തെറ്റുകുറ്റങ്ങൾക്ക് അതേ നാണയത്തിലുള്ള മറുപടി സൂചിപ്പിക്കുന്നത് ഇരുവ്യക്തികളിലുള്ള അന്തരമില്ലായ്മ

revenge-take-1
SHARE

പ്രതികൂലമല്ലാത്ത എല്ലാ ജീവിതാവസരങ്ങളെയും അനുകൂലമാക്കുവാൻ നിരന്തരം പ്രയഗ്നിക്കുന്നവരാണ് മനുഷ്യർ. ഭൂരിഭാഗവും അനുകൂലമാകും എന്നാൽ ചുരുക്കം ചിലതെങ്കിലും  ജീവിതകാലം മുഴുവൻ പ്രതികൂലമായി നിലനിൽക്കും. എല്ലാ മനുഷ്യരും സാമൂഹിക ജീവികളായതിനാൽ നിരന്തരം മറ്റുള്ളവരുമായി ഇടപഴുകിയും ചില അവസരങ്ങളിൽ അന്യോന്യം സഹകരിച്ചും ജീവിക്കുന്നവരുമാണ്. പ്രത്യക്ഷത്തിൽ സഹകരണമനോഭാവം പുലർത്തുന്ന പലരും ആത്യന്തികമായി അവരുടെ മാത്രം നേട്ടങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രാഥമികമായും  എല്ലാ മനുഷ്യരും സ്വാർത്ഥ താല്പര്യങ്ങൾ തേടുന്നവരും സംരക്ഷിക്കുന്നവരും ആയതിനാൽ അന്യോന്യമുള്ള ഇടപെടലുകളിൽ അസ്വാരസ്യങ്ങളും സ്വാഭാവികവുമാണ്. എല്ലാ അര്ത്ഥത്തിലും വ്യതിരസ്‌ഥരായ മനുഷ്യർക്ക് മറ്റുള്ളവരിൽ നിന്നും സ്വീകാര്യതയേക്കാൾ അധികവും ലഭിക്കുന്നത് നിസ്സഹകരണവും  അവഗണനയുമാണ്. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും കുടുംബത്തിലായിരുന്നാലും  സമൂഹത്തിലായിരുന്നാലും ഒറ്റപെടുത്തലുകളും അവഹേളനങ്ങളും പലർക്കും സഹിക്കാവുന്നതിന്റെ അപ്പുറവുമാണ്. അതിലും തീവ്രതയേറിയ അവസ്ഥകളാണ് മാനസികവും ശാരീരികമായി ലഭിക്കുന്ന മുറിവുകൾ. സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അവഹേളനങ്ങൾ നേരിട്ടും പരോക്ഷമായും ലഭിക്കുന്ന വ്യക്തിഹത്യകളും ചുരുക്കമായിട്ടെങ്കിലും  ഉണ്ടാകുന്ന ശാരീരിക പീഡനങ്ങൾ പലർക്കും അസഹനീയമാണ് . ഇങ്ങനെയുള്ള എല്ലാ അവസരങ്ങളിലും മനുഷ്യർ സ്വാഭാവികമായും ചിന്തിക്കുന്നതും തേടുന്നതും പകരം വീട്ടുവാനുള്ള അവസരങ്ങൾക്കാണ്. തുറന്നു പറയുന്നില്ലെങ്കിൽ കൂടിയും ലഭിക്കുന്ന അതെ നാണയത്തിൽ പകരം വീട്ടുവാൻ പലരും തക്കം പാർത്തു നടക്കുന്നുണ്ട് എന്നത് വസ്തുതയുമാണ്.

അപരിഷ്‌കൃതമായിരുന്ന പൗരാണിക കാലങ്ങളിൽ കണ്ണിന് കണ്ണും പല്ലിന് പല്ലുമായിരിന്നു മനുഷ്യരുടെ ജീവിതരീതികളെങ്കിൽ പരിഷ്‌കൃതമായ ആധുനിക ലോകത്തിൽ മറ്റുള്ളവർക്കെതിരെ തെറ്റ് ചെയ്തവർക്ക് മനസ്തപിക്കുവാനുള്ള അവസരങ്ങളാണ് നൽകുന്നത്. ആധുനിക ലോകത്തിൽ മനുഷ്യരുടെ അപക്വമായ പ്രവർത്തനങ്ങളെയും  വാക്കുകളെയും മനസറിഞ്ഞു തിരുത്തുവാനും ശിഷ്ടജീവിതത്തിൽ പശ്ചാത്താപിച്ച് കൂടുതൽ ഉത്തരവാദിത്വപരമായ ജീവിതം നയിക്കുവാൻ പ്രേരിപ്പിക്കുകയാണ്. മനുഷ്യമനഃസാക്ഷിക്ക് അനുയോജ്യമല്ലാത്ത ശിക്ഷാരീതികൾ നടപ്പാക്കുന്ന ചുരുക്കം ചില രാജ്യങ്ങൾ ലോകത്തിലുണ്ടെങ്കിലും അധികവും കൊടും കുറ്റവാളികൾക്ക് പോലും സ്വാഭാവിക മരണത്തിനുള്ള അവസരങ്ങളാണ് നൽകുന്നത്. ലോകത്തിലുള്ള ഭൂരിഭാഗം മതങ്ങളും വിശ്വാസരീതികളും ഹീനവും ക്രൂരവുമായ ശിക്ഷാനടപടികളെ ശരി വയ്ക്കുന്നുമില്ല പ്രോത്സാഹിപ്പിക്കുന്നുമില്ല.  പകരം അനുരഞ്ജനത്തിനായും ചെയ്ത തെറ്റുകൾ തിരുത്തുവാനുമുള്ള അവസരങ്ങൾ എല്ലാവർക്കും ലഭിക്കണമെന്നാണ് പഠിപ്പിക്കുന്നത്. അമൂല്യമായ മനുഷ്യജീവന്റെ വിലയറിഞ്ഞുള്ള ചിന്തകളും  പ്രവർത്തനങ്ങളും എല്ലാ മനുഷ്യർക്കും ഗുണമായി മാറുന്നുണ്ട്. "പാപത്തെയും പാപസാഹചര്യങ്ങളെയും വെറുത്തുകൊണ്ട് പാപിയെ സ്നേഹിക്കുവാൻ"  രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ക്രിസ്തു  ആഹ്വാനം ചെയ്‌തെങ്കിലും ആധുനിക ലോകത്തിൽ  മാർട്ടിൻ ലൂഥർ കിങ്ങ് ജൂണിയർ പറയുന്നതും മറിച്ചല്ല  "കണ്ണിനു പകരം കണ്ണെടുക്കുന്ന നീതി ഇരുവരെയും അന്ധരാക്കുമെന്നാണ്". തെറ്റ് ചെയ്യുന്നവരോടും അപമര്യാദയായി പെരുമാറുന്നവരോടും അതെ നാണയത്തിൽ മറുപടി നൽകിയാൽ ഇരുവ്യക്തികളും തമ്മിൽ അന്തരമില്ല എന്നാണ് ലോകത്തിന് മാതൃകയായവർ പഠിപ്പിക്കുന്നത്.

ഈ അടുത്ത നാളുകളിൽ ഒരു പ്രമുഖ പത്രത്തിൽ വന്ന കുറിപ്പ്  വായിക്കുവാൻ ഇടയായി, ഒരു വ്യക്തിയും  അദ്ദേഹത്തിന്റെ അയൽവാസിയും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ അനുഭവം. പത്ത് അല്ലെങ്കിൽ പന്ത്രണ്ട് ഇഞ്ചുള്ള അതിർത്തിക്കല്ല് സ്ഥാപിച്ചത് തങ്ങളുടെ ഭൂമിയിലല്ല അയൽക്കാരന്റെ ഭൂമിയിലാണെന്ന തർക്കം.  തെറ്റ് അയൽക്കാരന്റെ ഭാഗത്തായിരിന്നിട്ടും അദ്ദേഹം സംയമനം പാലിച്ചതിലൂടെ അദ്ദേഹത്തിന് പണനഷ്ടവും മാനഹാനിയും ഉണ്ടായില്ല, അതിലെല്ലാമുപരി അല്പനാളുകളിലേയ്ക്ക് മനോവിഷമം ഉണ്ടായെങ്കിലും ജീവിതത്തിൽ ഒരിക്കലും ദുഖിക്കേണ്ടി വന്നില്ല. കാരണം അധികം താമസിയാതെ തന്നെ അയൽക്കാരൻ സ്വയം തിരിച്ചറിഞ്ഞു തെറ്റ് തന്റെ ഭാഗത്തു നിന്നാണെന്നും, തനിക്ക് അർഹതയില്ലാത്തതാണ് താൻ തട്ടിയെടുക്കുവാൻ ശ്രമിച്ചതെന്നും ഏറ്റു പറഞ്ഞു. താമസിയാതെ അയൽക്കാരൻ തന്റെ ഭൂമി  വിറ്റ് മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു, പിന്നീട് സ്വന്തമായി അനുതപിച്ചിട്ടുണ്ടാവാം അതുണ്ടായില്ലെങ്കിലും ഈ ലോകത്തു നിന്നും എന്നന്നേയ്ക്കുമായി അയൽക്കാരൻ താമസിയാതെ വിടപറയുകയും ചെയ്തിരിക്കാം. ഒരു ചുവട് ഭൂമിക്ക് വേണ്ടി അനാവശ്യമായി അയൽക്കാരനുമായി ശണ്ഠകൂടുവാൻ ശ്രമിക്കുന്നവർക്കുള്ള പാഠമായിരുന്നു അദ്ദേഹത്തിന്റ അനുഭവത്തിലൂടെ വിവരിച്ചത്.  ഇന്ന് കൈവശം വച്ചിരിക്കുന്ന ഭൂമി മുൻപ് മറ്റൊരാളുടെ ആയിരുന്നുയെന്നും ഇനി ഭാവിയിൽ മറ്റു വല്ലവരുടെയും ആയി തീരുമെന്ന് അറിവുള്ള വ്യക്തികൾ അനാവശ്യമായി അതിർത്തി തർക്കങ്ങളിൽ തങ്ങളുടെ അമൂല്യവും അപൂർവ്വവുമായ സമയവും ചിലവിടാറില്ല. ഈ ജീവിതാനുഭവം സൂചിപ്പിക്കുന്നതും ഒന്നുമാത്രമാണ്  മനുഷ്യരെക്കാളും കാലമാണ് കണക്കുകൾ തീർക്കുന്നത്, ക്ഷമ അധികമുള്ളവർക്കും സംയമനം പാലിക്കുന്നവർക്കും ഭാഗ്യമുള്ളവർക്കും മാത്രമാണ് അതിന് സാക്ഷിയാകുവാനും സാധിക്കുകയുള്ളു. 

ജീവിതത്തിൽ എല്ലാ മനുഷ്യരുടെയും ലക്ഷ്യങ്ങളും ആവശ്യങ്ങളും അനന്തമാണ്, ഒന്ന് നേടിക്കഴിയുമ്പോൾ അടുത്തതിനായുള്ള പ്രയക്നങ്ങൾക്ക് തുടക്കം കുറിക്കുന്നു. ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത് ജീവിതവിജയത്തിന് അനിവാര്യമാണ് എന്നാൽ എല്ലാ ആവശ്യങ്ങളും പ്രാഥമികമായ ലക്ഷ്യങ്ങൾ നേടുവാൻ മാത്രമായിരുന്നോ അതോ ചിലതെല്ലാം അത്യാഗ്രഹങ്ങൾ മാത്രമായിരിന്നോ എന്ന് എല്ലായ്പ്പോഴും വിശകലനം നടത്തണം. രുചിയുള്ള ആഹാരമാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നാൽ ആഹാരം അമിതമായാൽ ആരോഗ്യത്തിന് ഹാനികരവുമാണ്. ശരീരത്തിനും മനസിനും വിശ്രമം നൽകുന്നതാണ് സുഖമുള്ള നിദ്ര എന്നാൽ ആവശ്യലധികം ഉറങ്ങിയാൽ അലസത വർധിക്കും. പ്രായത്തിനും ആരോഗ്യത്തിനും അനുയോജ്യമായ വ്യായാമം മനുഷ്യർക്ക് ആവശ്യമാണ് എന്നാൽ അമിതമായ വ്യായാമം ആരോഗ്യം നശിപ്പിക്കും. ഫലമേകുന്ന പ്രവർത്തനങ്ങൾ ജീവിതത്തിലാവശ്യമാണ് എന്നാൽ അമിതമായ പ്രവർത്തനങ്ങൾ ആരോഗ്യം വീണ്ടും ക്ഷയിപ്പിക്കും. ചുരുക്കത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംയമനം പാലിച്ചു വേണം അനുദിന ജീവിതം ജീവിക്കുവാൻ. സംയമനം പാലിക്കുകയെന്നാൽ വ്യക്തികളുടെ ആവശ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയല്ല പകരം ജീവിതത്തിൽ വിചിന്തനങ്ങൾക്കുള്ള അവസരങ്ങളാണ്. എല്ലാ അവസരങ്ങളിലും അവയെല്ലാം ആവശ്യമാണോ അത്യാവശ്യമാണോയെന്ന് ചിന്തിക്കുവാനുള്ള സമയം. ചില വ്യക്തികളുടെ നോട്ടത്തിലും ഭാവത്തിലും പ്രവർത്തനത്തിലും വിധ്വേഷവും പകയും ജനിപ്പിക്കുന്നതാണെങ്കിലും സംയമനം പുലർത്തുമ്പോൾ യാഥാർഥ്യങ്ങൾ മനസിലാവും, പ്രതികാര ചിന്തകൾ അന്യം നിന്നുപോകും.

മറ്റുള്ളവരെ കേൾക്കുന്നതിനേക്കാൾ ആശയങ്ങൾ അടിച്ചേൽപ്പിക്കുക എന്നതാണ് ആധുനിക ലോകത്തിൽ അധികമായി സംഭവിക്കുന്നത്. അറിവ് അൽപം മാത്രമായിരുന്ന പൗരാണിക കാലങ്ങളിൽ 'കൈയ്യൂക്കുള്ളവൻ  കാര്യക്കാരൻ' ആയിരിന്നു. എന്നാൽ അർഹതിയില്ലാത്ത അധികാരവും കാർക്കശ്യങ്ങളും മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിച്ചാലുണ്ടാവുന്ന ഭവിഷ്യത്വകൾ നഷ്ടങ്ങളാണെന്ന് മനുഷ്യർ അനുഭവിച്ചറിഞ്ഞപ്പോൾ അവരെല്ലാവരും വീണ്ടും സംയമനത്തിന്റെ പാത അവലംബിച്ചു.  ആധുനിക ലോകത്തിൽ ശാസ്ത്രസാങ്കേതിക വിദ്യകൾ അധികമായി വളർന്നതിലൂടെ മനുഷ്യർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കുവാനും ധാരാളം വേദികളൊരുങ്ങി.  ആദ്യകാലങ്ങളിൽ ആശയങ്ങളും അഭിപ്രായങ്ങളും  മൂർച്ചയേറിയ വാക്കുകളിലൂടെ നേർക്കുനേർ പങ്കുവച്ചിരുന്നെങ്കിലും നിലവിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. അതിരുവിടുന്ന വാക്കുകൾക്കും അനവസരത്തിലുള്ള പ്രയോഗങ്ങൾക്കും തിരിച്ചടികൾ നൽകുവാനാണ്‌ പലരും തിടുക്കം കാട്ടുന്നതും.  മുഖാമുഖമുള്ള സംഭാഷണങ്ങൾ വിരളമായപ്പോൾ മറ്റുള്ളവരിൽ നിന്നും ശ്രവിക്കുവാനുള്ള അവസരങ്ങളും പലർക്കും നഷ്ടമായി. തങ്ങൾക്ക് അനുയോജ്യമായത് മാത്രം കാണുവാനും കേൾക്കുവാനും അവസരങ്ങളുള്ള സാമൂഹ്യമാധ്യമങ്ങളിൽ മറുപുറങ്ങൾ അന്യമാവുമാകയാണ്. അറിവിനെ പങ്കുവയ്ക്കുവാനും വളർത്തുവാനും ലക്ഷ്യമായി തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും പലരും മാറിനിൽക്കുവാൻ ശ്രമിക്കുന്നു. അഭിപ്രായങ്ങളുണ്ടെങ്കിലും പ്രതികരണങ്ങളെ പേടിച്ച് പ്രകടിപ്പിക്കുവാനാവാതെ മൗനം പാലിക്കുന്നു.  

മനുഷ്യരുടെ വൈവിധ്യത പ്രകൃതിയുടെ എല്ലായിടങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. പ്രകൃതിയുടെ വലിയ അനുഗ്രഹങ്ങളിലൊന്നാണ്  വൈവിധ്യമാർന്ന ഫലങ്ങൾ നൽകുന്ന വൃക്ഷങ്ങൾ, അവയിലധികവും ഫലങ്ങൾ നൽകുന്നത് പ്രത്യുല്പാദനത്തിലൂടെ ലോകമെങ്ങും പടർന്നു പന്തലിക്കുവാനായി മാത്രമാണ്. എന്നാൽ  ഏറ്ററ്വും സ്വാദിഷ്ടമായ ഫലം പുറപ്പെടുവിക്കുന്ന വൃക്ഷങ്ങളിൽ പോലും ചിലതെല്ലാം കീടങ്ങൾ നിറഞ്ഞതാണ്. വൃക്ഷങ്ങളുടെ അനുവാദമില്ലാതെയാണ് കീടങ്ങൾ അവയുടെ മുട്ടകൾ നിക്ഷേപിക്കുന്നതും, കീടങ്ങളുടെ പ്രത്യുല്പാദനത്തിന്റെ ഭാഗമായി, എന്നാൽ കീടങ്ങൾ കീഴടക്കിയ ഫലങ്ങൾ പൂർണ്ണ വളർച്ച പ്രാപിക്കാതെ വൃക്ഷത്തിൽ നിന്നും കൊഴിഞ്ഞുപോവുകയും ചെയ്യും. വൃക്ഷങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും പ്രകൃതിയുടെ നിയമമെന്നോണം ചില ഫലങ്ങളെല്ലാം വൃക്ഷങ്ങൾക്കും  ലോകത്തിനും ഉപകാരപ്പെടാതാവുന്നു. പ്രകൃതിയുടെ വികൃതിയായി അപഗ്രഥിക്കാവുന്നവയെല്ലാം ചില മനുഷ്യരിലും പ്രതിഫലിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും മാതൃകയായി ജീവിക്കുന്ന മാതാപിതാക്കളുടെ എല്ലാ കുട്ടികളും ഒരേ ഗുണഗണങ്ങൾ പ്രകടിപ്പിക്കുന്നില്ല. ബാഹ്യരൂപത്തിൽ ഒരേപോലെ ജനിക്കുന്ന ഇരട്ടകുട്ടികളിൽ പോലും പ്രവർത്തനത്തിലും വാക്കുകളിലും വലിയ അന്തരങ്ങൾ കാണുന്നുണ്ട്. പ്രകൃതിയിലെ അസ്വാഭാവികതയും മനുഷ്യരിലെ വ്യതിരസ്‌ഥതയും ഉൾക്കൊണ്ടതിനാൽ മാത്രമാണ് ആധുനികമനുഷ്യർ കൂടുതൽ സംയമനം പാലിക്കുവാൻ തയ്യാറാവുന്നതും ശീലിക്കുന്നതും. അറിവിനേക്കാൾ കൂടുതൽ അറിവില്ലായ്മ നിറഞ്ഞ ലോകത്തിൽ അറിവില്ലാതെ ചെയ്യുന്ന തെറ്റുകൾക്കും കുറ്റങ്ങൾക്കും അതെ നാണയത്തിൽ മറുപടി നല്കാതിരിക്കുവാൻ അറിവുള്ള മനുഷ്യർ തീരുമാനമെടുത്തതിൽ അതിശയോക്തിയില്ല.

'പ്രതികാരത്തിന് തുനിയുന്നതിന് മുൻപ് രണ്ടു കുഴിമാടങ്ങൾ കുഴിക്കണം' എന്നാണ് അതിപുരാതനമായ ചൈനീസ് പഴഞ്ചൊല്ല്. ഒരെണ്ണം പ്രതികാരത്തിന് പാത്രമായ വ്യക്തിക്കുള്ളതും മറ്റൊരെണ്ണം പ്രതികാരം നടപ്പിലാക്കുന്ന വ്യക്തിക്കുവേണ്ടിയും. പ്രതികാരം നടപ്പിലാക്കിയതിലൂടെ അവരുടെ താൽക്കാലികമായ  രോഷം ശമിപ്പിച്ചതിനൊപ്പം സ്വന്തം കുഴിമാടങ്ങളും തീർത്ത വ്യക്തികൾ മാത്രമാണ് ലോകത്തിലുള്ളതെന്ന് ചരിത്രത്തിൽ നിന്നും മനസിലാക്കുവാനും സാധിക്കും. ലഭിക്കുന്ന അതെ നാണയത്തിൽ മറുപടി നൽകുമ്പോൾ ആശ്വാസം ലഭിക്കുമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നീടുണ്ടാവുന്ന ഭവിഷ്യത്വക്കൾ അനുഭവിക്കാത്തവരും മനസിലാക്കുവാൻ സാധിക്കാത്തവരുമാണ്. അവസരോചിതമായി സംയമനം പാലിക്കേണ്ടതിന്റെ ആവശ്യകത അധികവും തിരിച്ചറിയുന്നത് ശാരീരിക അസ്വസ്ഥകളിൽ നിന്നും മോചനം  അഥവാ രോഗങ്ങളിൽ നിന്നും വിടുതൽ ലഭിക്കുവാനായി കാത്തിരിക്കുന്ന വേളകളിലാണ്. ശാരീരിക അവയവങ്ങൾ അവസരോചിതമായി പ്രവർത്തിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകളും, പൂർണബോധ്യമുണ്ടെങ്കിലും നിസ്സഹായരായി മറ്റുള്ളവരുടെ കരുണയ്ക്കായി കാത്തിരിക്കേണ്ട അവസ്ഥകളും. അപകടങ്ങളിലും മറ്റു രോഗങ്ങളിലൂടെയും ശരീരം തളർന്നുപോയ വ്യക്തികളുടെ തിരിച്ചുവരവും ശ്രദ്ധിക്കേണ്ടവയുമാണ്. കിടക്കയിൽ എണീറ്റിരിക്കണമെന്ന് ആശയുമായി കഷ്ടപ്പെടുന്നവർ, പിന്നാലെ സ്വതന്ത്രമായി നടക്കുവാൻ ആഗ്രഹിക്കുന്നവർ, അതിനുശേഷം പരസഹായമില്ലാതെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ. തിരിച്ചറിവുകൾ ലഭിക്കുവാൻ ലോകത്തിലുള്ള എല്ലാ വ്യക്തികളും ഇതുപോലുള്ള ശോചനീയമായ അവസ്ഥകളിലൂടെ കടന്നുപോകണമെന്ന് ആഗ്രഹിക്കാത്തതിനാലാണ് പലരും തങ്ങളുടെ അനുഭവങ്ങളും കണ്ടെത്തലുകളൂം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുന്നത്. അവസരോചിതമായി സംയമനം പാലിക്കുന്നവരും പിന്തിരിഞ്ഞു നടക്കുന്നവരും ഭീരുക്കളാണെന്ന് മുദ്രകുത്തുവാൻ ശ്രമിക്കുന്നവരിൽ അധികവും പക്വതയില്ലാത്തവർ ആണെന്ന് കാലം പലയാവർത്തി തെളിയിച്ചിട്ടുണ്ട്. എല്ലാ അവസരങ്ങളിലും സംയമനം പാലിക്കുകയെന്നാൽ മനസിനെയും ശരീരത്തെയും ശാന്തമാക്കുകയെന്നാണ്. കുളിരുള്ള പ്രഭാതത്തിലേക്ക് ഉദിച്ചുയരുന്ന സൂര്യനെയാണ് ലോകം നമസ്കരിക്കുന്നത്, അന്ധകാരത്തിനെയകറ്റി പ്രകാശം പരത്തുന്നതിനാൽ.  രോഷാകുലരേക്കാൾ ശാന്തസ്വഭാവമുള്ളവരെയും പ്രസന്നവദനരെയുമാണ് ലോകം വണങ്ങുന്നതും ആദരിക്കുന്നതും. അറിവും ലോകപരിജ്ഞാനവും കുറവുള്ള വ്യക്തികളുടെ പ്രതികരണങ്ങളിലുണ്ടാവുന്ന രോഷത്തെ സംയമനത്തിലൂടെ ശമിപ്പിച്ച് വീണ്ടുവിചാരമുള്ളവരാവുക എന്നതാണ് പരമപ്രധാനം. മറ്റുള്ളവരുടെ ശോചനീയമായതും സങ്കടകരവുമായ അവസ്ഥകളെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും മനസിലാക്കുവാൻ ശ്രമിക്കുക. ജീവിതത്തിൽ എല്ലാം അനുഭവിച്ചറിയുവാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും മനസിലാക്കുവാൻ ശ്രമിക്കുമ്പോഴും തിരിച്ചറിയും "പ്രതികാരം മനുഷ്യർക്കുള്ളതല്ല, കാലത്തിന് മാത്രം അവകാശപ്പെട്ടതാണ്, അതെ നാണയത്തിലൂടെയുള്ള മറുപടിയേക്കാൾ ഉചിതവും മാധുര്യമേറിയതും ജീവിതവിജയം കൈവരിക്കുന്നതിലൂടെ മാത്രമാണ്".

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS