'യു ആർ അണ്ടർ അറസ്ററ്' മോസ്‌കോ പൊലീസിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഞെട്ടിപ്പോയി. എന്റെ കൂടെയുണ്ടായിരുന്നത്, ഇറ്റലിയിൽ നിന്ന് വന്ന പൗലോ, ടുണീഷ്യയിൽ നിന്നെത്തിയ കരിമ, ബ്രിട്ടനിൽ നിന്നും വന്ന ജോ, ജപ്പാനിൽ നിന്നെത്തിയ വാകാക്കോ കൂടെ ഞങ്ങളുടെ റഷ്യൻ ആതിഥേയൻ ഡിമിത്രിയും അദ്ദേഹത്തിന്റ അമ്മയും.
മൂന്നു ദിവസം മോസ്കൊയിൽ നടത്തപ്പെട്ട ആദ്യ റഷ്യൻ ലാഫ്റ്റർ കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു ഞങ്ങൾ. എന്റെ ജോലി സ്ഥലമായ ബഹ്റൈനിൽ നിന്നും ആണ് ഞാൻ മോസ്കോയിൽ എത്തിയത്.
രണ്ടു ദിവസത്തെ ചിരിയും , കോൺഫറൻസും കഴിഞ്ഞു മോസ്കോയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണുവാൻ ഞങ്ങൾ രാവിലെ പ്രാഭാതഭക്ഷണവും കഴിഞ്ഞു കോൺഫെറൻസ് സംഘാടകൻ ഡിമ എന്നു വിളിക്കുന്ന ഡിമിത്രിയോടും അമ്മയോടും ഒപ്പം ഇറങ്ങി ട്രെയിൻ കയറി മോസ്കോയുടെ ഹൃദയമായ റെഡ് സ്‌ക്വയറിൽ എത്തി. മനോഹരങ്ങളായ ക്രെംലിൻ, ലെനിൻ മുസോളിയം, സെന്റ് ബേസിൽ കത്തീഡ്രൽ എല്ലാം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നിലത്തു കല്ലുകൾ പാകിയ അതിവിശാലമായ സ്ഥലമാണ് റെഡ് സ്‌ക്വയറ്‍ . വിക്ടറി ഡേ പരേഡ് ഇവിടെയാണ് നടക്കുന്നത്. ചിലർ ലെനിൻറെയും മറ്റും വേഷം ധരിച്ചു നിൽപുണ്ട് .അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുവാൻ സന്ദർശകർ തിരക്ക് കൂട്ടുന്നു .
കാഴ്ചകൾ കണ്ടു നീങ്ങുന്നതിനിടയിൽ എല്ലാവരും ചേർന്ന് ഒരു ഫോട്ടോ എടുക്കുവാൻ തീരുമാനിച്ചു. ജപ്പാനിൽ നിന്നും വന്ന വാകാക്കോ തന്റെ ബാഗ് തുറന്നു ഒരു ഫ്ലാഗ് വെളിയിലെടുത്തു. ആ ഫ്ലാഗും പിടിച്ചു റെഡ് സ്‌ക്വയറിന്റെ പശ്ചാ തലത്തിൽ കുറെ ഫോട്ടോസ് ക്ലിക്ക് ചെയ്തു

ഒരു പോലീസ് വാഹനത്തിൻറെ സൈറൺ പെട്ടെന്ന് മുഴങ്ങി. മോസ്കോ പൊലിസിന്റെ കാർ ഞങ്ങളുടെ മുൻപിൽ കൊണ്ടുവന്നു നിർത്തി. സുന്ദരികളായ രണ്ടു വനിതാപൊലീസുകാർ കാറിൽനിന്ന് ഇറങ്ങി . ഡിമിത്രിയോട് എന്തെല്ലാമോ റഷ്യൻ ഭാഷയിൽ സംസാരിച്ചു . വാകാക്കോ യുടെ കൈയ്യിലിരുന്ന ഫ്ലാഗ് അവർ വാങ്ങി പരിശോധിച്ചു . അതിന്റെ ഫോട്ടോയെടുത്തു കാറിനുള്ളിൽ തന്നെയുള്ള സംവിധാനത്തിലേക്ക് അവർ അപ്‌ലോഡ് ചെയ്തു. വയർലസ് ഫോണിൽ വനിതാ പോലീസുകാർ മറ്റാരുമായോ ബന്ധപ്പെടുന്നുണ്ടായിരുന്നു.
അല്പസമയം കഴിഞ്ഞപ്പോൾ മറ്റൊരു പോലീസ് വാഹനം എത്തി . അതിൽ നിന്നും രണ്ടു പുരുഷ കേസരികൾ പുറത്തിറങ്ങി . വാകാക്കോ യുടെ ഫ്ലാഗ് വീണ്ടും പരിശോധിച്ചു , ഡിമിത്രിയുമായി എന്തോ സംസാരിച്ചു, പിന്നീട് ഞങ്ങളെ നോക്കി പറഞ്ഞു
"യു ഓൾ ആർ അണ്ടർ അറസ്റ്റ് "
എല്ലാവരുടെയും മുഖം പെട്ടെന്ന് വാടി. ഡിമിത്രി ഞങ്ങളോട് ഇംഗ്ലീഷിൽ വിശദീകരിച്ചു. വാകാക്കോ യുടെ ഫ്ലാഗ് ആണ് വിനയായത് . അത് ഒരു റെയിൻബോ ഫ്ലാഗ് ആയിരുന്നു അതിന്റെ മദ്ധ്യഭാഗത്തായി ഒരു സ്മൈലി ചിത്രവും ഉണ്ടായിരുന്നു. റെയിൻബോ ഫ്ലാഗ് എൽജിബിടി സമൂഹത്തിന്റെ ചിഹ്നം ആണ് . അവരുടെ അവകാശങ്ങളെ റഷ്യ പിന്തുണക്കുന്നില്ല. അതുകൊണ്ടു അവരുടെ ചിഹ്നം പ്രദർശിപ്പിക്കുന്നതു കുറ്റകരമാണ്.
"ഫൊളോ മീ" ഒരു പോലീസുകാരൻ ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തോടൊപ്പം 10 മിനിറ്റോളം നടന്നു പോലീസ് സ്റ്റേഷ നിൽ എത്തി. പൊലീസ് സ്റ്റേഷൻറെ അകത്തളത്തിൽ ഇരുപതോളം ആളുകൾ തല കുമ്പിട്ടു ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു . പല കേസുകളിലായി കൊണ്ടുവന്ന വിവിധ രാജ്യക്കാർ ആണ് .
ഞങ്ങളെ കൂട്ടിക്കൊണ്ടുവന്ന പോലീസുകാരൻ ഉള്ളിലെ മുറിയിൽ ഇരുന്ന ഓഫിസറോട് റഷ്യൻ ഭാഷയിൽ എന്തോ ഉച്ചത്തിൽ പറഞ്ഞു . പെട്ടെന്ന് അവിടെയുണ്ടായിരുന്ന പോലീസുകാരുൾപ്പടെ എല്ലാവരും തലപൊക്കി ഹാസ്യരസം കലർന്ന മുഖമുദ്രയാൽ ഞങ്ങളെ നോക്കി.
ഒരു ഓഫിസർ വന്നു എല്ലാവരുടെയും പാസ്പോര്ട്ട് വാങ്ങികൊണ്ടുപോയി. ഉള്ളിലെ അലമാരയിൽ നിന്നും കുറെ പേപ്പർ എടുത്തു ഓരോ പാസ്പോർട്ടിലും വച്ച് ഒരു കമ്പ്യൂട്ടറിൻറെ മുൻപിൽ പോയിരുന്നു ഫീഡ് ചെയ്യാൻ തുടങ്ങി .

ബ്ലാക് ലിസ്റ്റിൽ പെടുത്തുമോ, അകത്തിടുമോ, ഫൈൻ അടിക്കുമോ ഇനി ഒരുനാളും ഈ വഴി വരാൻ പറ്റില്ലേ എന്ന് ഞങ്ങൾ ഭയപ്പെട്ടു രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ഓഫീസർ വന്നു ഡിമിത്രിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.ഒരു മണിക്കൂർ കഴിഞ്ഞു ഡിമിത്രി പുറത്തു വന്നു.. മുഖം അത്ര ശോഭനമായിരുന്നില്ല .
അവർ വിവരങ്ങൾ എല്ലാം തിരക്കി , ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പറഞ്ഞു . ഡിമിത്രിയുടെ വാക്കുകൾ ഞങ്ങളെ ഞെട്ടിച്ചൂ. വെള്ളമോ ഭക്ഷണമോ ഇല്ലാതെ അഞ്ചു മണിക്കൂർ മോസ്കോ പൊലീസ് സ്റ്റേഷനിൽ. വീണ്ടും ഒരു മണിക്കൂർ മറ്റൊരു ഉയർന്ന ഗ്രേഡിലുള്ള പൊലീസ് ഓഫീസർ ഞങ്ങളുടെ അടുത്തേക്ക് വന്നു . ഡിമിത്രിയോട് സംസാരിച്ചൂ .വളരെ ഭവ്യതയോടെ ഡിമിത്രി എല്ലാം കേട്ട് നിന്നു . ഓഫിസർ പോയതിനു ശേഷം ഡിമിത്രി വിശദീകരിച്ചു . കേസ് ചാർജ് ചെയ്യുന്നില്ല , വാണിങ് മാത്രം . ഇനി റഷ്യയിൽ എവിടെയും ഫ്ലാഗ് പ്രദർശിപ്പിക്കരുത്.
ഡിമിത്രി അകത്തു ചെന്നു എല്ലാവരുടെയും പാസ്പോർട്ട് വാങ്ങി നന്ദി പ്രകാശിപ്പിച്ചു എല്ലാവരും പുറത്തു കടന്നു. ഫ്ലാഗിന്റെ ഉടമ വാകാക്കോ സോറി, സോറി എന്നാവർത്തിച്ചുകൊണ്ടിരുന്നു .
റഷ്യ കാണാനിറങ്ങി, അവിടുത്തെ പൊലീസ് സ്റ്റേഷനിൽ ആറു മണിക്കൂർ ചിലവിട്ട സന്തോഷത്താൽ ഞങ്ങൾ വീണ്ടും ചിരി തുടങ്ങി.