ഹിറ്റ് മേക്കറുടെ അവസാന തിരക്കഥ യഥാർഥ്യമാക്കണം; അടുക്കും ചിട്ടയും നിർബന്ധം, തെളിഞ്ഞ ജലാശയം പോലുള്ള മനുഷ്യൻ
Mail This Article
2021 നവംബറിൽ, ഇന്ത്യൻ സിനിമയിലെ ഹിറ്റ് മേക്കർ സിദ്ദീഖ് സാറിനൊപ്പം ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുക എന്ന മഹാഭാഗ്യം കൈവരുന്നത്. ഞാൻ എഴുതിയ 'ക്യാംപ് ക്രോപ്പറിന്‍റെ ഇടനാഴികൾ' എന്ന നോവൽ അദ്ദേഹത്തിന് ഇത്രയധികം ഇഷ്ടപ്പെട്ടു എന്നത് എന്നെ അമ്പരപ്പിച്ചു. നോവൽ തിരക്കഥയ്ക്കുന്നതിനായി കൊച്ചിയിൽ എത്തിയ ഞാൻ, അദ്ദേഹത്തോടൊപ്പം നാലര മാസം ചിലവഴിച്ചു. ആ നാലര മാസം എനിക്ക് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചു. എഴുത്തിനോടുള്ള അദ്ദേഹത്തിന്‍റെ സമീപനം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.
ദിവസവും രാവിലെ എട്ടു മണിയാകുമ്പോഴേക്കും കുളിച്ച് റെഡിയാകുന്ന സിദ്ദീഖ് സാറിന്‍റെ ഓർമ്മ ശക്തി അപാരമായിരുന്നു. രാത്രി 11 മണി വരെ നീളുന്ന ചർച്ചകളിൽ പോലും ഓരോ സീനുകളും, ഡയലോഗുകളും, കഥയിൽ വരുത്തിയ മാറ്റങ്ങളുമൊക്കെ അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. അദ്ദേഹത്തിന്‍റെ സ്വഭാവത്തിൽ എന്നെ ഏറെ ആകർഷിച്ച മറ്റൊരു കാര്യം അടുക്കും ചിട്ടയാണ്. ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ പോലും ഗ്ലാസ്സ് കഴുകി തിരിച്ച് അതിന്‍റെ സ്ഥാനത്ത് വെച്ചാലേ അദ്ദേഹത്തിന് സമാധാനമാകൂ.
സോഫയുടെ തുണി ഇളകിക്കിടന്നാൽ പോലും അദ്ദേഹത്തിന് അസ്വസ്ഥത തോന്നും. അടുക്കും ചിട്ടയിലും എന്‍റെ അലംഭാവം അദ്ദേഹത്തെ അസ്വസ്ഥനാക്കാറുണ്ടായിരുന്നു. അറിയാതെ നമ്മൾ ഉപയോഗിച്ച ബോട്ടിൽ അൽപനേരം താഴെ വച്ചാൽ സാർ അത് വേസ്റ്റിൽ ഇടും; ഗ്ലാസ്സാണെങ്കിൽ എടുത്ത് കൊണ്ട് പോയി കഴുകി വയ്ക്കും. സാറിനെ അസ്വസ്ഥനാക്കാതിരിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു. എന്നാലും, എന്‍റെ എഴുത്തിൽ പോലും ഈ അലംഭാവം പ്രതിഫലിക്കുമായിരുന്നു. ഒരു രസകരമായ സംഭവം ഉണ്ടായി.
ഒരു സീൻ ഞാൻ ഇങ്ങനെ എഴുതി – കൊള്ളയടിച്ച് കൊണ്ട് വന്ന പെട്ടികൾ ബങ്കറിൽ ചിതറിക്കിടക്കുന്നു. സാർ ഉടനെ അത് തിരുത്തി– കൊള്ളയടിച്ച് കൊണ്ട് വന്ന പെട്ടികൾ ബങ്കറിൽ ഒരു വശത്ത് അടുക്കിവച്ചിരിക്കുന്നു. സാറിന്‍റെ ഇടിയപ്പം (നൂൽപുട്ട്) പ്രേമമാണ് ഓർമ വരുന്നത്. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ ബ്രേക്ക്ഫാസ്റ്റ് ഇല്ല. എനിക്കും സാറിനുമുള്ള ബ്രേക്ക്ഫാസ്റ്റ് പുറത്ത് നിന്നാണ് കൊണ്ട് വരുന്നത്. സാറിന്‍റെ കൂടെ ജോയിൻ ചെയ്ത ആദ്യ ഒരാഴ്ച്ച ദിവസവും രാവിലെ ഇടിയപ്പവും കടലയും അല്ലെങ്കിൽ ഇടിയപ്പവും മുട്ടക്കറിയും ആണ് കൊണ്ട് വരുന്നത് എന്നും രാവിലെ ഇടിയപ്പം മാത്രം കഴിച്ച് എനിക്ക് മടുത്തു.
മെല്ലെ സാറിന്‍റെ ഡ്രൈവർ അജീഷിനോട് പറഞ്ഞ് രണ്ടു ദിവസത്തേക്ക് മസാല ദോശയും നെയ്‌റോസ്റ്റും ആക്കി. രണ്ടാമത്തെ ദിവസം സാർ ചോദിച്ചു–അസി, നമുക്ക് ബ്രേക്ക് ഫാസ്റ്റൊന്ന് മാറ്റിപിടിച്ചാലോ. ഞാൻ സന്തോഷത്തോടെ ഒക്കെ പറഞ്ഞു. ഉടനെ സാർ പറഞ്ഞു– “ന്നാ അജീഷിനോട് ഇടിയപ്പം കൊണ്ട് വരാൻ പറയാം” സിദ്ദീഖ് സാറിനെ കൂടെ കിട്ടിയിരിക്കുകയല്ലേ , സ്വാഭാവികമായും ഞങ്ങളുടെ ഒഴിവു സമയങ്ങളൊക്കെ ഞാൻ സാറിന്‍റെ സിനിമാ അനുഭവങ്ങളെ കുറിച്ച് ചോദിക്കും.
സാറിനു കഥ പറയാൻ നല്ല കഴിവാണ്. ചിലർക്ക് മനോഹരമായി കഥകളെഴുതാൻ പറ്റും, പക്ഷെ ഹൃദയത്തിൽ തട്ടുന്ന വിധം പറയാൻ പ്രയാസമായിരിക്കും, സാറിന്‍റെ വിവരണങ്ങൾ നമ്മളെ മനസ്സ് തുറന്ന് ചിരിപ്പിക്കും, സിനിമാ സെറ്റുകളിൽ നടക്കുന്ന സംഭവങ്ങൾ സാറൊരു സിനിമയാക്കിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റായേനെ. നടി നയൻതാരയെ കുറിച്ച് പറയുമ്പോൾ വളരെ സ്നേഹത്തോടെയാണ് സംസാരിക്കാറുള്ളത്. ആത്മാർത്ഥതയുള്ള, വന്ന വഴി മറക്കാത്ത നടിയാണ് അവരെന്ന് പറയുമായിരുന്നു.
സിദ്ദീഖ് സാറിന്‍റെ വേറൊരു പ്രത്യേകത പരന്ന വായനാ ശീലമാണ്. അത് കൊണ്ട് തന്നെ ലോകത്ത് നടക്കുന്ന സംഭവങ്ങളെ കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. സിനിമയിലെ ഏറ്റവും ചെറിയ മാറ്റങ്ങളെ കുറിച്ച് പോലും ബോധവാനാണ്. ഒസാർക്ക്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ഇഷ്ടപെട്ട വെബ്സീരീസ്, അദ്ദേഹം ഒസാർക്കിനെ കുറിച്ച് പലവട്ടം ആവേശത്തോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ആശുപത്രിയിലാവുന്നതിന്‍റെ ഏതാനും ദിവസം മുൻപ് സിദ്ദീഖ് സാർ മമ്മുക്കയെ സന്ദർശിച്ചിരുന്നു. അത് കഴിഞ്ഞു തിരിച്ച് വരുമ്പോൾ എന്നെ വിളിച്ചു. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു.
അന്ന് ഹിന്ദിയിൽ നിന്ന് ഒരു കോമഡി വെബ് സീരീസ് ചെയ്യാൻ ഓഫർ കിട്ടിയ കാര്യം പറഞ്ഞു. അദ്ദേഹം ചെയ്യാനിരുന്ന ഡോക്ടർ മാഡ് എന്ന മമ്മൂട്ടി സിനിമയുടെ തിരക്കഥയെഴുതാൻ എന്നെ കൂടെ കൂട്ടിയത് ഞങ്ങൾ തമ്മിലുള്ള എഴുത്തിന്‍റെ കെമിസ്ട്രിയാണെന്നതിൽ അഭിമാനിക്കുന്നു. മിമിക്രിയിൽ നിന്ന് വന്നത് കൊണ്ടാകണം ഡോക്ടർ മാഡ് സ്ക്രിപ്റ്റിലെ ഡയലോഗ് വായിക്കുമ്പോൾ ഇടക്ക് അദ്ദേഹത്തിന് നടന്മാരുടെ മോഡുലേഷൻ കയറി വരും, ഉദാഹരണത്തിന് മമ്മൂട്ടിയുടെ സംഭാഷണങ്ങൾ അദ്ദേഹത്തിന്‍റെ രീതിയിലും ജനാർദ്ദനൻന്റേത് ആ രീതിയിലുമായിരിക്കും വായിക്കുക.
