മരണത്തിന്റെ ആത്മാവ് തേടുന്ന മർവ 

mashana-sancharika
SHARE

ഒരു കൃതി വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്നത്, അത് അവന്റെ ഹൃദയത്തെ തൊട്ടു സഞ്ചരിക്കുമ്പോഴാണ്. അത്തരം സൃഷ്ടികൾക്ക് കാലത്തിന്റെയോ ദേശത്തിന്റെയോ അതിരുകൾ നിർണ്ണയിക്കാനാവില്ല. എല്ലാ അതിരുകളെയും ഭേദിച്ചു മനുഷ്യ മനസ്സുകളിൽ നിന്നും മനുഷ്യ മനസ്സുകളിലേക്ക് പ്രയാണം ചെയ്യുമ്പോഴാണ്, അതിനു ചിരകാല സ്ഥായീ ഭാവം കൈവരുന്നത്. ചിരകാല സ്ഥായീ ഭാവമുള്ള ഒരു കൃതിയെയും വായനാ സമൂഹത്തിനു മാറ്റി നിർത്താനാവില്ല. ആഷത്ത് മുഹമ്മദ് രചിച്ച ‘മശാന സഞ്ചാരിക’ എന്ന നോവൽ അത്തരത്തിൽ ഹൃദയം തൊട്ടു യാത്ര ചെയ്യുന്ന ഒരു വായനാനുഭൂതിയാണ് നൽകുന്നത്. ഈ ആഖ്യായികയുടെ ചില ഇടങ്ങളിൽ കറുത്ത വസ്ത്രമണിഞ്ഞ ഒരു നിഴലായി ഇതിലെ കഥാപാത്രങ്ങൾ അനുവാചകന്റെ ഹൃദയത്തിനു നേരെ ഒന്നു നോക്കിപ്പോകുന്നു. ഒരിക്കലും മായാത്ത ചിത്രങ്ങളായി അത്തരം നിമിഷങ്ങൾ അവനിൽ ഘനീഭവിച്ചു നിൽക്കുന്നു. 

മരണത്തിന്റെ ജൈവികത തേടി അലയാൻ കാലം ഏൽപ്പിച്ച മർവ എന്ന കഥാപാത്രത്തിന്റെ വികാര വിചാരങ്ങളിലൂടെ സഞ്ചരിച്ചു ബൃഹത്തായ ലോക ആശയങ്ങൾ വായനക്കാരുമായി പങ്കുവെക്കുകയാണ് നോവലിസ്റ്റ്. എല്ലാത്തരം ലോക നിയമങ്ങളും തകർത്തു സ്വയം ഒരു പരികർമ്മിയായി രൂപാന്തരപ്പെടുന്നതിലൂടെ, നിയതമായ നിയമങ്ങൾക്കപ്പുറം അനശ്വരമായ വികാരങ്ങൾക്കാണ് ഈ ലോകത്ത് പ്രധാന്യവും പ്രാമുഖ്യവും കൽപിക്കേണ്ടതെന്ന് മർവയിലൂടെ ആഖ്യാതാവ് വായനക്കാരെ ബോധ്യപ്പെടുത്തുന്നു. പിതാവ്, ഗുരു, സഹോദരൻ എന്നീ മൂന്നു പുരുഷാത്മാക്കളുടെ വഴികൾ തേടിയുള്ള യാത്രയാണ്, മർവയുടേത്. ഈ യാത്രയിലുടനീളം അവളുടെ മനസ്സിൽ പിറവിയെടുക്കുന്ന ചിന്തകൾ, അനുവാചകന് മറ്റൊരു ജീവിത ദർശനം നൽകുന്നുണ്ട്.

മർവയുടെ മാനസികമായ വ്യാപാരങ്ങളിൽ നിന്നും വിവിധ മതങ്ങളുടെ ആത്മീയമായ മണ്ഡലത്തിലേക്ക് വായനക്കാരെ ഈ നോവൽ കൊണ്ടെത്തിക്കുന്നു.   

വർമ്മ സർ എന്ന ഗുരുവിന്റെ ഭൂത കാലത്തിൽ നിന്നും പിതാവിന്റെ ഓർമകളിലേക്കും വർത്തമാനത്തിൽ മരണത്തിന്റെ തീരമണിഞ്ഞ സഹോദരന്റെ ദൈന്യതയിലേക്കും ഈ നോവൽ അനായാസം കടന്നു ചെല്ലുന്നു. ഒരു നോവൽ സമ്പുഷ്ടമാകുന്നത് അതിന്റെ ആശയവും ഭാഷയും ഒരേ മാത്രയിൽ സമ്മേളിക്കുമ്പോഴാണ്. കൃത്യമായ വാക്യ സംയോജനത്തിലൂടെയാണ് അത് സാധിക്കുന്നത്. ആഷത്ത് മുഹമ്മദിന് ഈ നോവലിൽ അത് സാധിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മരണത്തിന്റെ നിഗൂഢതയിലേക്ക് കാരണം വ്യക്തമല്ലാതെ തള്ളിയിടപ്പെട്ട പിതാവിന്റെ ഓർമ്മകളിക്കിറങ്ങിച്ചെല്ലുമ്പോൾ, ചരിത്രത്തിലേക്ക് നടന്നു കയറിയ അഭയാർഥികളുടെ കാൽപാടുകൾ കൂടി എഴുത്തുകാരി, കാലപ്പഴക്കം ചെന്ന ചായം കൊണ്ട് വരച്ചു വെക്കുന്നു.  

മനുഷ്യൻറെ കണ്ണുകൾക്ക് ഒട്ടും തന്നെ ആസ്വാദ്യകരമല്ലാത്ത കാഴ്ചയാണ്,  കാൽപാടിന്റെ ആ ചിത്രങ്ങളെങ്കിലും വായനക്കാരന്റെ ഹൃദയത്തിലേക്കാണു ആ കാലടികൾ നടന്നു ചെല്ലുന്നത്. ഇറാഖിന്റെ  കുവൈത്ത് അധിനിവേശത്തിന്റെ യാഥാർഥ്യം അനാവൃതമാക്കുക കൂടി ചെയ്യന്നുണ്ട് ഈ നോവൽ. ശക്തൻ ദുർബലനു മേൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഒരു നേർചിത്രം ഇതിന്റെ വായനയിൽ വായനക്കാരനു കാണാൻ സാധിക്കുന്നുണ്ട്. കുവൈത്തിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന സ്വദേശികളുടെയും വിദേശികളുടെയും ദുരന്ത സഞ്ചാരങ്ങളെ ഒട്ടു തന്നെ അതിശയോക്തി കലരാതെ വളരെ തന്മയത്വത്തോടെയാണ് ആഷത്ത് ആവിഷ്കരിച്ചിട്ടുള്ളത്. കുവൈത്തിലെ ഭീതി നിറഞ്ഞ രാവുകളിൽ ഇറാഖ് പട്ടാളത്തിന്റെ കനപ്പെട്ട ആക്രോശങ്ങൾ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു നോവൽ കൂടിയാണ്  മശാന സഞ്ചാരിക. അഭയാർഥികളായി ബോംബെ തെരുവുകളിലൂടെ അലയുന്ന പ്രവാസികളുടെ രണ്ടു അവസ്ഥകളുടെ താരതമ്യവും ഈ കൃതിയിൽ വിചാരണ ചെയ്യപ്പെടുന്നുണ്ട്. യുദ്ധത്തിന് മുമ്പും ശേഷവുമുള്ള പ്രവാസാവസ്ഥയുടെ ഒരു രേഖാചിത്രം, അങ്ങനെയാണ് ആത്മ വിചാരങ്ങളിൽ നിന്ന് ചരിത്ര യാഥാർഥ്യങ്ങളിലേക്ക് കൂടി ഈ നോവൽ ഇറങ്ങി ചെല്ലുന്നത്.

വൈവിധ്യങ്ങളായ കഥാപാത്ര നിർമ്മിതി സാധ്യമായ ഒരു നോവൽ കൂടിയാണ് ഇത്. വൈധവ്യത്തിന്റെ കാൽ നൂറ്റാണ്ടിൽ മൗനത്തിന്റെ വാൽമീകത്തിൽ സ്വയം ആഴ്ന്നിറങ്ങിയ മർവയുടെ മമ്മ ഫാത്തിമ ആത്മീയ ജ്ഞാനത്താൽ അകം നിറഞ്ഞ ഒരു കഥാപാത്രമാണ്. ഫാത്തിമയുടെ ഓരോ വാക്കുകൾക്കും വ്യക്തമായ  ദിശ നൽകാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. ലൈല എന്ന വീട്ടു വേലക്കാരി, പെൺ ജീവിതത്തിന്റെ കഷ്ടതയുടെ ഒരു  പ്രതീകമായി ആഷത്ത് ഇതിൽ ചേർത്തു വെക്കുന്നു. ലോകത്തെ നിസ്സാരമായി കാണുന്ന ലൈലയുടെ ഭർത്താവ് ഹസ്സൻ സ്വന്തം വയറ് മാത്രമാണ് ഈ ലോകത്തിന്റെ കേന്ദ്ര ബിന്ദുവെന്നു വിശ്വസിക്കുന്നു. പിതാവിന്റെ മരണത്തിന്റെ നിഗൂഢതയിലേക്കു സത്യത്തിന്റെ ഒരു മെഴുകുതിരി വെളിച്ചവുമായി ഒരു അവധൂതനെപ്പോലെ വന്നു പോകുന്ന ഹൈദർ, മർവയുടെ സുഹൃത്ത് ജാനി, ശേഷക്രിയയുടെ വഴി കാട്ടിയായി വരുന്ന വാസുദേവ പൂജാരി ഇങ്ങനെ ഓരോ കഥാപാത്രങ്ങൾക്കും ഒരു സ്വത്വം നിലനിർത്താൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്.

മർവ, ഫാത്തിമ, ദേവി, ഫറ എന്നീ നാലു കഥാപാത്രങ്ങൾ പെൺ മനസ്സിന്റെ വിവിധങ്ങളായ വഴികൾ തുറന്നിടുന്നുണ്ട്. നിശ്ചയ ദാർഢ്യത്തിന്റെയും കരുണയുടെയും സ്വാർഥതയുടെയും പരാശ്രയയായ ഒരുവളുടെ നിസ്സഹായതയുടെയും മുഖങ്ങൾ വായനക്കാരന് മുമ്പിൽ അനാവൃതമാകുന്നുണ്ട്. തനിക്കു ചുറ്റും ഓരോ നിമിഷങ്ങളിലും മരണത്തിന്റെ നിഴലുകൾ നൃത്തം ചെയ്യുമ്പോഴും പാതി വഴിയിൽ അറ്റു പോയ ആത്മാക്കൾക്ക് സ്വാസ്ഥ്യം നൽകാനുള്ള യാത്രയിലാണ് മർവ. ലോകം മതത്തിന്റെ വൻ മതിലുകൾ പണിത്, അത് നീ, ഇത് ഞാൻ എന്ന് പറയുന്ന ഇക്കാലത്ത് എല്ലാ വേലിക്കെട്ടുകളും തകർത്ത് ഗുരുവിന് ശേഷക്രിയ ചെയ്യുന്ന മർവ കാലത്തിന്റെ അനിവാര്യതയാണ്. ആർദ്രതയുടെ വാത്സല്യത്തിന്റെ സ്നേഹത്തിന്റെ ചുംബനം നൽകി മാത്രം വായിച്ചു തീർക്കാൻ കഴിയുന്ന ഈ നോവൽ പ്രസിദ്ധീകരിച്ചത് കൈരളി ബുക്ക്സ് ആണ്. പേജ് 114. വില 200 രൂപ.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS