സ്വപ്‌നങ്ങൾ ചൂടുമണലിൽ പാകി മനസ്സിൽ പ്രതീക്ഷയാകുന്ന അമൃതജലം പകർന്നു, ഒരു പ്രത്യേക തരം ക്ഷമയോടെ കാത്തിരിക്കുന്നവരാണ് ഓരോ പ്രവാസിയും, നല്ലൊരു നാളേയ്ക്ക് വേണ്ടി. അതിൽ ചിലർ ചില നേരങ്ങളിൽ മെഴുകുതിരികളായി എരിഞ്ഞും തീർന്നെന്നു വരാം. അങ്ങനെ ചില മെഴുകുതിരികളുടെ ഉൾക്കണ്ണ് തുറപ്പിക്കുന്ന വെളിച്ചമാണ് 'ബിഗ് ടിക്കറ്റ് "എന്ന കുഞ്ഞു കഥക്കൂട്ടത്തിലൂടെ വായനക്കാർക്ക് അനുഭവവേദ്യമാകുന്നത്.
ഒരിരുപ്പിന് തീർക്കാവുന്നവയെന്നാൽ രണ്ടർത്ഥമുണ്ട്. അത്രയും ചെറുത്, രണ്ടാമത്തേത് - പുസ്തകം വലുതായാലും ചെറുതായാലും അക്ഷരങ്ങളുടെയും ശൈലിയുടെയും ലാളിത്യ, കാന്തിക ശക്തികൾ കാരണം, തീർന്നെന്ന സങ്കടം ബാക്കിയാക്കുന്ന അക്ഷരമുത്തുകൾ.... മൊയ്തുട്ടിക്കായുടെ അക്ഷരങ്ങളിൽ, ഭാഷയിൽ ആ ലാളിത്യമുണ്ട്, ശക്തിയുണ്ട്.. എല്ലാ തരത്തിലും... ഒരു പാട് കാലമായി, ഗൾഫ്= സുഖം എന്ന നാട്ടിലുള്ളവരുടെ തെറ്റിദ്ധാരണയ്ക്കു നേരെ നീട്ടിപ്പിടിച്ചൊരു ചൂണ്ടു വിരൽ കൂടിയാണ് ഈ കുഞ്ഞു പുസ്തകം.വർഷങ്ങളായി പ്രവാസ ജീവിതത്തെ അടുത്തറിയുന്ന, അതിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെന്ന നിലയിൽ, അക്ഷരങ്ങളുടെ എളിയ ഒരാരാധികയെന്ന നിലയിൽ പറയട്ടെ - ,ഒരു പാട് വായിക്കപ്പെടേണ്ടുന്ന, പ്രവാസിയുടെ ആത്മാവുറങ്ങുന്ന താളുകളാണ് 'ബിഗ് ടിക്കറ്റി"ലേത് .