മൃഗസ്നേഹിയെ നായ കടിച്ചു
Mail This Article
റോഡിൽ വണ്ടികൾ വളരെ കുറവായിരുന്നു. തനിക്ക് പാരിതോഷികമായി അഞ്ചു വർഷങ്ങൾക്കുമുമ്പ് ലഭിച്ച മാരുതിയിൽ, മീറ്റിങ് കഴിഞ്ഞ് മടങ്ങുകയാണ് ഹരിദാസ്. തെരുവുനായ്ക്കളെ സംരക്ഷിക്കണോ, വേണ്ടയോ? അതായിരുന്നു ചർച്ചാവിഷയം. സാംസ്കാരിക നായകന്മാരും, മൃഗസ്നേഹികളും, മനുഷ്യസ്നേഹികളും, കുറച്ചു നാട്ടുകാരും പങ്കെടുത്ത ചർച്ച. ചർച്ച കയ്യാങ്കളിയിലേക്ക് എത്തുന്ന അവസ്ഥവന്നപ്പോൾ, മീറ്റിങ് പിരിച്ചുവിടേണ്ടി വന്നു. എന്തായാലും മൃഗസ്നേഹികളുടെ സംഘടനയുടെ ചുമതലസ്ഥാനത്ത് താനിരിക്കുന്നിടത്തോളം ഒരു നായയേയും കൊല്ലാൻ അനുവദിക്കുന്ന പ്രശ്നമില്ല.
സന്ധ്യ മയങ്ങി തുടങ്ങി, നിരത്തിലെങ്ങും ആരുമില്ല. അവിടവിടെ വണ്ടിയുടെ ലൈറ്റിൽ വെട്ടിത്തിളങ്ങുന്ന നായകളുടെ കണ്ണുകൾ മാത്രം. പെട്ടെന്ന് വണ്ടിക്കെന്തോ പ്രശ്നം , ഒരു വിധം ഓരം ചേർത്തു നിർത്തി. വെളിയിലിറങ്ങി ബോണറ്റ് തുറന്നു നോക്കി, ഒന്നും ശരിക്ക് കാണാൻ പറ്റുന്നില്ല. അകത്തു കയറി, വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു, വിഫലം. വീടെത്താൻ ഇനിയുമുണ്ട് ഏകദേശം നാലു കിലോമീറ്റർ. വണ്ടിയിലിരുന്നു തന്നെ അയാൾ മെക്കാനിക്കിനെ വിളിച്ചു. മെക്കാനിക്ക് നാളെ വന്നു നോക്കാമെന്ന്, ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ ബസുകളും, ടാക്സിയും, ഓട്ടോറിക്ഷയുമൊക്കെ മിന്നൽ പണിമുടക്ക് തുടങ്ങിയെന്ന്. അവന് സ്കൂട്ടറിൽ വരാൻ പേടിയാണത്രെ, തെരുവുനായകൾ കുറുകെ ചാടിയാലോ? പോരാത്തതിന് റോഡു മുഴുവൻ കുണ്ടും കുഴിയും. അപ്പോൾ ഇനി നടക്കുക എന്ന വഴിമാത്രം. വണ്ടി പൂട്ടി ബാഗുമായ് അയാൾ നടക്കാൻ തുടങ്ങി. ചെറുതായ് ഇരുട്ട് വ്യാപിച്ചതുകൊണ്ട് മൊബൈലിലെ ടോർച്ച് ഓണാക്കി. അയാൾ ചിന്തിച്ചു, എന്താ സൗകര്യം പണ്ട് ആൾക്കാർ ചൂട്ടുകെട്ട് കത്തിച്ചു, പിന്നെ അത് വലിയ ടോർച്ച് ആയി, ഇപ്പോൾ ദേ, മൊബൈൽ. ചെറുതായിട്ട് മഴ പൊടിയുന്നോ എന്നൊരു സംശയം, കുടയുമെടുത്തിട്ടില്ല. എപ്പോഴും കാറിൽ സഞ്ചരിക്കുന്നതു കൊണ്ട് കുടയുടെ ആവശ്യം വരാറില്ലല്ലോ. ഈ കുടയുടെ സൗകര്യം കൂടി മൊബൈലിൽ ഉണ്ടായിരുന്നെങ്കിൽ?
ഒരു മനുഷ്യനേയും വഴിയിലെങ്ങും തന്നെ കാണുന്നില്ല. അവിടവിടെ ഒന്നോ, രണ്ടോ നായകൾമാത്രം. പാവങ്ങൾ കൈയ്യിൽ വല്ലതും ഉണ്ടായിരുന്നെങ്കിൽ കഴിക്കാൻ കൊടുക്കാമായിരുന്നു. അടുത്ത പ്രാവശ്യം ആകട്ടെ. ഒരു നായ തന്നെ തന്നെ നോക്കി മുരളുന്നതു പോലെ. അടുത്തുകിടന്ന വടി ഒന്ന് കൈയ്യിലെടുത്തു, ഒരു ധൈര്യത്തിന്. ഇവറ്റകൾക്കു വേണ്ടി ഘോരഘോരം വാദിക്കുന്ന തന്നെ കടിക്കുമെന്ന് തോന്നുന്നില്ല.
വീട്ടിലേക്കെത്തുന്നതിന് ഏകദേശം അരക്കിലോമീറ്റർ മുന്നേ, നാട്ടുകാർ ചവറെറിയുന്ന ഒരു സ്ഥലമുണ്ട്, റോഡിൽ നിന്ന് ഏതാണ്ട് ഇരുന്നൂറ് മീറ്റർ മാറി. ചീഞ്ഞഴിഞ്ഞ് ഒരുമാതിരി ചതുപ്പ് പോലെ, ദുർഗന്ധവും. അവിടെ ഒത്തിരി നായകളെ കാണാറുമുണ്ട്. ആ ഭാഗത്ത് വച്ച് പലരേയും കടിച്ചതായി പരാതിയും പരന്നിരുന്നു. ഹരിദാസ് ഓർത്തു, എന്തായാലും വടി കൈയ്യിൽ തന്നെ ഇരിക്കട്ടെ. വഴിയിലെങ്ങും ആരും ഇല്ലാത്തതുകൊണ്ട്, പട്ടി കടിച്ചാലും ആരും അറിയാൻ പോകുന്നില്ല. കടിച്ചാൽ, ‘മൃഗസ്നേഹിയെ നായ കടിച്ചു’ എന്ന തലക്കെട്ടിൽ വാർത്ത പരന്നാൽ, അതിൽപരം നാണക്കേട് വേറെയില്ല .
അയാൾ നടപ്പിന് വേഗത കൂട്ടി. ഏതാണ്ട് ചവറിടുന്ന സ്ഥലത്തിനടുത്തെത്തി. പെട്ടെന്ന് അയാൾ ഒരു കാര്യം ശ്രദ്ധിച്ചു, ഇപ്പോൾ നായകളെ ഒന്നും കാണുന്നില്ല. ആവു, രക്ഷപ്പെട്ടു എന്നു കരുതി മുന്നോട്ട് നീങ്ങുമ്പോൾ, ഒരു സത്രീയുടെ ദയനീയമായ രോദനം കേൾക്കാം, നായകളുടെ മുറുമുറുപ്പും. ഏതോ ഒരു സ്ത്രീയെ നായകൾ കൂട്ടമായ് ആക്രമിക്കുന്നതുകൊണ്ടാണ്, അതുങ്ങളെ ഒന്നും കാണാത്തത് എന്ന് മനസ്സിലായി. അടുത്തെത്തും തോറും സ്ത്രീയുടെ രോദനം ഉറക്കെത്തന്നെ കേൾക്കാം, നായകളുടെ പരസ്പരമുള്ള കൊലവിളികളും. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അയാൾ ആലോചിച്ചു. ചവറിടുന്ന ഭാഗത്തു നിന്നുമാണ് കരച്ചിൽ കേൾക്കുന്നത്. പോയി രക്ഷിക്കണോ, വേണ്ടയോ? രക്ഷിക്കാമെന്നു കരുതിയാൽ, കയ്യിൽ ഒരു വടി മാത്രമാണുള്ളത്. രക്ഷിക്കാൻ തുനിഞ്ഞില്ല എങ്കിൽ, ഒരു പാവം സ്ത്രീയെ നായകൾ കടിച്ചു കൊല്ലും. ഫോണിൽ നിന്നും എന്തോ ഒരു മുന്നറിയിപ്പ് ശബ്ദം കേട്ട് നോക്കുമ്പോൾ, ബാറ്ററി പത്തു ശതമാനമെന്ന് കാണിക്കുന്നു. അയാൾ ഉടനെ പോലീസിനെ വിളിച്ച് കാര്യം പറഞ്ഞ്, ബാറ്ററി തീരുന്നതിന് മുൻപ് വീട്ടിലെത്താനുള്ള വേഗത കൂട്ടി. ചവറിടുന്ന സ്ഥലം വഴിയിൽ നിന്ന് ഏതാണ്ട് ഇരുനൂറു മീറ്റർ ദൂരത്തായതു കൊണ്ട്, ഒന്നും വ്യക്തമായി കാണാൻ സാധിക്കുന്നില്ല, എന്നാണ് അയാൾ പൊലീസിനോട് പറഞ്ഞത്, കൂടാതെ ഇരുട്ടും.
ഒരു വിധം ബാറ്ററി തീരുന്നതിന് മുൻപ് അയാൾ വീടെത്തി. വാതിൽ തുറന്ന ഭാര്യ കലി തുള്ളിക്കൊണ്ട്, “എന്താ മനുഷ്യാ, നിങ്ങൾ ഫോൺ എടുക്കാത്തത്?” അപ്പോഴാണ് ഫോൺ, ചർച്ചയ്ക്ക് കയറുന്നതിനു മുൻപ് സൈലൻറ് മോഡിൽ ഇട്ട കാര്യം ഓർത്തത്, മാറ്റിയില്ല എന്ന കാര്യവും. തന്നെയുമല്ല, മിസ്ഡ് കോളുകളൊന്നും ശ്രദ്ധിച്ചതുമില്ല.
"ഓ, ഞാനത് സൈലൻറ് മോഡ് മാറ്റാൻ മറന്നു."
"ഞാനെത്ര പ്രാവശ്യം വിളിച്ചിരുന്നു എന്നറിയാമോ?, അതെങ്ങിനെയാ ഫോൺ എടുത്ത് നോക്കിയാലല്ലേ അറിയാൻ പറ്റു. നിങ്ങടെ പെങ്ങളുവിളിച്ചിരുന്നു. അമ്മ നിങ്ങൾക്കായ് ചക്കയടയുണ്ടാക്കിക്കൊണ്ട് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്, എന്ന്. ഏതാണ്ട് ഇവിടെ എത്തേണ്ട നേരമായപ്പോൾ മിന്നൽ പണിമുടക്ക് തുടങ്ങിയത്രെ. നിങ്ങളോന്നു പോയി അന്വേഷിച്ച് വാ."
"അതിന് വണ്ടി കേടാണ്."
"എങ്ങനെ എങ്കിലും ഒന്നു പോയി അന്വേഷിക്ക് മനുഷ്യാ, വഴിയിലുമുഴുവനും പേ പിടിച്ച് നടക്കുന്ന പട്ടികളുള്ളതാ. അതുങ്ങൾക്ക് മൃഗസ്നേഹി ആരാ, മനുഷ്യസ്നേഹി ആരാ എന്നുള്ള വ്യത്യാസമൊന്നുമില്ല. ആരെ കിട്ടിയാലും കടിക്കും."
പെട്ടെന്നാണ് അയാൾ പട്ടികൾ ആക്രമിക്കുന്ന സ്ത്രീയുടെ രോദനം ഓർത്തത്. അയാളുടെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി, വല്ലാത്ത പരവേശം അനുഭവപ്പെട്ടു. അയാൾ അലറി.
"നീ ജോസഫിനെ വിളിച്ച്, വണ്ടിയുമായി പെട്ടെന്ന് വരാൻ പറ."
"ജോസഫും, കുടുംബവും സിനിമയ്ക്ക് പോയിരിക്കുവ."
"എങ്കിൽ നീ... നീ രമേശനെ വിളിക്കു".
"ശരി, വിളിക്കാം".
"ഇന്ന് ഞാൻ, ഒരു പട്ടിയേയും ജീവനോടെ വിടില്ല''.
അയാൾ ആക്രോശിക്കുകയായിരുന്നു.
"രമേശും ഫോൺ എടുക്കുന്നില്ല".
"എങ്കിൽ നീ നിൻ്റെ സ്കൂട്ടറിൻ്റെ താക്കോലും, രണ്ട് വാക്കത്തിയും എടുത്തു കൊണ്ട് പെട്ടെന്നു വാ.”
അപ്പോൾ , ആരോ കോളിങ് ബെൽ അടിച്ചു. വാതിൽ തുറക്കുമ്പോൾ അമ്മ, കൂടെ ഒരു ചെറുപ്പക്കാരനും. "സാറിൻ്റെ അമ്മയാണെന്ന് പറഞ്ഞപ്പോൾ, വീട് കണ്ടു പിടിക്കാൻ എളുപ്പമായി.'' അയാൾ പോകാൻ ഇറങ്ങുമ്പോൾ അമ്മ, "ബാ, മോനെ ചായ കുടിച്ചിട്ട് പോകാം."
"പിന്നെ ഒരിക്കലാകാം", എന്നു പറഞ്ഞ് അയാൾ തന്റെ സ്കൂട്ടർ സ്റ്റാർട് ചെയ്യുമ്പോൾ അമ്മ, "സൂക്ഷിച്ചു പോണെ മോനേ, വഴിയില് നിറച്ചു പട്ടികളാണ്."
അയാൾ ഹരിദാസിനെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് ബൈ പറഞ്ഞുപോയി. ഹരിദാസ് ചിന്തിച്ചു, അപ്പോൾ മറ്റേ സ്ത്രീ. ഒരു നെടുവീർപ്പോടെ അയാൾ ആശ്വസിച്ചു. എന്തായാലും തന്റെ അമ്മയല്ലല്ലോ. പക്ഷെ ആ സ്ത്രീ ആരുടെയെങ്കിലും അമ്മയാണെന്ന സത്യം അയാൾ മന:പൂർവം വിസ്മരിച്ചു.