ADVERTISEMENT

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും,  ബിസിനസ് രംഗത്തെ അതികായരായ പ്രമുഖ കമ്പനികളിൽ മാനേജറായി വർഷങ്ങളോളമുള്ള തൊഴിൽ പരിചയവുമൊക്കെ കൈമുതലായുള്ള ഒരെഴുത്തുകാരന്റെ കഥകളിൽ കോർപ്പറേറ്റ് വ്യവസായങ്ങൾ കഥാപരിസരങ്ങളാവുന്നത് സ്വാഭാവികം. എന്നാൽ, കുത്തക കമ്പനികളുടെ കിടമത്സരങ്ങളും, ചൂഷണവും, ചതികളും, കൊള്ളരുതായ്മകളുമൊക്കെയാണ് കഥാതന്തുവായ് ഉയർന്നു വരുന്നതെങ്കിൽ തീർച്ചയായും അയാളിലൊരു വിപ്ലവകാരിയുണ്ട്. സർഗ്ഗപരതയിലൂടെ മാനവീകതയുടെ മഹത്തായ സന്ദേശമുയർത്തുന്ന  സാമൂഹ്യ പ്രതിബദ്ധതയുള്ളൊരു വിപ്ലവകാരി. "താവളം നിർമ്മിക്കുന്നവർ" എന്ന പ്രഥമ കഥാസമാഹാരത്തിലൂടെ മലയാള ചെറുകഥാ സാഹിത്യത്തിന്റെ മഹാപ്രപഞ്ചത്തിൽ ജഹാംഗീർ ഇളയേടത്ത് എന്ന കഥാകൃത്ത് ഇവ്വിധം തന്റെ രാഷ്ട്രീയം അടയാളപ്പെടുത്തിവച്ചിരിക്കുന്നു.

മലയാളത്തോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ ബിരുദവും, ബിരുദാനന്തര ബിരുദവും മലയാള സാഹിത്യത്തിൽ കൂടി കരസ്ഥമാക്കിയ ജഹാംഗീർ ഇളയേടത്തിന്റെ ഭാഷാനൈപുണി കഥകളിലുടനീളം വ്യക്തമാണ്. ഗൗരവത്തിന്റെ കനത്ത കമ്പിളിക്കുള്ളിൽ ഹാസ്യത്തെ പൊതിഞ്ഞു വെച്ചു കാര്യങ്ങൾ പറയുന്ന ശ്രീനിവാസൻ സിനിമകളുടെ തിരക്കഥാ കൈയ്യടക്കം കാണാം മിക്ക കഥകളിലും. കോവിഡ് കാലഭീതികളും, ആളെക്കൊല്ലി മൊബൈൽ ഗെയിം ഭീകരതകളും പോലുള്ള കഥാബീജങ്ങൾ സൃഷ്ടിച്ച് ചെറുകഥാ സാഹിത്യത്തിന്റെ വൻമരക്കാടിനുള്ളിൽ പുതുവഴി വെട്ടിയൊരുക്കി മുന്നേറാനുള്ള ധീരശ്രമവും നടത്തിയിട്ടുണ്ട് കഥാകാരൻ. 

 

സാഹിത്യ സൃഷ്ടികൾക്ക് വെള്ളവും, വളവുമാകുന്നത് മനുഷ്യരും, സമൂഹവും തന്നെയാണെന്നതിനാൽ മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം ജഹാംഗീർ ഇളയേടത്തിന്റെ കഥകളുടെ ഉത്പാദനഘടകങ്ങളാവുന്നുണ്ട്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ലൈംഗികത പ്രമേയമായി വരുന്ന കഥകൾ, പ്രണയ കാമ മോഹങ്ങളുടെ മനോഹാരിതയെ ആവിഷ്ക്കരിക്കുന്നതോടൊപ്പം, ലൈംഗിക ചൂഷണത്തിന്റെ കാണാക്കയങ്ങളിലേക്കുള്ള ചൂണ്ടുപലകകളുമാകുന്നു. 

ക്ലാനിലെ കൊല, മാട്രിമോണി, ആത്മാവിനെ തൊടുമ്പോൾ, ചന്ദ്രഹാസന്റെ ലോകം, ചാക്രികം, താവളം നിർമ്മിക്കുന്നവർ, ഭയം കനക്കുന്ന നേരം, ഭ്രാന്ത്, പൂതി, ഒമിക്രോണും ഓമനയും, ആധി, ഷുഗർ ഡാഡി തുടങ്ങി ഒരേ നിറമെന്നു തോന്നിക്കുന്നതും, എന്നാൽ വ്യത്യസ്ത ഗന്ധങ്ങൾ പുറപ്പെടുവിക്കുന്നതുമായ പന്ത്രണ്ട് പൂക്കളുടെ ഒരു കുഞ്ഞുപൂവനിയാണ് "താവളം നിർമ്മിക്കുന്നവർ" എന്ന കഥാസമാഹാരം.

കഥാകൃത്ത് സ്വയം മുഖ്യ കഥാപാത്രമായി വരുന്ന ആഖ്യാനശൈലി ചില കഥകളിൽ സ്വീകരിച്ചിട്ടുള്ളത് പോലെ തന്നെ, തന്റെ ജീവിത പരിസരങ്ങളായ പൊന്നാനി, വെളിയങ്കോട്, മാറഞ്ചേരി, തൃശൂർ എന്നിവിടങ്ങളൊക്കെ കഥകളോട് ചേർത്ത് വെച്ചിരിക്കുന്നതിനാൽ കഥകളിൽ മിക്കവയ്ക്കും ഒരു ആത്മനിഷ്ഠ പ്രാധാന്യം കൈവരുന്നു. തന്റെ ചുറ്റുപാട് എന്ന വൈകാരികതയിൽ നിന്നെഴുതുമ്പോൾ, പൂർണ്ണമായും ഇഴുകിച്ചേർന്നെഴുതാൻ സാധിക്കും. എന്നാലത്, പൊതുവിലുള്ള സാമൂഹ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സാർവ്വലൗകിക പ്രാധാന്യമുള്ളതായി പരുവപ്പെടുന്നു എന്നത് സൃഷ്ടികർത്താവിന്റെ അതി വൈദഗ്ധ്യത്താൽ മാത്രം സാധിക്കുന്ന ഒന്നാണ്. ജഹാംഗീർ ഇളയേടത്ത് അത്തരത്തിൽ വിദഗ്ധനായ ഒരു കഥാകൃത്താണ് എന്ന് അദ്ദേഹത്തിന്റെ കഥകൾ അടിവരയിട്ടുറപ്പിക്കുന്നു.

 

മലയാള സാഹിത്യത്തിന്റെ തീക്കടൽ കടഞ്ഞെടുത്ത തിരുമധുരമായ പ്രിയപ്പെട്ട സി.രാധാകൃഷ്ണൻ സാർ അവതാരികയും, ശ്രീകൃഷ്ണ കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ.കെ എസ് മിഥുൻ സർ പഠനവുമെഴുതി, ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് മനോഹരമായ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് നിഷാൻ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com