ADVERTISEMENT

അഞ്ചു വർഷങ്ങൾക്കു മുൻപ് ഞങ്ങൾ നാലു സഹോദരന്മാർക്കുണ്ടായിരുന്ന ഏക സഹോദരി മരണപ്പെടുകയുണ്ടായി.മരിച്ച് അഞ്ചാമത്തെ ദിവസം പുലർച്ചെ തറവാടിന്റെ ചാരു പടിയിൽ വെള്ള നിറത്തിൽ തിളങ്ങുന്ന ചിറകുകളുള്ള സുന്ദരിയായ ഒരു പക്ഷി ഇരിക്കുന്നത്  ഞാൻ കണ്ടു ... സൂക്ഷിച്ചു നോക്കിയപ്പോൾ അതിന്റെ മുഖത്തിന് പെങ്ങളുടെ സാദൃശ്യം പോലെ തോന്നുകയും അതിനു എന്തോ എന്നോട് പറയാനുള്ളത് പോലെ കാണിക്കുകയും ചെയ്യുന്നതായി എനിക്ക് തോന്നി . എന്റെ ഉമ്മയെ കൂടെ കുട്ടി കൊണ്ട് പോവാൻ വന്നതാണെന്ന് പക്ഷി എന്നോട് പറയുന്നത്പോലെ ... ഉമ്മയെ മോൾ കൊണ്ട് പോയാൽ ഞങ്ങൾക്കും ഉപ്പാക്കും പിന്നെയാരുണ്ടെന്ന ചോദ്യം കേട്ടതും ഒന്നും മിണ്ടാതെ സങ്കടത്തോടെ ആ പക്ഷി പറന്നകന്നു.

 

പള്ളിയിലെ സുബ്ഹി ബാങ്ക് കേട്ടു ഉണർന്നപ്പോഴാണ് അതൊരു സ്വപ്നമാണെന്നെനിക്ക് മനസ്സിലായത് ...ആ വിവരം ഞാനപ്പോൾ തന്നെ ഭാര്യയുമായി പങ്കു വെക്കുകയും പിറ്റേ ദിവസം തന്നെ ഉമ്മയടക്കം വീട്ടിലുള്ളവരോട്  പറയുകയും ചെയ്‌തു . എന്റെ മോളോടൊപ്പം പോവാനാണ് എനിക്കിഷ്ടമെന്ന് അപ്പോൾ തന്നെ ഉമ്മ പറയുകയും ചെയ്തു. ജന്മനാൽ ഓട്ടിസം ഉണ്ടായിരുന്നത് കൊണ്ട് വളരെ സ്നേഹിച്ചും ലാളിച്ചുമാണ് ഉമ്മ പെങ്ങളെ വളർത്തിയതും പരിചരിച്ചതും ഒരർത്ഥത്തിൽ പറഞ്ഞാൽ ഉമ്മാടെ സന്തോഷവും , ജീവിതവുമൊക്കെ തന്നെ ആ സഹോദരിക്ക് വേണ്ടി സമർപ്പിക്കുകയായിരുന്നു. ആ സ്നേഹംകൊണ്ടായിരിക്കാം മരിച്ച അഞ്ചാം ദിവസം തന്നെ ഉമ്മയെ തേടി മോൾ ആ രൂപത്തിൽ വീട്ടുപടിയിൽ എത്തിയത് ...

 

ആ സംഭവത്തിനു ശേഷം മനസ്സിൽ ഉമ്മയുടെ ആരോഗ്യകാര്യത്തെ കുറിച്ചു ഒരു തരം ആശങ്കയായിരുന്നു . അതിനിടയിൽ ഉമ്മ സുഖമില്ലാതാവുകയും ഉമ്മയുടെ രണ്ടു വൃക്കകളും തകരാറിലാവുകയും ചെയ്തു..ഉടനെ ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു . ഇതിനിടയിൽ പല വിഷമ ഘട്ടങ്ങളിലൂടെയും ഉമ്മ കടന്നുപോയി കൊണ്ടിരുന്നു ...അപ്പോഴൊക്കെ എന്റെ മനസ്സിൽ ആ പക്ഷിയുടെ രൂപം തെളിയുമായിരുന്നു ...അതിൽ നിന്നെല്ലാം ഉമ്മ സർവ്വശക്തന്റെ കാരുണ്യത്തോടെ ഞങ്ങൾക്കായി തിരിച്ചു വന്നു. ഉമ്മാടെ വലിയ ഒരാഗ്രഹമായിരുന്നു മരണസമയത്തു വീട്ടിൽ കിടക്കണമെന്നതും , മരണം ആസന്നമാവുമ്പോൾ ഞങ്ങൾ നാല് മക്കളും, ഉപ്പയും അടുത്തുണ്ടാവണമെന്നതും ,പെണ്മക്കളില്ലാത്ത ദുഃഖം അറിയിക്കാതെ പരിചരിച്ച മരുമക്കൾ അവസാനമായി കുളിപ്പിക്കണമെന്നതും , അതിനു ഉമ്മ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന എന്റെ ഭാര്യാ മാതാവ് തന്നെ നേതൃത്വം കൊടുക്കണമെന്നതും .. അതിനു അവസരമൊരുക്കിയ സർവ്വശക്തനെ എത്ര സ്തുതിച്ചാലും മതിയാവില്ല.

