ADVERTISEMENT

അമ്മ,  'അ' ആദ്യത്തേത്, 'മമ' എന്‍റെ

എന്റെ ആദ്യത്തേതാണമ്മ, ദൈവരൂപം പൂണ്ട ദേവിയാണമ്മ.. 

ത്യാഗം, സ്നേഹം, സഹിഷ്ണുത, എന്നീ സദ്ഗുണങ്ങളുടെ ആള്‍രൂപമാണ് അമ്മ. സ്വയത്തെ മക്കള്‍ക്കുവേണ്ടി ബലികഴിക്കുന്ന ഭൂമിയിലെ ദേവത!  ഇതിനു അപവാദങ്ങള്‍ കണ്ടേക്കാം. ഇന്നു രാവിലെ കേരളത്തില്‍ നടന്ന, എന്‍റെ ഒരു ബന്ധുവിന്‍റെ ഹൃദയസ്പര്‍ശിയായ ശവസംസ്ക്കാര ശുശ്രൂഷയാണു ഈ കുറിപ്പിനാധാരം. സുന്ദരിയും പ്രൗഢയുമായ ഒരമ്മ, 72 വയസ്, എന്‍റെ ബാല്യകാലഭവനത്തിന്‍റെ തൊട്ടയല്‍വാസി.  അടുത്തിടപഴകിയ നല്ല ബന്ധുവും. വിദ്യാഭ്യാസാനന്തരം ഉത്തമമായ ഒരു വിവാഹബന്ധം.  ഭര്‍ത്താവ്, ഒരുന്നത പൊലീസ് മേധാവി. കാലക്രമത്തില്‍ മൂന്നു മക്കള്‍, മൂത്ത മകന്‍ ജന്മനാ തളര്‍ന്ന് ഒരേ കിടപ്പാണ്. മകന്  42 വയസ് ആയപ്പോഴേക്കും മാതൃവിയോഗം. മകന്‍ കണ്ണുതുറന്നു കിടക്കും.  യാതൊരു ചലനവുമില്ല, മറ്റസുഖങ്ങളില്ല, അമ്മയാണ് എല്ലാം ചെയ്തുകൊടുത്തിരുന്നത്. ആവശ്യത്തിലേറെ പണവും, പ്രതാപവും. എല്ലാം കൂടിയൊരിക്കലും കുറവു തീര്‍ന്നാര്‍ക്കാണു കിട്ടീടുക? അതാണു ദൈവനീതി ! 

വിദ്യാസമ്പന്നരും ആരോഗ്യദൃഢഗാത്രരുമായ ഒരു മകനും മകളും കൂടി അവര്‍ക്കുണ്ട്. വിവാഹിതരായി വിദൂരങ്ങളില്‍ വാസം. സദാ പ്രാര്‍ഥനാനിരതയായ അമ്മ പുത്ര ശുശ്രൂഷയിലും ആതുരരെ സഹായിച്ചും വീട്ടില്‍ പ്രാര്‍ഥനകള്‍ നടത്തിയും ആതിഥികളെ ആദരിച്ചും സേവന തൽപരയായി ദിനങ്ങള്‍ നീക്കി. ഇത്ര തീരാവേദനയിലും ദൈവസ്നേഹം മുറുകെപ്പിടിച്ച ആ വനിതാരത്നത്തെ നമിക്കുന്നു. ദൈവം തനിക്കു നല്‍കിയ ഒരനുഗ്രഹമാണ് തന്‍റെ ഈ പുത്രന്‍ എന്ന വിശ്വാസത്തില്‍ ജീവിച്ച ആ സാധ്വിയുടെ കദനകഥ എത്ര ചിന്തനിയം! തന്‍റെ പുത്രനിലേക്കു മാത്രം ഒതുങ്ങി, ദൈവചിന്തയും, പ്രാര്‍ഥനയും ജാഗരണവുമായി 45 വര്‍ഷങ്ങളോളമായി കഴിഞ്ഞ ഒരു ജീവിതത്തിന്‍റെ മഹത്വം  വെളിപ്പെട്ടതു മരണശേഷം അനേകം വൈദികര്‍, അയല്‍വാസികള്‍ തുടങ്ങിയവരുടെ ഹൃദയ്സപര്‍ശിയായ പ്രസംഗങ്ങളിലൂടെയാണ്. ആരെയും നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ച്, ആദരിച്ചു, വിടപറയുന്നേരം താന്‍ വളര്‍ത്തിയെടുത്ത പച്ചക്കറികള്‍ നിറച്ച കൂടകള്‍ സമ്മാനിച്ചു യാത്രയാക്കിയ ആ സാധ്വി  ഇവിടെവച്ചു തന്നെ ഒരു മാലാഖയായി മാറിക്കഴിഞ്ഞു. 

കഴിഞ്ഞ 53 വര്‍ഷങ്ങളിലെ എന്‍റെ അമേരിക്കന്‍ പ്രവാസത്തിനിടയില്‍ ഞാന്‍ നടത്തിയ 72 കേരള സന്ദര്‍ശനങ്ങള്‍ക്കിടയില്‍ പല തവണ ആ ഭവനം സന്ദര്‍ശിച്ചിട്ടുണ്ട്. ഏതു നേരവും പ്രസന്നവതിയായി, ലക്ഷ്മീദേവിയെപ്പോലെ ഐശ്വര്യവതിയായി, തന്‍റെ വേദനകള്‍ പ്രസാദത്തിന്‍റെ മൂടുപടത്താല്‍ മറച്ച് എവരെയും സ്വീകരിക്കുന്ന ആ വ്യക്തിത്വത്തെ എന്നും ആരാധനയോടെ മാത്രം കണ്ടിരുന്നു. ഒരേ കിടപ്പിലുള്ള അവസ്ഥയില്‍ യാതൊരു വ്യായാമവുമില്ലാത്ത മകന്‍റെ ശരീരം വളരെ വണ്ണം വച്ചിരിക്കവേ നല്ല ഭക്ഷണം നല്‍കി, മലമൂത്രവിസര്‍ജ്യ നിര്‍മ്മാർജനം തുടങ്ങി മകന്‍റെ എല്ലാ കൃത്യങ്ങളും പരസഹായമില്ലാതെ ചെയ്തിരുന്നത് അമ്മയാണ്. എത്ര ജോലിക്കാരെയും നിർത്താൻ സാമ്പത്തികം ഉണ്ടായിട്ടും ആ അമ്മയുടെ ത്യാഗോജ്ജലമായ ജീവിതം ഈ മദേർസ് ഡേയില്‍ അഭിനന്ദനാര്‍ഹമായ ഒരു ജീവിതപാഠമാണ്. മാതൃവിയോഗത്തില്‍ ആ പുത്രന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിധി വിണ്‍ലോകം പൂകുവാന്‍ ആ അമ്മയെ  മാടിവിളിച്ചതും നിയതിതന്‍ വിളയാട്ടം. ശവമഞ്ചത്തില്‍ വിലാപഗാനവുമായി ആ മാതൃവിയോഗം അവശേഷിക്കവേ വിലപിക്കുന്ന പ്രിയപ്പെട്ടവരോടു പറയുുന്നുവോ...

യാത്രയാകുന്നിതാ പ്രിയജനമേ..

കരയല്ലേ, കരയല്ലേ പോകുന്നു ഞാന്‍,

ഈ കണ്ണുനീരില്‍ കാണുന്നു സ്നേഹത്തിന്‍

കടലെന്നാലും പോകാതെ വയ്യാ

സ്നേഹിച്ചു മുത്തങ്ങള്‍ തന്ന പൈതങ്ങളെ..

പാതയോരത്താക്കി പിരിയുന്നു ഞാനിതാ

 

നല്ലൊരമ്മയ്ക്ക് തുല്യമായി ഭുവിതില്‍ അമ്മമാത്രം,

നന്മയും, സത്യവും, താഴ്മയും, ധര്‍മ്മവും, സ്നേഹവായ്പും  

നിര്‍മ്മലഭക്തിയും വാഹിതമായൊരു ദിവ്യരൂപം

നീയാണീ ലോകചൈതന്യം, നമിപ്പേനാ പാദപീഠം!! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com