പ്രഭാപൂരിതമായ മണ്ഡലകാലം

mandalakaalam-2
SHARE

നാട്ടിലായിരുന്നപ്പോൾ, ഗ്രീഷ്മകാല സന്ധ്യകൾ  എപ്പോഴും ദീപാലങ്കാരങ്ങളുടെ വർണ്ണ പൊലിമയിൽ  കുളിച്ചുനിന്നിരുന്നു. അയ്യപ്പ ക്ഷേത്രത്തിനു മുന്നിൽ വാഴയിൽ  ഈർക്കിൽ വളച്ചു വച്ച് അതിൽ മരോട്ടിക്കായുടെ തോടിൽ വിളക്കെണ്ണ നിറച്ച് തിരിയിട്ടു നിർമ്മിച്ചിരുന്ന ദീപസ്തംഭം, കർപ്പൂരം ആളിക്കത്തുമ്പോൾ ഉണ്ടാവുന്ന മർമര ശബ്ദം ഇവയെല്ലാം മധുരിക്കുന്ന ബാല്യകാല സ്‌മൃതികളാണ്. ദീപാരാധന കഴിഞ്ഞു ഗ്രാമപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ടോമിച്ചന്റെ  വീട്ടിനുമുമ്പിൽ കുറച്ചുനേരം വാനം നോക്കിനിൽക്കും. വീടിനൊരുവശത്ത് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന  ആഞ്ഞിലി മരച്ചില്ലകൾക്കിടയിലൂടെ പൂർണ ചന്ദ്രൻ വെളുക്കെ ചിരിക്കുന്നു. താഴെയുള്ള ശിഖരങ്ങളിൽ രണ്ടുനക്ഷത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. നീലയും, ചുവപ്പും, വെള്ളയും നിറമാണ് ഒരുനക്ഷത്രത്തിന്, മറ്റേതാകട്ടെ വെള്ളനിറത്തിൽ മാത്രം. ക്രിസ്മസ് സീസണും, മണ്ഡല കാലവും ഒരുമിച്ച് വരുന്നതുമൂലം ഡിസംബർ മാസമാകമാനം വിണ്ണിലും മണ്ണിലും പ്രഭാപൂരിതമായിരുന്നു

മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് അമേരിക്കയിലേക്കു കുടിയേറിയപ്പോൾ മണ്ഡല കാല സ്മരണകളും  ഒപ്പം പോന്നിരുന്നു. ഇവിടെ എത്തിയ ശേഷമുള്ള ആദ്യ ത്തെ ഡിസംബർ അന്ത്യ വാരത്തിൽ സന്ധ്യ സമയത്തെ  ഭജനക്കു ശേഷം, ശങ്കരൻ കുട്ടിചേട്ടന്റെ ടൊയോട്ട ക്രസീഡാ  കാറിൽ ഞങ്ങൾ നാലുപേർ മറ്റൊരു അയ്യപ്പ ഭക്തന്റെ വീട്ടിലേക്ക് കെട്ടുമുറുക്കിനായി പുറപ്പെട്ടു. വള്ളുവനാടൻ ദേശത്തിന്റെ നൈർമല്യം, നോക്കിലും,വാക്കിലും, പ്രവർത്തിയിലും പുലർത്തി പോന്ന കുട്ടിച്ചേട്ടൻ കണ്ടുമുട്ടുന്നവർക്കെല്ലാം പ്രിയങ്കരനായിരുന്നു. പാതിരാവിനോടടുത്ത സമയമായിരുന്നിതിനാൽ  പാതകൾ വിജനമായിരുന്നു. മൂന്നു ദിവസം മുൻപു പെയ്ത മഞ്ഞ്,  പാതക്കിരുവശത്തേയും വീടുകളുടെ മേൽക്കൂരയെ ഗാഢമായി ആലിംഗനം ചെയ്തുകൊണ്ട്,  അടുത്തെങ്ങും ഞങ്ങൾ വിടപറയുകയില്ല  എന്ന് വിളിച്ചറിയിച്ചുകൊണ്ടിരുന്നു. അടുങ്ങികിടക്കുന്ന ഹിമപാതത്തെ ഭയപെട്ടതുകൊണ്ടാകാം ഒരു ചെറുകാറ്റുപോലും മരച്ചില്ലകളെ മാടിവിളിക്കുന്നില്ല. ഇലകൾ വേർപിരിഞ്ഞ ചെറുമരച്ചില്ലകളിൽ ദൈവപുത്രന്റെ ജന്മദിനം കൊണ്ടാടുവാൻ ദീപാലങ്കാരങ്ങൾ വർണ്ണ പൊലിമ ചാർത്തുന്നു. ചില വീടുകൾക്കു മുൻപിൽ, ദീപാലംകൃതമായ പുൽകൂടുകളും, ആൾരൂപങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

കുട്ടി ചേട്ടൻ കാറിനുള്ളിലെ കാസെറ്റ് പ്ലെയർ പ്രവർത്തിപ്പിപ്പോൾ. ജയ വിജയൻ മാരുടെ 

"ശ്രീകോവിൽ നടതുറന്നു

പൊന്നമ്പലത്തിൽ ശ്രീകോവിൽ നടതുറന്നു 

സംക്രമ സന്ധ്യ സിന്ദൂരം ചാർത്തിയ 

പൊന്നമ്പലത്തിൻ ശ്രീകോവിൽ നടതുറന്നു"

എന്ന പ്രശസ്ഥ ഭക്തിഗാനം കേൾക്കാറായി.

ഈ  ഗാനത്തിലെ വരികളായ "ജന കോടികളുടെ യുഗ സാധനയുടെ അസുലഭ നിർവൃതിയിൽ അലിഞ്ഞുചേർന്നപ്പോൾ" ലക്ഷ്യ സ്ഥാനത്തെത്തിയത് അറിഞ്ഞതേ ഇല്ല. ഓരോ അയ്യപ്പന്മാരുടെയും വീടുകളിൽ ചെന്ന്, ഇരുമുടി കെട്ടു നിറച്ച്, വെളുപ്പിനെ നാലുമണിക്ക്, ക്ഷേത്രത്തിലേക്കുള്ള  ശരണയാത്ര ആരംഭിച്ചു. സൂര്യോദയത്തിനു മുൻപ് ആരംഭിക്കുന്ന ഗണപതിഹോമത്തിന് ക്ഷേത്രത്തിൽ എത്തേണ്ടതായതുകൊണ്ട്, അയ്യപ്പന്മാർ ധൃതി കൂട്ടുന്നുണ്ടായിരുന്നു.  എല്ലാവരും വണ്ടികളിൽ കയറുമ്പോൾ കുട്ടി ചേട്ടൻ അറിയിച്ചു, ":സ്പീഡ് ലിമിറ്റിനുള്ളിൽ മാത്രം സഞ്ചരിക്കുക, പോലീസെങ്ങാനും പിടിച്ചാൽ പൊല്ലാപ്പാകും. കറുത്ത വസ്ത്രവും, ഇരുമുടികെട്ടും, അതിനുള്ളിലെ നെയ്‌ത്തേങ്ങയും അമേരിക്കൻ പൊലീസിന് എങ്ങനെയാണ് വിശദീകരിച്ച് കൊടുക്കുവാൻ സാധിക്കുക. ക്ഷേത്രാങ്കണത്തിൽ എത്തി, തിരുവാഭരണ ഘോഷയാത്രയായി ശരണവിളികളാൽ ശ്രീകോവിൽ വലം വക്കുമ്പോൾ മരം കോച്ചുന്ന തണുപ്പിൽ പോലും എല്ലാ സ്വാമിമാരും നഗ്ന പാദരായിരുന്നു. ഭക്തിലഹരിയിൽ ആമോദം പൂണ്ട ചിലരാകട്ടെ മേൽവസ്ത്രം പോലും ത്യജിച്ച് പെട്ടതുള്ളാൻ തുടങ്ങി കഴിഞ്ഞിരുന്നു. നാട്ടിൽ കണ്ടു ശീലിച്ച അയ്യപ്പ ഭക്തി ലഹരി അതേപടി ആവർത്തിക്കപ്പെടുന്നു.

mandalakaalam

അനേകം മണ്ഡല കാലങ്ങൾ പിന്നിട്ടപ്പോൾ അയ്യപ്പ വിഗ്രഹങ്ങൾ ഉള്ള  ക്ഷേത്രങ്ങളുടെ എണ്ണവും, മണ്ഡല കാലത്ത്  വ്രതാനുഷ്ടാനങ്ങൾ  എടുത്ത് ഇരുമുടി ഏന്തുന്ന അയ്യപ്പൻ മാരുടെ എണ്ണവും വർദ്ധിച്ചു. കുട്ടിച്ചേട്ടൻ തന്റെ ജീവിത ദൗത്യം പ്രഗൽഭമായി  അഭിനയിച്ച് തീർത്തിട്ട്  കാലയവനികക്കു പിന്നിൽ മറഞ്ഞു. 

ഈ വർഷവും മണ്ഡല കാലത്ത് വീടുകളിൽ വച്ച്  നടത്തുന്ന  അയ്യപ്പ ഭജനകളിൽ വച്ചാണ്  ചെന്നയിൽ നിന്നുമെത്തിയ  വിജയ് സാമിയെ പരിചയപ്പെടുന്നത്. അയ്യപ്പ ഭക്തിലഹരിയിൽ ആമഗ്നനായി, തന്നെത്താൻ മറന്ന്,   അയ്യപ്പ ഭജനകൾ ആലപിക്കുന്ന വിജയ് സ്വാമിയുടെ  വ്രതാനുഷ്ടാനങ്ങളുടെ വിശദാംശകൾ അറിയാൻ ആകാംഷയായി. വിജയ് സ്വാമിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു.

"ഉറക്കമുണർന്നാൽ ജലപാനം പോലും ചെയ്യുന്നതിനു മുമ്പായി കുളിക്കുക. അതിനുശേഷം, നിലവിളക്ക് തെളിയിച്ച് അയ്യപ്പ പ്രാർത്ഥന ചെയ്യുക. ലഘു ഭക്ഷണം അപ്പപ്പോൾ പാചകം ചെയ്ത് കഴിക്കുക. അരിയാഹാരം ഒരിക്കൽ മാത്രം, കൂടുതലും ഫല വർഗ്ഗങ്ങൾ ഭക്ഷിക്കുക, റ്റി വി, സോഷ്യൽ മീഡിയ ഇവ ഉപയോഗിക്കാതിരിക്കുക, ശരീര ശുദ്ധിയോടൊപ്പം തന്നെ മനശുദ്ധിയും പാലിക്കുക. ദുർചിന്തകൾ വരാൻ അനുവദിക്കാതെ,  എല്ലാ ജീവജാലങ്ങൾക്കും സമാധാനവും സന്തോഷവും ഉണ്ടാകുവാൻ  ആല്മാർത്ഥമായി ആഗ്രഹിക്കുക. സന്ധ്യ സമയത്ത് കുളച്ചതിനു ശേഷം വീണ്ടും അയ്യപ്പ പ്രാർത്ഥന നടത്തുക, തറയിൽ കിടന്നുറങ്ങുക, കഴിയുന്നത്ര പ്രകൃതിയുമായി ഇണങ്ങി കഴിയുക, പാദ രക്ഷകൾ ഉപയോഗിക്കാതിരിക്കുക". 

വീട്ടിൽ നിന്നും ജോലിചെയ്യുവാൻ കഴിയുന്നതു കൊണ്ട്  പാദരക്ഷകൾ ഉപയോഗിക്കാതിരിക്കാൻ കഴിയുന്നുണ്ട് എന്നും വിജയ് സ്വാമി അറിയിച്ചു.ശബരിഗിരിവാസനെ തേടി കാനന പാതയിലൂടെയുള്ള ശരണയാത്രയുടെ തുടക്കം എങ്ങനെയായിരുന്നു എന്നന്വേഷിച്ചപ്പോൾ, അദ്ദേഹത്തിന്റെ പിതാവിന്റെ ചര്യകൾ അറിയിച്ചു.

“ചെന്നൈയിൽ താമസിക്കുന്ന വിജയ് യുടെ പിതാവ് നാല്പതിലേറെ വർഷങ്ങളായി മകര വിളക്കു സമയത്ത് ശബരിമല സന്ദർശിക്കുന്നു. നൂറ്റിഅമ്പതോളം സ്വാമിമാർ അടങ്ങുന്ന വലിയ ഒരു സംഘത്തിന്റെ  ഗുരുസ്വാമിയാണ് അദ്ദേഹം. ചെന്നയിൽ നിന്നും ട്രെയിനിൽ കോട്ടയത്തിറങ്ങി,  അവിടെനിന്നും എരുമേലിയിൽ എത്തുന്നു. അവിടെ ആയിരങ്ങൾക്ക് അന്നദാനം നടത്തുവാനുള്ള സാമഗ്രികളുമായിട്ടാണ്  ഈ സംഘം യാത്ര ചെയ്യുന്നത്. എരുമേലിയിൽ  നിന്നും കാനന പാതയിലൂടെ അഴുത തീരത്തെത്തി വിരിവെച്ച് ഒരുദിവസം അവിടെയും അന്നദാനം നടത്തുന്നു. അതിനടുത്ത ദിവസം ഇവർ പമ്പയിൽ എത്തുമ്പോഴേക്കും ഒരു ലോറി നിറയെ അന്നദാനത്തിനുള്ള സമാഗ്രഹികൾ അവിടെ എത്തിയിട്ടുണ്ടാകും. പമ്പയിലെ അന്നദാനത്തിലെ പ്രധാന ഐറ്റം പൂരിയും, കേസരിയും ആയിരിക്കും. മൂവായിരം അയ്യപ്പന്മാർക്ക് ഒരേ സമയത്ത് ഭക്ഷണം കൊടുക്കുവാൻ ഇവർക്ക് സാധിക്കുന്നു. മഹാ ഗണപതി അന്നദാന സഭ എന്നതാണ് ഈ ഗ്രൂപ്പിന്റെ നാമം..

മകരജ്യോതി ദർശനം എല്ലാ വർഷവും ഇവർ പമ്പയിൽ വച്ചാണ് നടത്തുന്നത്. മകരവിളക്ക് കഴിഞ്ഞ് അയ്യപ്പന്മാർ മലയിറങ്ങുമ്പോൾ, തിരക്കൊഴിഞ്ഞ്,  അയ്യപ്പനെ ദർശിക്കാനായി ഇവർ മല കയറുന്നു. മകരവിളക്ക്‌ സമയത്ത് എത്തിച്ചേരുന്ന അനേകം അയ്യപ്പന്മാർക്ക് അന്നദാനം നടത്തുക എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രധാന ലക്‌ഷ്യം. നിരവധി വർഷങ്ങളായി പാചകം ചെയ്യാനായി വാങ്ങിയിരിക്കുന്നു വലിയ പാത്രങ്ങൾ, മറ്റുസമയങ്ങളിൽ  വാടകക്ക് കൊടുത്ത് കിട്ടുന്ന ആദായം കൊണ്ടാണ് ആയിരക്കണക്കിന് അയ്യപ്പന്മാർക്ക്  സൗജന്യമായി ഭക്ഷണം കൊടുക്കുന്നത്. 

അച്ഛനോടൊപ്പം അനേകതവണ മലചവിട്ടിയിട്ടുള്ള വിജയ് സ്വാമിയോട് യാത്രയിലെ ഒരനുഭവം പങ്കുവെക്കുവാൻ അഭ്യർത്ഥിച്ചു. അദ്ദേഹം വിവരിച്ചു, "എരുമേലിയിൽ നിന്നും കാട്ടിലൂടെ കുറേ ദൂരം നടന്നു കഴിഞ്ഞപ്പോൾ ക്ഷീണമകറ്റാനായി വഴിവക്കിൽ കണ്ട കടയോട് ചേർന്ന് വിരിവെക്കാനായ്യി തെളിച്ചിട്ടിരിക്കുന്ന സ്ഥലത്ത് ഞങ്ങൾ താവളം ഉറപ്പിച്ചു. കടയിൽ നിന്നും ചില സ്വാമിമാർ ഉപ്പിട്ട നാരങ്ങാവെള്ളവും, മറ്റുചിലർ കട്ടൻചായയും വാങ്ങി.  വട്ട  ഇലയിൽ തരുന്ന കപ്പപുഴുങ്ങിയതും, മുളകു ചമ്മന്തിയും കഴിച്ച് വിശപ്പടക്കിയവരും കൂട്ടത്തിലുണ്ട്.  വിലയെ ചൊല്ലിയുള്ള തർക്കമാണെന്നു തോന്നുന്നു,  പെട്ടെന്നാണ് കടയുടമസ്ഥൻ ആക്രോശിക്കാൻ തുടങ്ങിയത് . വാക്കു തർക്കം മൂത്തപ്പോൾ വലിയ ചീനച്ചട്ടിയിൽ തിളച്ചുമറിയുന്ന എണ്ണയും പൊക്കിയെടുത്ത് അവിടെ തമ്പടിച്ചിരുന്ന അയ്യപ്പൻ മാരുടെ ശരീരത്തിലൊഴിക്കാനായി കടയുടമസ്ഥൻ പാഞ്ഞടത്തു. ഇതുകണ്ടപ്പോൾ ഗുരുസ്വാമിയായ അച്ഛൻ ഉറക്കെ സ്വാമിയേ ശരണമയ്യപ്പ എന്നുവിളിച്ചു. കാലു തെന്നി തിളച്ച എണ്ണമുഴുവൻ സ്വന്തം ദേഹത്തു വീണ് അലറിവിളിച്ച് കരയുന്ന കടയുടമസ്ഥനെയാണ് പിന്നെ കണ്ടത്. മുളയും വള്ളികളും വെട്ടി മഞ്ചലുണ്ടാക്കി,  വാഹനം വരുന്ന പാതവരെ എടുത്തുകൊണ്ടുപോയി ആംബുലൻസിൽ കയറ്റിവിട്ടതിനു ശേഷമാണ് ഞങ്ങൾ അവിടം വിട്ടത്. പിന്നീടുള്ള വർഷങ്ങളിൽ ഞങ്ങളുടെ സംഘത്തിന് വിരിവക്കാനും, ആവശ്യമുള്ള ഭക്ഷണപദാർഥങ്ങൾ സൗജന്യമായി തരുവാനും ഈ കടയുടമസ്ഥനു ഭയങ്കര നിർബന്ധമായിരുന്നു.

വിജയ്‌സ്വാമി തുടർന്നു, എന്തിനേറെ പറയുന്നു അമേരിക്കയിൽ തുടർന്ന് ജീവിക്കണമെങ്കിൽ ജോബ് വിസ പുതുക്കികിട്ടേണ്ടത് ഒരു ഡിസമ്പർ മാസത്തിലായിരുന്നു. ആറുമാസം മുതൽ ഒരുവർഷം വരെ "കാല താമസം ഇതിനെടുക്കുന്നതുമൂലം തിരികെ നാട്ടിൽ പോയി നിൽക്കാമെന്ന് കരുതി. പക്ഷെ മണ്ഡലകാല വൃതാനുഷ്ടാനങ്ങൾ തീർന്ന അന്നുതന്നെ നാലുമാസങ്ങൾക്കുള്ളിൽ വിസ പുതുക്കി കിട്ടി. കൂടെ ജോലിചെയ്യുന്നവരിൽ പലരും തിരിച്ച് നാട്ടിൽ പോകേണ്ടിവന്നപ്പോൾ എനിക്കും കുടുംബത്തിനും ഇവിടെ തന്നെ തുടർന്ന് നിൽക്കുവാൻ സാധിച്ചു". അങ്ങനെ നിരവധി നിരവധി അനുഭവങ്ങൾ മണ്ഡല വൃതാനുഷ്ഠാന സമയത്ത്  സംഭവിച്ചിട്ടുണ്ട്”. 

വിജയ്‌സ്വാമിയുടെ വീട്ടിലെ ഭജന കഴിഞ്ഞു തിരികെ പോരാൻ തുടങ്ങിയപ്പോൾ മുൻ വാതിലിലേക്ക് നയിക്കുന്ന ഹാൾ വഴിയിൽ,  ഭജനയിൽ പങ്കെടുക്കാൻ വന്നിരിക്കുന്ന പലരും, വരിവരിയായി, പാദം തൊട്ടുനമസ്കരിക്കാൻ തയ്യാറായി നിൽക്കുന്നു. വ്രതാനുഷ്ടാനങ്ങളോടെ മാലയണിഞ്ഞു ക്ഷേത്രദർശനം നടത്താൻ പോകുന്ന സ്വാമിമാരുടെ സാമീപ്യം പോലും ശാന്തി ദായകമാണ് എന്നാണിവരുടെ വിശ്വാസം. നല്ല ചിന്തകൾ ഉണരുമ്പോൾ, അത് പ്രാവർത്തികമാക്കുമ്പോൾ, അഹന്ത, മമത, ഇല്ലാതായി, എല്ലാ ചരാചരങ്ങളിലും നിലകൊള്ളുന്ന ഈശ്വരനെ തിരിച്ചറിയുമ്പോൾ,  നീയും ഞാനും ഒന്നാകുന്നു എന്ന തത്വമസി വാക്യത്തിന്റെ പൊരുളിൽ എത്തിച്ചേരാനാണ് എല്ലാ അയ്യപ്പന്മാരും, മാളികപ്പുറങ്ങളും ശ്രമിക്കുന്നത്.

അനേക വർഷങ്ങളിൽ അയ്യപ്പന്മാരുമായി ഇടപഴകിയതിൽ നിന്നും മനസ്സിലായത്, വ്രതാനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ തമിഴ് ഭക്തർ മലയാളി ഭക്തരെക്കാൾ മുന്നിൽ നില്‍ക്കുന്നു എന്നും, തെലുഗു ഭക്തരാവട്ടെ വ്രതാനുഷ്ടാനങ്ങളിൽ ഒരുവിട്ടുവീഴ്ചക്കും തയ്യാറല്ല എന്നുമാണ്. ഡാലസ്സിൽ, ഗുരുസ്വാമി ഹരിപിള്ളയുടെ മാർഗ്ഗനിർദ്ദേശത്താൽ അനേകം അയ്യപ്പഭജനകളും, കെട്ടുമുറുക്കുകളും ഈ വർഷവും നടന്നുവരുന്നു. പതിനെട്ടാം പടിയോടു കൂടിയ,  ഹൂസ്റ്റണിലെ അയ്യപ്പ ക്ഷേത്ര തീർത്ഥാടനത്തിലൂടെയാണ് മുദ്രമാലയണിഞ്ഞ അയ്യപ്പന്മാരും, മാളികപ്പുറങ്ങളും മണ്ഡല കാല നൊയമ്പുകൾ അവസാനിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS