ADVERTISEMENT

ഞാൻ എന്റെ ഗ്രാമത്തിൽ നിന്നു തന്നെ തുടങ്ങട്ടെ, തുടങ്ങാൻ പറ്റിയ ഒരു നാട്. Because It is Great land... ഈ ആംഗലേയ സംജ്ഞ ഉഗ്രപുരത്തിന്റെയും അതിന്റെ ഒരു അംശമായ പെരുമ്പറമ്പിന്റെയും പരിഭാഷയാണ്. പണ്ടുകാലത്ത് അരീക്കോട്ടുകാർ 'ഇക്കിരിപൂരം' എന്ന് പറയാറുണ്ടായിരുന്നു. സ്പെല്ലിങ് സ്വൽപം തെറ്റിച്ചാൽ ഇക്കുറി പൂരവും അടുത്ത കുറി ഉത്സവവും എന്നു സിദ്ധം!

 

എന്റെയും എന്റെ സുഹൃത്ത് ദിവംഗതനായ എ.സി. നമ്പൂതിരിയുടെയും നാട് , പെരുമ്പറമ്പ്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. പരസ്പരം കുറെ തമാശകളും കൊച്ചുവർത്തമാനങ്ങളും പറയാറുള്ള ഒരു പെരുവയൽകാരനും ഒരു ചെറൂപ്പക്കാരനും. സമ്മതിക്കാം ഞാനിന്നൊരു പെരുവയൽക്കാരൻ തന്നെ. 

 

എന്നാൽ പെരുമ്പറമ്പിൽ സെറ്റിൽ ചെയ്യുന്ന കാലത്ത് ഞാൻ ഒരു ചെറൂപ്പക്കാരൻ തന്നെ ആയിരുന്നു. ഏതാണ്ട് 23 വർഷം മുമ്പത്തെ കഥയല്ലേ, അല്ലാതെ ഒരു നിത്യഹരിത നായകൻ ആവാൻ ഞാൻ പ്രേം നസീറോ മമ്മൂട്ടിയോ ഒന്നും അല്ലല്ലോ. പിന്നെ, ഒരു സമാധാനത്തിനു വേണ്ടി പറയട്ടെ."എനിക്ക് നിങ്ങളുടെ ഇടയിൽ വിലയില്ലാത്തത് നോക്കണ്ട; നാട്ടിൽ പുല്ല് വിലയാന്ന്" 

 

 

ഞാനൊരു ദിവസം സുബ്ഹി നമസ്കാരം കഴിഞ്ഞ് മടങ്ങുമ്പോൾ എ.സി നമ്പൂതിരി വളരെ വേഗത്തിൽ തെക്കോട്ട് വെച്ച് പിടിക്കുന്നത് കണ്ടു. ഞാൻ ചോദിച്ചു, എ.സി.അസ്സലാമു അലൈക്കും! ഈ കൊച്ചുവെളുപ്പാൻ കാലത്ത് ഇത് എവിടെപ്പോണൂ? വാലായികുംമുസ്സലാം എന്നോട് സലാം മടക്കി ക്കൊണ്ട് എസി പറഞ്ഞു "അസ്സ്വലാത്തു ഖൈറുന മിനന്നൗം" (ഉറക്കത്തേക്കാൾ ശ്രേഷ്ഠമാണ് നമസ്കാരം) എന്നു പള്ളിയിലെ ബാങ്കിൽ കേട്ടാൽ നിങ്ങൾക്ക് മാത്രമല്ല എനിക്കും കിടക്കപ്പായയിൽ നിന്ന് എണീക്കാതെ പറ്റില്ല, നല്ലത്. എന്നിട്ട് എ.സി നമസ്കരിച്ച് കഴിഞ്ഞോ? അതില്ല. അത് നിങ്ങൾ ചെയ്യുന്നുണ്ടല്ലോ മനക്കലെ, അത് മതി. 

 

 

അല്ലാ മനക്കലൻ ഇനി എങ്ങോട്ടാ?

 

ഞാൻ ഒരു കട്ടൻ അടിച്ചതിനു ശേഷം ഷട്ടിൽ കളിക്കാൻ പോവും.. നിങ്ങൾ വരുന്നോ? ഇല്ലെ ഇല്ല. ഈ വയസ്സ് കാലത്ത് ഷട്ടിൽ കളിക്കാൻ വന്നാൽ ജനങ്ങൾ എന്നെ കൂകി വിളിക്കും. നിങ്ങൾ കളി കഴിഞ്ഞു വന്നിട്ടു നേരിൽ കാണാം.

 

സത്യത്തിൽ ഞാൻ ഒരു നല്ല ഷട്ടിൽ കളിക്കാരനൊന്നും അല്ല. പക്ഷേ അങ്ങനെ അഭിനയിക്കാൻ എനിക്ക് അറിയാമായിരുന്നു! എന്നാൽ പെരുമ്പറമ്പ് ഷട്ടിൽ കളിയുടെ ഈറ്റില്ലമാണെന്ന് പറയാവുന്ന ഒരു പ്രദേശമാണ്! വളരെ നല്ല കളിക്കാർ ഉണ്ടിവിടെ. ചിലരുടെ കളി കാണേണ്ടത് തന്നെയാണ്. അവരൊക്കെ തേങ്ങ ഒടക്കുമ്പോ ഞാൻ ചിരട്ട ഒടക്കും.

 

 

എന്നെ ഹടാതാകർഷിച്ച ചില കളിക്കാരുടെ പേരുകൾ ഞാനിവിടെ കുറിക്കുന്നു. സ്വർണപ്പണിക്കാരൻ അനിൽ, കല്ലിടുമ്പൻ സഹീർ, നാച്ചു എന്ന നൗഷാദ് ചീരക്കൊളിൽ, കേളുവെട്ടൻ്റെ മക്കൾ ഷാജിയും ഗോപിയും, ജനാർധനൻ സാറിൻ്റെ മകൻ ബിനു, ആലുക്കലെ മുജീബ് മാസ്റ്റർ, മർഹൂം ഇബ്രാഹീം സാഹിബിൻ്റെ മക്കൾ സമീറും മുനീബും, ഓട്ടോ ഹമീദ്, ഗംഗാധരൻ സാറിൻ്റെ മകൻ മനോജ് തുടങ്ങിയവരൊക്കെ അന്നത്തെ പ്രശസ്ത കളിക്കാരാണ്. ഇതിൽ അനിലിൻ്റെ ഇടതു കൈ കൊണ്ടുള്ള കളിയും സഹീറിൻ്റെ ഇടതും വലതും കൈകൾ മാറിമാറി ഉപയോഗിച്ചുള്ള കളികളും വളരെ ആകർഷകം തന്നെ. നാച്ചു - മുജീബ് മാസ്റ്റർ ഒരു ഭാഗത്തും അനിൽ - സഹീർമാർ മറുഭാഗത്തും കൊമ്പ് കോർത്താൽ ആ ഗെയിം തീപ്പൊരി പാറിക്കുമെന്നുറപ്പ്. അപ്പോലെതന്നെയാണ് ഷാജി - ഹമീദ് vs മുനീബ് - ഗോപി ടീമുകൾ മാറ്റുരക്കുമ്പോഴും! കൂട്ടത്തിൽ രണ്ടു കഷ്ണങ്ങൾ പറയെപ്പെടാതെ വയ്യ. ബാബു സുരേഷ് മിസ്റ്റ്റും ജയാനന്ദ മന്നാടിയാരും. നല്ലപോലെ കളിക്കും,

 

പക്ഷേ ഗ്രൗണ്ടിൽ കാണില്ല. ഒന്നുകിൽ കുഴിമടി, അല്ലെങ്കിൽ കൃത്യാന്തര ബാഹുല്യം അതുമല്ലെങ്കിൽ കുഴിമന്തി!

 

 

 

 

ഞാൻ കളി കഴിഞ്ഞു വരുമ്പോൾ എ.സി എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

 

ഞാൻ വിളിച്ചു എ.സി അജണ്ടയിലെ അടുത്ത ഇനം പ്രാതലാണ്, വരൂ നമുക്ക് ഒന്നിച്ച് കഴിക്കാം. ഞാനൊക്കെ എപ്പഴേ കഴിച്ചു. എന്നാല് ഒരു പത്തു മിനുട്ട് എന്റെ വീട്ടിൽ ഇരിക്കാം. അദ്ദേഹം ക്ഷണം സ്വീകരിച്ചു.

 

അങ്ങനെ കാലി ചായയും ലാത്തിയും ഒന്നിച്ച് നടന്നു.

 

എ.സി തുടർന്നു - അസ്സലാത് ഖൈറും മിനന്നൗം എന്നു കേട്ടാൽ നിങ്ങളൊക്കെ പതിവായി എഴുന്നേൽക്കുമല്ലോ. അത് നല്ലതാണ്. ഉണ്മ പ്രഭാതത്തിൽ ഉണരുക എന്നത് ആരോഗ്യദായകമായ കാര്യമാണ്.

 

എനിക്കും അതു പതിവാക്കണം. വെളുപ്പിനു കുനിയിൽ നിന്നും, ആലുക്കലെ പള്ളിയിൽനിന്നും പറമ്പിലെ പള്ളിയിൽ നിന്നുമൊക്കെ ഞാൻ ബാങ്ക് കേൾക്കാറുണ്ട്.

 

മുസ്ലിം സമുദായത്തിൽ വലിയ ഒരു വിഭാഗം ആ സമയത്ത് മൂടിപ്പുതച്ചു കിടക്കാറാണല്ലോ. യഥാർത്ഥത്തിൽ അത് ഒരു കുറ്റകരമായ അനാസ്ഥയാണ്. نومة الصبح تورث الفقر(സുബഹിയുടെ സമയത്തെ ഉറക്കം ദാരിദ്ര്യം അനന്തരം എടുക്കും) എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. എന്ന് പറഞ്ഞാ സുതരാം മനസ്സിലാവുന്ന ഒരു വസ്തുതയുണ്ട്. വെള്ള കീറുന്നതിനു മുമ്പേ എഴുന്നേറ്റു ജീവിതവൃത്തികളിൽ വ്യാപൃതരാവുന്നവർ, അധ്വാനികളായിരിക്കും. അവർ കുടുംബം പോറ്റാൻ യോഗ്യരായിരിക്കും.

 

 

Very good - AC പ്രതികരിച്ചു. ആത്മീയവും ഭൗതികവുമായ മാനങ്ങളുള്ള ഒരു വാചകമാണ് ആ പറഞ്ഞത്. 

 

ആട്ടെ മനക്കലേ നിങ്ങളുടെ പേരിൽ ഒരു നമ്പൂരി ചൂരുണ്ടല്ലോ? എന്താണതിന്റെ കാര്യം? അത് നിങ്ങൾ ഒരു നമ്പൂതിരി ആയതു കൊണ്ട് തോന്നുന്നതാണ് നമ്പൂരിച്ചോ - ഞാൻ പറഞ്ഞു. 

 

അല്ല എന്നാലും എന്തോ ഉണ്ടല്ലോ? - എ.സി ചോദിച്ചു.

 

അങ്ങനെ ഒരു ചിന്തയോ സംസാരമോ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാവാറില്ല. പക്ഷേ മുമ്പൊരിക്കൽ ഉപ്പ അറിയാതെ ഒരു ഗവേഷണം നടത്തി നോക്കി ഞങ്ങൾ മക്കൾ. അപ്പോഴാണറിയുന്നത് ഉപ്പാടെ ഉമ്മാമ അഥവാ ഉമ്മാടെ ഉമ്മ ഒരു നമ്പൂതിരി കുടുംബാംഗം ആയിരുന്നുവെന്ന് - ഞാൻ പറഞ്ഞു.

 

ഇതറിഞ്ഞ ഉപ്പ പഠിപ്പിച്ച ഒരു കാര്യമുണ്ട്.

 

അങ്ങനെ ഒരു ഗവേഷണം തന്നെ തെറ്റാണ്. കാരണം മേൽജാതി കീഴ്ജാതി എന്ന പ്രയോഗം തന്നെ തെറ്റാണ്. മനുഷ്യജാതി എന്ന ഒരവസ്ഥയാണ് നിലനിൽക്കേണ്ടത്. എ.സിയും അതിനോട് യോജിച്ചു. പുരോഗമന കാഴ്ച്ചപ്പാടുകൾ വെച്ചുപുലർത്തിയ പ്രിയ സ്നേഹിതൻ എ.സിയുമായി ഒരുപാട് സംസാരിച്ചു. ഇന്ന് ആ സ്മൃതികളൊക്കെ ഓർമ്മച്ചെപ്പിലും ഓർമ്മച്ചിപ്പിലും വിശ്രമിക്കുന്നു! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com