 

അസുഖം ഭേദമായി സാധാരണ ചികിൽസിക്കാറുളള അമൃതയിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ട് വന്നു ഞങ്ങൾ യുഎഇ യിലേക്ക് തിരിച്ചു പോവുമ്പോൾ എന്തോ ഒരു സംഭ്രമം മനസ്സിൽ കിടന്നു കഴിഞ്ഞിരുന്നു .പിന്നീട് സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണിപ്പോൾ ... മരിക്കുന്നതിന് തലേ ദിവസം ഞാൻ ഒറ്റക്ക് നാട്ടിലേക്ക് പോവാൻ ആദ്യം തീരുമാനിച്ചത് മാറ്റി എല്ലാവരുമായി പോവാൻ തീരുമാനിക്കുകയും അന്ന് പുലർച്ചെ നാട്ടിലെത്തി ഹോസ്പിറ്റലിൽ ഡോക്ടർമാരുമായി ചർച്ചചെയ്തു വീണ്ടും അമൃതയിലേക്ക് കൊണ്ട് പോവാൻ തീരുമാനിക്കുകയും അതിനിടയിൽ ഉപ്പാനെ കാണിക്കുവാൻ വീട്ടിലേക്ക് കൊണ്ട് വന്നു  അമൃതയിലേക്ക് പോവുന്നത് പിറ്റേ ദിവസത്തേക്ക് മാറ്റിയ തീരുമാനവും, മഗ്‌രിബിനും , ഇഷാ ബാങ്കിനും ഇടയിലുള്ള സമയത്തിനുള്ളിൽ നാല് മക്കളും , ഉപ്പയും , മരുമക്കളും ,പേരമക്കളും ചുറ്റിലും നിന്ന് സംസം വെള്ളം കൊടുത്തും ദിഖ്‌റുകളുടെയും , ഖുർആൻ സൂക്തങ്ങളുടെയും അന്തരീക്ഷത്തിൽ ഉമ്മ ഏറെ സ്നേഹിക്കുന്ന പ്രവാചകൻ മുഹമ്മദ് നബി (സഅ) ജനിച്ച മാസമായ റബീഹുൽ അവ്വൽ മാസത്തിൽ തന്നെ സ്നേഹ നിധിയായ ഉമ്മ കണ്ണടക്കുമ്പോൾ ഉമ്മാടെ വലിയൊരാഗ്രഹം സർവശക്തൻ സാധിപ്പിച്ചു കൊടുക്കുകയായിരുന്നു ... ഉമ്മ പോയ വിഷമം മനസ്സിൽ ഒരു നെരിപ്പോട് പോലെ പുകയുമ്പോഴും സഹോദരിയോടൊപ്പം , അത് പോലെ ഉമ്മാക്ക് ഇഷ്ടപെട്ടവരോടൊപ്പം സന്തോഷത്തോടെ ഉമ്മ കഴിയുന്നുണ്ടാവും എന്ന സമാധാനം മാത്രമേയുള്ളൂ ... ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു ഉമ്മാക്ക് വേണ്ടി ഞങ്ങളും , സഹോദരിയും തമ്മിലുള്ള ഒരു മത്സരമായിരുന്നു ഈ അഞ്ചു വർഷം നടന്നതെന്നും അതിൽ സഹോദരി വിജയിച്ചിരിക്കുന്നു എന്നും .

 

ഈ അവസരത്തിൽ ഉമ്മാനെ മരിക്കുന്നത് വരെ കോവിഡ് പിടിപെടാതെയും ( അനേകം പേർ ഇതിനകം ഉമ്മയോടൊപ്പം ഡയാലിസിസ് ചെയ്തിരുന്നവർ കോവിഡ് മൂലം മരണ പെട്ടിരുന്നു) അല്ലാതെയും പരിചരിച്ച ഡോക്‌ടേഴ്‌സ് , നഴ്സുമാർ , പ്രത്യേകിച്ച് അവസാന നിമിഷം വരെ ഞങ്ങൾക്ക് ധൈര്യം തന്നു കൂടെ നിന്ന പ്രിയ സിസ്റ്റർ , ഉമ്മാക്ക് വേണ്ടി നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്നവർ , സുഹൃത്തുക്കൾ , ബന്ധുക്കൾ എല്ലാവർക്കും ഹൃദയത്തിൽ തൊട്ട നന്ദി ... സ്നേഹം

ഉമ്മയുടെ മകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com