പിന്നെയും പല വ്യാഴവട്ടങ്ങൾക്ക് ശേഷം

my-creative
SHARE

വർഷം രണ്ടായിരത്തി ഇരുപത്തിരണ്ട് ഏകദേശം തീരാറായെങ്കിലും, ഇന്നും, ഭൂമിയിൽ മനുഷ്യർക്കിടയിലെ ചർച്ചാ വിഷയം മാനവരാശിക്ക് തിക്താനുഭവങ്ങളും, നഷ്ടവും , നാശവും വിതച്ച കോവിഡ് എന്ന മഹാമാരിയും അതിനു പിന്നാലെ ലോകത്തിന്റെ പല കോണുകളിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന അശുഭകരമായ വാർത്തകളുമാണ്. ദൃശ്യ പത്ര മാധ്യമങ്ങളിൽ നിറയുന്നതും, നിരത്തുന്നതും മനസ്സിനെ വിഷണ്ണമാക്കുന്ന യുദ്ധവെറികളുടെയും യുദ്ധക്കെടുതികളുടെയും വാർത്തകൾ,  തീവ്രവാദം, വിലക്കയറ്റം, കാലാവസ്ഥ വ്യതിയാനം, തകർന്നടിയുന്ന ലോക സാമ്പത്തികം, ആസന്നമായേക്കാവുന്ന മാന്ദ്യവും. ഇത്തരം നിറമില്ലാത്ത രീതിയിൽ ലോകം സഞ്ചരിക്കുമ്പോഴാണ് വിസ്മയജനകമായി വൻതിളക്കത്തിൽ, മിനി സൗരയൂയൂഥമെന്നറിയപ്പെടുന്ന വ്യാഴവും അതിന്റെ ചന്ദ്രനുൾപ്പെട്ട ഉപഗ്രഹങ്ങളും ആകാശത്തിൽ ജ്വലിച്ചുയർന്നത്. അൻപത്തി ഒൻപത് വർഷങ്ങൾക്ക് ശേഷം വ്യാഴം സൃഷ്ടിച്ചെടുത്ത സൗരയൂഥത്താൽ ആകാശം മോഹിപ്പിച്ചപ്പോൾ, ഞാനീ ഭൂമിയിലെ അസ്വാസ്ഥ്യങ്ങൾ മറന്ന് എന്റെ ഹൃദയം ചന്ദ്രനിലക്ക് പറന്നു. 

ആകാശത്തിന്റെ നീലിമയിൽ ചന്ദ്രനും വ്യാഴവും നീണ്ട വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ എങ്ങനെയായിരിക്കും ആ സുഹൃത്തുക്കൾ സംഗമിച്ചതെന്നറിയാൻ വെറുതെ ഹൃദയം തുടിച്ചു. അവർ പരസ്പരം സന്തോഷങ്ങൾ പങ്കുവച്ചിട്ടുണ്ടാകുമോ? അതോ, വർഷങ്ങൾക്കിടയിലെ  കഥകൾ പരസ്പരം കൈമാറിയിട്ടുണ്ടാകുമോ? ഒരുപക്ഷെ, ഭൂമിയും ചന്ദ്രനും ഗുരുത്വാകർഷണമെന്ന അദൃശ്യമായ ചരടിന്റെ ഇരുവശങ്ങളിലായി നിന്ന് കൊണ്ട് നടത്തുന്ന വടംവലിയുടെ പരിണിതമായി ഭൂമിക്ക് ചുറ്റും  വലംവയ്ക്കുന്ന ചന്ദ്രൻ കണ്ട കാഴ്ചകൾ തന്റെ ഉറ്റ സുഹൃത്തുമായി  പങ്കിട്ടുകാണുമോ? ആറു പതിറ്റാണ്ടുകൾക്ക് മുന്നേ, അവസാന സന്ദർശനത്തിൽ വ്യാഴത്തിനു തന്റെ ഉറ്റ സുഹൃത്ത് നൽകിയ  വിവരവണങ്ങൾ ഉണ്ടാകാം, ഒരു വാഗ്ദത്ത ഭൂമി- മത മൈത്രിയുടെ സംഗീതം , കോളനിവാഴ്ചയുടെ അന്ത്യം, മനുഷ്യരാശിയുടെ ഉയർച്ചയ്ക്കും വളർച്ചക്കും വേണ്ടി ശാസ്ത്രത്തിന്റെ സംഭാവന, പെയ്തൊഴിഞ്ഞ രണ്ടാം ലോകമഹാ യുദ്ധത്തിന്റെ  അനന്തരഫലങ്ങൾ, ഒരു പുതിയ ലോകത്തിന്റെ പുതു നാമ്പുകൾ തുടങ്ങി ഒട്ടനവധി.

കാലങ്ങൾക്ക് ശേഷമുള്ള വ്യാഴത്തിന്റെ  ഈ വരവ്, ഒരു പക്ഷെ തന്റെ സുഹൃത്തിൽ നിന്നും പുതിയ ലോകത്തിന്റെ കഥകൾ കേൾക്കാനാകും.  കഥപറയുമ്പോൾ തിളങ്ങുന്ന കണ്ണുകളും, അഭിമാനത്താൽ ഉയർന്നുനിൽക്കുന്ന തലയെടുപ്പും കാണാനാകും.

പക്ഷെ, ലോകത്തിന്റെ ഇന്നത്തെ സമാധാനം ആഗ്രഹിച്ചതിനെക്കാളോ സങ്കൽപിക്കുന്നതിനേക്കാളോ എത്രയോ അകലെയാണെന്ന് ആ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടാകുമോ? വേദ  ശാസ്ത്രപ്രകാരം വിവേകത്തിലും, അറിവിലും, ജ്ഞാനത്തിലും, ഗുരുസ്ഥാനീയനായ വ്യാഴത്തോട്  ചന്ദ്രൻ അപേക്ഷിച്ചിട്ടുണ്ടാകാം,  ഇതൊക്കെ നൽകി ഈ ലോകത്തെ അനുഗ്രഹിക്കുവാൻ...!!

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS