"അധികനേരമില്ലിനി ഓർത്തിരിക്കുവാനോമലേ,
സന്ധ്യയായി, അസ്തമയമിങ്ങെത്താറായ്.
ഒന്നുപിറവിയുമൊന്നസ്തമയവുമെങ്കിലു,മൊന്നുജ്യോതിസ്സിലേയ്ക്കുമൊന്നു തമസ്സിലേയ്ക്കെങ്കിലും
നോക്ക നീ,യുഷസ്സന്ധ്യ പോലെന്തു ഭംഗിയീ
പ്രദോഷസന്ധ്യയുമിന്നെത്ര അഭിരാമം...
കേവലമൊരു ഹൃദയമിടിപ്പിന്‍റെ മാത്രമാം
ദൂരമളന്നു നാമിരിപ്പെങ്കിലും പ്രിയസഖി,
തിരയിടുന്നുണ്ടു നമുക്കിടയിലായിന്നു
വിരഹമൊരു അലയാഴിപോല്‍ സാന്ദ്രം.
മറന്നിന്നു തുറന്നൊരു ചിരിപോലും, മൂക-
മിരിപ്പൂ, നമ്മെ നഷ്ടപ്പെട്ട നാമിരുപുറം...
കൈവിരല്‍ നീട്ടി നീ തൊട്ടുണര്‍ത്തിയോരാ
നിശാഗന്ധികള്‍ പൂക്കുമെൻ മാനസത്തില്‍,
നിന്‍ മന്ദഹാസം നിലാപെയ്യും യാമങ്ങളില്‍,
പ്രിയതരം നിറയുന്നു ഇന്നും നീലാംബരി...
ഇനിയും തളിര്‍ക്കാത്ത വല്ലികള്‍, മുല്ലകള്‍
ആകെ പടര്‍ന്നൊരു മനമുണ്ടെന്നിലും.
നിന്‍ മിഴിസ്പര്‍ശനം കൊണ്ടു വിടര്‍ന്നൊരാ
ബ്രഹ്മകമലം വാടിക്കൊഴിഞ്ഞ വനികളും.
നിഴലും നിലാവും ഇണചേരുന്ന ചിന്തകളിൽ
ഇപ്പോഴും മായാതെ നിൻ സിന്ദൂരരേണുക്കളും...
പൂത്തു ഞാന്‍, നീ കുടഞ്ഞ നിലാവ് കുടിച്ചെന്നാലും
എന്നില്‍ വിരിഞ്ഞതൊക്കെയും രക്തപുഷ്പങ്ങള്‍.
കാലം തെറ്റിയും, മോഹം വറ്റിയും, വിങ്ങും
കരളു പിടയുന്ന നോവതില്‍ നീറിയും,
പൂത്തുലഞ്ഞ പൂക്കളില്‍ ഊറുന്നതു
മധുവല്ല, കണ്ണുനീരിന്‍റെ പുളിരസം...