ഫാറ്റ് ട്യൂസ്ഡേ വിഭൂതിതിരുനാള്‍
Mail This Article
ഇന്ന് 2023 ഫെബ്രുവരി 21 ചൊവ്വാഴ്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തില്‍ ഫാറ്റ് ട്യൂസ്ഡേ ആയി ആഘോഷിക്കപ്പെടുന്നു. വലിയനോമ്പു തുടങ്ങുന്ന വിഭൂതി ബുധനു തൊട്ടുമുന്‍പു വരുന്ന ചൊവ്വാഴ്ചയെ ആണ് ഫാറ്റ് ട്യൂസ്ഡേ അഥവാ ഷ്രോവ് ട്യൂസ്ഡേ എന്നു വിളിക്കുന്നത്. ഫ്രഞ്ച് കത്തോലിക്കരുടെ ആചാരമനുസരിച്ച് ഇത് മാര്‍ഡി ഗ്രാസ് എന്നറിയപ്പെടുന്നു. ഫാറ്റ് ട്യൂസ്ഡേ എന്നതിന്‍റെ ഫ്രഞ്ച് ഭാഷയിലെ തത്തുല്യ പേരാണു മാര്‍ഡി ഗ്രാസ് എന്നത്. ഈ ആഘോഷം നടത്തപ്പെടുന്ന സ്ഥലത്തിനനുസരിച്ച് പാന്‍ കേക്ക് ട്യൂസ്ഡേ എന്നും ഇതിനു വിളിപ്പേരുണ്ട്.
എന്താണി ഫാറ്റ് ട്യൂസ്ഡേ അഥവാ മാര്‍ഡി ഗ്രാസ് എന്ന ആഘോഷം. പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ പേതൃത്ത ആഘോഷമാണു റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ക്രൈസ്തവരുടെ ഫാറ്റ് ട്യൂസ്ഡേ, ഷ്രോവ് ട്യൂസ്ഡേ, മാര്‍ഡി ഗ്രാസ് എന്നൊക്കെ അറിയപ്പെടുന്നത്. ജനുവരി 6 ന്‍റെ എപ്പിഫനി തിരുനാളില്‍ തുടങ്ങി ആഴ്ച്ചകളോ, ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍ ആഘോഷത്തിന്‍റെ സമാപനദിനമാണു ഫാറ്റ് ട്യൂസ്ഡേ അഥവാ മാര്‍ഡി ഗ്രാസ. ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളാഘോഷമായ ഈസ്റ്ററിന്‍റെ തീയതി ഓരോ വര്‍ഷവും മാറി വരുന്നതിനാല്‍ അതിനോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന പേതൃത്ത, ഫാറ്റ് ട്യൂസ്ഡേ, മാര്‍ഡി ഗ്രാസ് എന്നിവയുടെ തീയതിയും സ്ഥിരമല്ല.
പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസപാരമ്പര്യമനുസരിച്ച് 50 ദിവസത്തെ വലിയനോമ്പു തുടങ്ങുന്ന തിങ്കളാഴ്ച്ചക്കു മുന്‍പുവരുന്ന ഞായറാഴ്ച്ചയാണു (ഈ വര്‍ഷം ഫെബ്രുവരി 19 ഞായറാഴ്ച്ച) പേതൃത്ത ആയി ആഘോഷിക്കുന്നത്. പൗരസ്ത്യസുറിയാനി ക്രിസ്ത്യാനികള്‍ നോമ്പിന്‍റെ 50 ദിനങ്ങളിലും മാംസവും, മല്‍സ്യവും, മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന കൊഴുപ്പുകളും, അവയടങ്ങിയ ഭക്ഷണങ്ങളും ഉപേക്ഷിക്കുന്നതിനാല്‍ അതിനുള്ള തയാറെടുപ്പായി നോമ്പില്‍ വിലക്കപ്പെട്ട ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വയറുനിറച്ച് കഴിച്ച് നോമ്പാചരണത്തിനു തയാറെടുക്കുന്നു. കൊഴുപ്പു കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളായ മുട്ട, വെണ്ണ, മാംസം എന്നിവ വീട്ടില്‍ സ്റ്റോക്കുള്ളതു മുഴുവന്‍ നോമ്പിനു മുന്‍പായി കഴിച്ചുതീര്‍ക്കുകയാണു ഫാറ്റ് ട്യൂസ്ഡേ ആഘോഷത്തിലൂടെ പാശ്ചാത്യര്‍ ലക്ഷ്യമിടുന്നത്. നോമ്പുദിനങ്ങളില്‍ നാം ഇഷ്ടപ്പെട്ട എന്തൊക്കെ ഭക്ഷണസാധനങ്ങളാണോ വര്‍ജിക്കുന്നത് അതെല്ലാം നോമ്പിനുമുന്‍പായി ഒന്നുകൂടി കഴിച്ച് ആശ തീര്‍ക്കുന്നു പേതൃത്ത ആഘോഷത്തിലൂടെ.
നാട്ടിന്‍പുറത്തെ എല്ലാ വീട്ടുകാരും വലിയ നോമ്പിന്‍റെ പേതൃത്ത ആഘോഷിക്കാന്‍ ഉല്‍സാഹപൂര്‍വം തയാറെടുക്കുന്നത് ഈ ലേഖകന്‍റെ കുട്ടിക്കാലത്തെ ഓർമയില്‍ മായാതെ നില്‍ക്കുന്നു. പേതൃത്ത ഞായറിന്‍റെ തലേദിവസം തന്നെ അറവുശാലകള്‍ സജീവമാകും. ആട്, പോത്ത്, പന്നി, കോഴി, താറാവ് എന്നിവ പേതൃത്ത ആഘോഷത്തിനുവേണ്ടി കശാപ്പുകാര്‍ നേരത്തെതന്നെ തയാറാക്കും. ശനിയും, പേതൃത്ത ഞായറുമായി മാംസാഹാരവും, മല്‍സ്യ വിഭവങ്ങളും എല്ലാ ക്രൈസ്തവവീടുകളിലും റെഡി. വയറുനിറച്ച് ഇതെല്ലാം ഒന്നിച്ചുകഴിക്കാന്‍ പേതൃത്തായില്‍ മാത്രമേ സാധിക്കൂ. നോമ്പിന്‍റെ അന്‍പതു ദിവസങ്ങളിലും വീട്ടിലെ കാരണവന്മാര്‍ മല്‍സ്യമാംസാദികള്‍ വാങ്ങിക്കുകയോ, അതുപയോഗിക്കാന്‍ സമ്മതിക്കുകയോയില്ല. അത്രക്കു കര്‍ശനമായിരുന്നു അന്നത്തെകാലത്ത് വലിയ നോമ്പാചരണം മാര്‍ത്തോമ്മ നസ്രാണികളുടെയിടയില്‍.
നോമ്പിന്‍റെ തലേദിവസംവരെ ഫാറ്റ് അഥവാ കൊഴുപ്പുകള്‍ അടങ്ങിയ മല്‍സ്യമാംസാദികള്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഉല്‍സവതിമിര്‍പ്പോടെ കഴിച്ചാസ്വദിക്കുക എന്നതാണു ഫാറ്റ് ട്യൂസ്ഡേയിൽ ചെയ്യുന്നത്. മുട്ടയും, പാലും, പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന പാന്‍ കേക്ക് ഫാറ്റ് ട്യൂസ്ഡേയിലെ ഒരു വിശേഷാല്‍ വിഭവം തന്നെ. പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന പാന്‍ കേക്കുകളും, ഡോനട്ടുകളും വില്‍ക്കുന്ന കടകളില്‍ അന്നു വലിയ തിരക്കു കാണാം.
അമേരിക്കയില്‍ തെക്കന്‍ ലൂസിയാനയിലെ ന്യൂഓര്‍ലിയന്‍സ് കേന്ദ്രമായി നടക്കുന്ന മാര്‍ഡി ഗ്രാസ് ഉല്‍സവം ഫ്രഞ്ച് പാരമ്പര്യത്തിലുള്ള ക്രൈസ്തവരുടെ പേതൃത്ത ആഘോഷമെന്നു പറയാം. വിലപിടിപ്പുള്ള ബഹുവര്‍ണ കോസ്റ്റ്യൂമുകളും, മാസ്കുകളും അണിഞ്ഞുള്ള പരേഡ്, ഫെയിസ് പെയിന്‍റിങ്ങ്, കാര്‍ണിവല്‍, വിവിധ ഫുഡ് സ്റ്റാളുകള്‍ എന്നിവ മാര്‍ഡി ഗ്രാസ് ഉല്‍സവത്തിന്‍റെ പ്രത്യേകതകളാണു. ന്യൂഓര്‍ലിയന്‍സ് കൂടാതെ ടെക്സസിലെ ഗാല്‍വസ്റ്റണ്‍, ഫ്ളോറിഡായിലെ പെന്‍സക്കോള, കലിഫോര്‍ണിയായിലെ സാന്‍ ഡിയാഗോ, അലബാമയിലെ മൊബീല്‍ എന്നിവിടങ്ങളിലും ഫാറ്റ് ട്യൂസ്ഡേ അഥവാ മാര്‍ഡി ഗ്രാസ് ആഘോഷം വലിയരീതിയില്‍ തന്നെ നടത്താറുണ്ട്.
പൗരസ്ത്യ സുറിയാനിക്രിസ്ത്യാനികള്‍ പേതൃത്താ ആഘോഷിച്ചുകൊണ്ട് 50 നോമ്പിനെ വരവേല്‍ക്കുമ്പോള്‍, പാശ്ചാത്യക്രൈസ്തവര്‍ ഫാറ്റ് ട്യൂസ്ഡേ അഥവാ ഷ്രോവ് ട്യൂസ്ഡേ ആഘോഷിച്ചുകൊണ്ട് 40 ദിവസത്തെ നോമ്പിനെ വരവേല്‍ക്കുന്നു. രണ്ടിന്‍റെയും ലക്ഷ്യം ഒന്നു തന്നെ.
ക്രൈസ്തവലോകം ഈയാഴ്ച വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. എന്നു മുതലാണു നോമ്പാചരണം തുടങ്ങുന്നത് എന്ന കാര്യത്തില്‍ പാശ്ചാത്യ സഭകളുടെയും, പൗരസ്ത്യസഭകളുടെയും പാരമ്പര്യങ്ങളില്‍ വ്യത്യാസം ഉണ്ടെന്നുമാത്രം.
ലത്തീന്‍ റീത്തുള്‍പ്പെടെയുള്ള പാശ്ചാത്യകത്തോലിക്കാ സഭകളും, കത്തോലിക്കരല്ലാത്ത മറ്റു പാശ്ചാത്യ ക്രൈസ്തവ സഭാ വിഭാഗങ്ങളും വിഭൂതിബുധന്‍ മുതല്‍ പെസഹാവ്യാഴാഴ്ച വരെ 40 ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ പൗരസ്ത്യ പാരമ്പര്യത്തില്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള സുറിയാനി ക്രിസ്ത്യാനികള്‍ അതിനേക്കാള്‍ 25% കൂടുതല്‍ ദിനങ്ങള്‍, അതായത് 50 ദിവസം പ്രാര്‍ത്ഥനയിലും, പരിത്യാഗത്തിലും, ഉപവാസത്തിലും, ദാനധര്‍മ്മത്തിലുമായി ചെലവഴിക്കുന്നു. പേതൃത്ത ഞായറാഴ്ച്ച അര്‍ദ്ധരാത്രിമുതല്‍ നോണ്‍ സ്റ്റോപ്പായി പ്രത്യാശയുടെയും, പ്രകാശത്തിന്‍റെയും തിരുനാളായ ഈസറ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ സുറിയാനി ക്രൈസ്തവര്‍ അമ്പതുദിവസത്തെ നോമ്പാചരിക്കുന്നു.
യു. എസ്. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ നിര്‍ദ്ദേശമനുസരിച്ച്, 18 വയസുമുതല്‍ 59 വയസുവരെയുള്ള കത്തോലിക്കാ വിശ്വാസികള്‍ വിഭൂതി ബുധനാഴ്ച്ചയും, ദുഃഖവെള്ളിയാഴ്ച്ചയും ഉപവാസത്തിനും, മാംസവര്‍ജ്ജനത്തിനും കടപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും മാംസാഹാരം ത്യജിക്കാന്‍ 14 വയസ്സിനു മുകളിലുള്ള എല്ലാ കത്തോലിക്കര്‍ക്കും കടമയുണ്ട്. എന്നാല്‍ വയസു നിബന്ധനക്കുപരി ഭിന്നശേഷിക്കാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ എന്നിവരെ ഈ നിബന്ധനകളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വൃതാനുഷ്ഠാനങ്ങളോടെ, ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും, തിരുവചനധ്യാനത്തിലും കൂടുതല്‍ സമയം ചെലവഴിച്ചും, ഇഷ്ടഭോജ്യവും, അനാവശ്യസംസാരങ്ങളും ഒഴിവാക്കിയും ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള അവസരമാണ് നോമ്പുകാലം എന്നു പറയുന്നത്. ശരീരത്തെയും, മനസ്സിനെയും വെടിപ്പാക്കി പുതിയൊരു മനുഷ്യനാകുക എന്നതാണു നോമ്പുകൊണ്ടുദ്ദേശിക്കുന്നത്.