അദ്ദേഹം എനിക്ക് ഗുരുവും സ്നേഹ സമ്പന്നനായ ജ്യേഷ്ഠ സഹോദരനും കൂടിയാണ്. വലിപ്പ ചെറുപ്പങ്ങളില്ലാതെ ആളുകളോട് പെരുമാറുന്ന സിദ്ദീഖ് സാറിനെ കുറിച്ച് എല്ലാവർക്കും പറയാനുണ്ടാവും, എന്‍റെ ഒരു സുഹൃത്ത് അദ്ദേഹത്തെ വിശേഷിപ്പിച്ചത് തെളിഞ്ഞു നിൽക്കുന്ന ജലാശയത്തെ പോലെ ഒരു മനുഷ്യൻ’ എന്നാണ്. അദ്ദേഹത്തിന്‍റെ ശബ്ദവും ശരീര ഭാഷയുമൊക്കെ അലിവിന്‍റെതാണ്. ഒരിക്കൽ സാറിന് ഒരു പ്രമുഖ നടനുമായി മീറ്റിങ് ഉണ്ടായിരുന്നു, സാറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു ആ മീറ്റിങ്, പക്ഷേ, അപ്പോഴാണ് സാർ എത്താമെന്നേറ്റ ഒരു ചെറിയ പരിപാടി ഓർമ വന്നത്. ഉടനെ ആ നടനുമായുള്ള മീറ്റിങ് ക്യാൻസൽ ചെയ്ത് ആ പരിപാടിയിൽ പങ്കെടുക്കാൻ പോയി.
സാറിന്‍റെ വീട്ടിലെ വിശേഷ ദിവസങ്ങളിൽ എന്നെയും ക്ഷണിക്കും, അദ്ദേഹത്തിന്‍റെ ബന്ധുവായ സംവിധായകർ റാഫി സാറിനെയും ഷാഫി സാറിനെയുമൊക്കെ പരിചയപ്പെടുത്തി. കേശു ഈ വീടിന്‍റെ നാഥൻ എന്ന ദിലീപ് സിനിമയുടെ പ്രിവ്യു ഷോ സംഘടിപ്പിച്ചിരുന്നു. ദിലീപ്, കാവ്യാ മാധവൻ, ജോണി ആന്റണി, ലാൽ സാർ, ഇങ്ങനെ സാറിന്‍റെ അടുത്ത ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്, എന്നെയും കൊണ്ട് പോയി പരിചയപ്പെടുത്തി. ക്യാംപ് ക്രോപ്പറിന്‍റെ ആദ്യ ഘട്ട എഴുത്തിനു ശേഷം ഞാൻ ദുബായിലേക്ക് വന്നു. പിന്നീട് ഞാൻ ദുബായിലെ എന്‍റെ ബിസിനസ്സുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ക്യാമ്പ് ക്രോപ്പറിന്‍റെ ബാക്കിയുള്ള എഴുത്തുകളൊക്കെ നടന്നത് ദുബായിൽ വച്ചാണ്.
രണ്ടു തോണിയിൽ കാൽ വച്ച് യാത്ര ചെയ്യരുതെന്ന് എന്നെ സ്നേഹപൂർവ്വം ഉപദേശിക്കും. അദ്ദേഹം എന്നെ എപ്പോഴും സപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് -2023, ദുബായിലെ ലാവണ്ടർ” ഹോട്ടലിൽ ഒരു മാസം മുഴുവൻ ഞങ്ങൾ എഴുതാനിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങൾ ഡോക്ടർ മാഡ് എന്ന പ്രോജക്ടായിരുന്നു, പിന്നീട് ക്യാമ്പ് ക്രോപ്പർ അറബിക് വേർഷൻ പൂർത്തിയാക്കി. “റമസാൻ ദുബായിലാണ് നല്ലത്. ഞാൻ ആദ്യമായാണ് റമസാൻ മാസം പൂർണമായും ദുബായിൽ നിൽക്കുന്നത്. അടുത്ത റമസാനിലും ഞാൻ ദുബായിൽ വരും” എന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്‍റെ അവസാനത്തെ റമസാനാണെന്ന് ഒരിക്കലും കരുതിയില്ല.
‘ക്യാംപ് ക്രോപ്പർ’ എന്ന ഇൻറർനാഷനൽ പ്രോജക്ട് അദ്ദേഹത്തിൻറെ സ്വപ്നമായിരുന്നു, സിദ്ദീഖ് സാർ എഴുതി പൂർത്തിയാക്കിയ അവസാനത്തെ തിരക്കഥയും ‘ക്യാമ്പ് ക്രോപ്പർ’ ആണ്, അത് യാഥാർത്ഥ്യമാക്കുവാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർ.