ADVERTISEMENT

ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതിയ ചെറിയ പുസ്തകമാണ് 'കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ - മുതിർന്നവർക്ക് ഒരു കൈപ്പുസ്തകം'.  വായന കഴിഞ്ഞപ്പോൾ അത്യാവശ്യം നമ്മുടെ കുടുംബങ്ങളിൽ വായിക്കേണ്ട പുസ്തകമാണെന്ന് തോന്നി.  മുതിർന്നവർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും ചെറുതെങ്കിലും ഉപകാരപ്രദമായ വിവരങ്ങൾ ഈ പുസ്‌തകത്തിലുണ്ട്. പലരും പങ്കുവയ്ക്കാൻ മടിക്കുന്ന  കുറെയേറെ അറിവുകൾ നൽകുവാൻ ജോസ്‌ന നടത്തിയ ശ്രമം എടുത്തുപറയേണ്ടത് തന്നെ.

നമ്മുടെ സമൂഹം നേരിടുന്ന വലിയ പോരായ്മകളിൽ ഒന്നാണ് ലൈംഗിക കാര്യങ്ങളിൽ പര്യാപ്തമായ അറിവുകൾ ഇല്ലായ്‌മ. കുഞ്ഞായിരിക്കുമ്പോൾത്തന്നെ കുട്ടികൾ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ലളിതമായി അവരുടെ ബുദ്ധിക്ക് പാകമായ രീതിയിൽ എങ്ങനെ പറഞ്ഞുമനസ്സിലാക്കാം എന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു. 

ആറ് അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ.  ആദ്യ അധ്യായത്തിൽ, രണ്ട് വയസ്സുവരെയുള്ള കുട്ടികളോട് എങ്ങനെ ലൈംഗികതയെപ്പറ്റി പറഞ്ഞുകൊടുക്കാം എന്നാണ് പ്രതിപാദിക്കുന്നത്.  രണ്ടാം അധ്യായത്തിൽ, അഞ്ചുവയസ്സുവരെയുള്ള കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങൾ കാണാം. കുഞ്ഞുവാവ എങ്ങനെ ജനിക്കുന്നു എന്ന കൗതുകപൂർവ്വമായ ചോദ്യം, അവരോട് അത് പറഞ്ഞുകൊടുക്കേണ്ട വിദ്യകൾ, സംഭവകഥകൾ, ട്രാൻസ് ജെൻഡർ അവസ്ഥയെപ്പറ്റി എങ്ങനെ പറഞ്ഞുകൊടുക്കാം എന്നതൊക്കെയാണ് ഈ അധ്യായത്തിന്റെ പ്രത്യേകത.

മൂന്നാം അധ്യായത്തിലേക്ക് വരുമ്പോൾ, ആറുമുതൽ എട്ടുവയസ്സുവരെയുള്ള കുട്ടികളോട് എന്തൊക്കെ ലൈംഗിക കാര്യങ്ങൾ പങ്കുവയ്ക്കാം, എങ്ങനെ പറയാം എന്ന് വിവരിക്കുന്നു.  കുട്ടികൾക്ക് അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന വളർച്ചയും അതിന്മേലുള്ള സംശയങ്ങളും കൈകാര്യം ചെയ്യേണ്ട വിധം മനസ്സിലാക്കാം.  കുട്ടികളിൽ ഉണ്ടാകുന്ന അപകർഷതാബോധം  അവയെ എങ്ങനെ മാതാപിതാക്കൾ നേരിടും എന്നൊക്കെ പറഞ്ഞുതരുന്നത് ഏറെ ഉപകാരപ്രദമാണ്.  

പ്രായപൂർത്തിയിലേക്ക് കടക്കുന്ന ആൺ–പെൺ ശരീരങ്ങളെക്കുറിച്ച് എന്തൊക്കെ പറഞ്ഞുകൊടുക്കാം എന്നതാണ് നാലാം അധ്യായത്തിൽ. ഒൻപത് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളെ എങ്ങനെ ബോധവൽക്കരിക്കാം എന്നത് ഇവിടെ കുറിക്കുന്നു.അഞ്ചാം അധ്യായത്തിൽ, ടീനേജ് പ്രായത്തിൽ എത്തുന്ന കുട്ടികളിൽ എങ്ങനെ ലൈംഗിക പാഠങ്ങൾ പറഞ്ഞുകൊടുക്കും എന്നത് കാണാം.

അവസാന ഭാഗം, അഥവാ ആറാം അധ്യായം എന്താണ് ലൈംഗിക അതിക്രമം, ലൈംഗിക അതിക്രമ നേരിട്ട കുട്ടിക്ക് നൽകേണ്ട പിന്തുണ, ആവശ്യകതകൾ ഒക്കെയാണ് പറയുന്നത്. കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ എങ്ങനെ ആരോട് പറയാം, പരാതിപ്പെടാം ഒപ്പം വിവിധതരം ലൈംഗിക രോഗങ്ങൾ, സൂചനകൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഒക്കെ ഈ അധ്യായത്തിൽ ഉണ്ട്.  

അവസാനത്തെ പതിനഞ്ചോളം പേജുകൾ മാറ്റി വച്ചിരിക്കുന്നത് ലൈംഗിക പീഡനങ്ങൾ നടന്നാൽ അത്യാവശ്യം ബന്ധപ്പെടേണ്ടവർ, സേവനങ്ങൾ, ട്രസ്റ്റുകൾ, അഭയകേന്ദ്രങ്ങൾ  ഏതൊക്കെ എന്നതാണ്. കേരളത്തിൽ ജില്ലകൾ തോറുമുള്ള അഭയകേന്ദ്രങ്ങളുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.

ചെറുതെങ്കിലും അത്യാവശ്യ വിവരങ്ങളാൽ മികവ് പുലർത്തുന്നു ജോസ്‌നയുടെ പുസ്‌തകം. തന്റെ പ്രായത്തിലുള്ളവർ പറയാൻ മടിക്കുന്ന വിഷയവുമായി മുന്നോട്ട് വരുവാൻ എഴുത്തുകാരി കാണിച്ച ആത്മാർഥതയ്ക്ക് ഒരു കയ്യടി.  കുട്ടികൾക്ക് പോലും മനസിലാകുന്ന ഭാഷയിൽ എഴുതപെട്ട ഈ ഗ്രന്ഥത്തിനുവേണ്ടി കുറെയേറെ പുസ്‌തകങ്ങൾ റഫർ ചെയ്യുന്നുണ്ട് എഴുത്തുകാരി.  

79 പേജുകൾ ഉള്ള പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഫോറസ്റ്റ് ബുക്‌സ്. വില നൂറ് രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com