ഓർമകളുടെ കുളിരുമായി വീണ്ടുമൊരു ക്രിസ്മസ് കാലം
Mail This Article
ധനുമാസത്തിലെ ഈർപ്പമുള്ള കാറ്റും , ചെറിയ തണുപ്പും , കൊയ്തൊഴിഞ്ഞ പാടങ്ങളും , ചാണകം മെഴുകിയ മുറ്റവും , രാത്രി സമയങ്ങളിലെ വീടുകൾ തോറുമുള്ള കാരളും , ക്രിസ്തുമസ് കാർഡുകളും, നക്ഷത്രങ്ങളും, പുൽക്കൂടും, പാതിരാകുർബാനയും, കേക്കിന്റെ മധുരവും എല്ലാം ചേർന്ന് എണ്ണിയാൽ തീരാത്ത അനുഭൂതികൾ സമ്മാനിക്കുന്ന രസകരമായ കാലം.
ആദ്യകാലങ്ങളിൽ കുന്നംകുളം ഭാഗങ്ങളിൽ ക്രിസ്തുമസിന്റെ പ്രത്യേകമായ പലഹാരമായിരുന്നത് ശർക്കരപാനിയിൽ കുഴച്ചെടുക്കുന്ന അവുലോസ് പൊടിയായിരുന്നു. പാതിരാകുർബാനക്കു ശേഷം നേർച്ചയായി കൊടുത്തിരുന്നതും ഈ നനച്ച പൊടിയാണ് . ക്രിസ്തുമസിന് രണ്ടോ മൂന്നോ ദിവസം മുൻപ് അരി കുതിർത്തു ഉരലിൽ ഇട്ടു പൊടിച്ചെടുത്തു തേങ്ങായും ചേർത്തു വറുത്തെടുക്കുന്നു. പിന്നീട് ക്രിസ്തുമസിന്റെ തലേ ദിവസം തിളയ്ക്കുന്ന ശർക്കരപാനിയിൽ കുഴച്ചെടുത്ത് മുള കൊണ്ടുള്ള ഒരു പുതിയ കുട്ടയിലാക്കി പള്ളിയിൽ കൊണ്ട് പോകും . ഏറെക്കുറെ പള്ളിയുടെ ആരംഭകാലം മുതൽ ഈ വഴിപാട് മുടങ്ങാതെ ചെയ്തുകൊണ്ടിരുന്നതാണ്
ആരോഗ്യപരമായ ചില കാരണങ്ങളാൽ മമ്മി ആശുപത്രിയിലായതിനാൽ ആ വർഷത്തെ പൊടി നനയ്ക്കാനുള്ള ഉത്തരവാദിത്വം മൂത്ത മകൾ എന്ന നിലയിൽ പപ്പാ എന്നെ ഏൽപിച്ചു. ഉരലിലെ പൊടിയൊക്കെ മാറ്റിവെച്ച് ഞാൻ ഒരു പാക്കറ്റ് റെഡി മെയ്ഡ് അവുലോസ് പൊടിയിൽ പരീക്ഷിക്കാൻ തീരുമാനിച്ചു. മമ്മിയെ ഫോണിൽ വിളിച്ച് അവസാന വട്ട വ്യക്തത വരുത്തി. മമ്മി ഒരു കാര്യം പ്രത്യേകം ഓർമിപ്പിച്ചു , "വറുത്ത പൊടിയായതിനാൽ ശർക്കര കുറച്ചു അധികം വെള്ളത്തിൽ ഉരുക്കണം , ഇല്ലെങ്കിൽ പൊടി നനയില്ല".
24 ആം തിയതി രാത്രി നേരെ വീട്ടിൽ പോകുന്നു . സുഷിലേട്ടന്റെ മുഖത്തു വിരിയുന്ന നവരസങ്ങളെ അവഗണിച്ച് അടുക്കളയിലേക്ക് . ഇത് ഇപ്പൊ ശര്യാക്കി തരാം എന്ന് പപ്പയോടും . ശർക്കര ഉരുക്കി പൊടി കുറേശ്ശെ ഇട്ടു ഇളക്കാൻ തുടങ്ങി. പാക്കറ്റിലെ പൊടി തീർന്നു, വെള്ളം വറ്റുന്നില്ല. ഇനി വേറെ മാർഗമില്ല. കുറച്ചു നേരം കൂടി കാത്തിരുന്നു . മമ്മി പറഞ്ഞ പോലെ വറുത്ത പൊടിയല്ലേ വെള്ളം വലിച്ചെടുത്താലോ? (അതിനൊക്കെ ഒരു പരിധിയില്ലേ.. ഇത് അതിനുമപ്പുറം )
കുറെ നേരമായിട്ടും എന്നെ പുറത്തോട്ട് കാണാഞ്ഞ് അവര് രണ്ട് പേരും കൂടെ അടുക്കളയിലേക്ക് . പാത്രത്തിലേക്ക് നോക്കിയ പപ്പയുടെ മുഖം ആകെ ശോകം ദയനീയം. ഞാനിത് പ്രതീക്ഷിച്ചതാണെന്നുള്ള ഒരു ഭാവം മരുമകന് . അവസാനം ഇളക്കി ഇളക്കി ഒരു വിധം ഒപ്പിച്ചെടുത്തു. നനവ് കൂടി എന്നത് ഒഴിച്ചാൽ വലിയ കുഴപ്പമില്ല. അത് പാത്രത്തിലാക്കി പള്ളിയിൽ പോകുന്ന കൊച്ചപ്പന്റെ വീട്ടിൽ കൊടുത്തു. അടുത്ത പ്രാവശ്യം നമുക്ക് ശരിയാക്കാം എന്ന് പപ്പയോട് ഒരു വാക്കും.
ഒന്നും ശെരിയാക്കേണ്ടി വന്നില്ല. പിന്നെ ഒരു ക്രിസ്തുമസിന് പപ്പ കാത്തുനിന്നില്ല. ചിലതെല്ലാം അങ്ങനെയാണ് ഓർമയിലേക്കെന്നും സൂക്ഷിക്കാനായി ഒരുപാട് തന്നിട്ട് പെട്ടന്ന് മറയുന്നവ. ഓർമയുടെ താളുകൾ നിറയപ്പെടട്ടെ. ഏവർക്കും നന്മയുടെയും സ്നേഹത്തിന്റെയും ക്രിസ്തുമസ് ആശംസകൾ.