ADVERTISEMENT

എല്ലാ ജീവജാലങ്ങളെയും അപേക്ഷിച്ചു  മനുഷ്യർക്കു മാത്രമാണ് അൽപം ദീർഘമായ ബാല്യകാലം ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഭാര്യാഭർതൃജീവിതം ഭദ്രമാക്കുവാനുള്ള ഒരു ഉപാധിയായി ചിലർ അതിനെ കാണുമ്പോൾ മറ്റു ചിലർ കാണുന്നത് മാതാപിതാക്കൾക്ക് തങ്ങളുടെ  കുട്ടികളെ അധികനാളും താലോലിക്കുവാനുള്ള അവസരമായിട്ടാണ്, അളവില്ലാത്ത സ്നേഹം പങ്കിടുവാനുള്ള അവസരങ്ങൾ. എന്നാൽ സുദീർഘമായ മനുഷ്യജീവിതത്തിന് ആവശ്യമായതെല്ലാം പഠിക്കുവാനും പരിശീലിക്കുവാനുമുള്ള അവസരമായിട്ടാണ് ബാല്യകാലത്തെയും കൗമാരത്തെയും യൗവനത്തെയും ശാസ്ത്രലോകം കാണുന്നത്. 

എല്ലാ മനുഷ്യർക്കും ജീവിതലക്ഷ്യങ്ങളുണ്ട്, അവയെല്ലാം നേടുവാനുള്ള കഴിവുകൾ ജന്മനാ ലഭിച്ചിട്ടുമുണ്ട്. മാതാപിതാക്കളിലൂടെ പൈതൃകമായും പ്രകൃതിയിൽ നിന്നും സ്വാഭാവികമായ  ലഭിച്ച കഴിവുകൾ തിരിച്ചറിയുവാനും അവയെ വളർത്തിയെടുത്ത് ജീവിതവിജയം നേടുകയെന്നതാണ് ബാല്യവും കൗമാരവും യൗവനവും കൊണ്ടുദ്ദേശിക്കുന്നത്. ഭൂതകാലത്തിലേക്ക് മടങ്ങിപ്പോകുവാൻ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധ്യമാവുകയില്ല എന്ന തിരിച്ചറിവുള്ളതിനാൽ എല്ലാ ജീവിതദശകളും സമയോചിതമായി ആസ്വദിക്കുകയും ചെയ്യേണ്ടത് അനിവാര്യവുമാണ്.  ആത്യന്തികമായും ഓരോ മനുഷ്യരും ഈ ലോകത്തിൽ തനിയെ ജീവിക്കേണ്ടതിനാൽ സ്വതന്ത്രമായ ജീവിതം നയിക്കുവാനുള്ള അറിവും വിവേകവും പ്രവർത്തന പരിചയവും സമയോചിതമായി നേടേണ്ടതായുണ്ട്. എല്ലാ മനുഷ്യരും വളർച്ച പ്രാപിക്കുന്നതും അഥവാ പക്വതയാർജ്ജിക്കുന്നതും സ്വന്തം തീരുമാനങ്ങളെടുക്കുവാൻ തുടങ്ങുന്നതിലൂടെയാണ്. 

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും മാനിച്ചുകൊണ്ട് ജീവിതത്തിൽ വളർച്ച പ്രാപിക്കുവാനുള്ള തീരുമാനങ്ങളിൽ നിന്നും തുടങ്ങുന്നവയാണെല്ലാം. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളുടെയും പ്രസക്തിയെന്താണെന്ന് അത്ഭുതപെടാത്ത മനുഷ്യരുണ്ടാവില്ല. വൈവിധ്യയാർന്ന ലോകത്തിൽ  അറിയപ്പെടുന്നതിനേക്കാൾ അറിയപ്പെടാത്ത ജീവജാലങ്ങളുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നതും. എന്നാൽ ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും അമൂല്യമായ ജീവന്റെ ചക്രം പൂർത്തിയാകുവാനും കൂടിയാണ്. നിലവിൽ ജീവൻ മാത്രമാണ് ഈ ലോകത്തിൽ കൃത്രിമമായി മനുഷ്യർക്ക് സൃഷ്ടിക്കുവാൻ കഴിയാതിരിക്കുന്നത്. എന്നാൽ താമസിയാതെ അതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. എല്ലാ  ജീവജാലങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അന്യോന്യം ബന്ധിക്കപ്പെട്ടു തന്നെയാണ് ലോകത്തിൽ നിലനിൽക്കുന്നതും. അതിനാൽ അവയിൽ ചിലതെങ്കിലും മറ്റുള്ളവയിൽ നിന്നും പാഠങ്ങൾ പഠിക്കുന്നു തങ്ങളുടെ സുഗമമായ ജീവിതത്തിനായി ഉപകാരപ്പെടുത്തുന്നു. മനുഷ്യർക്ക് പൈതൃകമായി ലഭിച്ച ധാരാളം അറിവുകളുണ്ട്, വിദ്യാഭ്യാസത്തിലൂടെ ലഭിച്ച അറിവുണ്ട് അതോടൊപ്പം അവരുടെ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ അറിവുകളും.  ഇവയെല്ലാം ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എല്ലാവർക്കും ഉപകാരമാവുന്നുണ്ട്. എന്നാൽ ഒരിക്കൽ പ്രയോഗിച്ചറിഞ്ഞ അറിവുകളാണ് ഭൂരിഭാഗം മനുഷ്യരും പൂർണ വിശ്വാസത്തോടെ  വീണ്ടും ഉപയോഗിക്കുന്നത്. അതിനാലാണ് ഓരോ വ്യക്തികളുടെയും ജീവിതത്തിൽ അനുഭവങ്ങൾക്ക് പ്രാധാന്യമുള്ളത്.

 

പ്രാചീനകാലങ്ങളെ അപേക്ഷിച്ച് ആധുനികലോകത്തിൽ ജനസംഖ്യയിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്, അതോടൊപ്പം ജനസാന്ദ്രതയും വർധിച്ചിട്ടുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററിൽ ജീവിക്കുന്ന മനുഷ്യരുടെ എണ്ണത്തിലുള്ള വളർച്ച. മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിൽ ജനസാന്ദ്രത വളരെയധികമാണ്. ജനനനിരക്ക് നിലവിൽ കുറവാണെങ്കിലും മനുഷ്യരുടെ ജീവിതദൈർഘ്യം വർധിക്കുന്നതിനാലാണ് ജനസംഖ്യ ഉയരുന്നത്. അതായത് ഒരു അമ്പത് അല്ലെങ്കിൽ അറുപത് വർഷങ്ങൾക്ക് മുൻപ് ഒരോ കുടുംബത്തിലും അഞ്ചു മുതൽ പന്ത്രണ്ട് കുട്ടികൾ വരെയുണ്ടായിരുന്നു. എന്നാൽ ഈ ആധുനിക യുഗത്തിൽ ഒന്നു മുതൽ  മൂന്ന് കുട്ടികൾ വരെ മാത്രമാണ് ഓരോ കുടുംബത്തിലുമുള്ളത്. ലോകത്തിൽ ജനനനിരക്ക് കുറയുവാൻ നിരവധി കാരണങ്ങളുണ്ടെങ്കിലും ഭാവിയേക്കരുതി ആവലാതിപ്പെടുവാൻ ഏറെ കാരണങ്ങളേറെയാണ്. അതിലൊന്നാണ് ആധുനിക ലോകത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ലഭിക്കുവാൻ സാധ്യതയില്ലാത്ത അവസരങ്ങൾ, പ്രത്യേകിച്ചും  തരപ്പടിക്കാരോടൊത്ത് അടിച്ചു കളിച്ചു വളരുവാനുള്ള സാധ്യതകൾ വിരളമാവുന്നത്. കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബത്തിലേക്കുള്ള ചേക്കേറ്റവും കുട്ടികൾ തമ്മിലുള്ള  ബന്ധങ്ങളിലെ ദൃഢതയും ആഴങ്ങളും കുറയുവാനിടയായിരുന്നു. അതിലെല്ലാമുപരി ആധുനിക ലോകത്തിലെ സാമൂഹ്യമാധ്യമങ്ങളുടെ കടന്നുകയറ്റവും. നേരിൽ കണ്ടറിഞ്ഞും കേട്ടറിഞ്ഞും അന്യോന്യം  ആശയവിനിമയം നടത്തിയും അറിയേണ്ടതെല്ലാം കേവലം കൈക്കുമ്പിളിലൊതുങ്ങുന്ന കുഞ്ഞൻ ഉപകരണങ്ങളിലൂടെ ആവുമ്പോൾ അറിവെല്ലാം അപൂർണമാണ്. അറിവിനേക്കാളും അറിവില്ലായ്മ അധികമുള്ള സാമൂഹ്യമാധ്യമങ്ങളിൽ അലിഞ്ഞില്ലാതാവുകയാണ് ആധുനിക ലോകത്തിലെ കുഞ്ഞുങ്ങളുടെ ബാല്യകാലം.

 

ലോകത്തിൽ  വൈവിധ്യത നിറഞ്ഞതിന്റെ കാരണങ്ങളെല്ലാം മനുഷ്യർക്ക് അറിവില്ലെങ്കിലും ഒരു കാരണം ഭൂമി ഉരുണ്ടതായതിനാലാണ്. സൂര്യനിൽ നിന്നെത്തുന്ന പ്രകാശകിരണങ്ങൾ പല അളവുകളിലാണ് ഭൂമിയുടെ വിവിധയിടങ്ങളിൽ പതിയുന്നത്.  സൂര്യപ്രകാശം അധികം ലഭിക്കുന്നയിടങ്ങളിൽ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളല്ല മറ്റിടങ്ങളിൽ ലഭ്യമായത്, ഭൂമിയുടെ പലയിടങ്ങളിൽ വളരുന്ന പഴവർഗങ്ങളിലും മറ്റ് ജീവജാലങ്ങളിലും ധാരാളം വ്യതിരസ്‌ഥതയുണ്ട്.  അവിടങ്ങളിലെല്ലാം  ജീവിക്കുന്ന മനുഷ്യരുടെ ജീവിതശൈലിയിലും വലിയ അന്തരമുണ്ട്. ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും ശാരീരിക ഘടനയിൽ മാറ്റങ്ങൾ അധികമില്ലെങ്കിലും പ്രത്യക്ഷത്തിൽ അഥവാ കാണപ്പെടുന്ന  രൂപത്തിലും ഭാവത്തിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങളുണ്ട്. ഇവയെല്ലാം മറ്റുള്ളവരുമായുള്ള അവരുടെ ഇടപെടലുകളിൽ പ്രതിഫലിക്കുന്നുണ്ട്. മനുഷ്യരിൽ വ്യതിരസ്ഥത അധികമുണ്ടെങ്കിലും അവരെല്ലാവരും അന്യോന്യം ഇടപഴുകിയും സഹകരിച്ചും ജീവിക്കുവാൻ ഇച്ഛിക്കുന്നവരാണ്. 

 

അവർക്കെല്ലാം ലഭിച്ചിരിക്കുന്ന വ്യതിരസ്ഥമായ കഴിവുകൾ പങ്കുവയ്ക്കുവാനും അന്യോന്യം ശക്തിപ്പെടുത്തി തണലായി ജീവിക്കുവാനും ആഗ്രഹിക്കുന്നവരാണ്. ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും സഹകരണത്തിലൂടെ മാത്രമാണ് മാനവരാശിക്കെതിരായുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്നത്. അതിനാലാണ് എല്ലാ മനുഷ്യരും അന്യോന്യം സഹകരിച്ചു ജീവിക്കുവാൻ പഠിക്കണമെന്ന് ലോകനേതാക്കൾ നിരന്തരം ആഹ്വാനം ചെയ്യുന്നത്. സഹകരിച്ചുള്ള ജീവിതത്തിന്റെ ശക്തിയും മഹത്വവും മനസിലാക്കുവാൻ ഏറ്റവും എളുപ്പമുള്ള സമയവും മനുഷ്യരുടെ ബാല്യകാലമാണ്. അപ്പോൾ മാത്രമാണ് മനുഷ്യർ മുൻവിധികളില്ലാതെ എല്ലാറ്റിനെയും നോക്കികൊണ്ടും അനുഭവിച്ചറിഞ്ഞും വിലയിരുത്തുന്നതും അവരുടെ ജീവിതത്തിലേക്ക് ഉൾക്കൊള്ളുകയും ചെയ്യുന്നത്.  

 

നിഷ്പക്ഷമായും സ്വതന്ത്രമായും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ എല്ലാ വ്യക്തികളും ക്ലേശിക്കുന്ന ലോകമാണ് ഇന്നുള്ളത്. സ്വന്തമായ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ പലരും വിമുഖത കാണിക്കുന്നത് മറ്റുള്ളവരുടെ അപ്രീതി സമ്പാദിക്കുവാൻ മടിയായതിനാൽ മാത്രമാണ്. ആധുനിക ലോകത്തിൽ മറ്റുള്ളവരെ അംഗീകരിക്കുന്നതിൽ അധികമായി മറ്റുള്ളവരുടെ പ്രശംസ നേടുവാനാണ് പലരും ശ്രമിക്കുന്നത്. തങ്ങളേക്കാൾ മിടുക്കന്മാരുടെ മേൽ ആധിപത്യം നേടുവാനായി ആശ്രിതഗ്രൂപ്പുകൾ സൃഷ്ടിച്ച് പ്രവർത്തനമികവ് തെളിയിക്കുവാൻ ശ്രമിക്കുന്നവർ. സാമൂഹിക സാംസ്‌കാരിക മേഖലകളിലും ഔദ്യോഗിക മണ്ഡലങ്ങളിൽ പോലും ഇതേ ഗ്രൂപ്പുകളിലൂടെ ആധിപത്യവും അധികാരവും ഉറപ്പാക്കുവാൻ ശ്രമിക്കുന്നവരാണ് ചുറ്റിലും. "ഉത്തമമായതെല്ലാം അതിജീവിക്കുന്നു, അഥവാ പരിവർത്തനത്തിലൂടെ തങ്ങളുടേതായ പുതിയ ലോകം സൃഷ്ടിക്കുന്നു" എന്നത് ഡാർവിന്റ സിദ്ധാന്തമാണെങ്കിലും അർഹതയില്ലാത്ത അധികാരം കാംഷിക്കുവാനും നിലനിർത്തുവാനും പലരും ഉപയോഗിക്കുന്നതും ഇതേ സിദ്ധാന്തത്തിനെയാണ്. ഈ ലോകത്തിന്റെ സ്വാഭാവിക നിയമത്തിൽ "അർഹതയില്ലാത്തതൊന്നും ശ്വാശ്വതമായി നിലനിൽക്കില്ല" എന്ന തത്വവും മനസിലാക്കാതെ അതിമോഹത്തോടെ പിടിച്ചുപറിക്കുവാൻ ശ്രമിക്കുന്നവരാണ് ലോകത്തിലധികവും. 

 

ലോകത്തിൽ ജീവിക്കുന്ന ഒരു വ്യക്തി മറ്റൊരാളോട് ഒരിക്കലും സമനാകുന്നില്ല, എന്നാൽ എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കുവാനുള്ള അവകാശവുമുണ്ട്. നിരവധിയായ അവസരങ്ങളിൽ  നിന്നും തങ്ങൾക്ക് ഉചിതമായത് മാത്രം തിരഞ്ഞെടുക്കുവാനുള്ള കഴിവുണ്ടാകുമ്പോൾ മാത്രമാണ് വിജയത്തിലേക്ക് നയിക്കപ്പെടുന്നത്. അതിനാവശ്യം തങ്ങളെ മനസിലാക്കുന്നതുപോലെ മറ്റുള്ളവരെയും മനസിലാക്കുവാനും ഉൾക്കൊള്ളുകയും ചെയ്യുകയെന്നതാണ്. മുൻവിധികളില്ലാതെ സ്വതന്ത്രമായി ചിന്തിച്ചുകൊണ്ട് വിശകലനം ചെയ്യുമ്പോൾ മാത്രമാണ് മറ്റുള്ളവരെ മനസിലാക്കുവാനും ഉൾക്കൊള്ളുവാനും  സാധിക്കുകയുള്ളു.

 

സ്വതന്ത്ര ചിന്തകൾ അതായത് എല്ലാ വിഷയങ്ങളിലും നിഷ്പക്ഷമായി ചിന്തിക്കുവാനും തങ്ങൾക്ക് മാത്രം ലഭിക്കുന്ന നേട്ടങ്ങൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുവാനും ബാല്യം മുതലേ എല്ലാവരും പരിശീലിക്കണം. പിഞ്ചുകുഞ്ഞുങ്ങളുടെയും കുട്ടികളുടെയും സുരക്ഷിതത്വം മാതാപിതാക്കളുടെ കർത്തവ്യമായതിനാൽ അതിരുവിടുന്ന സ്വാതന്ത്രം സ്വാഭാവികമായും അനുവദിക്കുവാൻ സാധിക്കാതെ വരും. എന്നാൽ എല്ലാ കുട്ടികൾക്കും ജാതിമതവ്യവസ്ഥിതികൾക്കും ഉച്ഛനീചത്വങ്ങൾക്കും അപ്പുറത്തുള്ള സഹവർത്തിത്വത്തിനും  അവകാശമുണ്ട്. നാനാ ശ്രേണിയിലുള്ള കുട്ടികളുമായി ഇടപെഴുകി പരിശീലിക്കുമ്പോൾ പിൽക്കാലങ്ങളിലും അവരെയെല്ലാം ഉൾകൊള്ളുവാനുള്ള മാനസികസ്ഥിതി വളർത്തിയെടുക്കും. വൈവിധ്യതയേറിയ ചിന്തകളും ജീവിതശൈലിയും വളരെ ചെറിയ പ്രായത്തിലെ അനുഭവിച്ചറിയുന്നതിലൂടെ വിശാലമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കും. അതിലെല്ലാമുപരി എല്ലാ മനുഷ്യരെയും ജീവിതസാഹചര്യങ്ങളെയും നേരിടുവാനുള്ള മനഃശക്തിയുണ്ടാവും. ആധുനിക ലോകത്തെ ചെളിപുരളാത്ത ബാല്യത്തെക്കാളും വളരെയധികം ഉപകാരപ്പെടുന്നതാണ് മുറ്റത്തും തൊടിയിലും നിറഞ്ഞ പച്ചമണ്ണിൽ കളിച്ചു വളരുന്ന ബാല്യകാലം. അന്യോന്യം തൊട്ടും തലോടിയും അടിച്ചുകളിച്ചു വളരുമ്പോൾ ശാരീരികവേദനയെക്കാളും അധികമായി അറിയുന്നത് മാനസിക വേദനകളാണ്, പ്രത്യേകിച്ചും മറ്റൊരാൾക്കുണ്ടാകുന്ന വേദനയുടെ അനന്തരഫലങ്ങൾ നേരിട്ടനുഭവിക്കുമ്പോൾ. മറ്റുള്ളവരുടെ സുഖത്തിലും സന്തോഷത്തിലും പങ്കാളിയാവുമ്പോൾ ജീവിതം പങ്കുവയ്ക്കുവാൻ ശീലിക്കും. ശാരീരികവും മാനസികവുമായ വ്യഥകളുണ്ടാവുമ്പോൾ പിൽക്കാലത്തും മടികൂടാതെ മറ്റുള്ളവരുമായി പങ്കുവയ്ക്കും, ആശ്വാസം ലഭിക്കും.   

 

സ്വതന്ത്രമായി വിഹരിക്കുന്ന പക്ഷികളെയും വന്യമൃഗങ്ങളെയും അന്നം തേടുവാൻ മാത്രമാണ് ചെറുപ്പത്തിൽ അവയെ പരിപാലിക്കുന്നവയും പരിശീലിപ്പിക്കുന്നത്. പറക്കമുറ്റുമ്പോൾ അഥവാ അന്നം തേടുവാനുള്ള ത്രാണി ലഭിക്കുമ്പോൾ അവയെല്ലാം സ്വതന്ത്രമായി അന്നം തിരയുന്നു, പ്രകൃതിയിൽ നിന്നും സംരക്ഷണം തേടുന്നു സ്വന്തമായി സ്വതന്ത്രജീവിതം പടുത്തുയർത്തുന്നു. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരും അനുകരിക്കേണ്ട ജീവിതശൈലിയും മറ്റൊന്നല്ല. മനുഷ്യർക്ക് അധികമായുള്ള ബുദ്ധിയും ശക്തിയും അനുകമ്പയും മറ്റ് ചരാചരങ്ങളെയും ചേർത്തു നിറുത്തുവാനുള്ള മനോഭാവവും ചേർത്ത് സ്വതന്ത്രമായി ജീവിക്കുവാൻ പ്രാപ്തരാവുക എന്നതായിരിക്കണം ജീവിതലക്ഷ്യം.  അതിലേക്കായി കുട്ടികളെ സ്വാതന്ത്രരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്, മറ്റുള്ളവരെ തൊട്ടും തലോടിയും വളരുന്നതിലൂടെ മറ്റുള്ളവരുടെ ഹൃദയവിചാരങ്ങളും അടുത്തറിയും. അറിവും പക്വതയുമുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടൊപ്പം അവരുടെ രീതിയിൽ സമയം ചിലവഴിക്കുന്നതിലൂടെ ബന്ധങ്ങൾ ദൃഢപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ മറ്റുള്ള കുട്ടികളുമായി, വൈവിധ്യതയേറിയ കുട്ടികളുമായി  ബന്ധങ്ങൾ രൂപീകരിക്കുവാൻ അനുവദിക്കണം അവസരങ്ങൾ സൃഷ്ടിക്കണം.  

കുടിയേറ്റത്തിന്റെ ഈ ആധുനിക യുഗത്തിൽ ഭൂരിഭാഗം  വ്യക്തികളുടെയും ആശങ്കകളാണ് പരിചയമില്ലാത്തവരോട്  കൂട്ടുകൂടുന്നതിലൂടെയും സഹവസിക്കുന്നതിലൂടെയും കുട്ടികൾ മറ്റൊരു സംസ്കാരത്തിലേയ്ക്ക് പറിച്ചുനടുമെന്നും അവരുടെ മാതാപിതാക്കളുടെ തനത് സംസ്കാരങ്ങൾ അന്യം നിന്നും പോകുമെന്നും. എന്നാൽ കുട്ടികളോടൊപ്പം പ്രവർത്തിക്കുന്നവരും അവരുടെ  മനശ്ശാസ്ത്രം അറിവുള്ളവരും   പറയുന്നത് മറിച്ചാണ് "മറ്റ് സംസ്കാരങ്ങൾ അടുത്തറിയുന്നതിലൂടെ തങ്ങളുടെ സംസ്കാരത്തിന്റെ മാഹാത്മ്യം കുട്ടികൾ വേഗത്തിൽ തിരിച്ചറിയുകയും, മറ്റുള്ളവരെയും അവരുടെ സംസ്കാരത്തിനെയും ആദരിക്കുന്നതുപോലെ തങ്ങളുടേതായ സംസ്‍കാരം അധികമായി അനുവർത്തിക്കുകയും ചെയ്യും". ലോകത്തിലുള്ള എല്ലാത്തിനെയും അറിയുവാനുള്ള ആകാംഷ എല്ലാവർക്കുമുണ്ട്, അങ്ങനെ മറ്റുള്ളവരെ അറിയുന്നതിലൂടെ തന്നെത്തന്നെ അറിയുവാനുള്ള അവസരങ്ങളാണ്.  മനുഷ്യജീവിതത്തിന്റെ പ്രാഥമിക ലക്ഷ്യം അടുത്ത തലമുറയ്ക്ക് ജന്മമേകുക എന്നത് മാത്രമല്ല, തങ്ങളേക്കാൾ മെച്ചപ്പെട്ട തലമുറയെ വളർത്തിയെടുക്കുക എന്നതും കൂടിയാണ്. അതിലേയ്ക്കായി എല്ലാ കുട്ടികളെയും സ്വതന്ത്രമായി ജീവിക്കുവാനും മനുഷ്യരുൾപ്പെടുന്ന എല്ലാ ജീവജാലങ്ങളെയും അടുത്തറിയുവാനും ബാല്യകാലങ്ങളിൽ തുടങ്ങി  വളർച്ചയുടെ എല്ലാ ഘട്ടത്തിലും അനുവദിക്കണം, അവസരമൊരുക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com