കണക്കിനെ
പ്രണയിച്ചു നോക്കിയിട്ടുണ്ടോ
ആകെ കുഴഞ്ഞുമറിഞ്ഞ്
കെട്ടിപ്പിരിഞ്ഞു കിടക്കുന്നപോലെ
തോന്നും
പക്ഷേ എവിടെയോ
ഒരു സൂത്രവാക്യമുണ്ടാവും
അത്
കിട്ടിക്കഴിഞ്ഞാല്‍
ഒരൊറ്റ പോക്കാണ്
ആ ഇക്വേഷന്‍ മതി
പ്രണയമങ്ങനെ
പൂത്തു തളിര്‍ത്ത് വിടര്‍ന്ന്
ഫുള്‍ മാര്‍ക്ക് കിട്ടും
സാമൂഹ്യശാസ്ത്രത്തെ
പ്രണയിക്കുമ്പോള്‍
ഒരു സൂത്രവാക്യവുമില്ല
സാഗരം കണക്കെ
പടര്‍ന്നു കിടപ്പാണ്
ഏതുത്തരവും ശരിയാവും
ഒറ്റ ഉത്തരം
ഒരു ചോദ്യത്തിനുമില്ല
എത്ര ശരിയായാലും
ശരിയാവുകയുമില്ല
എല്ലാം ശരിയായാലും
ഒന്നും ശരിയായില്ലെന്നു
തോന്നും
പ്രണയിക്കുന്നത്
കണക്കിനെയാണോ
സാമൂഹ്യശാസ്ത്രത്തെയാണോ
എന്നറിയണമെങ്കില്‍
പ്രണയിച്ചുതന്നെ അനുഭവിക്കണം.