന്നുനിൽക്കുന്ന ജീവിതാനുഭവങ്ങൾ; പുസ്‌തകത്തിന്റെ ചുരുക്കം ഇത്രയുമാണ്.

ഗ്രന്ഥകാരന്റെ ആമുഖത്തോടെയും കെ. ആർ. മീരയുടെ ഗംഭീരവും ആഴത്തിലുള്ളതുമായ 'ഹൃദയവിശുദ്ധിയിലേക്ക് ഒരു കവാടം' എന്ന അവതാരികയോടെയുമാണു പുസ്തകം തുടങ്ങുന്നത്.  ജോബ്‌സൺ ഏബ്രഹാമിന്റെ പുസ്‌തകത്തിന്റെ സംക്ഷിപ്‌ത രൂപം മീരയുടെ അവതാരികയിൽ കാണാം.  അതിനുശേഷം കൈറ്റിന്റെ സി.ഇ.ഒ, കെ.അൻവർ സാദത്ത് എഴുതിയ ചെറുകുറിപ്പും കഴിഞ്ഞ് 'ഒന്നാം കവാട'ത്തിലേക്കു പ്രവേശിക്കുന്നു.

ചാക്കോ മോട്ടോർ വർക്‌സ് എന്ന തൊഴിൽ ശാലയെപ്പററി എഴുതി ഓർമ്മകൾ ആരംഭിക്കുമ്പോൾ വാഹനം ചെറുപ്പം മുതൽ ഒരു കുട്ടിയെ എങ്ങനെ അകർഷിച്ചിരുന്നു എന്നതും അപ്പനൊപ്പം ആ ജോലിയും ജീവിതവും എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നും അറിയാനാകും.  തന്റെ വീടും, പരിസരവും കുടുംബവും ഒക്കെ ലളിതമനോഹര ഭാഷയിൽ ഒരു കഥപറച്ചിലിന്റെ സുഖം നൽകുന്ന തുടക്കം.  പിന്നീട് മുന്നോട്ട് വരുന്ന ഓരോ അധ്യായങ്ങളും കാലഘട്ടത്തിന്റെ ചിത്രീകരണവും നേരനുഭവവുമാണ്.  വായനക്കാരനും എഴുത്തുകാരനും ഒന്നായിത്തീരുന്ന പ്രക്രിയ എന്ന് അതിനെ ഞാൻ വിളിക്കും.  'ചെറുപുഷ്പത്തിലെ ബേബി ക്ലാസ്', 'ഉപ്പുമാവും മണ്ണെണ്ണ വിളിക്കും',  'കുറ്റവും ശിക്ഷയും',  'ഓർമ്മയിലെ വണക്കമാസം' എന്നിങ്ങനെ ബാല്യത്തിന്റെ പടവുകളിലേക്ക് എഴുത്തുകാരൻ ചവുട്ടി കയറുന്നു.  സ്‌കൂൾ അനുഭവങ്ങളിലേക്ക് വരുമ്പോളാകട്ടെ, കുസൃതിയും കളിയും ചിരിയും കാര്യവും ഒക്കെ ഓരോ ഇതളുകൾ പോലെ സുഗന്ധം പരത്തുന്നു.  ഈ കുട്ടി ഞാൻ തന്നെയല്ലേ എന്ന് വായനക്കാരൻ അറിയാതെ ചിന്തിച്ചുപോകും.  ഒളിച്ചുവയ്ക്കുവാൻ ഒന്നുമില്ലാത്തവണ്ണം 'കൈമൾ മാളികയുടെ അവകാശി', 'വിജയമായ പരാജയങ്ങൾ', 'പരീക്ഷാഫലം', 'മുതലക്കുളവും കടൽത്തീരവും' എന്നിങ്ങനെ കോളേജ് ജീവിതം വരെ വരച്ചിട്ട് ഒന്നാം കവാടം അവസാനിക്കുന്നു.

രണ്ടാം കവാടം ആരംഭിക്കുന്നത് 'കയ്യൊപ്പ്' എന്ന മനസ്സിൽ തറയ്ക്കുന്ന അനുഭവത്തോടെയാണ്. സ്വന്തം അനുജനു ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന ജേഷ്ഠന്, അവന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങി ഒപ്പിട്ടുകൊടുക്കേണ്ടി വന്ന വേദന വായനകകരനെ വിടാതെ പിന്തുടരും. ജയസൂര്യ എന്ന സിനിമാ നടനൊപ്പം നിനിമയിൽ ജോലി ചെയ്യേണ്ടി വന്ന അനുഭവം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുകയാണ് 'വിജയ സൂര്യ' എന്ന അദ്ധ്യായത്തിൽ.  സിനിമയുടെ അകവും പുറവും അതിന്റെ ബദ്ധപ്പാടുകളും തമാശകളും ആത്മാർത്ഥമായി തന്റെ ജോലി നിർവഹിക്കുന്ന ജയസൂര്യ എന്ന നടന്റെ അഭിനയത്തിന്റെ തുടക്കകാലവും ജോബ്‌സൺ എബ്രഹാം രസകരമായി ഇവിടെ കുറിക്കുന്നുണ്ട്.  പരിശ്രമശാലിയായ നടനെന്ന നിലയിൽ ജയസൂര്യയെ അദ്ദേഹം വരച്ചിടുമ്പോൾ, വായനക്കാരിലേക്ക് പടരുന്ന പോസിറ്റീവ് ചിന്തകൾ ഏറെയാണ്.   

സ്‌കൂൾ കോളേജ് തലത്തിൽ ഡിജിറ്റലൈസേഷൻ നടക്കുന്ന കാലഘട്ടം പിന്നീടുള്ള അദ്ധ്യായങ്ങളിൽ കാണാം.  ഒരുകൂട്ടം അധ്യാപകർ എത്രത്തോളം ഇതിനൊക്കെ ത്യാഗം അനുഭവിച്ചു എന്നത് വായനയിൽ ഓർത്തുപോകും.  ബധിരരും മൂകരുമായ കുട്ടികളെ മനുഷ്യത്വത്തോടെ നോക്കുവാനും അവരെ കഥകൾ വായിച്ചു കേൾപ്പിക്കുവാനും പഠിപ്പിക്കുവാനും അവരിൽ ഒരാളായി തീരുവാനും  ഒരധ്യാപകൻ നടത്തുന്ന ശ്രമവും അതിന്റെ വിജയവും ഈ പുസ്‌തകത്തിന്റെ ഏറ്റവും കാതലായ ഭാഗമാണ്.  സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന ആൾക്കാരുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന ഒരുപാട് നന്മകൾ വായിച്ചെടുക്കാൻ ആ അനുഭവങ്ങൾ കാരണമാകുന്നു.

തുടർന്നുവരുന്ന അധ്യായങ്ങളിൽ അധ്യാപകനായുള്ള ജീവിതാനുഭവങ്ങളും യാത്രകളും വായിക്കാം.  ഓരോ സ്ഥലങ്ങളും സംഭവങ്ങളും കൃത്യമായി ഇന്നലെ കണ്ടപോലെ ജോബ്‌സൺ എബ്രഹാം അടയാളപ്പെടുത്തിയിരിക്കുന്നത് വായിക്കുമ്പോൾ തെല്ല് കൗതുകം തോന്നി.  ചിലയിടത്ത് നല്ല യാത്രാവിവരണമായും ചിലയിടത്ത് അനുഭവത്തിന്റെ ആകാംഷയായും വായന രസകരമായി മുന്നോട്ട് പോകുന്നു.  ഇവിടെയൊക്കെ അനുഭവം കുറിച്ചുകഴിയുമ്പോൾ അന്ന് ചിത്രീകരിച്ച വീഡിയോയുടെ ലിങ്കുകൾ കൊടുത്തിരിക്കുന്നത് ഒത്തിരി ഉപകാരപ്രദമായി. ആഴത്തിൽ ഓരോ വിഷയത്തെയും സമീപിക്കുന്ന അധ്യാപകനെ അവിടെ കാണാം.  അത് ഓർത്തുവയ്ക്കുവാനും പിൽക്കാലത്ത് എഴുതുവാനും പലർക്കും വിജ്ഞാനപ്രദമായി ഭവിക്കുവാനും ജോബ്‌സൺ എബ്രഹാം ശ്രദ്ധിച്ചിരുന്നു എന്നത് എടുത്തുപറയണം. തന്റെ കുട്ടികളും, കുടുംബവും മാതാപിതാക്കളും ഒക്കെ നിറയുന്ന രണ്ടാം കവാടത്തിൽ 'ഉക്രു രണ്ടാമൻ പരമ്പര' ഏറെ രസകരമാണ്.  ഷാഹിന എന്ന കുട്ടിക്ക് കിട്ടുന്ന അണ്ണാൻ കുഞ്ഞിനെ വളർത്തി വലുതാക്കി സ്വതന്ത്രമാക്കി വിടുന്നതും അവൻ കുറേനാളുകൾക്ക് ശേഷം പ്രണയിനിയുമായി തിരികെ വരുന്നതും ഏറെ  രസകരം. പുസ്തകത്തിലെ 'മൂവർ സംഘം' എന്ന അതിന്റെ തുടർച്ച അദ്ദേഹത്തിന് സ്‌കൂൾ ലൈബ്രറിയിൽ നിന്ന് ലഭിക്കുന്ന അണ്ണൻ കുഞ്ഞുങ്ങളുടെ ആർദ്രമായ അനുഭവ കഥയാകുന്നു.

