ADVERTISEMENT

എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ എപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണിരുന്നു. തലേന്നുരാത്രി ഒരുപോള കണ്ണടയ്ക്കാൻ തനിക്കു കഴിഞ്ഞിരുന്നില്ലല്ലോ. കുഞ്ഞിനെ വിട്ട് ഒരു ദിവസം പോലും എങ്ങോട്ടും മാറിനിന്നിട്ടില്ല. ഉമ്മ അവനെ പൊന്നുപോലെ നോക്കുമെങ്കിലും അവന് എല്ലാത്തിനും താൻ തന്നെ വേണം. ലഗ്ഗേജ് തയാറാക്കുന്ന നേരത്ത് അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം കാണാനായി.

ഒരു ദൂരയാത്രയ്ക്കുള്ള തയാറെടുപ്പാണെന്ന് ആ കുഞ്ഞുമനസ്സിനു മനസ്സിലായിക്കാണണം. പാവം കുട്ടി, അവനറിയുന്നില്ലല്ലോ, നാളത്തെ യാത്രയിൽ അവന്റെ ഉമ്മി അവനെ കൂടെക്കൂട്ടുന്നില്ലെന്ന്. ഉറക്കാൻ കിടത്തിയിട്ടും യാത്ര പോകാനുള്ള ആവേശത്തിൽ അവൻ നൂറുകൂട്ടം സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. 

ഇടയ്ക്കെപ്പോഴോ ഞെട്ടിയുണർന്നു പുറത്തേക്കു നോക്കുമ്പോൾ, എയർപോർട്ട് എത്താറായിരിക്കുന്നു. മുടിയെല്ലാം ഒതുക്കി വച്ചു, ഷാൾ നേരെയിട്ടു, ബാഗുമെടുത്തു പുറത്തേക്കിറങ്ങുമ്പോൾ, കഴിഞ്ഞ തവണ തങ്ങളെ യാത്രയയക്കാൻ എയർപോർട്ടിൽ ഉമ്മയുണ്ടായിരുന്നല്ലോ എന്നോർത്തു. ഒരു കണക്കിന് ആരുമില്ലാത്തതാണു നല്ലത്. അല്ലെങ്കിലും ജീവിതത്തിൽ ഓരോ മനുഷ്യനും ഒറ്റയ്ക്കല്ലേ. ആരെല്ലാമോ നമുക്കുണ്ട് എന്നത് ഒരു വിശ്വാസം മാത്രമാണ്. ആത്യന്തികമായി ഒരൊറ്റയാൾ പട്ടാളമായി പൊരുതി മുന്നേറേണ്ട യുദ്ധത്തിന്റെ പേരാണ് ജീവിതം. ബോർഡിങ് പാസ്സെടുത്ത ശേഷം ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. വിമാനം ഒരു മണിക്കൂർ വൈകിയേ എത്തൂ എന്ന അറിയിപ്പുമുണ്ട്. അല്ലെങ്കിലും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുമ്പോൾ പലതും കണ്ടില്ലെന്നു വയ്‌ക്കേണ്ടിവരും. 

വിമാനത്തിൽ തന്റെയടുത്തു വന്നിരുന്ന സ്ത്രീയുടെ കയ്യിൽ, മകന്റെ അതേ പ്രായത്തിലൊരു കുഞ്ഞ്. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അവർ കാണാതെ ഒപ്പാൻ പാടുപെട്ടു. വീണ്ടും മനസ് അസ്വസ്ഥമാകാൻ തുടങ്ങി. വല്ലാത്ത ഒരുതരം ആശങ്കയും അനിശ്ചിതത്വവും. ചിന്തകളിൽ നിന്നും ചിന്തകളിലേക്ക് തീ പടർന്നുപിടിക്കുകയാണ്. അവ ഭൂതകാലം ചികയാൻ തുടങ്ങിയതോടെ പിന്നിട്ട നാളുകളും സംഭവങ്ങളും ഒരു മായക്കാഴ്ച്ച പോലെ മിന്നിമറഞ്ഞു. 

എത്ര പെട്ടെന്നാണ് യൂട്യൂബിൽ അറിയപ്പെടുന്ന ഒരു ഫുഡ് വ്ലോഗറായി താൻ ഉയർന്നുവന്നത്. ചെറുപ്പത്തിലേ തന്നെ പാചകം ഒരു ഹരമായിരുന്നു. അതിൽ അത്ഭുതപ്പെടാനുമില്ല. വല്ല്യുപ്പ ഒന്നാന്തരമൊരു പാചകവിദഗ്ധൻ ആയിരുന്നല്ലോ. വല്ല്യുപ്പയുടെ കൈപ്പുണ്യമാണ് കൊച്ചുമോൾക്ക് കിട്ടിയിരിക്കുന്നത് എന്നു പറയാത്ത നാട്ടുകാരില്ല. 

ആയിടെ നടന്ന വ്ലോഗേഴ്സ് മീറ്റപ്പിനു പോകാൻ സത്യത്തിൽ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. തന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടേക്കും എന്ന കൂട്ടുകാരുടെ കണ്ടെത്തലിനെത്തുടർന്നാണ് പോകാൻ തീരുമാനിക്കുന്നത്. എന്നാൽ അവിടെ തന്റെ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതാൻ തയ്യാറായിക്കൊണ്ട് ഒരാൾ കാത്തു നിൽക്കുന്നുണ്ടെന്ന് സ്വപ്നേപി വിചാരിച്ചില്ല. ഏറെ പ്രശസ്തനായ ഒരു യൂട്യൂബർ ആയിരുന്നു അയാൾ, സുമുഖനും. നിരന്തരമായ പ്രണയാഭ്യർത്ഥനകൾ പലവട്ടം തള്ളിക്കളഞ്ഞിട്ടും തന്നെ വിടാതെ പിന്തുടർന്നവൻ. ഒഴിവാക്കാൻ തക്ക കാരണമൊന്നും കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ടുതന്നെ ഒടുവിൽ താൻ അർധസമ്മതം മൂളി. ഉമ്മയുടെ ആഗ്രഹവും അതുതന്നെയായിരുന്നു. താനൊരു കുടുംബജീവിതം നയിക്കുന്നതു കണ്ടിട്ടുവേണം ഉമ്മയ്ക്ക് കണ്ണടയ്ക്കാൻ എന്നു പറയാത്ത ദിവസങ്ങളില്ല. ചില സമയങ്ങളിൽ വിധി നമ്മുടെ കണ്ണുകൾ വളരെ ഭംഗിയായി കെട്ടിക്കളയും. 

അതു ശരിക്കും മനസ്സിലാക്കാൻ വിവാഹം കഴിഞ്ഞു ഒരഞ്ചാറു മാസമെങ്കിലും എടുത്തു. തന്റെ ഉയർന്നുവരുന്ന വരുമാനം മാത്രമാണ് അവന്റെ ലക്ഷ്യമെന്ന് ഞെട്ടലോടെ മനസ്സിലാക്കിയ നാളുകൾ. ഉമ്മയുടെ മരുന്നിനുള്ള പണം പോലും അയക്കാൻ അനുവാദമില്ലാതെ മാനസിക പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന ദിവസങ്ങൾ. ആ നാളുകളിൽതന്നെയാണ് താനിപ്പോൾ ഒന്നല്ല രണ്ടാണെന്ന യാഥാർഥ്യവും തിരിച്ചറിയുന്നത്. ഒരു സ്ത്രീ ഏറ്റവും സന്തോഷമായി ഇരിക്കേണ്ട ദിവസങ്ങൾ വിധിയെ ശപിച്ചുകൊണ്ട് തള്ളിനീക്കുകയായിരുന്നു. ഇതിനി ഒരുനിലയ്ക്കും മുന്നോട്ടുപോവില്ല എന്ന തിരിച്ചറിവോടെത്തന്നെയാണ് പ്രസവത്തിനായി നാട്ടിൽ വന്നിറങ്ങിയതും. 

ഭൂതകാല ചിന്തകളുടെ തേരേറി മനസ്സങ്ങനെ ഏതേതോ ദേശങ്ങൾ താണ്ടിക്കഴിഞ്ഞിരുന്നു. ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നു എന്ന അറിയിപ്പിൽ സ്ഥലകാലബോധം വീണ്ടെടുത്തു. ഏറെ ഗൗരവത്തോടെയായിരിക്കണം ഇനിയുള്ള ഓരോ ചുവടുവയ്പുകളും. "ഫിദാസ് കിച്ചൻ" എന്ന പേരിലൊരു റസ്റ്ററന്റ് തുടങ്ങാനുള്ള ആശയം മനസ്സിൽ ഉരുത്തിരിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു ശുഭപ്രതീക്ഷ തോന്നുന്നുണ്ട്. ദുബായിൽ തന്നെ ഈ സംരംഭം തുടങ്ങണമെന്നത് തന്റെ ഒരു വാശിയായിരുന്നു. ഒരിക്കൽ ഒരുപാട് വേദനിച്ചുകൊണ്ട് ഉപേക്ഷിച്ചു പോയതാണിവിടം. ജീവിതം അതിന്റെ എല്ലാവിധ സൗഭാഗ്യങ്ങളോടും കൂടിത്തന്നെ ഈ നഗരത്തിൽ ജീവിച്ചുതീർക്കണം. 

വിമാനമിറങ്ങി ലഗേജുമെടുത്തു പുറത്തുകടക്കുമ്പോൾ നേരത്തെ പറഞ്ഞു വച്ചതുപോലെ രേഷ്മയും ഹസീനയും അവരുടെ കുടുംബവും, തന്നെയും കാത്തുനിൽപ്പുണ്ട്. തന്റെ ഈ ഉദ്യമത്തിന് അവർ പകർന്നുതന്ന ഊർജം ചെറുതല്ല. മോനെ പിരിഞ്ഞുവരുന്നതിന്റെ വിഷമം മാറ്റാൻ രണ്ടുദിവസം അവർ തന്റെ കൂടെത്തന്നെ കാണുമെന്ന് ഉറപ്പു തന്നിട്ടുണ്ട്. 

ഹോട്ടൽ മുറിയിലെത്തി, ഒരു കുളിയും കഴിഞ്ഞു ഉഷാറായി പുറത്തുവന്നപ്പോഴേക്കും ചായയും സ്‌നാക്‌സുമായി രണ്ടുപേരും മുന്നിലുണ്ട്. ചായ കുടിച്ചുകൊണ്ടിരിക്കെയാണ് രേഷ്മ അതു പറഞ്ഞത്. " ഫിദ, നിനക്കൊരു ഗുഡ് ന്യൂസ് ഉണ്ട്. നീ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ഹാഷിമിനെ അറിയില്ലേ ..? കഴിഞ്ഞ വർഷം അതിഗംഭീരമായി, ദുബായിൽ വച്ചുതന്നെയാണ് അവന്റെ വിവാഹം കഴിഞ്ഞത്. പറഞ്ഞിട്ടെന്താ, ആ വിവാഹബന്ധത്തിന് രണ്ടു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവനു നിന്നെ വിവാഹം ചെയ്യാൻ താത്പര്യമുണ്ട്. നിന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നാണ് അവൻ പറയുന്നത്. നീ എന്തു പറയുന്നു?" 

 "ഇല്ല രേഷ്മ, രണ്ടാമതൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയമല്ല ഇത്. ഒരു വലിയ ലക്ഷ്യമാണ് എന്റെ മുന്നിലുള്ളത്. കഠിനപ്രയത്‌നം ചെയ്താൽ മാത്രമേ ഒന്നു രണ്ടു മാസത്തിനകം അത സാക്ഷാത്ക്കരിക്കാൻ കഴിയൂ. എന്നിട്ടുവേണം ഉമ്മയെയും മോനെയും എത്രയും പെട്ടെന്ന് ഇങ്ങോട്ടു കൊണ്ടുവരാൻ. ഇതുമാത്രമാണ് ഇപ്പോഴെന്റെ മനസ്സിൽ." നിശ്ചയ ദാർഢ്യത്തോടെയുള്ള ആ വാക്കുകൾ അനുഭവത്തിന്റെ തീക്കനലിൽ വെന്തു പാകപ്പെട്ടവയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com