അമേരിക്കയിൽ നിന്ന് ഇന്നസെന്റിന് ചിരിക്കാൻ വേണ്ടി ഒരു തമാശ
Mail This Article
ഇന്ന് സങ്കടം മാത്രം , എന്നാൽ
നമ്മൾ കരയുന്നത്
ഇന്നസെന്റിനെ സന്തോഷിപ്പിക്കില്ല.
ഇന്നസെന്റിനോട്
എനിക്ക്
തമാശ പറയണം,
അതുകേട്ട് ഒരു
കള്ളച്ചിരി ആ ചുണ്ടിൽ
വിരിയുന്നത്
എനിക്ക്കാണണം,
ബലൂണിനെകുറിച്ചാകാം.
ബലൂൺ പൊട്ടുന്നു
ജീവിതമടങ്ങുന്നു
ജീവിതം മടങ്ങുന്നു
എന്ന് കവി ഇന്ന് എഴുതിയത്
തിരുത്തി
ഇന്നസെന്റ് പറയുന്നു
ബലൂൺ പൊട്ടുന്നു
അങ്ങിനെ
ജീവിതം തുടങ്ങുന്നു
എന്ന് ,
എന്നിട്ട് ഒരുകള്ളച്ചിരി
ചിരിക്കുന്നു!
കവി ഇന്ന് എഴുതിയത് :
ജീവിതയാത്ര
ഒരു ബലൂൺ പോലെ -
യെപ്പൊഴാണ് പൊട്ടുന്നത് എന്ന്
നമ്മളറിയുന്നില്ല.
കാലം വായുകയറ്റിയുയർത്തുന്നു
കോലം കെട്ടിക്കുന്നു
നിറങ്ങളിലാറാട്ടുന്നു.
സൂര്യനിൽ തിളങ്ങുന്നു
തമ്മിൽ മുട്ടിയുരുമ്മി രസിക്കുന്നു
പൊട്ടിച്ചിരിക്കുന്നു,
ചിരിപ്പിക്കുന്നു
ചലിക്കുന്നു
ചിലക്കുന്നു
ചിലപ്പോൾ കാലം തന്നെ
താഴ്ത്തുന്നു
ചിലപ്പോൾ രസിച്ചു കൊണ്ട്
പൊട്ടുന്നു.
ചെറുതായി
വലുതായി
വലുപ്പമുള്ള ചെറുപ്പമായി
ചെറുപ്പമുള്ള വലുപ്പമായി
കണ്ണുകൾക്കാനന്ദമായി
പറന്നുല്ലസിച്ച്
നമ്മൾ
നോക്കിനിൽക്കവേ,
മറ്റൊന്നു കൂടി
പൊട്ടി
കഷണങ്ങൾ
നമ്മുടെ
നെഞ്ചിലേക്ക്
വീണു.
ഒരു ബലൂൺ കൂടി പൊട്ടുന്നു
ഒരു ജീവിതം കൂടി
ചിരിച്ചു രസിച്ച്
അതിനെക്കാളും
ചിരിപ്പിച്ചു രസിപ്പിച്ച്
യാത്രതുടങ്ങിയതീരത്തേക്ക്
മടങ്ങുന്നു.