ADVERTISEMENT

ഈ വർഷത്തെ ബലിപെരുന്നാൾ അവധിക്ക് യുഎഇയിലെ വേനൽക്കാല ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഞാനും എന്‍റെ സുഹൃത്തുക്കളും മറ്റൊരു രാജ്യത്തേക്ക് യാത്ര പോകാൻ തീരുമാനിച്ചിരുന്നു. പൊതു അവധിക്കാലത്തെ തിരക്കും വർധിച്ചുവരുന്ന വിമാന ടിക്കറ്റ് വിലയും കാരണം, ഞാനും എന്‍റെ സുഹൃത്തുക്കളായ മനീഷും നീതയും അവരുടെ മകൾ ദേവികയും ചേർന്ന് കസാക്കിസ്ഥാനിലെ അല്‍മാട്ടിയിലേക്ക് യാത്ര പോകാൻ തീരുമാനിച്ചത്. യുഎഇയിൽ നിന്ന് ഏകദേശം മൂന്നര മണിക്കൂർ യാത്ര ചെയ്ത ശേഷം ഞങ്ങൾ അല്‍മാട്ടി നഗരത്തിൽ എത്തിച്ചേർന്നു.

almaty-kazakhstan-2

അല്‍മാട്ടി നഗരത്തിൽ നിരവധി ഹോട്ടൽ സമുച്ചയങ്ങളും നല്ല റോഡുകളും ആഡംബര ഷോപ്പിങ് മാളുകളും ഉണ്ട്. വലിയ കടകളും സിഗ്നൽ സംവിധാനത്തോടുകൂടിയ റോഡുകളും രാജ്യാന്തര ബ്രാൻഡുകളും ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. ടൂറിസ്റ്റുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങൾ തലസ്ഥാനമായ അസ്താനയും അല്‍മാട്ടിയുമാണ്. ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികൾ ഓരോ വർഷവും  സന്ദർശിക്കുന്ന രാജ്യമാണ് കസാക്കിസ്ഥാൻ.

a-trip-to-almaty-kazakhstan

അല്‍മാട്ടി നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് സെൻകോവ് കത്തീഡ്രൽ. പൂക്കളും മരങ്ങളും നിറഞ്ഞ വിശാലമായ ഒരു ഉദ്യാനത്തിന്‍റെ നടുവിൽ സ്വർണ്ണ നിറവും മറ്റു പല വർണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഒരു മനോഹരമായ റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയാണ് സെൻകോവ് കത്തീഡ്രൽ. പള്ളിയുടെ മുൻവശത്ത് നിരവധി പ്രാവുകൾ പറന്നു നടക്കുന്നു. കുട്ടികൾക്ക് കളിക്കാനും വിനോദിക്കാനും സൗകര്യപ്രദമായ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

almaty-kazakhstan-4

പള്ളിയിൽ പ്രവേശിക്കുമ്പോൾ സ്ത്രീകൾ തല മറയ്ക്കുന്ന തുണി ധരിക്കേണ്ടത് ഇവിടുത്തെ നിയമാണ്. പള്ളിയുടെ അകത്തളം വിസ്മയിപ്പിക്കുന്നതാണ്. സ്വർണ്ണനിറത്തിലുള്ള ചുമരുകളും മനോഹരമായ ചുമർ ചിത്രങ്ങളും ഇവിടെ കാണാൻ സാധിക്കും.

a-trip-to-almaty-kazakhstan

അല്‍മാട്ടി നഗരത്തിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കോക് ടോബി (KOK TOBE). നഗരത്തിൽ നിന്ന് 1250 മീറ്റർ ഉയരത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു കേബിൾ കാർ സംവിധാനം ഇവിടെയുണ്ട്. നഗരഹൃദയത്തിലൂടെയും പച്ചപ്പാർന്ന കുന്നുകളിലൂടെയും 15 മിനിറ്റ് ദൈർഘ്യമുള്ള യാത്രയിലൂടെ ഞങ്ങൾ മുകളിൽ എത്തിച്ചേർന്നു. നഗരത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ ഈ കേബിൾ കാർ യാത്ര അനുയോജ്യമാണ്.

a-trip-to-almaty-kazakhstan

മുകളിൽ എത്തിച്ചേർന്നാൽ, മറ്റൊരു ലോകം തന്നെയാണ് കാഴ്ചയിൽ. നിരവധി കടകളും ഭക്ഷണശാലകളും കുട്ടികൾക്ക് കളിക്കുവാനുള്ള സൗകര്യങ്ങളും ഉയരമുള്ള ഒരു യന്ത്ര  ഊഞ്ഞാലും ഇവിടെയുണ്ട്. കുന്നിൻ മുകളിൽ നിന്നാൽ നഗരത്തിന്റെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും വ്യക്തമായി കാണാൻ സാധിക്കും. കുറച്ചു ദൂരം നടന്നപ്പോൾ, മൂന്നോ നാലോ സുവനീർ ഷോപ്പുകളും ഞങ്ങൾ കണ്ടു. അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞ ശേഷം, അതേ ടിക്കറ്റ് ഉപയോഗിച്ച് ഞങ്ങൾ കേബിൾ കാറിൽ താഴേക്ക് ഇറങ്ങി.

മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബൊട്ടാണിക്കൽ ഗാർഡൻ. ഏക്കർ കണക്കിന് സ്ഥലം ഉൾക്കൊള്ളുന്ന ഈ വിശാലമായ ഉദ്യാനം, വൈവിധ്യമാർന്ന മരങ്ങളും ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങളിലുള്ള റോസാപ്പൂക്കളും മറ്റ് അലങ്കാരസസ്യങ്ങളും നിറഞ്ഞതാണ്. ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ ഈ സ്ഥലത്ത് സന്ദർശകർക്ക് സമയം ചെലവഴിക്കാനും പ്രകൃതിദത്ത സൗന്ദര്യം ആസ്വദിക്കാനും സാധ്യതയുണ്ട്.

ഉദ്യാനത്തിന് നടുവിൽ ഒരു വലിയ ജലാശയം നിർമിച്ചിട്ടുണ്ട്. നിരവധി മത്സ്യങ്ങളും അരയന്നങ്ങളും ഈ ജലാശയത്തിൽ വസിക്കുന്നു. കുട്ടികൾ ഈ ജീവികളെ ആവേശത്തോടെ നോക്കി നിൽക്കുന്നത് കാണാൻ സാധിച്ചു. സമയപരിമിതി കാരണം ബൊട്ടാണിക്കൽ ഗാർഡന്റെ എല്ലാ ഭാഗങ്ങളും സന്ദർശിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. അതിനാൽ, ഒരു മാപ്പ് ഉപയോഗിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങൾ കണ്ടു ഞങ്ങൾ മടങ്ങി. ഗേറ്റിനടുത്തായി ചെടികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

തീർച്ചയായും സന്ദർശിക്കേണ്ട മറ്റൊരു സ്ഥലം ഐസിക് തടാകമാണ് . നഗരത്തിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ അവിടെ എത്താം. ഈ തടാകം ഒരു നാഷണൽ പാർക്കിന്‍റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്ന് അകലെയായതിനാൽ, ഞങ്ങൾക്ക് ഗ്രാമീണ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിച്ചു. പച്ചപ്പാർന്ന പൈൻ മരങ്ങൾ നിറഞ്ഞ വലിയ കുന്നുകളുടെ ഇടയിലൂടെയുള്ള യാത്ര മനോഹരമായിരുന്നു. ഗ്രാമീണ വഴികളും അവിടുത്തെ ആളുകളും അവരുടെ വീടുകളും കുതിര ഫാമുകളും കണ്ട് ഞങ്ങൾ ആസ്വദിച്ചു. അതിന്റെ കവാടത്തിൽ എത്തിയപ്പോൾ, കാട്ടിലെ വന്യജീവികളെക്കുറിച്ചും കാട്ടുതീയുടെ സാധ്യതയെക്കുറിച്ചും വിവരങ്ങൾ നൽകുന്ന സൂചനാ ബോർഡുകൾ ഞങ്ങൾ കണ്ടു.

a-trip-to-almaty-kazakhstan

തടാകത്തിലേക്ക് എത്താൻ ഞങ്ങൾ വാഹനം നിർത്തി ഏകദേശം ഒരു കിലോമീറ്റർ നടക്കേണ്ടി വന്നു. രണ്ടു വശങ്ങളിലും മരങ്ങളാൽ സമ്പന്നമായ മലനിരകളുടെ ഇടയിലൂടെ നടന്നാണ് ഞങ്ങൾ തടാകത്തിൽ എത്തിച്ചേർന്നത്.കണ്ണഞ്ചിപ്പിക്കുന്ന നീല നിറത്തിലുള്ള ഒരു വിശാലമായ ജലാശയമാണ് ഐസിക് തടാകം. പൈൻ മരങ്ങളും കുന്നുകളും ഈ ജലാശയത്തെ ചുറ്റി വളഞ്ഞിരിക്കുന്നു. ഈ പ്രദേശം നഗരത്തിൽ നിന്ന് അൽപ്പം അകലെയായതിനാൽ, തിരക്കേറിയ സഞ്ചാരികളെ അവിടെ കാണാൻ സാധിക്കില്ല. ഞങ്ങൾ ഫോട്ടോകളും വിഡിയോകളും പകർത്തി പ്രകൃതിയുടെ സൗന്ദര്യവും ശാന്തതയും ആസ്വദിച്ച് കുറച്ചു സമയം അവിടെ ചെലവഴിച്ചു. അല്‍മാട്ടി സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് ഐസിക് തടാകം.

അല്‍മാട്ടി നഗരത്തിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമാണ് ശ്യാംബുലക്. ഞങ്ങളുടെ യാത്രയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചതും ഈ സ്ഥലത്തേക്കുള്ള യാത്രയായിരുന്നു. നഗരത്തിൽ നിന്ന് ഏകദേശം 20 മിനിറ്റ് ദൂരത്തിൽ സ്ഥിതി ചെയ്യുന്ന MEDEU എന്ന സ്ഥലത്താണ് ഞങ്ങൾ ആദ്യം എത്തിച്ചേർന്നത്. അവിടെ നിന്ന് 3200 മീറ്റർ ഉയരത്തിലേക്ക് മൂന്ന് സ്റ്റോപ്പുകളുള്ള ഒരു ആവേശകരമായ കേബിൾ കാർ യാത്രയാണ് ഞങ്ങളെ കാത്തിരുന്നത്. ടിക്കറ്റ് വാങ്ങിയ ശേഷം, ഏകദേശം 8 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ സാധിക്കുന്ന കേബിൾ കാറിൽ ഞങ്ങൾ കയറി.

താഴെ നിന്ന് നോക്കിയാൽ പച്ചപ്പാർന്ന പുൽമേടുകളും പൈൻ മരങ്ങളും നിറഞ്ഞ മലനിരകളിലൂടെയാണ് ഞങ്ങളുടെ യാത്ര. ഏകദേശം 15 മിനിറ്റ് ദൈർഘ്യമുള്ള യാത്രയ്ക്ക് ശേഷം ഞങ്ങൾ ശ്യാംബുലക്കിൽ എത്തിച്ചേർന്നു. ധാരാളം ഭക്ഷണശാലകളും കോഫി ഷോപ്പുകളും നിറഞ്ഞ തിരക്കേറിയ ഒരു വാണിജ്യ കേന്ദ്രമാണിത്.

ശ്യാംബുലക്കിൽ ലഭ്യമായ സൗകര്യങ്ങൾ ആസ്വദിച്ച ശേഷം, പർവതത്തിന്‍റെ മുകളിലേക്കുള്ള കേബിൾ കാറിൽ ഞങ്ങൾ വീണ്ടും കയറി. മുകളിലേക്ക് യാത്ര ചെയ്യുമ്പോൾ താപനില ക്രമേണ കുറഞ്ഞു വന്നു. 10 മിനിറ്റ് ദൈർഘ്യമുള്ള യാത്രയ്ക്ക് ശേഷം ഞങ്ങൾ രണ്ടാമത്തെ സ്റ്റോപ്പായ COMBI 1 ൽ ഇറങ്ങി. വലിയ മലനിരകളും അകലെ മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രദേശങ്ങളും ഞങ്ങൾക്ക് കാണാൻ സാധിച്ചു. അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം, ഞങ്ങൾ വീണ്ടും കേബിൾ കാറിൽ കയറി പർവതത്തിന്‍റെ ഏറ്റവും മുകളിലുള്ള COMBI 2 ൽ എത്തിച്ചേർന്നു. അവിടുത്തെ താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു.

ഞങ്ങളുടെ ശരീരം തണുത്ത് വിറക്കാൻ തുടങ്ങിയിരുന്നു. കേബിൾ കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, മഞ്ഞിൽ മൂടിക്കിടക്കുന്ന ഒരു വിശാലമായ മലനിരയാണ് ഞങ്ങൾ കണ്ടത്. ഞങ്ങൾ വളരെയധികം സന്തോഷത്തോടെയും ഉത്സാഹത്തോടെയും അവിടേക്ക് ഓടി മഞ്ഞ് കൊണ്ട് കളിക്കാൻ തുടങ്ങി. ഞങ്ങളെപ്പോലെ തന്നെ ധാരാളം ആളുകൾ അവിടെ കളിക്കുന്നതും ആസ്വദിക്കുന്നതും ഞങ്ങൾക്ക് കാണാൻ സാധിച്ചു. ശരീരം നന്നായി മരവിച്ചപ്പോൾ, ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി നടന്നു. ഒരു വശത്ത് മഞ്ഞിൽ മൂടിക്കിടക്കുന്ന മലകളും മറുവശത്ത് പച്ചപ്പാർന്ന മലനിരകളും കാണാൻ വളരെ മനോഹരമായിരുന്നു. 

കസാക്കിസ്ഥാൻ ഒരുപാട് പഴങ്ങളും ഉണങ്ങിയ പഴങ്ങളും (ഡ്രൈ ഫ്രൂട്ടസും) ലഭിക്കുന്ന ഒരു രാജ്യമാണ്. ഇവയെല്ലാം ലഭിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഗ്രീൻ ബസാർ. നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ വിപണിയിൽ എത്തിയാൽ, അവിടെ തന്നെ വിളവെടുത്ത പഴങ്ങളും ഫ്രഷ് ജ്യൂസും ലഭിക്കും. ധാരാളം വിനോദസഞ്ചാരികൾ അവിടെ നിന്നും പുറത്തുള്ള ചെറിയ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് ഞങ്ങൾക്ക് കാണാൻ സാധിച്ചു.

അല്‍മാട്ടി നഗരത്തിൽ ഉടനീളം ഓടുന്ന ബസ് സർവീസ് ഒരു പ്രത്യേകതയാണ്. മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളിൽ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന ബസുകളും സാധാരണ ഇക്കോ-ഫ്രണ്ട്‌ലി ബസുകളും അവിടെ ധാരാളം കാണാം. ഒരു യുഎഇ ദിർഹത്തിന് ഏകദേശം 125 ടെൻഗെ ലഭിക്കുന്നതിനാൽ യാത്ര വളരെ കുറഞ്ഞ ചെലവിൽ നടത്താൻ സാധിക്കും. റഷ്യൻ ഭാഷയാണ് അവിടെ പ്രധാനമായും സംസാരിക്കുന്നത് എന്നതിനാൽ ആശയവിനിമയം കുറച്ചു ബുദ്ധിമുട്ടായിരുന്നു.

താമസത്തിനായി നിരവധി ഹോട്ടലുകളും എല്ലാ സൗകര്യങ്ങളോടും കൂടിയ ധാരാളം അപ്പാർട്ട്മെന്‍റുകളും ലഭ്യമാണ്. അപ്പാർട്ട്മെന്‍റുകൾ താരതമ്യേന കുറഞ്ഞ വാടകയ്ക്ക് ലഭ്യമാണ്. ഏതെല്ലാം അപ്പാർട്ട്മെന്‍റുകൾ ലഭ്യമാണെന്ന് Booking.com പോലുള്ള വെബ്‌സൈറ്റുകളിൽ നിന്ന് മുൻകൂട്ടി പരിശോധിക്കാം.

രാജ്യത്തുടനീളം യാത്ര ചെയ്യാൻ YANDEX ആപ്പ് വഴി വളരെ കുറഞ്ഞ നിരക്കിൽ ടാക്സി സേവനം ലഭ്യമാണ്. ചരിത്രപ്രാധാന്യമുള്ള പാർക്കുകൾ, ഫാമുകൾ, വൈൻ യാർഡുകൾ എന്നിവയാൽ സമ്പന്നമായ ഒരു നഗരമാണ് അല്‍മാട്ടി. ഈ കാഴ്ചകളെല്ലാം യാത്രക്കാരെ ഏറെ ആകർഷിക്കുന്നു. ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസം വരെ ഈ രാജ്യത്ത് താമസിക്കാൻ വീസ ആവശ്യമില്ല എന്നത് യാത്ര വളരെ എളുപ്പമാക്കുന്നു.

കസാക്കിസ്ഥാനിൽ കണ്ട മനോഹരമായ കാഴ്ചകളുടെയും ആസ്വദിച്ച നല്ല നിമിഷങ്ങളുടെയും ഓർമ്മകളുമായി ഞങ്ങൾ യുഎഇയിലേക്ക് യാത്ര തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com