ചൈനയിലെ ചേന തന്ന പണി

CHENA
SHARE

കോവിഡ് എന്ന മഹാമാരിക്ക് ശേഷം രണ്ടര വർഷത്തെ ഇടവേള കഴിഞ്ഞു ഞാൻ വീണ്ടും ചൈനയിലെത്തിയത് ഒരാഴ്ച മുൻപാണ്. ഏതാണ്ട‌ു പതിനാറു വർഷം ചെലവഴിച്ച നിൻഗബോ എന്ന നഗരം എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെ ഇവിടുത്ത ഇന്ത്യൻ സുഹൃത്തുക്കളും. 2019 മുതൽ 2022 ഓഗസ്റ്റു വരെ ചെലവഴിച്ച എനിക്ക് തിരിച്ചു നിൻഗബോയിൽ എത്തി എന്റെ സുഹൃത്തുക്കളെ കാണാനുള്ള ഒരവസരമായി ഞാൻ ഓണാഘോഷത്തെ കണ്ടു.

നിൻഗബോ എന്ന മഹാനഗരത്തിൽ ഒരു ആഴ്ച പിന്നിടുമ്പോൾ വൻ ഒരുക്കങ്ങൾ ഒന്നുമില്ലാതെ ഒരു ഓണാഘോഷം. ആദ്യ ഉദ്യമം പച്ചക്കറി മാർക്കറ്റിൽ പോവുക എന്നതായിരുന്നു. അത് ഭർത്താവും മലയാളി സുഹൃത്തും കൂടി രാവിലെ തന്നെ വാങ്ങി വന്നു. ഏതാണ്ട് 45 സുഹൃത്തുക്കളിൽ ഒരു മലയാളി കുടുബം മാത്രമേ നിൻഗബോ നഗരത്തിൽ ഉള്ളൂ. ബാക്കി ഉള്ള ഇന്ത്യൻ ഫ്രണ്ട്‌സും വടക്കേ ഇന്ത്യയിൽ നിന്നാണ്.

ശനിയാഴ്ച വൈകുന്നേരം ഞാനും എന്റ രണ്ടു സുഹൃത്തുക്കളും കൂടെ പച്ചക്കറി മുറിക്കൽ ആരംഭിച്ചു. ഏതാണ്ട് മൂന്നു മണിക്ക് ആരംഭിച്ച മുറിക്കൽ മാമാങ്കം ഏഴു മണിയോടെ അവസാനിച്ചു. ഞാനും എന്റെ മലയാളി  സുഹൃത്തും ചേർന്നു രാത്രി 12 മണിയോടെ പാചകം ചെയ്യാൻ തീരുമാനിച്ചു. അത് ഏതാണ്ട് രാവിലെ 5.30 വരെ നീണ്ടു. ഇതിനിടെ കുറച്ചു രസകരമായ അനുഭവങ്ങൾ ഉണ്ടായി. അതിലൊന്നാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

16 വർഷത്തെ ചൈനയിലെ ജീവിതത്തിൽ ആദ്യമായി ചേന കിട്ടി! വളരെ സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നു എനിക്കത്. ചേന മുറിക്കുന്നതിനിടെ എന്റെ സുഹൃത്തിന്റെ കൈ ചൊറിയുന്നതായി പരാതിപ്പെട്ടു. എന്നാൽ ചേന കിട്ടിയ ആവേശത്തിൽ ഞാനത് കാര്യമാക്കി എടുത്തില്ല. സർവ്വസാധാരണമാണ് എന്നു ഞാൻ പറഞ്ഞു. അവിയലും കാളനും ആണ് ചേന വിഭങ്ങൾ. കാളൻ വച്ചപ്പോ ചേന വേവാൻ കുറച്ചു സമയമെടുത്തു, അതും ഞാൻ കാര്യമാക്കിയില്ല. സ്വാഭാവികം എന്ന പ്രതീക്ഷയിൽ തളരാതെ മുന്നോട്ടു പോയി. 

കാളനു ശേഷം അവിയലിലേക്കു തിരിഞ്ഞു. അവിയലിലെ ചേന വെന്തോ എന്നറിയാൻ സുന്ദരനായ ചേനക്കഷണം എടുത്തു വായിൽ വച്ചു.

അതിനു ശേഷം ഒന്നും എനിക്ക് ഓർമ്മയില്ല. എന്റെ മുഖമാകെ ആപ്പിൾ പോലെ തുടുത്തു. ചേന പോയ വഴിയിൽ തരിപ്പും ചൊറിച്ചലും. ഞാൻ ചേട്ടനെ  കാണിക്കാൻ ഓടി. ഒന്നു മയങ്ങിപോയ ഭർത്താവ്, നാവു നീട്ടി നിൽക്കുന്ന എന്നെ കണ്ടു പേടിച്ചു എന്താ യക്ഷി ആയോ എന്ന്? അല്ല മനുഷ്യ... ചേന കടിച്ചതാ എന്നു എന്റെ മറുപടി. ചുവന്നു തുടുത്ത മുഖം കണ്ടു എന്റെ ഭർത്താവും കൂട്ടുകാരിയും അസൂയയോടെ നോക്കി. ഞാൻ നിന്നു കരയാൻ തുടങ്ങി.

പല ഉപാധികളും നോക്കി. വെളിച്ചെണ്ണ, വിനാഗിരി, തൈര്... എന്നു തുടങ്ങി കൈയിൽ കിട്ടിയ എല്ലാം എടുത്തു കുടിച്ചു. അതിനിടയ്ക്ക് ഇതു ചേന തന്ന പണിയാണോ എന്നറിയാൻ എന്റെ ഭർത്താവ് ചേന വെന്ത വെള്ളം എടുത്തു കുടിച്ചു നോക്കി. എന്റെ അനുഭവത്തിന്റ രണ്ടിരട്ടി ചേട്ടൻ അനുഭവിച്ചു.

എന്നാലും എന്റെ ചേന...ഇനി വേറെ കറി വയ്ക്കാൻ സമയം ഇല്ല. ഞങ്ങൾ മൂന്നു പേരും വേഗം ചേന കഷ്ണങ്ങൾ എല്ലാം എടുത്തു മാറ്റി അവിയൽ കഷ്ണങ്ങൾ കഴുകി രണ്ടാമതും കറിവച്ചു. ഓണാഘോഷം ഒരു കുറവും ഇല്ലാതെ നടന്നു. രണ്ടു ദിവസം ആ ചേനയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൊണ്ടവേദന രണ്ടു ദിവസം കഴിഞ്ഞാണ് മാറിയത്. എന്തായാലും ചേന തന്ന ഈ പണി ഞങ്ങൾ ജീവിതത്തിൽ മറക്കില്ല. 

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS