പല്ലില്ലാതെ ചിരിക്കുന്ന ചില വാക്കുകൾ നമ്മുടെ വായനകൾക്കിടയിൽ എവിടെയോ മറഞ്ഞിരിക്കുന്നുണ്ട്.അത് ഓർമകളുടെ ചിരിയാണ് . ഓർമകൾ ചിരിക്കുമ്പോൾ അതിന്, ചിലപ്പോഴൊക്കെ , വേദനയുടെ നനവ് ഉണ്ടാകുന്നു. മുറിവുകളുടെ അടയാളങ്ങളുണ്ടാകുന്നു. ഒരിക്കലും ഉണങ്ങാത്ത മുറിവുകളിൽ നിന്നും രക്തം കിനിയുന്നു. വേദനയുടെ ആ നനുത്ത ചിരിയാണ് റസീന ഹൈദറിൻറെ പല്ലില്ലാത്ത ചിരികൾ . വൈയക്തികമായ അനുഭവങ്ങളിൽ ചിലയിടത്തൊക്കെ ഭാവനയുടെ മേമ്പൊടിയും ചേർത്തുള്ള രചനകളുടെ സമാഹാരമാണ് ഈ പുസ്തകം
അമ്മൂമ്മച്ചിരിയെന്നത് ശൈശവത്തിന്റേത് കൂടിയാണ് . ശൈശവവും വാർദ്ധക്യവും ഒരു പോലെ നിഷ്കളങ്കമാണ് . താലോലിക്കാൻ കൊതിച്ചു പോകുന്ന നൈർമല്യം മനുഷ്യൻറെ ഈ രണ്ട് അവസ്ഥകളിലുമുള്ള മുഖങ്ങളിൽ കാണാം .എഴുത്തുകാരിയുടെ മുത്തശ്ശിയുടെ ചിരിയിലൂടെ , ചിന്തോദ്ദീപകമായ കാര്യങ്ങളാണ് റസീന പങ്ക് വെക്കുന്നത് .മനസ്സിൻറെ ആഴങ്ങളിൽ പതിഞ്ഞ് പോയ രൂപങ്ങളെയൊന്നും മായ്ചു കളയാനുള്ള ശക്തി മരണത്തിന് ഇല്ലാത്തത് കൊണ്ടാണ് മനുഷ്യർ ഇപ്പോഴും പഴമയെ ഓർത്ത് കൊണ്ടിരിക്കുന്നത് .
ഉമ്മയില്ലാത്ത വീട് എന്ന ലേഖനത്തിൽ ഉമ്മ എങ്ങനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയായിരിക്കുന്നു എന്നതിന്റെ ആവിഷ്കാരമാണ് . ഉമ്മ സംഗീതമാണ് .. ഉമ്മ പ്രകൃതിയാണ് . ഉമ്മ കരുതലിന്റെ ആൾ രൂപമാണ്. എല്ലാ വിളികളും പഠിപ്പിക്കുന്ന ഗുരുവും എല്ലാ വഴികളിലേക്കുമുള്ള വെളിച്ചവുമാണ് ഉമ്മ . പ്രണയത്തിൻറെ മാന്ത്രികതയിൽ ആകാശം മുട്ടെ വളർന്ന കാല്പനികതയുടെ നിറങ്ങൾ ചാർത്തിയെടുത്ത ശില്പമാണ് ആത്മാവുള്ള പ്രണയം . കവിതയും കഥയും ഓർമ്മകളും സമം ചേർന്ന് രൂപപ്പെട്ട ഒരു സർഗ്ഗ സൃഷ്ടിയാണ് ഈ കുറിപ്പ് . ജീവനെയും ആത്മാവിനെയും തൊടുന്ന എന്തൊന്നാണോ , അതാണ് പ്രണയം . ഒരിക്കലും സാക്ഷാത്കരിക്കപ്പെടുകയില്ലെന്ന് നിശ്ചയമുള്ള പ്രണയത്തിൻറെ ദിവ്യത്വം റസീന ഹൈദർ ഈ കുറിപ്പിൽ കുറിച്ചിടുന്നുണ്ട് . പ്രണയത്തിൻറെ മാസ്മരികമായ സൗന്ദര്യം ആവിഷ്കരിക്കുന്ന രചനയാണിത് .
എഴുതിയതൊക്കെയും മായ്ച് കളയാനുള്ളതാണു മഷിത്തണ്ടെങ്കിൽ , ജീവിതത്തിൽ നിന്ന് ഒരിക്കലും മായ്ച്ചു കളയാനാകാത്ത മഷിത്തണ്ടോർമ്മകളാണു മഷിത്തണ്ട് എന്ന ലേഖനത്തിൽ. ഒരു മഷിത്തണ്ട് കടം കൊടുക്കാനുള്ള ബാല്യ മനസ്സിലൂടെ നമ്മുടെ ഓരോ തലമുറയും എത്രത്തോളം സാമൂഹ്യകേന്ദ്രീകൃതമായ ചിന്താധാരയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു. പരിചിതവും എന്നാൽ അപരിചിതവുമായ ഒരിടത്ത് നിന്ന് കൊണ്ട് മാതൃപുത്രീ ബന്ധത്തിൻറെ കഥ പറയുകയാണ് ആമീടെ പാത്തുവിൽ. സമൂഹത്തിൽ ഏതൊക്കെയോ വഴിയരികിൽ കണ്ടേക്കാവുന്ന മാനസികാവസ്ഥയെ , അതേ കഥാപരിസരത്ത് നിന്ന് കൊണ്ട് തന്നെ എഴുത്തുകാരി ആവിഷ്കരിച്ചിട്ടുണ്ട്.
ഭ്രമാത്മകതയുടെ അവ്യക്തമായ ലോകത്ത് നിന്ന് കൊണ്ട് , ചില ദിവസത്തെ ചില നേരങ്ങൾ ആവിഷ്കരിക്കുകയാണ് ഏഴുകാടുകൾക്കപ്പുറം എന്ന കഥയിൽ. സ്വപ്ന തീരത്ത് നിന്ന് കൊണ്ട് , ജീവിതത്തിൻറെ ചില വഴികൾ തേടുകയാണ് എഴുത്തുകാരി ഇതിലൂടെ ചെയ്തിരിക്കുന്നത്. പപ്പുടുക്കയിൽ ജീവിതത്തെക്കുറിച്ചുള്ള ഒരു ദിശാബോധം വായനക്കാരനു നൽകാൻ എഴുത്തുകാരി ശ്രമിക്കുന്നുണ്ട്. എല്ലാ കെട്ടുപാടുകളിൽ നിന്നും ഒരു വ്യക്തി പൂർണ്ണമായും സ്വതന്ത്രമാകുമ്പോൾ സമൂഹം അയാളെ ഭ്രാന്തൻ എന്ന് മുദ്ര കുത്തുന്നു. പപ്പുടുക്കയും അത്തരത്തിൽ സമൂഹത്തിൻറെ മിഥ്യാബോധത്താൽ മാത്രം ഭ്രാന്തിയായി മുദ്രിതയായവളാണ്. വിശക്കുമ്പോൾ പഴകിയ ഭക്ഷണം ചോദിച്ചു വരുന്നവർക്ക്, ഇന്നത്തെ ചോറ് കൊടുക്കുന്നതിലൂടെ , സാമൂഹിക നീതിബോധത്തിന്റെ മഹത്തായ ഒരു അധ്യായമാണ് വല്യുമ്മയുടെ വാക്കുകളിലൂടെ എഴുത്തുകാരി ഇതിൽ അനാവൃതമാക്കിയിട്ടുള്ളത്. ഇതിലെ ഓരോ കുറിപ്പുകളും വായിച്ചു തീരുമ്പോൾ , നീതി ബോധത്തിൻറെയും ആർദ്രതയുടേയും കരുണയുടേയും ഒരു മഷിത്തണ്ട് വായനക്കാരന് മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ഫാബിയൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 290 രൂപയാണ്.പേജ് 213