മൂന്നാം കവാടം ആരംഭിക്കുന്നത് ഡോറ എന്ന കറുത്ത നായകുട്ടിയുടെ അനുഭവത്തിലൂടെ.  അതുവരെ വായിച്ചതിൽ നിന്നും വ്യത്യസ്തമായി ഈ അനുഭവം വായിക്കാം.  എഴുത്തുകാരൻ മാറിനിന്ന്, ഡോറയെക്കൊണ്ട് കഥ പറയിപ്പിക്കുന്നു. ഈ വായനയിൽ നമ്മളും അറിയാതെ കുട്ടിയായിത്തീരും!  'ഭരണകർത്താവ് അഥവാ ഭർത്താവ്', 'കുടജാദ്രിയുടെ ചാരുതയിലേക്ക്', 'സെന്റ്‌ മേരീസ് ദ്വീപിലെ ഓളവും തീരവും' എന്നിങ്ങനെ മുന്നോട്ട് പോയി  'ആരായിരിക്കണം അദ്ധ്യാപകൻ' എന്ന അദ്ധ്യായത്തിൽ മൂന്നാം കവാടം അടയുന്നു.  അനുഭവത്തോടൊപ്പം അനുഭവപരിചയവും ഇവിടെ വായിച്ചറിയാം.  ദീർഘകാലം അധ്യാപകൻ ആയിരുന്ന അനുഭവസമ്പത്ത് ഈ കുറിപ്പുകളിൽ ഒക്കെ നിറഞ്ഞുതുളുമ്പുന്നു. 

മൂന്നു കവാടങ്ങളിൽ മുഴുവൻ ജീവിതവും ജോബ്‌സൺ എബ്രഹാം തുറന്നിടുന്നില്ല. തന്റെ ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞ, സമൂഹത്തിന് നല്ലത് എന്നു ബോധ്യം വന്ന ഒരുപിടി അനുഭവങ്ങൾ.  വായനയെ സ്വന്തം അനുഭവം ആക്കി മാറ്റുവാൻ ഓരോ വായനക്കാരനും കഴിയുന്നവണ്ണം സുന്ദരമായ രചന.  കഥപോലെ വായിക്കാം ഓരോ അദ്ധ്യായവും.  മുടക്കുമുതലിന് തക്ക ഗുണം നൽകുന്ന പുസ്തകം.  എടുത്തുപറയേണ്ട മറ്റൊന്ന്, 

ഈ പുസ്തകം കുറെ നല്ല ചിത്രങ്ങളാൽ സമ്പന്നമാണ്.  കവർ ചിത്രവും അകത്തെ ചിത്രങ്ങളും എല്ലാം ചെയ്തിരിക്കുന്നത് ജോബ്‌സൺ എബ്രഹാമിന്റെ മകൾ റിനില മേരി ജോബ്‌സൺ ആണ്.  കെ.ആർ. മീര പറയുന്നതുപോലെ പിതാവിന്റെ പുസ്തകത്തിന് വരയ്ക്കുവാൻ ഭാഗ്യം ലഭിച്ച പുത്രിമാർ അധികമുണ്ടോ മലയാളത്തിൽ?

ഐ ബുക്‌സ് കേരള ആണ് ഈ പുസ്‌തകത്തിന്റെ പ്രസാധകർ.  216 പേജുകളുള്ള പുസ്‌തകത്തിന്റെ വില 290 രൂപ.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA