ADVERTISEMENT

"ദാ  നോക്കു..  കട്ടൻചായയും കഞ്ഞിയും അടുപ്പിൽ അടച്ചു വച്ചിട്ടുണ്ട്.. നേരായാൽ എടുത്തു കഴിച്ചോളിൻ .. ഞാൻ പശൂന് പുല്ലു കുറച്ചു കിട്ടുമോ നോക്കട്ടെ.. ഉള്ള പിണ്ണാക്കും വൈക്കോലും ഒക്കെ കഴിഞ്ഞു".

അതും പറഞ്ഞു കൊണ്ട് ജാനു തിണ്ണയിൽ നിന്നും അരിവാൾ എടുത്തു അരയിൽ കുത്തി നടന്നകന്നു.

വേലായുധൻ ഉമ്മറത്തിണ്ണയിൽ എങ്ങോട്ടോ നോക്കി കിടപ്പാണ്. നേരം പുലർന്നു സൂര്യൻ അതിന്റെ ഉച്ചിയിൽ എത്തി.. അയാൾക്ക്‌ ഒരു ഉന്മേഷവും തോന്നിയില്ല..

ഓരോ ദിവസവും കൂലി പണിയെടുത്തു  കിട്ടുന്നതു കൊണ്ടാണ് അവരുടെ ജീവിതം ഇതുവരെ  മുന്നോട്ടു പോയിരുന്നത്.

ഒപ്പം ജാനു വളർത്തുന്ന പശുവും ഉണ്ട് . അതിന്റെ പാല് അയൽവീടുകളിൽ കൊടുക്കുമ്പോൾ കിട്ടുന്നതാണ് ഇപ്പോൾ ഏക വരുമാനം.

കിടന്ന കിടപ്പിൽ നിന്നെണീറ്റു അയാൾ തൂണിലേക്ക് ചാരി.

മനുഷ്യരെ ബാധിച്ച പകർച്ച വ്യാധി കാരണം കുറെ നാളായി ആരും ഒരു പണിക്കും വിളിക്കുന്നില്ല. റേഷൻ അരി ഉള്ളതുകൊണ്ട് പട്ടിണി ഇല്ല.

അയാൾ പതുകെ വിറയ്ക്കുന്ന വിരലുകളിലേക്കു നോക്കി. ഷാപ്പുകൾ എല്ലാം അടവായതു കൊണ്ട് ഒന്നും കിട്ടുന്നില്ല.. അയാളിലേക്ക്  ഒരു  നിസ്സഹായാവസ്ഥ പടർന്നു കയറി. ഇരുന്ന ഇരുപ്പിൽ ഒന്നുകൂടി കൂനി കൂടി മുറുകി പൊട്ടാൻ പോകുന്ന ഒരു കയർ പോലെയായി അയാൾ. നെറ്റിയിൽ നിന്നും വിയർപ്പു ധാരയായി ഒഴുകിക്കൊണ്ടിരുന്നു. കണ്ണുകൾ ചുമന്നു തീക്കട്ടകളായി.. അപ്പോൾ അയാളുടെ മനസ്സിൽ ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളൂ. കുടിക്കണം എങ്ങനെയും!!!

അച്ഛാ... ബ നമ്മക്ക് കഴിക്കാച്ച... കഞ്ഞി.. ബാ... ഉണ്ണിയുടെ വിളി അയാളെ ചിന്തയിൽ നിന്നുണർത്തി. മകന്റെ സ്നേഹം നിറഞ്ഞ നോട്ടം അയാളിൽ പെട്ടെന്ന് മാറ്റം വരുത്തി, പകരം വാത്സല്യത്തിന്റെ വിത്തുകൾ പാകി. അവന്റെ വിരലുകൾ പിടിച്ചു അയാൾ അടുക്കളപ്പുറത്തേക്കു നടന്നു.

ഉണ്ണി രണ്ടു പിഞ്ഞാണങ്ങളിലായി കഞ്ഞി ഒഴിച്ച് വച്ചിരുന്നു. മകനോട് ചേർന്നിരുന്നു കൊണ്ട് അയാൾ ചൂട് കഞ്ഞി പ്ലാവില യിൽ കോരി എടുത്തു..

കഞ്ഞി കുടിക്കുന്നതോടൊപ്പം അയാൾ മകനെ നോക്കിക്കാണുകയായിരുന്നു.. അവൻ അടുത്തുള്ള സർക്കാർ സ്കൂളിൽ പോകുന്നുണ്ടെന്നു മാത്രം അറിയാം. മറ്റൊന്നും  തനിക്കവനെ പറ്റി അറിയില്ല. എപ്പോളും മൂക്കറ്റം കുടിക്കണം ഉറങ്ങണം എന്ന് മാത്രേ താൻ ചിന്തിച്ചിട്ടുള്ളു.. പട്ടാപ്പകൽ പോലും താൻ ഉടുമുണ്ട്  ദേഹത്തില്ലാതെ ഇടവഴിയിൽ കുടിച്ചു ബോധം കെട്ടു കിടന്നിട്ടുണ്ട്.

ഇതിനിടയിൽ ഒരിക്കൽ പോലും അവനെ ഒന്ന് സ്നേഹത്തോടെ നോക്കിയിട്ടില്ല. അയാളിൽ  കണ്ണുനീർ പൊടിഞ്ഞു.

പിന്നീടയാൾ ഇലയിൽ കോരിയെടുത്ത കഞ്ഞി ഉണ്ണിയുടെ വായിലേക്ക് വച്ചു. അച്ഛനോടുള്ള സ്നേഹം അവന്റെ മുഖത്തു തെളിഞ്ഞു. കഞ്ഞി കുടിച്ച് ഉണ്ണിയെ തലോടി കൊണ്ട് അൽപ നേരം കിടന്നപ്പോൾ മനസ്സിനൊരു സന്തോഷം തോന്നി.

അവിടുന്നങ്ങോട്ട് അയാൾ ഇത്രയും കാലം തനിക്കു പറ്റിയ തെറ്റ് തിരുത്തുകയായിരുന്നു. പറമ്പിലെ പ്ലാവിൽ കയറി ചക്കയിട്ട് എല്ലാവരും ചേർന്ന് ഒരുമിച്ചു കഴിച്ചു,

വിഭവസമൃദ്ധമായ ഭക്ഷണം കിട്ടിയില്ലെങ്കിലും ആ ചെറിയ കുടുംബത്തിൽ സ്നേഹവും സന്തോഷവും അല തല്ലി.

ആദ്യദിവസങ്ങളിൽ ഉണ്ടായ കൈ വിറയലും  ദേഷ്യവും ഉണ്ണിയുടെയും ജാനുവിന്റെയും സ്നേഹപൂര്ണമായ ഇടപെടലിൽ അയാൾ തരണം ചെയ്തു.  എല്ലാവരും ചേർന്നു വീട്ടു ജോലികൾ ചെയ്യാൻ തുടങ്ങി.

ദിവസങ്ങൾ  മുന്നോട്ട് പോയി..

"വേലായുധേട്ട.. കൂയ്.. ഒന്നിങ്ങു പുറത്തേക്കു ഇറങ്ങി വായോ.. ഒരൂട്ടം പറയാനുണ്ട് "..

ആരുടെയോ വിളി കേട്ടു വേലായുധൻ പുറത്തേക്കിറങ്ങി വന്നു.

"ആ നീയായിരുന്നു ബാബുവേ.. എന്താടാ നീ വിളിച്ചു കൂവാതെ കാര്യം പറ "

"എന്റെട്ടോ ഇങ്ങളിങ്ങനെ കെട്യോളേം കെട്ടിപ്പിടിച്ചിരിക്കാതെ,  വാ പറയട്ടെ"...

ബാബു അയാളുടെ കൈ പിടിച്ചു ഇടവഴിയിലേക്കിറങ്ങി മറഞ്ഞു.

അച്ഛൻ കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോൾ ഉണ്ണി അമ്മയെ നോക്കി.. "അമ്മാ.. അച്ഛനെ എവിടെയാ അയാൾ കൊണ്ടുപോയത്?? "എനിക്ക് പേടിയാവാണ് അമ്മാ "...ജാനു മകനെ ചേർത്ത് പിടിച്ചു...

"ഷാപ്പ് തുറന്നെന്നു ഇന്നലെ കുളക്കടവിൽ പെണ്ണുങ്ങൾ പറയുന്നതു അമ്മ കേട്ടാരുന്നു ഉണ്ണീ.. അച്ഛൻ  അവിടെക്കാവും പോയത്. ഇത്ര നാൾ എന്ത് സമാധാനം ആയിരുന്നു ഈ വീട്ടിൽ.. മനുഷേമ്മാർക്ക് സൂക്കേട് വന്നത് നന്നായെന്ന് വരെ തോന്നി ചിലപ്പോ,  നമ്മളിത്രേം നാൾ അച്ഛനെ ചേർത്ത് പിടിച്ചതൊക്കെ വെർതേയി "..  ജാനു കണ്ണീരടക്കി.

അമ്മയുടെ ഇടനെഞ്ചു വിങ്ങുന്നതു ഉണ്ണി അറിഞ്ഞു.. അവൻ ജാനുവിനെ ഒന്നൂടെ മുറുകെ പിടിച്ചു. ശേഷം അവൻ മുന്നോട്ടിറങ്ങി നടന്നു.

വേലായുധനും ബാബുവും ഷാപ്പിന്റെ മുറ്റത്തു നിരത്തിയിട്ടിരുന്ന ബെഞ്ചുകളിൽ അമർന്നിരുന്നു..

"കൊച്ചേട്ടൂ.. പോരട്ടെ കുപ്പി...ഒപ്പം കുരുമുളകിട്ടു വറുത്തു വച്ച പോത്തും.. ഹോ എത്ര നാളായി.. കഴിച്ചിട്ടു..  അല്ലെ വേലായുധേട്ട.. നിങ്ങക്കറിയോ വീട്ടിൽ ഭാര്യയുടെ കൂടേ നിന്നു മടുത്തെനിക്ക്...അവളെ സഹിക്കാൻ പറ്റില്ല.".

"നാട്ടിലെ ഓരോരോ നിയമങ്ങൾ.. പുറത്തിറങ്ങാൻ പാടില്ല.. കള്ള് കുടി ഇല്ലാ.. ഹോ ജീവിതം തന്നെ മടുത്ത പോലാരുന്നു..സന്തോഷത്തിനു ഇന്നെന്റെ വക ആണുട്ടാ.. ".. ബാബു പറഞ്ഞു നിർത്തി.

വേലായുധനിൽ വല്ലാത്തൊരു ആകാംഷ ഉടലെടുത്തു. എത്ര നാളായി കുടിച് ബോധം കെട്ടുറങ്ങീട്ടു. ആ ഒരു വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല. മുന്നിലിരുന്ന കുപ്പിയിലേക്ക് വിറയലോടെ അയാളുടെ കൈകൾ നീണ്ടു.

നീണ്ട ഒരു മാസത്തിനപ്പുറം കിട്ടുന്ന മദ്യം അയാളെ  ഉണർത്തി.   ഒരു ദിവസം പോലും മദ്യം തൊടാതിരുന്ന  താനെങ്ങനെ ഒരു മാസം കഴിച്ചു കൂട്ടി എന്നാലോചിച്ചു,  ഒരുനിമിഷം അയാളുടെ അകകകണ്ണിൽ ജാനുവും ഉണ്ണിയും നിറഞ്ഞു. ഒപ്പം കഴിഞ്ഞ കുറെ സന്തോഷം നിറഞ്ഞ ദിനങ്ങളും,  ഉണ്ണിയുടെയും ജാനുവുന്റെയും തലയിൽ കൈ വെച്ച് ഇനി മദ്യപിക്കില്ലെന്ന വാക്കും ഓർമവന്നു !!

"എന്റേട്ടാ ഇങ്ങളെന്താണ് ത്ര ആലോയ്ച്ചു കൂട്ടുന്നെ.. അങ്ങോട്ടൊഴുക്കിൻ  ന്നു...ഇന്ന് മ്മക്ക് കുടിച്ചു മരിക്കണം".  ബാബു കുപ്പിയെടുത്തു ഗ്ലാസ്സ്‌ലെക്‌ കമഴ്ത്തി.

വേലായുധൻ വിറയലോടെ ഗ്ലാസ്‌ എടുത്തു ചുണ്ടോട് ചേർത്തു. നിമിഷങ്ങൾക്കു ശേഷം അയാൾ ഗ്ലാസ്‌ താഴെ വച്ചു.. അത് പോലെ തന്നെ..

"എടാ ബാബുവേ നിനക്കറിയോ.. കഴിഞ്ഞ കുറച്ചു ദിവസം ഞാൻ അനുഭവിച്ചത് എനിക്ക് പറഞ്ഞറിയിക്കാൻ ആവൂലട... എന്റെ ഉണ്ണി, ജാനു അവരാണ് എന്റെ ജീവൻ ന്നു മനസ്സിലാക്കിയ ദിവസങ്ങൾ ആയിരുന്നു ഒക്കയും.. എനിക്കിനി ഇത് വേണ്ട.. ഞാൻ കുടിക്കില്ല.. ഉണ്ണി,  അവനെ എനിക്ക് നന്നായി പഠിപ്പിക്കണം.. വല്യ ആളാക്കണം.. അതിനു ഞാൻ കുടിച്ചു നശിക്കാൻ പാടില്ല.. ഇത് കുടിക്കുമ്പോൾ ബോധം കെട്ടുള്ള ഉറക്കം ഉണ്ട് ശെരിയാ.. പക്ഷെ എനിക്കിനി അങ്ങനെ ഉറങ്ങണ്ട.. ഉണർന്നിരുന്നാൽ മതി എന്റെ കുടുംബത്തോടൊപ്പം. നന്ദി ണ്ടെടാ എനിക്ക് ഈ അസുഖത്തോടും സർക്കാരിനോടും .. ഈ സാധനം കിട്ടാത്ത അവസ്ഥയിൽ കുറെ നാൾ ഇരുന്നപ്പോൾ എന്റെ കണ്ണ് തുറപ്പിച്ചതിനു. മതി എനിക്കിനി ഇത് വേണ്ട..."

വേലായുധൻ എണീറ്റ് മുണ്ട് മടക്കി കുത്തി നടന്നു.

അപ്പുറത്ത് അരയാലിനു പുറകിൽ മറഞ്ഞു എല്ലാം കണ്ടു കൊണ്ടിരുന്ന  രണ്ടു കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകി... അവ എന്നാൽ  ആനന്ദ കണ്ണീരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com