ADVERTISEMENT

ഡൽഹിയിൽ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലാക്കാരൻ ടോബിൻ ഡൽഹിയിൽ തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിയിൽ കഴിഞ്ഞിരുന്ന തൊടുപുഴക്കാരി “അനിത”യുമായി യാദൃശ്ചികം ആയിട്ടാണ് പരിചയപ്പെട്ടതെങ്കിലും ക്രമേണ അവർ ഇരുവരും അനുരാഗബദ്ധരായി തീർന്നു.. എന്നാൽ ടോബിന് സ്വന്തം മാതാപിതാക്കളിൽ നിന്നുള്ള എതിർപ്പ് കൊണ്ട് വിവാഹിതരാകാൻ പറ്റിയില്ല.

മാതാപിതാക്കളുടെ അഭിഷ്ടപ്രകാരം മറ്റൊരു യുവതി ശാലിനിയെ അയാൾ വിവാഹം കഴിച്ചു. താമസിയാതെ ടോബിനും ശാലിനിക്കും ഒരു ആൺകുട്ടി പിറന്നു. അവർ കുട്ടിക്ക് ബിജോയ് എന്ന നാമകരണം ചെയ്തു. ബിജോയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ ടോബിൻ കുടുംബ സഹിതം, ടോബിൻ-ശാലിനി ഇരുവരുടേയും മാതാപിതാക്കൾ ഉൾപ്പെടെ സിംലയ്ക്ക് ഒരു ടൂർ പോവുകയായിരുന്നു. ടോബിനും കുടുംബവും സഞ്ചരിച്ചിരുന്ന വാൻ എതിരെ വന്ന ഒരു ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തത്തിൽ ആയി. ഇരുവരുടേയും പ്രായം ചെന്ന മാതാപിതാക്കൾ സ്പോട്ടിൽ തന്നെ വച്ച് മരിച്ചുപോയി.

കൊച്ചുകുട്ടി ബിജോയ് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ടോബിനേയും ഭാര്യ ശാലിനിയെയും ആംബുലൻസിൽ ഡൽഹിയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. അപ്പോൾ ആ ഹോസ്പിറ്റലിൽ ഓൺ ഡ്യൂട്ടിയിൽ ടോബിന്റെ പഴയ കാമുകി അനിത ഉണ്ടായിരുന്നു. ക്രിട്ടിക്കൽ കണ്ടീഷനിൽ ആയിരുന്ന ടോബിനോടു മുഖം ചേർത്തുവെച്ച് പഴയ കാമുകി അനിത സാഹചര്യം പോലും മറന്നു പൊട്ടിക്കരഞ്ഞു. ഏതാനും നിമിഷത്തേക്ക് മാത്രം കണ്ണുതുറന്ന ടോബിൻ കൂപ്പു കൈകളോടെ ഇടറിയ സ്വരത്തോടെ കരഞ്ഞു പറഞ്ഞു. "അനിത എന്നോട് ക്ഷമിക്കൂ.. ഞങ്ങൾ പോകുകയാണ്.. ഞങ്ങളുടെ കുഞ്ഞ് ബിജോയിയെ അനിതയെ ഏൽപ്പിക്കുകയാണ്" ശാലിനിയും വിറയാർന്ന ചുണ്ടുകളോടെ  കൈകൂപ്പി ടോബിൻ പറഞ്ഞ വാക്കുകൾ തന്നെ ആവർത്തിച്ചു പറയാൻ ശ്രമിച്ചു. ഏതാനും നിമിഷങ്ങൾക്കകം ആ യുവ ദമ്പതികളുടെ കണ്ണുകൾ നിത്യമായി അടഞ്ഞു.

അന്നുമുതൽ ബിജോയ് അനിതയുടെ സ്വന്തം കുഞ്ഞായി മാറി. അനിത പ്രസവിക്കാത്ത അനിതയുടെ സ്വന്തം കുഞ്ഞ്. വിവരങ്ങൾ പൂർണമായി അറിയാത്ത ഡൽഹിയിലെയും, കേരളത്തിലെ സ്വന്തം നാട്ടിലെയും മലയാളികൾ പൊടുപ്പും തൊങ്ങലും വെച്ച് അപകടത്തിൽ മരണപ്പെട്ട ആ യുവ ദമ്പതികളെയും അതുപോലെ അനിതയെയും കുറ്റപ്പെടുത്തി കൊണ്ട് അനേകം കള്ളക്കഥകൾ സമൂഹത്തിൽ പ്രചരിപ്പിച്ചു. ഡൽഹിയിലെ നഴ്സിംഗ് ജോലി തുടരവേ തന്നെ ബിജോയെ നെഞ്ചോട് ചേർത്ത് തന്നെ അനിത വളർത്തി. മറ്റ് ചില വിവാഹാലോചനകൾ അനിതയ്ക്ക് വന്നെങ്കിലും അതെല്ലാം അനിത തന്നെ നിരാകരിച്ചു.

കാരണം ബിജോയ്യോടുള്ള തൻറെ സ്നേഹവും വാത്സല്യവും കുറഞ്ഞാലോ എന്നതായിരുന്നു സംശയം. ഏതാണ്ട് കൊല്ലം ഒന്ന് കഴിഞ്ഞപ്പോൾ നേരത്തെ ഫയൽ ചെയ്തിട്ടിരുന്ന നഴ്സിംഗ് ജോലി വിസയ്ക്ക് അമേരിക്കൻ കൗൺസിലേറ്റിൽ നിന്ന് അനിതക്കു അപ്പ്രൂവൽ കിട്ടി. ബിജോയെ അഡോപ്റ്റ് ചെയ്യുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ ബിജോയ്ക്കും അനിതയ്ക്കൊപ്പം തന്നെ പോകാനുള്ള അമേരിക്കൻ വിസ ലഭ്യമായി. 

താമസിയാതെ അനിതയും ബിജോയും ന്യൂയോർക്കിലേക്ക് പ്ലെയിൻ കയറി അവിടെ എത്തിച്ചേർന്നു. അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റിലെ മോണ്ടിസാലോ എന്ന സ്ഥലത്തെ ഹോസ്പിറ്റലുമായി രണ്ടു വർഷത്തെ കോൺട്രാക്ട് സൈൻ ചെയ്തതിന്റെ വെളിച്ചത്തിൽ അവിടെ ഹോസ്പിറ്റൽ വക ഒരു ചെറിയ അപ്പാർട്ട്മെന്റിൽ അനിതയും കൊച്ചുകുട്ടി ബിജോയും താമസമാക്കി.

അനിതയുടെ നഴ്സിംഗ് ഡ്യൂട്ടി പകൽ 12 മണിക്കൂർ ആയിരുന്നു. ആ സമയത്ത് ബിജോയെ അവിടത്തെ ഒരു ഡേ കെയർ സദനത്തിൽ ആക്കുകയായിരുന്നു പതിവ്. അവിടത്തെ രണ്ടു വർഷത്തെ കോൺട്രാക്ട് തീർന്നപ്പോൾ അനിതയും മകനും അമേരിക്കയിലെ മറ്റൊരു വൻ നഗരമായ ഹ്യൂസ്റ്റണിലേക്കു താമസം മാറ്റി. അവിടെ മെത്തോഡിസ്റ്റ്ഹോസ്പിറ്റലിൽ ജോലിയും ലഭ്യമായി. അപ്പോഴും നാട്ടിൽ നിന്നും അമേരിക്കയിൽ നിന്നും അനിതയ്ക്ക് ധാരാളം കല്യാണ ആലോചനകൾ വന്നുകൊണ്ടിരുന്നു.

അതിലപ്പുറം നല്ലൊരു ശാലീന സുന്ദരിയും ഗായികയും, ആരെയും ആകർഷിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയുമായ അനിതയെ തേടി പള്ളിക്കാരും വിവിധ സംഘടനക്കാരും അവർക്ക് ചുറ്റും തേൻ നുകരാനായി എത്തുന്ന വണ്ടിന്റെ മാതിരി ചുറ്റിപ്പറന്നു. അനിതക്കു മുന്നിലും പിന്നിലും സാഹിത്യസാംസ്കാരിക എഴുത്ത്, പത്രമാധ്യമ സംഘടനക്കാരും, മിനി മൈക്രോ മെഗാ അമേരിക്കൻ മലയാളി അസോസിയേഷൻ പ്രവർത്തകരും നേതാക്കളും കിംഗ് മേക്കർമാരും ചുറ്റിപ്പറ്റി മണത്ത് മണത്തു അണി നിരന്നു.

സുന്ദരിയും കലാകാരിയും ആയ ചില പെൺകൊടിമാർക്കു ഇത്തരം ചില ഭാഗ്യനിർഭാഗ്യങ്ങൾ ഉണ്ടല്ലോ. അമേരിക്കയിൽ വന്നിട്ട് കാര്യമായ ഒരു സാമൂഹ്യ സേവനവും കലാപരിപാടികളും നടത്തിയിട്ടില്ലെങ്കിൽ തന്നെയും പല പ്രൈവറ്റ് വ്യക്തികളും സംഘടനകളും അനിതയ്ക്ക് സേവനത്തിന്, കലാ കഴിവിനെ ഒക്കെ ആണെന്നും പറഞ്ഞ് വിവിധ ശില്പങ്ങളും, പൊന്നാടകളും മത്സരിച്ച്ചാർത്തി കൊടുത്തു. തൈകിളവന്മാരായ ചില സാഹിത്യ എഴുത്ത് സംഘടനക്കാർവരെ അനിതയെ ചർച്ച സമ്മേളനങ്ങളിലേക്ക് ക്ഷണിച്ചു.

ചില മെഗാ സംഘടന നേതാക്കൾ അവരെ ചില ഹോട്ടലുകളിലേക്ക് സർവ്വ ചെലവും കൊടുത്തു ക്ഷണിച്ചു. അങ്ങനെ അനിതയ്ക്ക് ആകപ്പാടെ ഇരിക്കപ്പൊറുതി ഇല്ലാതായി. അതുകൊണ്ടായിരിക്കണം ഒരു വിവാഹത്തിന് അനിത അർത്ഥസമ്മതം മൂളിയത്. ഒരു ഇമിഗ്രന്റ് സ്ഥിര വിസ ഇല്ലാതെ വന്നതിനാൽ അഭിലാഷ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് നാട്ടിലേക്ക് മടങ്ങി പോകേണ്ട ഒരു അവസ്ഥ വരെയായി. അമേരിക്കൻ എമിഗ്രന്റ് വിസയുള്ള അനിതയെ വിവാഹം കഴിച്ചാൽ, ആ വിവാഹത്തിൻറെ വെളിച്ചത്തിൽ അഭിലാഷിനും അമേരിക്കൻ സ്ഥിര വിസ ലഭ്യമാകും.

അഭിലാഷ് - അനിത കണ്ടുമുട്ടലിനുശേഷം. വിവാഹാലോചനയിലേക്ക് കടന്നു. പാതി മനസ്സോടെ ആണെങ്കിലും അനിത അഭിലാഷിനോടായി പറഞ്ഞു. അതൊരു കണ്ടീഷൻ ആയിരുന്നു. "താൻ ദത്തെടുത്ത് തന്റെ സ്വന്തം മകനായി കരുതുന്ന ബിജോയിയെ അഭിലാഷും സ്വന്തമായി തന്നെ കരുതണം. അതിൽ ഒരു വീഴ്ചയും വരുത്തിക്കൂടാ.." അനിത മുന്നോട്ടുവെച്ച എല്ലാ കണ്ടീഷനുകളും അഭിലാഷ് പൂർണ്ണമായി സമ്മതിച്ചു. ആ വിവാഹം ലളിതമായി നടന്നു. അനിതയുടെ അപ്പാർട്ട്മെന്റിലേക്ക് അഭിലാഷും താമസം മാറ്റി. ദാമ്പത്യബന്ധം സ്വച്ഛമായി ഒഴുകി. അഭിലാഷിന് അമേരിക്കയിൽ സ്ഥിര വിസയും ലഭ്യമായി.

ഒരു കൊല്ലം കടന്നുപോയി. അഭിലാഷും അനിതയും അവരവരുടെ ജോലിയിലും തസ്തികകളിലും മികവ് പുലർത്തിയിരുന്നതിനാൽ ഉദ്യോഗ കയറ്റവും കിട്ടി. എങ്കിലും പതിയെ പതിയെ അഭിലാഷ് മനസ്സിലും പ്രവർത്തിയിലും മാറ്റങ്ങളും അസ്വസ്ഥതകളും പുലർത്തുന്നതായി അനിതയ്ക്ക് തോന്നി. തന്നോടുള്ള അടുപ്പത്തിനും ബിജോയിയോടുള്ള വാത്സല്യത്തിനും കുത്തനെ അഭിലാഷ് താൽപര്യം പ്രകടിപ്പിക്കാതായി. ഒരുതരം അകൽച്ചയും വിരക്തിയും പുലർത്തി തുടങ്ങി എന്നത് വ്യക്തമായി. കൂടാതെ വിവിധ സംഘടനകളുടെ കലാപരിപാടികളിലും ഗായികയായിട്ടും, അവതാരികയായിട്ടും ഒക്കെ പോകുന്നതിനെ സംശയ ദൃഷ്ടിയോടെ അഭിലാഷ് വീക്ഷിച്ചു. അനിത സ്വന്തം കുട്ടിയെ പോലെ ഓമനിച്ചു വളർത്തുന്ന കൊച്ചു കുട്ടിയായ ബിജോയിയോടും അഭിലാഷിന് ഒരുതരത്തിലുള്ള അകൽച്ചയും വെറുപ്പും മനസ്സിൽ അങ്കുരിച്ചു.

അയാൾ പലപ്പോഴും കൂട്ടുകാരോടൊത്ത് പലതരത്തിലുള്ള ക്ലബ്ബുകളിലും നിത്യ സന്ദർശകനായി മാറി. മദ്യപാനവും ചൂതുകളിലും പതിവാക്കി. പലപ്രാവശ്യം അഭിലാഷിന്റെ സുഹൃത്തുക്കൾ പലതരത്തിൽ പൊടിപ്പും തൊങ്ങലും വെച്ച് അനിതയെക്കുറിച്ച് നിറം പിടിപ്പിച്ച വർത്തമാനങ്ങൾ പറഞ്ഞ് അഭിലാഷിനെ പിരിയേറ്റി. "അഭിലാഷ് നീ വെറും ആനക്കാരൻ, അല്ലെങ്കിൽ ആനയുടെ പാപ്പാൻ മാത്രം." നിൻറെ ഭാര്യ ഒരുതരം സർപ്പ സുന്ദരി ആണ്" അവൾ സമൂഹമധ്യത്തിൽ തിളങ്ങുകയും വിളങ്ങുകയും അല്ലെ" അവൾ പാട്ടുകാരിയും കലാകാരിയും അല്ലേ" എത്ര പേരാണ് നീ അറിയാതെ അവളെ പൊക്കിക്കൊണ്ട് നടക്കുന്നത്" നിനക്ക് സ്വന്തമായി ഒരു പേരു പോലുമില്ല. അനിതയുടെ ഭർത്താവ് എന്ന പേരിൽ മാത്രമാണ് നീ അറിയപ്പെടുന്നത്.

അവൾ ആനയാണെങ്കിൽ നീ വെറും പൂനയാണ്, അല്ലെങ്കിൽ ആ ആനയുടെ വെറും പാപ്പാൻ മാത്രമാണ്. അതായത് ആനയെ തേച്ച്കുളിപ്പിച്ച് കൊണ്ടുനടക്കുന്ന ഒരു പാപ്പാൻ മാത്രം. കൂടാതെ ആരാന്റെ വിഴപ്പായ ഒരു അനാഥ കുട്ടിയെയും ചുമക്കുന്നവൻ. ആനയെ മാത്രമല്ല ആന പിണ്ഡത്തെയും കൂടിയാണ് നീ ചുമക്കുന്നത്"? കേട്ടതും കേൾക്കാത്തതുമായ ചിന്തകൾ കൊണ്ട് അഭിലാഷിന്റെ മനസ് പതിയെ പതിയെ വിഷലബ്ധമാകാൻ അധികനാൾ വേണ്ടിവന്നില്ല. അനിത ഗാനമാലപിക്കാൻ പോകുന്നതും, കലാപരിപാടികളിൽ പങ്കെടുക്കുന്നതും അഭിലാഷ് പൂർണ്ണമായി വിലക്കി. ഇനിമുതൽ ജോലി കഴിഞ്ഞു വന്നാൽ  വീട്, വീട്ടുപണി മാത്രം. അനിതയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു കൂടെ പൂട്ടുവീണു. അനിത എതിർത്തില്ല. കുടുംബഭദ്രത ആണല്ലോ മുഖ്യം.

അന്ന് അഭിലാഷ് അനിതയോട് പറഞ്ഞു. "ബിജോയ് സ്വന്തം കുട്ടി അല്ലല്ലോ... നീ ദത്തെടുത്തതല്ലേ.? നാട്ടിൽ തിരക്കിയാൽ അവന് സ്വന്തക്കാർ ആരെങ്കിലുമൊക്കെ കാണില്ലേ? അവരെ ആരെയെങ്കിലും കണ്ടുപിടിച്ച് ഈ കുട്ടിയെ അവരെ ഏൽപ്പിച്ചാൽ പോരെ.. അല്ലെങ്കിൽ നാട്ടിൽ തന്നെ ഏതെങ്കിലും അനാഥാലയത്തിൽ അവനെ അയക്കാം. ദത്തെടുക്കുന്ന മാതിരി തന്നെ മതിയായ കാരണങ്ങളാൽ ദത്ത്  ക്യാൻസൽ ചെയ്യാനും വ്യവസ്ഥകൾ ഉണ്ട്. അതിനെപ്പറ്റി നമുക്ക് ആലോചിക്കാം." അഭിലാഷ് പറഞ്ഞതൊന്നും കേൾക്കാതെ അറിയാതെ നിഷ്കളങ്കനായ ബാലകൻ ബിജോയ് അടുത്ത റൂമിൽ ഇരുന്ന് കമ്പ്യൂട്ടർ ഗെയിം കളിക്കുകയായിരുന്നു.

അഭിലാഷിന്റെ വാക്കുകളും നിർദ്ദേശങ്ങളും അനിതയുടെ ഹൃദയ അന്തരാളങ്ങളിൽ ഒരു അശനിപാതം പോലെ പതിച്ചു. ഒരു വെള്ളിടി പൊട്ടി. ഹൃദയം പൊട്ടുന്നത് മാതിരി തോന്നി. "വിവാഹത്തിന് മുൻപ് നമ്മൾ തമ്മിൽ ഒരു വ്യവസ്ഥയുണ്ടായിരുന്നല്ലോ? അതു മറന്നുപോയോ..? ? അതോ സ്വയം മറക്കുകയാണോ. ബിജോയ്യെ നമ്മുടെ സ്വന്തം മകനായി തന്നെ വളർത്തുവാൻ ആയിരുന്നല്ലോ നമ്മുടെ വ്യവസ്ഥയും ഉടമ്പടിയും. ഇപ്പോൾ അത് മാറുവാൻ മാറ്റുവാൻ ഇവിടെ എന്താണ് ഉണ്ടായത്? അന്ന് പറഞ്ഞത് മാതിരി തന്നെ ബിജോയ് നമ്മുടെ സ്വന്തം കുട്ടി തന്നെ. അതിന് ഒരിക്കലും ഒരു മാറ്റവും ഉണ്ടാവുകയില്ല" അനിത കണ്ണീരോടെ പൊട്ടിത്തെറിച്ചു. വീണ്ടും ഈ വിഷയത്തിൽ അധിഷ്ഠിതമായി ഭാര്യാഭർത്താക്കന്മാർ അന്യോന്യം ഉച്ചത്തിൽ തന്നെ തർക്കിച്ചു.

അവരുടെ ദേഷ്യവും തർക്കവും കേട്ട് ഭയചകിതനായി ബാലകൻ ബിജോയ് മുറിയിൽ നിന്ന് ഇറങ്ങി വന്നു കരയാൻ ആരംഭിച്ചു. ബിജോയിയെ നെഞ്ചോട് ചേർത്ത് പിടിച്ച് അനിത ആശ്വസിപ്പിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്തു. അഭിലാഷിൽ പെട്ടെന്നുണ്ടായ ഈ മാറ്റം അനിതയെ തകർത്തുകളഞ്ഞെങ്കിലും ഭർത്താവുമായി ഏതെങ്കിലും തരത്തിൽ സമാധാനപരമായി ഒത്തു പോകാൻ അനിത അങ്ങേയറ്റം ശ്രമിച്ചു.

എന്നാൽ ദിവസങ്ങൾ ചെല്ലുംതോറും ഈ വിഷയത്തെ ചൊല്ലി അഭിലാഷ്  തർക്കങ്ങൾക്കും അട്ടഹാസങ്ങൾക്കും യാതൊരു അയവും വരുത്തിയില്ല. ഒരിക്കൽ എപ്പാർട്ട്മെന്റിൽ മദ്യപിച്ച് എത്തിയ അഭിലാഷ് കിച്ചണിൽ നിന്ന് പാത്രങ്ങൾ എടുത്തെറിഞ്ഞു ലിവിങ് റൂമിലെ ടിവി തല്ലി പൊട്ടിച്ചു ഭാര്യയോടും ബാലകനോടും ഉള്ള അരിശം തീർത്തു. പിറ്റേന്ന് വൈകുന്നേരം മദ്യപിച്ച് എത്തിയ അഭിലാഷ് ദേഷ്യം കൊണ്ട് അലറി വിളിച്ചു. ഈ ദുശകുനം ചെറുക്കനെ ഉടൻതന്നെ ഇന്ത്യയിലേക്ക് അയക്കണം. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് നിന്ന ബിജോയ്യെ ലിവിങ് റൂമിലിരുന്ന ചെടിച്ചട്ടിയെടുത്ത് അഭിലാഷ് അടിക്കാൻ ഒരുങ്ങിയപ്പോൾ അത് തടുക്കാൻ വന്ന അനിതയുടെ തലയിൽ കൊണ്ട് ചോര പൊട്ടി ഒഴുകി. ശബ്ദം കേട്ട് അടുത്ത എപ്പാർട്ട്മെന്റിൽ നിന്ന് ഒരു സ്ത്രീയും പുരുഷനും ഓടിവന്നു അകത്തേക്ക് തള്ളിക്കയറി. അവർ സെൽഫോണിൽ ഫോൺ നമ്പർ കുത്തി പോലീസിനെ വിളിച്ചു. പോലീസ് എത്തി കൂട്ടത്തിൽ ആംബുലൻസും.  

ലിവിങ് റൂമിൽ യാദൃശ്ചികമായി തെന്നി വീണുണ്ടായ ഒരു അപകടത്തിലാണ് തല പൊട്ടിയതെന്നും, അതത്ര ഗൗരവമുള്ളതല്ലെന്നും അനിത പറഞ്ഞതിനാൽ, പോരാത്തതിന് ഒരു പരാതിയും ആരിൽ നിന്നും ഉണ്ടാക്കാത്തതിനാൽ, അനിതയുടെ മുറിവിൽ അല്പം ബാൻഡേയിഡു വെച്ചതിനുശേഷം, വളരെ കെയർഫുൾ ആയിരിക്കണം എന്ന് ഒരു ഉപദേശവും നൽകിയിട്ട് പോലീസും ആംബുലൻസുകാരും മടങ്ങിപ്പോയി. ശോകമൂകമായിരുന്ന ആ വീട്ടിൽ രണ്ടു ദിവസത്തേക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. രണ്ടുദിവസത്തിനുശേഷം വീണ്ടും അവിടെ അസ്വസ്ഥത തലപൊക്കി. " എടി അനിതെ .. നിന്നെ താലികെട്ടിയ എന്നെ വേണമോ? അതോ നമ്മുടെ ആരുമല്ലാത്ത ഈ പരട്ട ചെറുക്കനെ വേണോ?" . വളരെ കോപിതനായി അഭിലാഷ് അനിതയോട് ചോദിച്ചു.

"എനിക്ക് രണ്ടുപേരെയും വേണം. ബിജോയിയെയും വേണം അഭിലാഷിനെയും വേണം, വിവാഹത്തിനു മുൻപ് അഭിലാഷ് എനിക്ക് തന്ന ഉടമ്പടിയും വാക്കും ഒരിക്കലും മറക്കരുത്" അനിതയുടെ ഈ വാക്കുകൾ ഉൾക്കൊള്ളാൻ അഭിലാഷ് തയ്യാറായില്ല. തർക്കങ്ങൾക്ക്, പരസ്പരമുള്ള വാഗ്വാദങ്ങൾക്ക് വീണ്ടും തീ പിടിച്ചു. കൂടുതൽ പ്രകോപിതനായ അഭിലാഷ് അനിതയുടെ തലമുടികുത്തിന് പിടിച്ച് അനിതയുടെ ശരീരഭാഗങ്ങളിൽ തോഴിക്കാനും ചവിട്ടാനും ആരംഭിച്ചു. അനിത അസഹ്യമായ വേദനയോടെ ലിവിങ് റൂമിലെ തറയിൽ കിടന്ന് വാവിട്ടു കരയാൻ ആരംഭിച്ചു. അത് കണ്ടു നിന്ന ബിജോയ് നിലത്ത് വീണു കിടക്കുന്ന അനിതയെ കെട്ടിപ്പിടിച്ച് കരയാൻ ആരംഭിച്ചു. തൽക്ഷണം അഭിലാഷ് കൊച്ചു ബാലകൻ ബിജോയിയെ കാലിൽ പിടിച്ച് വലിച്ചെറിഞ്ഞു. കോപ വെറി കൊണ്ട് അഭിലാഷ് ഒരു പിശാചായി മാറി.

ആരും അറിയാതെ ബെഡ്റൂമിലെ ഭിത്തിയിലെ ചെറിയ അറേൽ സൂക്ഷിച്ചിരുന്ന റിവോൾവർ എടുത്തു കൊണ്ട് അഭിലാഷ് ലിവിങ് റൂമിലെത്തി. കാര്യഗൗരവം മനസ്സിലാകാത്ത മട്ടിൽ അദമ്മ്യമായ ഷിപ്ര കോപത്തിന് അടിപ്പെട്ട് വാണിംഗ് എന്ന മട്ടിൽ ജനൽ ലക്ഷ്യമാക്കി ഒരു വെടി ഉതിർത്തു. എന്നാൽ കാര്യഗൗരവം മനസ്സിലാക്കി അനിത അഭിലാഷിന്റെ കൈയിലെ റിവോൾവർ  തട്ടിത്തെറിപ്പിച്ചു. സോഫയുടെ അടിയിലേക്ക് തെറിച്ചുപോയ കൈത്തോക്ക് അഭിലാഷ് എടുക്കുന്നതിനിടയിൽ, ഇനി മടിച്ചു നിന്നിട്ട് കാര്യമില്ല, ഭർത്താവായാൽ എന്ത് ഇതൊരു ജീവൻ മരണസമരം അല്ലേ അനിത സ്വയ രക്ഷയ്ക്കായി അഭിലാഷിനിട്ട് മുതുക് നോക്കി രണ്ടുമൂന്നു പ്രാവശ്യം ആഞ്ഞു ചവിട്ടി. അപ്പോഴേക്കും അയലത്ത്കാർ 911 കറക്കി പൊലീസിനെ വിളിച്ചിരുന്നു.

ചീറിപ്പാഞ്ഞ് എത്തിയ പൊലീസ് കണ്ടത് റിവോൾവരും പിടിച്ചു നിൽക്കുന്ന അഭിലാഷിനെയാണ്. പൊലീസിനെ കണ്ട് ഭയചകിതനായ അഭിലാഷ് തോക്ക് താഴെയിട്ട് കൈകൾ രണ്ടും പൊക്കി സറണ്ടർ ചെയ്തു. പൊലീസ് അഭിലാഷിനെ കയ്യാമം വെച്ച് പൊലീസ് വാഹനത്തിൽ കയറ്റി. അതിനിടയിൽ ആംബുലൻസ് കാർ അനിതയെയും, ബിജോയെയും കയറ്റി മെതഡിസ്റ്റ്  ഹോസ്പിറ്റലിലേക്ക് ചീറിപ്പാഞ്ഞു. പൊലീസ് ക്രൈം നടന്ന പരിസരവും ചുറ്റുപാടും പ്ലാസ്റ്റിക് ടേപ്പുകൾ കെട്ടി സീൽ ചെയ്തു. അപ്പോഴേക്കും പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമിച്ചിരുന്നു. അനിതയും ബിജോയും പൊലീസ് കസ്റ്റഡിയിലുള്ള അഭിലാഷും നാളത്തെ പ്രഭാതം എന്താണ് ഒരുക്കി വെച്ചിരിക്കുന്നത് എന്ന് കാതോർക്കുകയാണ്. സമ്മിശ്രമായ വിചാര വികാരങ്ങളിലൂടെ...?

English Summary:

Malayalam Short Story Thokkin Kuzhalil Attupoya Bandham by AC George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com