മാറാത്ത കാലങ്ങൾ

SHARE

എത്ര തറവാടിത്തം അവകാശപ്പെടുന്നവരും പാരമ്പര്യസ്വത്ത് ഭാഗം വയ്ക്കുമ്പോൾ ഒരു അടി അല്ലെങ്കിൽ രണ്ട് തെറി, കുറഞ്ഞ പക്ഷം ഒരു തുണി പൊക്കി കാണിക്കൽ (ഇന്നാ കണ്ടോടാ നിന്റെ അവകാശം എന്ന മട്ടിൽ) പതിവാണ്. ഭാഗം എഴുതിവച്ച കാരണവരുടെ മരണാനന്തരചടങ്ങുകളുടെ ഭാഗമായി ഇന്നും നമ്മൾ കൃത്യമായി അതൊക്കെ ആചരിച്ചു പോരുന്നു.  

മണ്ണ്, പെണ്ണ്, പൊന്ന് ഇവ മൂന്നുമാണ് മനുഷ്യർ തമ്മിലുള്ള ചെറുതും വലുതുമായ എല്ലാ യുദ്ധങ്ങൾക്കും കാരണമെന്നാണല്ലോ പറച്ചിൽ. എന്നാൽ കാലം മാറുന്നതിനനുസരിച്ച് അതിലൊക്കെ ഒരുപാട് വ്യത്യാസങ്ങൾ വന്നു. പെണ്ണിനുവേണ്ടി അടിയുണ്ടാക്കുന്നവരുടെ എണ്ണം ഇന്ന് കുറഞ്ഞിരിക്കുന്നു. മാത്രമല്ല ടിക് ടോക്, ഇൻസ്റ്റാഗ്രാം വഴിയൊക്കെ വളരെ ഈസിയായിട്ടാണ് 'ഫിൽട്ടർ സുന്ദരൻമാർ' പെൺകുട്ടികളെ വശത്താക്കുന്നത്. അവരുടെ മീശയിലും കൃതാവിലുംവരെ സൗന്ദര്യം കണ്ടെത്തി മയങ്ങിപ്പോവുകയും അവസാനം പെട്ടു പോവുകയും ചെയ്യുന്ന കേസുകളും ധാരാളമാണ് ('ഫിൽട്ടർ സുന്ദരിമാരും' ഉണ്ടെന്നത് സമ്മതിക്കുന്നു. അവരാണെങ്കിൽ ഫിൽട്ടറിൽ കാണുന്നതാണ് താൻ എന്നു വിശ്വസിച്ച് അതിനുള്ളിൽത്തന്നെ സന്തോഷിച്ചു ജീവിക്കുന്നവരാണ്)  

എന്നാൽ പെണ്ണിനുപകരം പൊന്നിനുവേണ്ടി അടിയുണ്ടാക്കുന്നവർ ഇന്നേറെയാണ്. 'സ്ത്രീയാണ് ധനം' എന്നു പറഞ്ഞുവരുന്ന ചില ടീമുണ്ട്. അവരെ സൂക്ഷിക്കണം. അത് അവർ തരുന്ന ഒരു പ്രത്യേകതരം മുന്നറിയിപ്പാണ്. പിന്നീട് എപ്പൊ കാശിന് ആവശ്യം വന്നാലും അവർ ഭാര്യയെയും അമ്മായിയപ്പനേംനോക്കി തല ചൊറിയും. ഐ ഫോണിൻ്റെ പുതിയ മോഡലെല്ലാം ഇറങ്ങുമ്പോൾ, പുതിയ കാറെല്ലാം കാണുമ്പോൾ ഇക്കൂട്ടർ 'സ്ത്രീയാണു ധനം കേട്ടോ' 'സ്ത്രീയാണല്ലോ ധനം' എന്നൊക്കെ പറഞ്ഞ് പിറുപിറുത്തുകൊണ്ടിരിക്കും. കൊടുത്തില്ലേൽ അതും അടിയിൽ കലാശിക്കും. ഇവൻമാരുടെ ശല്യം സഹിക്കാൻ വയ്യാതെ മരണം തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നതായി കാണാം.  

കാലമിത്ര കഴിഞ്ഞിട്ടും മണിച്ചിത്രത്താഴിൽ ബാധയെ ഒഴിപ്പിക്കാൻ വന്ന പുല്ലാറ്റുപുറം ബ്രഹ്മദത്തൻ തിരുമേനി പറഞ്ഞതുപോലെ 'ഇതിനൊരു പരിഹാരമില്ല്യ!' എന്നതാണ് സത്യം. പണ്ടൊക്കെ നാട്ടിൻപുറത്തെ വഴികളിൽ നമ്മൾ തിന്നാൻ എന്തെങ്കിലും കൊറിച്ചുകൊണ്ട് വായും നോക്കിയങ്ങനെ ചുമ്മാ നിൽക്കുമ്പോൾ പരിചയമില്ലാത്ത ഏതെങ്കിലും ഒരു കാർ വന്നു നിൽക്കും. ഗ്ളാസ് താഴ്ത്തും. വഴി ചോദിക്കും. നമ്മൾ വഴി പറഞ്ഞ് കൊടുക്കും. അവർ നന്ദി പറഞ്ഞ് പോവും. ഇതൊരു പതിവ് സംഭവമാണ്. ഇന്ന് ആഢംബരകാറിൽ വന്ന് ഗ്ളാസ് താഴ്ത്തി വഴിക്കുപകരം അവർ ചോദിക്കുന്നത് നമ്മൾ കൊറിച്ചുകൊണ്ടിരിക്കുന്ന ആ സാധനമാണ്. കൊടുത്തില്ലെങ്കിൽ അവർ തല്ലും. നമ്മുടെ കൈയിലുള്ളത് ഇനി ഒരു ചിപ്സിൻ്റെ പായ്ക്കറ്റോ തൊലി കളയാത്ത കപ്പലണ്ടിയോ എന്തുമായ്‌ക്കോട്ടെ, പിടിച്ച് പറിച്ച് അവർ കാറിൽ ചീറിപ്പായും. എതിർക്കാൻ നിന്നാൽ അപകടമാണ്. നമ്മളെ തട്ടിക്കളഞ്ഞായാലും അവർ അത് സ്വന്തമാക്കും.'ഇന്നാ കൊണ്ട് പൊയ്‌ക്കോ' എന്ന് പറഞ്ഞ് കൊടുക്കുകയേ വഴിയുള്ളു. ഇനി വേറൊരു കൂട്ടരുണ്ട്. പൊറോട്ടയും ബീഫും കഴിക്കാൻ തോന്നിയാൽ എത്ര കാശുണ്ടെങ്കിലും അത് വാങ്ങി കഴിക്കില്ല. പകരം ഹോട്ടലുകൾ കേന്ദ്രീകരിച്ച് ദിവസങ്ങളോളം നിരീക്ഷിച്ച് സ്ഥിരമായി പൊറോട്ടയും ബീഫും പാർസൽ വാങ്ങുന്ന ഒരുത്തനെ സ്കെച്ചിടും. പിന്നെ മാസ്റ്റർ പ്ളാനിങ്ങ് ആണ്. അടുത്ത തവണ അവൻ ഹോട്ടലിൽനിന്ന് പൊറോട്ടയും ബീഫും വാങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ ആളില്ലാത്ത വഴിയിൽ വച്ച് സിനിമാ സ്റ്റെലിൽ ചെയ്സ് ചെയ്ത് പിടിക്കും. എന്നിട്ട് തിന്നാൻ വേണ്ടി അയാൾ കാശ് കൊടുത്ത് വാങ്ങിയ ആ പൊറോട്ടയും ബീഫും തട്ടിപ്പറിച്ച് ഓടിക്കളയും. 'എടുക്കടാ ബീഫ്', 'ഇങ്ങോട്ട് താടാ' എന്നൊക്കെ പറഞ്ഞാണ് അടി. ഇങ്ങനെ തല്ലിയും തട്ടിപ്പറിച്ചും തിന്നുന്നതിലാണ് അവർക്ക് ത്രിൽ.പണ്ടൊക്കെ സ്ക്കൂളിൽ പഠിക്കുമ്പോൾ നമ്മുടെ ചോറ്റുപാത്രത്തിൽ മുട്ടയോ ചിക്കൻ്റെ പീസോ കണ്ടാൽ അതെടുത്ത് ഓടിക്കളയുന്ന ചില ആർത്തിപ്പിള്ളേരുണ്ടാവുമല്ലോ, അവരെക്കാൾ കഷ്ടം. അതുകൊണ്ട് ഹോട്ടലിൽനിന്ന് പാർസലും വാങ്ങി പാട്ടും പാടി വീട്ടിൽ പോവുമ്പോൾ സൂക്ഷിക്കണം.നമ്മളൊരു പക്ഷേ, ഇക്കൂട്ടരുടെ നിരീക്ഷണത്തിലായേക്കും. അങ്ങനെയാണെങ്കിൽ അത് പൊതിഞ്ഞെടുക്കാതെ ഹോട്ടലിൽ തന്നെയിരുന്ന് ആസ്വദിച്ച് തിന്നാൽ പോരെ? എന്നുവച്ചാൽ അവിടെയും രക്ഷയില്ല. തേങ്ങാ ബണ്ണിൽ തേങ്ങ പോരാ, ഉപ്പ് സോഡയിൽ ഉപ്പില്ലെന്നൊക്കെ പറഞ്ഞ് ഹോട്ടലുടമയെ തല്ലാനും ഹോട്ടല് തന്നെ അടിച്ചു പൊളിക്കാനും തുനിഞ്ഞിറങ്ങിയ ഒരു പ്രത്യേക തരം ടീം വേറെയുണ്ട്. അവിടെ ഇരുന്ന് ഫുഡ് അടിക്കുന്നവരെയും അവർ കയറി തല്ലും. ആരെയും വിടില്ല, എല്ലാവരേയും തല്ലും. അതാണവരുടെ രീതി. എങ്ങനെ പോയാലും അടി ഉറപ്പ് എന്ന അവസ്ഥയാണ്.  

ഇനി മേൽപ്പറഞ്ഞ എല്ലാ സാഹചര്യവും ഒഴിവാക്കി സ്വസ്ഥമായി ആർക്കും ഒരു ശല്യവുമുണ്ടാക്കാതെ എവിടെയെങ്കിലും മാറി ആരുടെയും കണ്ണിൽ പെടാതെ സമാധാനമായി ജീവിക്കാം എന്നുവെച്ചാൽ, അങ്ങനെയുള്ളവരെ സ്പോട്ട് ചെയ്യാൻ നരബലി, ചാത്തൻ സേവ, കരിങ്കോഴി എന്നൊക്കെപ്പറഞ്ഞ് ടീമുകൾ വേറെയുണ്ട്. പോലീസും നിയമവുമൊന്നും അവർക്കൊരു പ്രശ്നമല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലും അവരറിഞ്ഞിട്ടില്ല. കൈയിൽ കിട്ടിയാൽ പിടിച്ചുകൊണ്ടുപോയി ആദ്യം ഒരു ഗംഭീര പൂജയാണ്. അത് കഴിഞ്ഞാൽ തല്ലിക്കൊന്ന് കറി വച്ച് ഉപ്പും മുളകുമൊക്കെ സമം ചേർത്ത് പൊറോട്ട കൂട്ടിയടിച്ച് ബാക്കിയുള്ള നമ്മുടെ ഗ്രേവി ഫ്രീസറിൽ വെയ്ക്കും. ഇവരെയൊക്കെ വച്ചുനോക്കുമ്പോഴാണ് ആ ഡ്രാക്കുളയൊക്കെ എത്ര മാന്യനാണെന്ന് തോന്നിപ്പോവുന്നത്. ചുരുക്കത്തിൽ, ഈ 'കാലമൊക്കെ മാറി'യെന്ന് പറയുന്നത് ശരിതന്നെ. പക്ഷേ, അത് മുന്നോട്ടു മാറിയവരുമുണ്ട്, പിന്നോട്ട് മാറിയവരുമുണ്ട്. കാലത്തിനനുസരിച്ച് അതിനോടൊപ്പം സ്വയം മാറിയവർ വളരെ കുറച്ചാണെന്നുമാത്രം.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS