ADVERTISEMENT

കാശത്തു നക്ഷത്രങ്ങള്‍ പൂത്തു വീണ ഒരു രാത്രി ആയിരുന്നു അത്. നീല പളുങ്ക് ഗോട്ടികള്‍ക്കിടയില്‍ പൊന്തിനീന്തുന്ന വെള്ളിക്കിണ്ണം പോലെ പൂര്‍ണ്ണ ചന്ദ്രന്‍. തണുത്ത കാറ്റില്‍ ഇലയൊഴിഞ്ഞ മരച്ചില്ലകള്‍ ചൂളി നിന്നു. റാമയുടെ താഴ്വരയിലെ വഴി വിളക്കുകള്‍ മിക്കതും അപ്പോഴേക്കും അണഞ്ഞിരുന്നു. എലിസൂരിന്‍റെ വീടിനു മുന്നിലെ ചാണകം മണക്കുന്ന ഇടവഴിയില്‍, അയാള്‍ ഉപേക്ഷിച്ച കിഴവന്‍ കഴുത, വക്കുപൊട്ടിയ കല്‍ഭരണിയില്‍ നിന്നും ഊറിവീഴുന്ന ജലം നക്കി കുടിച്ചുകൊണ്ടിരുന്നു. കറുപ്പു പടര്‍ന്ന അതിന്‍റെ കണ്ണിന്‍റെ കോണില്‍ നീര്‍തളം കെട്ടിനിന്നിരുന്നു. 

 

മുഷിഞ്ഞ രോമപുതപ്പില്‍ കരഞ്ഞു മയങ്ങിപ്പോയ കുഞ്ഞുങ്ങളെ അബിയാ വ്യസനത്തോടെ നോക്കി. വിശപ്പിന്‍റെ തളര്‍ച്ച ഏങ്ങലായി അവരുടെ കുഞ്ഞു ചുണ്ടുകളെ ഉറക്കത്തിലും കോട്ടിക്കളയുന്നുണ്ട്. കനലില്‍ ചുട്ട് വെണ്ണപുരട്ടി മൊരിച്ചെടുത്ത ആട്ടിറച്ചിയും, ഒലിവുകായകള്‍കൊണ്ട് അലങ്കരിച്ച ചൂടു സൂപ്പും അത്താഴപ്പകര്‍ച്ചയായി ഏതെങ്കിലും പണക്കാരന്‍റെ വീട്ടില്‍ നിന്നും കൊണ്ടുവന്നെങ്കില്‍. ഭക്ഷണത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ വയറ്റിലെ തീ ഒന്നുകൂടി ആളി. നിലാവു പരന്നുവീണ കുന്നിന്‍റെ അപ്പുറത്ത് യഹൂദ്യയിലെ ബേദ്ലഹേം പട്ടണം അസാധാരണമാംവിധം വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നത്, ജനലിലൂടെ അബിയാ അതിശയപൂര്‍വ്വം നോക്കി.

 

ശരിയാണ് ഇന്നാണല്ലോ പേര്‍വഴി ചാര്‍ത്തുവാനുള്ള അവസാന ദിവസം. ആളുകളുടെ എണ്ണം കണ്ടുപിടിക്കാനുള്ള ഓഗസ്തോസിന്‍റെ കല്‍പ്പന അവളും കേട്ടിരുന്നു.

മൃഗങ്ങളുടെ മേലും കാല്‍നടയായും റാന്തലുകള്‍ ഏന്തിയും ചെറിയ ചെറിയ പറ്റങ്ങളായും ആളുകള്‍ സ്വന്തം പട്ടണങ്ങളില്‍നിന്നും ബദ്‍ലഹേമിലേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു. കാറ്റിന്‍റെ നേരിയ ചൂളംവിളി ഒഴുകിവന്നു. അത് ഒലിവെണ്ണ പുരട്ടി മിനുക്കാത്ത അബിയായുടെ വരണ്ട മുടിയിഴകളില്‍ ഒളിച്ചുകളിച്ചു. പട്ടണത്തിലെ വെളിച്ചത്തിന്‍റെ ആന്തോളനം നേര്‍ത്തു. രാത്രിയുടെ ആരോഹണം കുന്നിന്‍മുകളില്‍ കനത്തു.

 

ആടുകളെ മേയ്ക്കുവാന്‍ പോയിരുന്ന ‘ഊറിയാന്‍’ ഇനിയും വന്നിട്ടില്ല. അബിയായുടെ നാലു കുഞ്ഞുങ്ങളുടെ അച്ഛനാണ് അയാള്‍. എണ്ണ വറ്റിയ വിളക്ക് മരണാസന്നമായി. ഊറിയാന്‍ എന്തെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ പാകം ചെയ്തു കഴിക്കാമായിരുന്നു. കതകില്‍ ശക്തിയായി തട്ടുന്നതുകേട്ടാണ് പകുതി മയങ്ങിപ്പോയ അബിയാ വാതില്‍ തുറന്നത്. ഊറിയാനായിരുന്നു അത്. വല്ലാത്ത ഒരു ഉന്മാദത്തിലും സന്തോഷത്തിലും അയാള്‍ അവളെ ശക്തമായി പിടിച്ചുലച്ചുകൊണ്ട് പറഞ്ഞു.

 

അബിയാ ഞാനിന്നൊരു കാഴ്ച കണ്ടു!! വാഗ്ദാനം ചെയ്ത ദാവീദു വംശത്തിലെ രാജാവ് ബേദ്ലഹേമില്‍ ഒരുപശുത്തൊഴുത്തില്‍ ജനിച്ചിരിക്കുന്നു. എന്‍റെ ഈ രണ്ടു കണ്ണുകൊണ്ടും ഞാന്‍ ആ പൈതലിനെ കണ്ടു. അവന്‍ വർധിച്ച സന്തോഷത്താല്‍ കൈകള്‍ ഉയര്‍ത്തി മുകളിലേയ്ക്കുനോക്കി. നുരഞ്ഞുപൊന്തിയ ദേഷ്യം അവള്‍ ഉള്ളില്‍ ഒതുക്കി.

 

നിങ്ങള്‍ കുടിച്ചു മത്തുപിടിച്ചു പറയുന്നതൊന്നും എനിക്ക് കേള്‍ക്കണ്ട. ആഹാരത്തിനെന്തെങ്കിലും വഴിയുണ്ടോ?അബിയാ ഇതു നിന്നെ അറിയിക്കാനാണ് ഞാനിത്ര ദൂരം ഓടിവന്നത്. നിനക്ക് കേള്‍ക്കാമോ മാലാഖമാര്‍ പാടുന്നത്. യെശ്ശയ്യാവിന്‍റെയും ഇരമ്മ്യാവിന്‍റെയും പ്രവചനം സത്യമായിരിക്കുന്നു. ഊറിയാന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഊറിയാന്‍റെ വിളിച്ചുകൂവലും അബിയായുടെ ശകാരവും കേട്ട് ഇളയകുട്ടി ഉണര്‍ന്നു, കൂടെ അവന്‍റെ വിശപ്പും.

അവനെ വാരിയെടുത്തു ചുംബിച്ചുകൊണ്ട് ഊറിയാന്‍ പറഞ്ഞു ‘അപ്പനിന്നൊരു കാഴ്ച കണ്ടു. നിനക്കുവേണ്ടികൂടി പുല്‍ക്കൂട്ടില്‍ ജനിച്ച വാഗ്ദത്ത ശിശുവിനെ ഞാന്‍ കണ്ടു. പാവപ്പെട്ട എനിക്ക് രാജാക്കന്മാരുടെയും വിദ്വാന്മാരുടെയും കൂടെനിന്ന് അവനെ കാണുവാനുള്ള ഭാഗ്യം ഉണ്ടായി. ഉന്നതങ്ങളിലെ മാലാഖമാര്‍ എനിക്കു സമാധാനം ആശംസിച്ചാണ് ഈ വാര്‍ത്ത അറിയിച്ചത്’.

 

അബിയാ ശ്രദ്ധിച്ചു; അങ്ങകലെനിന്നും മനോഹരമായ ഗാനശകലങ്ങള്‍ കേള്‍ക്കുന്നുണ്ട്. ആകാശത്ത് നക്ഷത്രപകര്‍ച്ചകളും പ്രകാശവും കാണാം. ഇതായിരുന്നോ ദൈവമേ പ്രവാചകന്മാര്‍ കാത്തിരുന്ന ആ രാത്രി. അപ്പോള്‍ അകലെ ബദ്‍ലഹേമിലെ ഒരു കാലിത്തൊഴുത്ത് കാലത്തെ വിഭജിച്ചവന്‍ ഒരു ശിശുവായി അവതരിച്ചിറങ്ങിയതിന്‍റെ സ്വര്‍ഗ്ഗീയ ആനന്ദത്തില്‍ ആയിരുന്നു. ബാബേല്‍ പ്രവാഹം കഴിഞ്ഞ് പതിനാലാം തലമുറയില്‍ ക്രിസ്തു ജനിച്ചിരിക്കുന്നു.

 

ഭയപ്പെടേണ്ട സര്‍വ്വജനത്തിലും ഉണ്ടാവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. എന്ന ആദ്യസുവിശേഷം കേള്‍ക്കാനും അതറിയിക്കുവാനും ഭാഗ്യം ചെയ്ത ആ ആട്ടിടയനും അവന്‍റെ കുടിലും സന്തോഷത്താല്‍ അപ്പോഴും ഉറങ്ങിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com